Current Date

Search
Close this search box.
Search
Close this search box.

പേടിയും പട്ടിണിയും

മനുഷ്യനെ വരിഞ്ഞുമുറുക്കിയ രണ്ട് നീരാളിക്കൈകൾ; പേടിയും പട്ടിണിയും. അറ്റമില്ലാതെ തുടർന്നാൽ രണ്ടിൻ്റെയും അവസാനം മരണമാണ്. പക്ഷേ, പെട്ടന്ന് മരിക്കണമെന്നില്ല! നാൾക്കുനാൾ നോവേറി, നീറി നീറി, യാതനകൾ ഏറെ അനുഭവിച്ചായിരിക്കും അന്ത്യം. പെട്ടെന്നുള്ള മരണം ചിലപ്പോൾ ആശ്വാസമായിരിക്കും. ദുരിതപീഢകൾ ഒത്തിരി പേറി, ഇഞ്ചിഞ്ചായുള്ള മരണം പക്ഷേ, അതികഠിനവും. ഇങ്ങനെ, പേടിയുടെ നെരിപ്പോടിൽ കിടന്നും പട്ടിണിയുടെ വറചട്ടിയിൽ വെന്തും ജീവനറ്റുപോകുന്ന കുറേ മനുഷ്യർ! ആ നിസ്സഹായരിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് സത്യവേദത്തിൻ്റെ സവിശേഷത.

പേടിയും പട്ടിണിയുമില്ലാത്ത രാജ്യവും ലോകവുമാണ് വേദദർശനം വിഭാവന ചെയ്യുന്നത്. അത് എത്രമേൽ പ്രധാനമാണെന്ന് അറിയാൻ തുറന്നുപിടിച്ച കണ്ണും കാതും മതി ഇന്ന്. ഈ ഐശ്വര്യസമൃദ്ധി ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് വേദഗ്രന്ഥം അടിവരയിടുന്നു. “അവര്‍ക്ക് ആഹാരം കൊടുത്തു വിശപ്പകറ്റുകയും, ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥൻ”. നൂറ്റി ആറാം അധ്യായത്തിലെ അവസാന സൂക്തം. നാല് സൂക്തങ്ങൾ മാത്രമുള്ള ചെറിയ അധ്യായത്തിലെ, ആശയഗാംഭീര്യമുള്ള വലിയ വചനം! മക്കയിലെ മനുഷ്യർക്ക് നൽകിയിരുന്ന അനുഗ്രഹങ്ങൾ അനുസ്മരിക്കുന്നു. ദൈവത്തോടുള്ള ബാധ്യതകൾ അവരെ ഓർമ്മിപ്പിക്കുന്നു. ക്ഷേമരാഷ്ട്രത്തിനു വേണ്ടിയുള്ള ഇബ്റാഹീം പ്രവാചകൻ്റെ പ്രാർത്ഥനയുമുണ്ടല്ലോ! പേടിയിൽ നിന്നും പട്ടിണിയിൽ നിന്നുമുള്ള മുക്തി തന്നെയായിരുന്നു അതിൻ്റെയും ഊന്നൽ. ആ പ്രാർത്ഥനക്കുള്ള ഉത്തരം കൂടിയായിരുന്നു മക്കക്കാർക്ക് ലഭിച്ച ഈ അനുഗ്രഹം.”എന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികൾക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ”! രണ്ടാം അധ്യായം നൂറ്റിയിരുപത്താറാം വചനം. സമാധാനവും ശാന്തിയും അന്നവും വെള്ളവും മുടങ്ങാതെ ലഭിക്കുന്ന ക്ഷേമരാഷ്ട്രം. അതും ദൈവദൂതന്മാരുടെ പ്രവർത്തനത്തിലും പ്രാർത്ഥനയിലും പ്രധാനമായിരുന്നു.

സുഭിക്ഷതയും സുരക്ഷിതത്വവും! വേദദർശനം സമർപ്പിക്കുന്ന ക്ഷേമരാഷ്ട്രത്തിൻ്റെ മൗലിക സവിശേഷതകളാണ് ഇവ. ഭൂമിയിലെ സ്വസ്ഥജീവിതത്തിൻ്റെ അടിസ്ഥാനങ്ങളിൽ മുഖ്യം. അതിനുവേണ്ട മികച്ച തത്വങ്ങളും പ്രയോഗ മാർഗ്ഗങ്ങളും ഉണ്ടെങ്കിൽ മാത്രമേ, ഒരു ദർശനം ജീവിതഗന്ധിയും മനുഷ്യപ്പറ്റുള്ളതുമാകൂ! പട്ടിണിയും പേടിയുമില്ലാത്ത പൗരജീവിതം ഉറപ്പുവരുത്തുമ്പോൾ മാത്രമേ, ഒരു ഭരണം ജനക്ഷേമകരമാകൂ. പട്ടിണിയും പേടിയും ഉൽപ്പാദിപ്പിക്കുന്ന ഭരണകൂടങ്ങൾ ജനദ്രോഹികളാണ്. അതുകൊണ്ട് തന്നെ ദൈവവിരുദ്ധവും. ജനദ്രോഹകരമായതെന്തും വേദദർശനത്തിൽ ദൈവവിരുദ്ധമാണ്. സത്യവേദം സമർപ്പിക്കുന്ന സുഭിക്ഷതയും സുരക്ഷിതത്വവും ലോകക്രമത്തിൻ്റെ മുഖവും മുദ്രയുമാകുമ്പോൾ, അതെത്രമേൽ മനോഹരവും മനുഷ്യോന്മുഖവുമായിരിക്കും!

Also read: സകാതുൽ ഫിത്വർ എപ്പോൾ, എങ്ങനെ?

പട്ടിണി എന്ന പദം നമുക്ക് ചിരപരിചിതമാണ്. പക്ഷേ, പട്ടിണി എന്ന അനുഭവമോ? ഇല്ലായ്മ മൂലം നാം പട്ടിണി കിടന്നിട്ടുണ്ടോ? ആലോചിച്ചു നോക്കൂ! കത്തിയാളുന്ന വയറുമായി, ദിനരാത്രങ്ങൾ കഴിഞ്ഞിട്ടുണ്ടോ? യാത്രയോ, യോഗമോ, ജോലിത്തിരക്കോ മറ്റോ കാരണം ഒന്നോ, രണ്ടോ നേരം ആഹാരം കഴിക്കാതിരുന്നിട്ടുണ്ടാകും. പിന്നീട് അതിന് പ്രായശ്ചിത്തം ചെയ്യുംവിധം കഴിച്ചിട്ടുമുണ്ടാകും. അന്നം കിട്ടാത്തത്തിൻ്റെ ആധിയല്ല നമുക്ക് വ്യാധി തരുന്നത്. ആഹാരാധിക്യത്തിൻ്റെ അജീർണ്ണമാണ്. പക്ഷേ, യഥാർത്ഥ പട്ടിണി, ഒരിക്കലും വാക്കുകൾക്ക് വഴങ്ങാത്ത ദുരന്തമാണ്. കെവിൻ കാർട്ടറുടെ പ്രസിദ്ധമായ ചിത്രത്തിലും, ഒട്ടകത്തിൻ്റെ മലദ്വാരത്തിലേക്ക് വായ ചേർത്ത ആഫ്രിക്കൻ ബാലനിലും, മാസങ്ങൾ പട്ടിണി കിടന്ന് മരിച്ച മനുഷ്യക്കോലങ്ങളിലും നമുക്കത് വിദൂര കാഴ്ച്ചകളായിട്ടുണ്ട്. നേരനുഭവങ്ങളായിട്ടുണ്ടോ?

പേടി ഒരു മാനസികദൗർബല്യവും മാരകായുധവുമാണ്. പേടി കാരണമാണ് പലരും പലർക്കും വിധേയപ്പെട്ട് കഴിയുന്നത്! സത്യം പറയാനാകാതെ മൂടിവെക്കുന്നതും പേടി കാരണം തന്നെ. കുടുംബഘടന, തൊഴിലിടങ്ങൾ, ഭരണകൂടങ്ങൾ മുതൽ എത്രയോ പേർ തെറ്റായ വിധത്തിൽ പേടിയെ ഉപയോഗിക്കുന്നു. പ്രാദേശിക ഗുണ്ടകൾ മുതൽ മർദ്ദക ഭരണകൂടങ്ങൾക്ക് വരെ പേടി ഉപകരണമാകുന്നു. ഭരിക്കുന്ന മനസ്സുകൾക്ക് എഴുന്നേറ്റ് നിൽക്കാനാകില്ല. സമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയുന്നില്ല, പേടി കൂടാതെ യാത്ര ചെയ്യാൻ പറ്റുന്നില്ല, പുറത്തിറങ്ങാൻ സാധിക്കാത്തവിധം ഭയം നിറഞ്ഞ സാമൂഹികാന്തരീക്ഷം….. ഈ രണ്ട് ദുരന്തങ്ങളും ചുഴറ്റിയെറിഞ്ഞ കാലവും ലോകവുമാണ് നമ്മുടേത്.

പട്ടിണിയുടേയും പേടിയുടെയും ദുരന്തങ്ങൾക്ക് അന്ത്യം കുറിക്കുകയാണ് സത്യവേദത്തിൻ്റെയും ദൈവദൂതൻമാരുടെയും ദൗത്യങ്ങളിലൊന്ന്. സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്ന എത്രയെത്ര നിയമങ്ങൾ, നിർദ്ദേശങ്ങൾ വേദദർശനം സമർപ്പിക്കുന്നു.
പേടി ഉന്മൂലനം ചെയ്ത സാമൂഹിക സമാധാനം സ്ഥാപിക്കാൻ പര്യാപ്തമാണവ. നിർബന്ധ പ്രാർത്ഥനയുടെ വിടവാങ്ങൽ വചനം വരെ സാമൂഹിക സുരക്ഷയുടെ വാഗ്ദാനമാണ്; നിനക്ക് സമാധാനവും ദൈവത്തിൻ്റെ കാരുണ്യവും ഉണ്ടാകട്ടെ! നിർബന്ധവും ഐഛികവുമായ ദാനങ്ങൾ, പ്രായശ്ചിത്തങ്ങൾ…പട്ടിണി തീർക്കാനും സുഭിക്ഷത നിറയ്ക്കാനും എന്തെല്ലാം മാർഗ്ഗങ്ങൾ! ഇതെല്ലാം ജീവിതാനുഭവങ്ങളായാൽ, ഈ ലോകമെത്ര മനോഹരമായേനെ!

Related Articles