Current Date

Search
Close this search box.
Search
Close this search box.

Vazhivilakk

വിശ്വാസികളുടെ പണം പിടുങ്ങുന്ന പുരോഹിതര്‍

ജനനം,മരണം, കുറ്റിയടിക്കല്‍,വീട്കൂടല്‍,ഗള്‍ഫില്‍ പോകല്‍,കന്നിമൂല,പോക് വരവ് തുടങ്ങീ പലതിന്റെയും പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന പുരോഹിതരെ നമുക്ക് കാണാന്‍ കഴിയും. ഏറ്റവും അവസാനം മുടിയിട്ട വെള്ളത്തിന് ശേഷം ഖിബ്‌ലയുടെ ദിശ ശരിയാക്കുന്ന നാടകവുമായി ഇറങ്ങിയിരിക്കുകയാണ് ചില പുരോഹിതര്‍. വിശുദ്ധ ഖുര്‍ആന്‍ ചില പുരോഹിതരെ കുറിച്ച് നമുക് പറഞ്ഞ് തരുന്നുണ്ട്.

വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക. (Sura 9 : Aya 34)

ബനൂഇസ്‌റാഈലിലെ പണ്ഡിതന്മാരെ കുറിച്ചാണ് ഈ ആയത്ത്. നമ്മളും ഇങ്ങനെ ആവാന്‍ പാടില്ല എന്ന് ഉണര്‍ത്താനാണ് ഖുര്‍ആനത് പരാമര്‍ശിച്ചത്. ജനങ്ങളുടെ സമ്പത്ത് അനധികൃതമായി ഭക്ഷിക്കുന്ന നേതാക്കന്മാരും പണ്ഡിതന്മാരും ഇസ്‌റാഈല്‍ സമൂഹത്തിലുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് എക്കാലത്തേക്കുമുള്ള ജാഗ്രതാ നിര്‍ദേശമാണിത്. സാധുക്കളും ദുര്‍ബല വിശ്വാസികളുമായ ആളുകളെ തന്ത്രത്തില്‍ ചൂഷണം ചെയ്യാന്‍ നടക്കുന്ന ആളുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. സാമ്പത്തികം മോഹിച്ചുള്ള ഖിബ്‌ലയുടെ ദിശനിര്‍ണ്ണയവും ഇതിന്റെ ഭാഗമായി കാണണം.

ഈസാ(അ) പറഞ്ഞതായി ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ദുഷിച്ച പണ്ഡിതന്മാരുടെ ഉപമ കക്കൂസിലെ ജലം പോകുന്ന കാനപോലെയാകുന്നു. അതിന്റെ പുറമെ കുമ്മായവും ഉള്ളില്‍ ദുര്‍ഗന്ധവുമാണ്. ശവക്കുഴികളെപ്പോലെയും അവരെ ഉപമിക്കാം. പുറമെ അത് പരിപാലിക്കപ്പെടുന്നു. ഉള്ളിലാവട്ടെ ശവങ്ങളുടെ എല്ലുകളും.’

ദാവൂദ്(അ)നോട് അല്ലാഹു പറഞതായി ഇമാം ഗസ്സാലി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : ”ദാവൂദേ, ഇഹലോകം ലഹരിയാക്കിയ ‘പണ്ഡിത’നോട് എന്നെക്കുറിച്ച് നീ ചോദിക്കരുതേ! എന്റെ സ്‌നേഹത്തിന്റെ മാര്‍ഗത്തില്‍നിന്ന് അവര്‍ നിന്നെ തടയും. അവര്‍ എന്റെ ദാസന്മാരെ വഴിയില്‍ നിന്ന് കൊള്ളയടിക്കുന്നവരാണ്.”

മഹാനായ അലി (റ) നബി തിരുമേനി (സ) യെ ഉദ്ധരിച്ചു പറയുന്നു : ജനങ്ങള്‍ക്ക് ഒരു കാലം വരും. ഇസ്ലാം അന്ന് പേരിലും ഖുറാന്‍ അന്ന് ലിപിയിലുമായി ചുരുങ്ങും. അവരുടെ പള്ളികളെ അവര്‍ പരിപാലിക്കും പക്ഷെ , ആ പള്ളികളില്‍ ഹിദായത്ത് ഉണ്ടാവുകയില്ല. അവരിലെ പണ്ഡിതരായിരിക്കും ആകാശത്തിനു ചുവട്ടിലെ ഏറ്റവും വലിയ ദുഷ്ടര്‍. അവരില നിന്നാണ് ഫിത്‌ന ഫസാദുകള്‍ പുറത്തു വരിക. ആ ഫിത്‌നകള്‍ അവരിലേക്ക് തന്നെ മടങ്ങുക (ബൈഹഖി)

മഹാനായ ഉമര്‍ (റ) ഹബീബായ നബി(സ) തങ്ങളെ ഉദ്ധരിച്ച് പറയുന്നു : കടലിലും കരയിലും ഇസ്ലാം പ്രചരിക്കും. പിന്നീടു ഒരു കൂട്ടര് വരും. അവര്‍ ഖുര്‍ആന്‍ ഓതും. അവര്‍ (അഹങ്കാരത്തോടെ) ചോദിക്കും ഞങ്ങളെക്കാള്‍ ഓതാന്‍ അറിയുന്നവര്‍ ആരുണ്ട്.. ഞങ്ങളെക്കാള്‍ വിവരസ്തര്‍ ആരുണ്ട്… ഞങ്ങളെക്കാള്‍ കിതാബു തിരിയുന്നവര്‍ ആരുണ്ട്… അവര്‍ നിങ്ങളുടെ കൂട്ടത്തിലാണ് . അതായത് ഈ സമുദായത്തില്‍ വരാനിരിക്കുന്നവരാണ്. അവര്‍ നരകം കത്തിക്കാന്‍ ഉപയോഗിക്കപ്പെടുന്നവരാണ്.

ബഹുമാനപ്പെട്ട അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു പുണ്യ റസൂല്‍ (സ) പറയുന്നു : അവസാന കാലത്ത് കുറെ വിവര ദോഷികളായ ഇബാദത്തുകാരും തെമ്മാടികളായ പണ്ഡിതന്മാരും ഉണ്ടാകും.( ഹാകിം )

മറ്റൊരു ഹദീസില്‍ പറയുന്നു. : എന്റെ ഉമ്മത്തിന്റെ നാശം രണ്ടു പേരാണ്. ദുര്‍മര്‍ഗ്ഗിയായ പണ്ഡിതനും വിവരമില്ലാത്ത ആബിദും. എന്നാല്‍ ചീത്ത ആളുകളില്‍ ഏറ്റവും ചീത്തയായവന്‍ പണ്ഡിതരിലെ മോശക്കാരനും നല്ലവരില്‍ ഏറ്റവും നല്ലവര്‍ പണ്ഡിതരിലെ നല്ലവനുമാണ്. (ഇഹ് യ)
എന്റെ ഉമ്മത്തിന് ഞാന്‍ ഭയപ്പെടുന്നതില്‍ ഏറ്റവും വലുത് വഴിപിഴപ്പിക്കുന്ന പണ്ഡിതരാണ് (ജാമിഉസ്സഗീര്‍)

അവസാന കാല പണ്ഡിതരെ കുറിച്ച് മഹാനായ ശൈഖ് മുഹിയുദ്ധീന്‍ (റ) പറയുന്നു : അവസാന കാലത്തെ പണ്ടിതന്മാര്ക്ക് തൊണ്ട വിട്ട് ഇല്മു കീഴ്‌പോട്ടു ഇറങ്ങുകയില്ല.

ഇമം ഗസ്സാലി പറയുന്നു: ‘ തേന്‍ ഒരു പാട് ഔഷദ ഗുണങ്ങള്‍ ഉള്ളതാണ് . തേന്‍ പന്നിതോലില്‍ നിറച്ചാല്‍ എങ്ങിനെയാണോ അത് പോലെയാണ് അവസാന കാലത്തേ പണ്ഡിതന്മാര്‍’ സമൂഹത്തിനെ യഥാര്‍ത്ഥ ദിശയില്‍ വഴി നടത്തലാണ് പണ്ഡിത ധര്‍മ്മം. മനുഷ്യ ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപ്പിച്ച് മനുഷ്യനെ കൊള്ളയടിക്കേണ്ടവരല്ല പണ്ഡിതര്‍. സത്യം മറച്ച് വെക്കുന്ന, ഉത്തരവാദിത്വം മറന്ന പണ്ഡിതനെ തെരുവില്‍ നാക് നീട്ടി അലയുന്ന നായയോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായയുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാക്ക് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ. (Sura 7 : Aya 176)

ആത്മീയ വാണിഭമാണു ഏറ്റവും ലാഭകരമായ പ്രവര്‍ത്തനമേഖലയെന്ന സത്യം എല്ലാ മതകൈകാര്യകര്‍ത്താക്കളും ഇന്ന് മനസ്സിലാക്കിയിരിക്കുന്നു. നിഷ്‌കളങ്കനായ ഭക്തന്റെ ദുഖഭാരം ഇറക്കി വെക്കാനുള്ള സാന്ത്വന കേന്ദ്രങ്ങള്‍ എന്നൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് തൊഴില്‍ശാലകളും ലാഭകേന്ദ്രങ്ങളുമാണ്. പരമ്പരാഗത ക്ഷേത്രങ്ങളും പള്ളികളും കൂടാതെ ഇപ്പോള്‍ ആള്‍ദൈവങ്ങളെ കേന്ദ്രീകരിച്ചുള്ള ആത്മീയ കച്ചവടവും പുരോഗതി പ്രാപിച്ചിരിക്കുകയാണല്ലോ! അഥവാ ചെങ്ങലക്ക് തന്നെയാണ് ഭ്രാന്ത്.

പുതുനിര്‍മ്മിതികളിലൂടെ വിശ്വാസികളെ സാമ്പത്തികമായി ചൂഷണചെയ്യുന്നവര്‍ ഈ നബിവചനത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.

നബി( സ ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!’ (സ്വഹീഹുല്‍ ബുഖാരി.)

Related Articles