Current Date

Search
Close this search box.
Search
Close this search box.

കൊടുത്ത് കൊടുത്ത് സമ്പാദിക്കാം

സമ്പാദ്യത്തിൻറെ ഖജനാവിൽനിന്ന് ഒരിത്തിരി കൊടുക്കുക എന്നതാണല്ലോ നാം പഠിച്ച പതിവ് ശീലം. ഏതൊരാൾക്കും അത് വളരെ ലളിതമായി മനസ്സിലാവുന്ന കാര്യവുമാണ്. ടാങ്കിൽ വെള്ളമില്ലാതെ ടാപ്പ് തുറന്നാൽ വെള്ളം കിട്ടില്ലല്ലോ? അത്പോലെയാണ് പണം കൈയിലില്ലാതെ കൊടുക്കുന്നതെന്നാണ് നമ്മിൽ പലരുടേയും ധാരണ. എന്നാൽ ഈ ഭൗതികവാദ നിയമം മാറ്റിവെച്ച് (അങ്ങനേയും പ്രപഞ്ചത്തിൽ ചിലതെല്ലാം സംഭവിക്കാറുണ്ട്) നമുക്ക് കൊടുത്ത് കൊടുത്ത് എങ്ങനെ സമ്പാദിക്കാമെന്ന ഒരു ദിശാമാറ്റത്തെക്കുറിച്ച് ആലോചിച്ച് നോക്കാം.

വിത്തിടാതെ വിളവ് ലഭിക്കുകയില്ല. ഇര ഇട്ടുകൊടുക്കാതെ മൽസ്യം പിടിക്കാനും കഴിയില്ല. ഈ രണ്ട് കാര്യങ്ങളുടെ പ്രതി പ്രവർത്തനമാകട്ടെ, പലപ്പോഴും നമ്മെ ഞെട്ടിപ്പിക്കുന്ന തരത്തിലുമാണ്. അത്പോലെയാണ് കൊടുക്കുന്നതെന്ന് വിവരിക്കുന്ന നിരവധി ഖുർആൻ വചനങ്ങൾ കാണാം:

“ദൈവമാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകൾ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികൾ. അല്ലാഹു അവനിച്ഛിക്കുന്നവർക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സർവജ്ഞനുമാണ്.” 2:261

“അല്ലാഹുവിന് ഉത്തമമായ കടം നൽകുന്ന ആരുണ്ട്? എങ്കിൽ അല്ലാഹു അത് അയാൾക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.” 2:245

“ദാനധർമങ്ങൾ ചെയ്യുകയും അല്ലാഹുവിന് വിശിഷ്ടമായ കടം കൊടുക്കുകയും ചെയ്ത സ്ത്രീ-പുരുഷന്മാർക്ക് അവനതു പലയിരട്ടി വർധിപ്പിച്ചുകൊടുക്കുന്നു. അവർക്ക് ശ്രേഷ്ഠമായ പ്രതിഫലമുണ്ട്.” 57:18

ദാനം ചെയ്ത് ആരും ദരിദ്രരാവാറില്ല എന്നത് പ്രാപഞ്ചിക സത്യമാണ്. ദാനം ചെയ്താൽ ചിലപ്പോൾ ഈ ലോകത്തും പരലോകത്തും അതിൻറെ പതിന്മടങ്ങ് ലഭിച്ചേക്കാം. അല്ലെങ്കിൽ പരലോകത്ത് മാത്രം അതിന് പ്രതിഫലം ലഭിച്ചേക്കാം. അറിവിനെ കുറിച്ച് പൂർവ്വികരായ പണ്ഡിതന്മാരുടെ പഴഞ്ചൊല്ല് ഇങ്ങനെയാണല്ലോ: വിദ്യധനം സർവ്വധനാൽ പ്രധാനം / വിദ്യധനം കൊടുക്കുന്തോറുമേറിടും.

ഇത് അറിവിന് മാത്രം ബാധകമായ കാര്യമാണെന്നാണ് പൊതുവെ മനസ്സിലാക്കിയിട്ടുള്ളത്. എന്ത്കൊടുത്താലും അത് വർധിച്ച്കൊണ്ടേയിരിക്കും. അത് അറിവാകാം. പണമാകാം. ജനസേവനമാവാം. ഒരു പുഞ്ചിരി, സ്നേഹം, മനം കവരുന്ന ഒരു വാക്ക്. ഇങ്ങനെ എന്തും കൊടുക്കാം. തനിക്ക് എന്തൊക്കെ ആവശ്യമുണ്ടൊ അത് നിർലോഭം കൊടുത്താൽ അതിൻറെ പതിന്മടങ്ങ് തിരിച്ച് കിട്ടുന്നതാണ് പ്രകൃതി നിയമം.

തിങ്ങി നിറഞ്ഞ വാഹനത്തിൽ ഇരിപ്പിടം ലഭിച്ചാൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്? അതേയവസരത്തിൽ സീറ്റ് ലഭിച്ചാലൊ ഇരുന്ന് ഇരുന്ന് പൃഷ്ട ഭാഗത്ത് തഴമ്പ് വന്നാൽ പോലും മറ്റൊരു സഹയാത്രികന് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ നമ്മിൽ അധിക പേരും തയ്യാറല്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഏത് തിരിക്കിൽപ്പെട്ടാലും നിങ്ങൾക്ക് സീറ്റ് ലഭിക്കുക എന്നത് സ്വഭാവികമാണ്.

എത്ര സമ്പാദിച്ചാലും മതിവരാത്ത ആർത്തിയുടെ ലോകത്താണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. സമ്പാദിക്കുന്തോറും നമ്മുടെ ആവശ്യങ്ങളും വർധിച്ച് കൊണ്ടേയിരിക്കുന്നു. കൂടുതൽ സമ്പാദ്യം. കൂടുതൽ ആവശ്യം. ഇതാണ് പുതിയ ലോകത്തെ മുദ്രാവാക്യം. ഈ നെട്ടോട്ടത്തിനിടയിൽ നാം പലതും മറന്ന് പോവുകയും ചെയ്യുന്നു. സമ്പാദ്യം മനുഷ്യൻറെ നൈസർഗികമായ ഒരു ആഗ്രഹമാണ്. ആ ആഗ്രഹമില്ല എന്ന് സങ്കൽപിച്ച് നോക്കൂ. ജീവിതം വരണ്ടുണങ്ങിയ ഒരു തടാകം പോലെ നിഷ്പ്രയോജനമായിരിക്കും.

എന്നാൽ സാമ്പാദിച്ചതെല്ലാം തനിക്കും തൻറെ കുടുംബത്തിനും മാത്രം ഉള്ളതാണൊ? അവിടെയാണ് നമുക്ക് പിഴവ് സംഭവിക്കുന്നത്. അതിൻറെ ഫലമായി സമ്പത്ത് ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുകയും സമൂഹത്തിൽ അസമത്വവും കുഴപ്പവും വർധിക്കുകയും അരാജകത്വത്തിൽ അകപ്പെടുകയും ചെയ്യും.

മൂന്ന് വിഭാഗം ആളുകൾ
സമൂഹത്തിൽ നിന്ന് നാം ധാരളമായി സമ്പാദിക്കാറുണ്ട് എന്നത് വാസ്തവമാണ്. അതിനനുസരിച്ച് നമുക്ക് പലപ്പോഴും തിരിച്ച് കൊടുക്കാൻ സാധിക്കാറില്ല. അങ്ങനെ നോക്കുമ്പോൾ കൊടുക്കുന്നവരെ മൂന്ന് വിഭാഗമായി തിരിക്കാം. സമൂഹത്തിൽ നിന്ന് കിട്ടുന്നതിനെക്കാൾ കുടുതൽ കൊടുക്കുന്നവരാണ് ഒന്നമാത്തെ വിഭാഗം. കിട്ടുന്നതിന് തുല്യമായി കൊടുക്കുന്നവരെ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്താം. കിട്ടുന്നതിനെക്കാൾ കുറച്ച് കൊടുക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം.

ഇതിൽ ആദ്യ വിഭാഗം എല്ലാവരുടേയും ആദരവിന് അർഹരാണ്. കാരണം അവരിലാണ് സമൂഹത്തിൻറെ നിലനിൽപും അഭിവൃദ്ധിയും നിലകൊള്ളുന്നത്. അവർ ഉദാരമായി ദാനം ചെയ്യുന്നില്ലങ്കിൽ, പലർക്കും ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ പ്രയാസപ്പെടുമായിരുന്നു. ഈ ഗുണം എല്ലാവരിലും ഉണ്ട് എന്ന് സങ്കൽപിച് നോക്കൂ. മനുഷ്യ സമൂഹത്തിൻറെ ചിത്രം എത്ര മനോഹരമായിരിക്കും. രണ്ടാമത്തെ വിഭാഗവും അഭിനന്ദനാർഹരാണ്. അളവിൽ കുറവാണെങ്കിലും, അവരും കൊടുക്കുന്നവർ തന്നെയാണ്.

ദാനം ചെയ്യുന്നത് പല രൂപത്തിലാവാം. വലത് കൈ കൊുടുക്കുമ്പോൾ ഇടത് കൈ അറിയാതെ കൊുടുക്കാം. കൊടുക്കുമ്പോൾ പുകഴ്തപ്പെടണമെന്ന് ആഗ്രഹിക്കാതിരിക്കാം. ദൈവ പ്രീതിക്കായി മാത്രം നൽകാം. അതിരുകളില്ലാതെ രണ്ട് വട്ടം ആലോചിക്കാതെ നമുക്ക് കൊടുക്കാൻ കഴിയാറുണ്ടൊ? ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കൊടുക്കാൻ ശ്രമിക്കാറുണ്ടൊ? എങ്കിൽ നമ്മുടെ ജീവിതം ധന്യമാണ്. അത് എത്ര ചുരുങ്ങിയ കാലമായാലും ശരി.

പ്രകൃതി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ദാനമാണെന്ന് പറഞ്ഞത് എ.പി. ജെ അബ്ദുൾ കലാം “എൻറെ ഉറ്റ ചങ്ങാതിയാണ് പ്രകൃതി. പാതവക്കിലെ നാട്ടുമാവിനെ പോലെ അത് കൈയയച്ച് ദാനം ചെയ്യുന്നു. ആളുകൾ കല്ലെടുത്ത് എറിയും. കൊമ്പുകൾ വലിച്ചൊടിക്കും. എന്നാലും ക്ഷീണിച്ച വഴിപോക്കന് അത് തണലേകും. വിശപ്പകറ്റാൻ ഫലം നൽകും. …………………….ഏത് സഥലത്തും പ്രകൃതിയുടെ കനിവുറ്റ സാനിധ്യം ഞാൻ അനുഭവിച്ചറിഞ്ഞു.”

ജീവിതം എന്നാൽ കൊടുക്കലും വാങ്ങലുമാണ്. വാങ്ങുന്നതിനെക്കാൾ കൊടുക്കാൻ കഴിഞ്ഞവരും വാങ്ങിയ അത്ര തന്നെ കൊടുത്തവരും വിജയിച്ചു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിത് ആരാധനക്കാണ് എന്ന് ഖുർആൻ പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നാണ് ദാനം. എല്ലാ ആരധനകളിലും ഏതെങ്കിലും തരത്തിലുള്ള ദാനമുണ്ട്. ദിനേന നിർവ്വഹിക്കുന്ന നമസ്കാരത്തിൽ ദാനമുണ്ട്. നമസ്കാരം സംഘടിതമായി നിർവ്വഹിക്കുന്നതിലൂടെ സ്നേഹമെന്ന മഹാദാനം കൈമാറാനും മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കുമല്ലോ?

ദാനമാണ് മനുഷ്യനെ മനുഷ്യാനാക്കുന്നത്. മാതൃത്വം, ചികിൽസ, അധ്യാപനം എല്ലാം ദാനത്തിൻറെ ഉദാത്ത മാതൃകകൾ. മനുഷ്യൻറെ നൈസർഗ്ഗികമായ സ്വച്ച പ്രകൃതിയുടെ ഭാഗമാണ് ദാനം. അത് ഇല്ലാതാവുമ്പോൾ വേതാളന്മാരുടെ കൂട്ടുകാരാവുകയാണ് ചെയ്യുന്നത്. അതിനാൽ കൊടുത്ത് കൊടുത്ത് നമുക്ക് സമ്പാദിക്കാം. കൊടുക്കുമ്പോൾ കുറയുമെന്നത് താൽകാലിക പ്രതിഭാസം മാത്രം. ദീർഘകാലാടിസ്ഥനത്തിൽ അത് വലിയ ലാഭം നൽകുന്ന നിക്ഷേപമാണ്.

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles