Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്/ പെരുന്നാൾ ഹാജറയാണ് ആദ്യ നാമം!

നോക്കൂ..! പരിശുദ്ധ ഹജ്ജിൽ /ബലിപ്പെരുന്നാളിൽ നിങ്ങൾ ആദ്യം സ്മരിക്കേണ്ടത് ഹാജറയെയാണ്! ആരാണ് ഹാജറ? അത്യുഷ്ണമൊഴുകുന്ന മരുഭൂമിയുടെ ഹൃദയത്തിൽ പുതിയൊരു നാഗരികതക്ക് ജന്മം നൽകിയ മാതാവ്! ഒരു പ്രവാചകൻ്റെ ഇണയും മറ്റൊരു പ്രവാചകൻ്റെ (സംസ്കൃതിയുടെ / നാഗരികതയുടെ ) ജനനിയും!

ഹാജറ (റ) ഒരടിമയായിരുന്നു. സാറ (റ)യുടെ ദാസി! നിന്ദിതയും ദരിദ്രയുമായ എത്യോപ്യൻ അടിമ! എന്നാൽ ശിർക്കൻ വ്യവസ്ഥയിലാണ് ഇത്തരം വിശേഷണങ്ങൾക്ക് പ്രസക്തിയുള്ളത്. തൗഹീദിൽ (ഏകദൈവാദർശം) അവ അർഥശൂന്യമാണ്. ഹജ്ജിൽ ഈ സ്ത്രീയാണ് ഒന്നാമത്തെ സവിശേഷ കഥാപാത്രം! ദൈവിക ഭവനത്തിലെ പെണ്ണ്!

തന്നെ അനുസരിക്കാൻ അല്ലാഹു ആവശ്യപ്പെട്ടപ്പോൾ അവർ പൂർണമായി വഴങ്ങി. സ്വന്തം കുഞ്ഞിനെ മരുക്കാട്ടിൽ ഉപേക്ഷിച്ച ഹാജറ പക്ഷെ ഒരിടത്ത് അടങ്ങി നിന്നില്ല. അവർ തണ്ണീർ തേടി കുന്നിൽ നിന്ന് കുന്നിലേക്കോടി! സ്വന്തം കാലിനെയും മനസ്സിനെയും ഇച്ഛാശക്തിയെയും ആശ്രയിച്ച് അവർ പരിശ്രമിച്ചു!

ഹാജറ അലഞ്ഞു, അന്വേഷിച്ചു, വേദന സഹിച്ചു, പരിഭ്രമിച്ചു, നിരാലംബയായി. പ്രതീക്ഷയില്ലാതായിട്ടും അവർ പ്രതീക്ഷിച്ചു!
സ്വന്തം കുഞ്ഞിനെയുമെടുത്ത് ഏകാന്തയായി ദാഹനീരിനായി ഓടി.

തണ്ണീർ! അതെ, തണ്ണീർ തന്നെ! ജലം! ദാഹജലം ഭൗതിക വസ്തുവാണ്. ജീവിതം ദാഹത്തോടെ കൊതിക്കുന്ന വസ്തു. ധമനികളിൽ രക്തമൊഴുകാൻ വേണ്ട വസ്തു. കുഞ്ഞിൻ്റെ മുലപ്പാലിന് വേണ്ട വസ്തു. അതിനായുള്ള അന്വേഷണം ഭൂമിയിലെ പദാർഥ ജീവിതത്തിനായുള്ള തെരച്ചിലാണ്! മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാന ബന്ധം തുറന്നു കാട്ടുന്നതാണ് ജീവജലം! ഈ ഭൂമിയിൽ സ്വർഗ്ഗം കാണാനുള്ള മാർഗമാണത്!

ത്വവാഫിൽ നിന്ന് സഅയിലേക്ക് കുറഞ്ഞ ദൂരമേയുള്ളു. പക്ഷെ ത്വവാഫ് ആത്മീയതയാണെങ്കിൽ സഅയ് ഭൗതികതയാണ്. ത്വവാഫിൽ നിങ്ങൾ ചാരമാകാൻ വേണ്ടി തീ നാളത്തിനു ചുറ്റും തത്തിക്കളിക്കുന്ന ചിത്രശലഭമാണ്. സഅയ് തീറ്റ കണ്ടുപിടിക്കാൻ ആകാശത്ത് റാകിപ്പറക്കുന്ന പരുന്തും! പരുന്ത് പാറക്കല്ലുകൾക്കിടയിൽ നിന്ന് ഇരയെ കൊത്തിയെടുക്കുന്നു. അതു വഴി ആകാശവും ഭൂമിയും കീഴടക്കുന്നു.

ഭൂമിയിലെ ശക്തനായ മനുഷ്യനാണ് സഅയ്. സഅയ് വിവേകമാണ്, യുക്തിയാണ്, ചോദനയാണ്, പദാർഥമാണ്, സ്നേഹമാണ്, നാഗരികതയാണ്, ദേഹമാണ്, സ്വാതന്ത്ര്യമാണ്. ഹജ്ജ് ത്വവാഫും സഅയും കൂടിച്ചേർന്നതത്രെ. അതു കൊണ്ടത് ആശയവാദവും ഭൗതികവാദവുമാണ്! കിഴക്കും പടിഞ്ഞാറുമാണ്! ദൈവേഛയും മനുഷ്യേഛയും തമ്മിലുള്ള സമന്വയമാണ്!

ഹാജറയുടെ കാൽച്ചുവട്ടിലാണ് ദൈവ കാരുണ്യം ഗുളു ഗുളു ശബ്ദമായി ഉറവ യെടുത്തത്! പരിശുദ്ധി നിറഞ്ഞ അത്ഭുത ജലം! തലമുറകൾക്ക് ദാഹശമനമേകി ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന ദിവ്യകരുണ! സംസം..(zam zam..!)

ശിലയിൽ നിന്നൊഴുകിയ ദൈവസ്നേഹത്തിൻ്റെ സംസം കുളിർ ജലത്തിനു വേണ്ടി നിങ്ങൾ ഓടിയത് ഏഴു വട്ടമാണ്. ത്വവാഫും ഏഴു വട്ടമാണ്. കഅബയെ ചുറ്റുന്ന ത്വവാഫിൽ തുടങ്ങിയേടത്തു തന്നെയാണ് നിങ്ങൾ നിന്നത്. പക്ഷെ പരിശ്രമത്തിൻ്റെ സഅയിൽ നിങ്ങൾ നേരെ, ധൃതിപ്പെട്ടു നടന്നു. അല്ല ഓടി! പ്രതീകാത്മകമായ കർമം! ഹാജറ ഉൾച്ചേർന്ന ജീവിതം എന്ന ധർമം!

ഹാജറയെപ്പോലെ ജീവജലത്തിൻ്റെ ആദ്യ ബിന്ദുവായി ലോക ജനതയുടെ മുന്നിൽ നിന്ന് ഈ ശ്വേത പ്രവാഹത്തിൽ നിങ്ങൾ അലിഞ്ഞു ചേരണം!
കാതോർത്താൽ സംസം പൊട്ടിയൊഴുകിയ ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങും! ഞാൻ ആവർത്തിക്കട്ടെ: ഹജ്ജിൽ എല്ലായിടത്തും ഹാജറയുണ്ട്. സഅയിലും സംസമിലും അവർ മുഴച്ചു നിൽക്കുന്നെന്നു മാത്രം. അതുകൊണ്ടു തന്നെ ഹജ്ജിൽ ഹാജറയാണ് ആദ്യത്തെ സവിശേഷ കഥാപാത്രം!
നിങ്ങൾ സംസം മതി വരുവോളം പാനം ചെയ്യൂ.. കൂട്ടുകാർക്കായി, നാട്ടുകാർക്കായി ശേഖരിക്കൂ.. ഹാജറയെന്ന കറുത്ത പെണ്ണ് ഭൂഖണ്ഡങ്ങളിലേക്ക് ഒഴുകിപ്പരക്കട്ടെ!
(അവലംബം: അലി ശരീരത്തിയുടെ ഹജ്ജ് എന്ന വിഖ്യാത കൃതി. വിവർത്തനം: കലീം.പ്രസാധനം: ഐ.പി.എച്ച്)

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles