Current Date

Search
Close this search box.
Search
Close this search box.

ആത്മഹത്യക്ക് മരുന്നുണ്ട്

കെ.ഇ.എൻ എഴുതുന്നു: “എൻ്റെ സുഹൃത്ത് കെ.ടി സൂപ്പിയുടെ കുട്ടി പുഴയിൽ വീണു മരിച്ചു. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ആശ്വാസവാക്കുകളൊന്നും പറയാൻ സാധിച്ചില്ല ” എന്നാൽ സൂപ്പി മാഷ് പറഞ്ഞത് “എൻ്റെ കുട്ടിയെ എനിക്കിനി സ്വർഗത്തിൽ വെച്ചു കാണാം ” എന്നത്രെ!

കെ.ഇ.എൻ തുടരുന്നു: “ജീവിതത്തിലെ പ്രയാസങ്ങളിൽ പലരും ദൈവത്തിൽ അഭയം പ്രാപിക്കുന്നു. അവർ ആശ്വാസം കൈവരിക്കുന്നു. എൻ്റെ പാൽക്കാരൻ ദൈവ വിശ്വാസിയാകുന്നതാണ് എനിക്കിഷ്ടം എന്ന് വോൾട്ടയർ പറഞ്ഞിട്ടുണ്ട് ”

പ്രവാചക ശിഷ്യരിൽ പ്രധാനിയായിരുന്ന ഇബ്നു അബ്ബാസ് ജീവിത സായാഹ്നത്തിൽ അന്ധനായി മാറി. എന്നാൽ വിശ്വാസ ദാർഢ്യത മുറ്റിയ അദ്ദേഹത്തിൻ്റെ പ്രതികരണം ചരിത്രത്തിൽ വായിക്കാം: “എൻ്റെ ഇരു കണ്ണുകളിൽ നിന്നും ദൈവം പ്രകാശത്തെ പിടിച്ചെടുത്തു. എങ്കിലും എൻ്റെ നാവിനും കേൾവിക്കും അവ രണ്ടിനേക്കാൾ പ്രകാശമുണ്ട്. എൻ്റെ മനസ്സ് ശക്തമാണ്. ബുദ്ധിക്ക് വൈകല്യം ബാധിച്ചിട്ടില്ല. നാവിന് തിളങ്ങുന്ന വാളുപോലെ മൂർച്ചയുണ്ട് ”

പ്രമുഖ സിറിയൻ പണ്ഡിതനും “ഇഖ് വാനുൽ മുസ് ലിമൂൻ ” നേതാവുമായ ഡോ: മുസ്തഫസ്സിബാഇക്ക് തളർവാതം ബാധിച്ച് ശരീരത്തിൻ്റെ ഇടതു ഭാഗം പൂർണമായും നിശ്ചലമായി. ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരോട് അദ്ദേഹം പറഞ്ഞു: “ഞാൻ രോഗിയാണ് സംശയമില്ല. എങ്കിലും എൻ്റെ കാര്യത്തിൽ ദൈവം ചെയ്തു തന്ന അനുഗ്രഹം നോക്കൂ. അവൻ എന്നെ തീർത്തും തളർത്താൻ ശക്തനായിട്ടും എൻ്റെ ഒരു ഭാഗമേ തളർന്നുള്ളൂ. അതും ഇടതു വശം. തളർന്നത് വലതുഭാഗമാണെങ്കിൽ എനിക്ക് എഴുതാൻ സാധിക്കുമായിരുന്നോ? എൻ്റെ കാഴ്ചശക്തി നശിപ്പിക്കാൻ കഴിവുള്ള അല്ലാഹു എനിക്ക് അത്യാവശ്യമായ ആ കഴിവ് എടുത്തു കളഞ്ഞിട്ടില്ല. എൻ്റെ മസ്തിഷ്കത്തെ മരവിപ്പിക്കാൻ സ്രഷ്ടാവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അവനത് വിട്ടു തന്നിരിക്കുന്നു. എൻ്റെ നാവിൻ്റെ ആരോഗ്യം അവൻ നിലനിർത്തിയിരിക്കുന്നു. ഇതെല്ലാം അവൻ്റെ ഔദാര്യവും വിശാലതയുമല്ലേ? അപാരമായ അനുഗ്രഹവും അതിരറ്റ കാരുണ്യവുമല്ലേ? പിന്നെ ഞാനെന്തിനു പരാതിപ്പെടണം? സങ്കടം പറയണം? എന്നോട് കാണിച്ച കാരുണ്യത്തിന് നന്ദികാണിക്കുകയല്ലേ വേണ്ടത്?”

പ്രസിദ്ധ പണ്ഡിതൻ ഉർവതുബ്നു സുബൈറിൻ്റെ കാലിൽ പഴുപ്പ് ബാധിച്ചു. കാല് മുറിച്ചുമാറ്റിയ അതേ ദിവസം തന്നെ ഓമന മകൻ മട്ടുപ്പാവിൽ നിന്ന് വീണു മരിച്ചു. വിവരമറിഞ്ഞ ഉർവത് പറഞ്ഞു: “അല്ലാഹുവേ നിനക്ക് സ്തുതി. എനിക്ക് ഏഴ് മക്കളുണ്ട്. ഒരാളെ നീ തിരിച്ചു വിളിച്ചു. ആറു പേരെ എനിക്കു തന്നെ തിരിച്ചു തന്നിരിക്കുന്നു. അവരെയും മടക്കി വിളിക്കാൻ കഴിവുള്ളവനല്ലോ നീ. എന്നിട്ടും നീ അത് ചെയ്തില്ല. എൻ്റെ കൈകാലുകളിൽ ഒന്ന് നീ എടുത്തു. അതൊക്കെയും തന്നവൻ നീ തന്നെ. മൂന്നെണ്ണം ബാക്കി വെച്ചിരിക്കുന്നു. നീ ഇച്ഛിച്ചിരുന്നെങ്കിൽ അവയും എന്നിൽ നിന്നെടുക്കാൻ കഴിവുറ്റവനല്ലേ നീ. എന്നിട്ടും നീ അങ്ങനെ ചെയ്തില്ല. നീ എത്ര ഉദാരൻ! കരുണാമയൻ!”

ഡോ: യൂസുഫുൽ ഖറദാവി എഴുതുന്നു: “വാനലോകത്തു നിന്ന് ഒഴുകി വരുന്ന തെന്നലാണ് ശാന്തി. ചഞ്ചലതക്കു പകരം ദൃഢചിത്തതയും, സംശയത്തിനു പകരം ഉറപ്പും, വെപ്രാളത്തിനു പകരം സഹനവും അതിക്രമങ്ങൾക്കു പകരം സഹിഷ്ണുതയും അതുവഴി നമുക്ക് ലഭിക്കുന്നു. ഈ മന:ശ്ശാന്തി ദിവ്യ ചൈതന്യത്തിൻ്റെ ഭാഗമാണ്. അതിൻ്റെ പ്രകാശമാണ്.”

( ഉദ്ധരണം: ആത്മഹത്യ ഭൗതികത ഇസ് ലാം. ശൈഖ് മുഹമ്മദ് കാരകുന്ന്. ഐ.പി.എച്ച്)

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles