Current Date

Search
Close this search box.
Search
Close this search box.

ബദ്ർ – അചഞ്ചലമായ ഈമാനിന്റെയും സമർപ്പണത്തിന്റെയും വിജയം

ഹിജ്റ രണ്ടാം വർഷം റമദാൻ 17ന് നടന്ന ബദ്ർ യുദ്ധം ആദ്യം ഓർമിപ്പിക്കുന്നത് സ്വഹാബി വര്യൻ മിഖ്ദാദുബ്നു അംറ്(റ)നെയാണ്. സർവ്വായുധ സജ്ജരായ ഒരു വൻ സൈനിക ശക്തി മദീനയെന്ന നവജാത ഇസ് ലാമിക രാഷ്ട്രത്തെ തകർക്കാൻ രംഗത്തു വന്നിരിക്കുന്നു!

ബദ്ർ യുദ്ധത്തിന്റെ തുടക്ക വേള ഏറെ സങ്കീർണമായിരുന്നു. അബൂസുഫ് യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘമായാലും അബൂ ജഹ് ലിന്റെ നേതൃത്വത്തിലുള്ള ഖുറൈശിപ്പടയായാലും ശത്രുക്കളുടെ ഉദ്ദേശ്യം ഇസ് ലാമിനെ തകർക്കലായിരുന്നു. (കച്ചവട സംഘം പോയതു തന്നെ യുദ്ധ ഫണ്ടിലേക്ക് സമ്പത്ത് സ്വരൂപിക്കാനാണെന്ന് പറയപ്പെടുന്നു ) എന്തുവന്നാലും ഭൂമുഖത്തു നിന്ന് ഇസ് ലാമിനെ തുടച്ചുനീക്കലായിരുന്നു ഖുറൈശികളുടെ അടിസ്ഥാന ലക്ഷ്യം!

തങ്ങളെ നിരന്തരം മർദ്ദിക്കുകയും സ്വത്തുവകകൾ കൊള്ളയടിക്കുകയും ജന്മനാട്ടിൽ നിന്ന് പുറന്തള്ളുകയും, ഒടുവിൽ അഭയം തേടിയ നാട്ടിൽപ്പോലും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാതെ തങ്ങളുടെ ഒട്ടകങ്ങളെയും മറ്റും മോഷ്ടിച്ച് സദാ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരുന്ന മക്കക്കാരുടെ കച്ചവട സംഘം മദീനയുടെ തീര പ്രദേശത്തുകൂടി കടന്നു പോകാൻ അനുവദിക്കേണ്ടതില്ലാ എന്നതായിരുന്നു മുസ് ലിംകളുടെ പൊതു ധാരണ.

എന്നാൽ പെട്ടെന്നാണ് സംഗതികൾ തകിടം മറിയുന്നത്. കച്ചവട സംഘം രക്ഷപ്പെടുകയും മുന്നിൽ വൻ ഖുറൈശിപ്പടയുടെ ആരവങ്ങൾ മുഴങ്ങുകയും ചെയ്തു! (ശത്രുക്കളുടെ കുതന്ത്രമായിരുന്നു അത് )

മുസ് ലിംകൾ യുദ്ധസന്നദ്ധരായിരുന്നില്ല. അവരുടെ പക്കൽ വേണ്ടത്ര ആയുധങ്ങളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും മുതിർന്ന സ്വഹാബികൾ പോലും പകച്ചു നിന്ന വേള!

അതെല്ലാം മനസ്സിലാക്കിയതു കൊണ്ടാവാം വിഷയം കൂടിയാലോചിക്കാൻ (ശൂറ) പ്രവാചകൻ (സ) തീരുമാനിച്ചു. അവിടുന്ന് അനുയായികളെ വിളിച്ചു ചേർത്തു.

ആശയം കുഴപ്പം മുറ്റിയ ആ സന്ദർഭത്തിലാണ് മിഖ്ദാദ് (റ) എഴുന്നേറ്റു നിൽക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആ യുവ സ്വഹാബിയുടെ ചാട്ടുളി പോലെ ചലിക്കുന്ന വാക്കുകൾ ചരിത്രത്തിന്റെ കനകച്ചിമിഴിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്:

“അല്ലാഹുവിന്റെ റസൂലേ! അങ്ങയോട് അല്ലാഹു നിർദ്ദേശിച്ച വഴിക്ക് നീങ്ങിയാലും.. ഞങ്ങൾ അങ്ങയുടെ കൂടെയുണ്ട്. “നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യൂ, ഞങ്ങൾ ഇവിടെ ഇരിക്കാം” എന്ന് ഇസ്രാഈല്യർ മൂസ യോട് പറഞ്ഞതുപോലെ അല്ലാഹുവാണ, ഞങ്ങൾ പറയുകയില്ല. താങ്കളും താങ്കളുടെ റബ്ബും യുദ്ധം ചെയ്യൂ, ഞങ്ങളും കൂടെ യുദ്ധം ചെയ്യാം എന്നേ ഞങ്ങൾ പറയൂ..
അങ്ങയെ സത്യവുമായി അയച്ചവൻ സാക്ഷി ഞങ്ങളെയും കൊണ്ട് അങ്ങ് വൻ പർവ്വതം കയറിയാൽ ഞങ്ങൾ ക്ഷമാപൂർവ്വം താങ്കളെ അനുഗമിക്കും. അല്ലാഹു വിജയം പ്രദാനം ചെയ്യുന്നതു വരെ അങ്ങയുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും ഞങ്ങൾ യുദ്ധം ചെയ്യും!”

ഇത് കേട്ടതോടെ നബിയുടെ മുഖം പ്രസന്നമായി. തിരുദൂതർ മിഖ്ദാദിനെ അഭിനന്ദിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

മിഖ്ദാദിന്റെ പ്രസംഗം മുസ് ലിം പക്ഷത്ത് എന്തെന്നില്ലാത്ത ആവേശവും ആത്മവിശ്വാസവും പകർന്നു. തികഞ്ഞ സന്ദിഗ്ദ വേളയിൽ മിഖ്ദാദ് പ്രകടിപ്പിച്ച ഈ ധീരത അസൂയാർഹമായിരുന്നു. അന്ന് ആ സ്ഥാനം തനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാതിരുന്ന ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല! (സഅദുബ്നു മുആദ് ഉൾപ്പെടെ പലരും തുടർന്ന് ഉജ്ജ്വല പ്രഭാഷണങ്ങൾ നടത്തിയെങ്കിലും മിഖ്ദാദ് വിഷയത്തിൽ മുൻ കടന്നു!)

സമാധാനത്തിന്റെയും ശാന്തിയുടെയും ജീവിത ദർശനം എന്ന നിലയിൽ യുദ്ധങ്ങളെ ഇസ് ലാം വെറുക്കുന്നു. അതേയവസരം സത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തിന് അത്യാവശ്യമായി വന്നാൽ ഇസ് ലാം യുദ്ധം ചെയ്യാൻ മടിക്കുകയുമില്ല. അതിൻ്റെ ഒന്നാം നിദർശനമത്രെ ബദ്ർ!

ഭൗതികാർഥത്തിൽ ബദ്റിൽ ജയിക്കാൻ മുസ് ലിം പക്ഷത്ത് ഒരു സാധ്യതയും ഇല്ലായിരുന്നു. നേരത്തേയുള്ള തയ്യാറെടുപ്പോടെ ശത്രുപക്ഷത്ത് ആയിരത്തോളം പരിശീലനം സിദ്ധിച്ച പടയാളികളും അവർക്കെല്ലാം യഥേഷ്ടം ആയുധങ്ങളും വാഹനങ്ങളും ഉണ്ടായിരുന്നു.

ധാർമിക പക്ഷത്ത് വെറും 313 പേർ!(അൻസാറുകൾ: 240, മുഹാജിറുകൾ: 73) അവർക്കാകെയുള്ളത് 60 കവചങ്ങളും 70 ഒട്ടകങ്ങളും! ബദ്റിലേക്കുള്ള യാത്രാമധ്യേ നബിയും അനുചരന്മാരും ഒട്ടകങ്ങളിൽ മാറി മാറി കയറുകയായിരുന്നു!

ബദ്ർ രാവിൽ ഖുറൈശിപ്പടയുടെ ടെന്റുകളിൽ ആട്ടവും പാട്ടും മദ്യവും സ്ത്രീകളുടെ നൃത്തങ്ങളുമായിരുന്നു.

മുസ് ലിം തമ്പുകളാവട്ടെ ഭക്തിനിർഭരങ്ങളായിരുന്നു. എല്ലാം അല്ലാഹുവിൽ അർപ്പിച്ച് നിരന്തരമായ പ്രാർത്ഥനകളും നമസ്കാരങ്ങളും തസ്ബീഹുകളും തഹ് ലീ ലുകളും മാപ്പപേക്ഷകളുമായി അവർ കലങ്ങിയ കണ്ണുകളോടെ അല്ലാഹുവിങ്കലേക്ക് മുറിഞ്ഞു വീണു! പ്രവാചകൻ ദീർഘനേരം സുജൂദിൽ വീണ് അല്ലാഹുവിനോട് പ്രാർത്ഥിച്ചു!

ഒടുവിൽ ആ അദ്ഭുതം സംഭവിച്ചു! ലോകത്തിന് എക്കാലത്തും വലിയ പാഠമായി വിശ്വാസികളുടെ കൊച്ചു സംഘം വൻ നിഷേധിക്കൂട്ടത്തെ അമ്പേ പരാജയപ്പെടുത്തി! സർവ്വ സൈന്യാധിപൻ അബൂജഹ്ൽ ഉൾപ്പെടെ 70 പ്രമുഖ നേതാക്കൾ വധിക്കപ്പെട്ടു! അത്രയും പേരെ മുസ് ലിം സൈന്യം ബന്ദികളാക്കുകയും ചെയ്തു!

അല്ലാഹു തന്റെ അപാരമായ അനുഗ്രഹത്താൽ മലക്കുകളുടെ സാന്നിധ്യം ഉൾപ്പെടെ മുസ് ലിംകൾക്ക് സഹായം ചൊരിഞ്ഞു!

ഖുർആൻ പറയുന്നു: “വാസ്തവത്തിൽ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത അല്ലാഹുവാകുന്നു. പ്രവാചകാ! നീ എറിഞ്ഞപ്പോൾ എറിഞ്ഞതും നീ അല്ല, പ്രത്യുത അല്ലാഹുവാണ് എറിഞ്ഞത്. വിശ്വാസികളെ ഭംഗിയായി പരീക്ഷിക്കേണ്ടതിന്നുമായിരുന്നു അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമല്ലോ” (അൻഫാൽ: 17 )

“നിങ്ങൾ വിശ്വാസികളെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതന്മാർ” (ആലു ഇംറാൻ: 139)
“സത്യവിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ് ” (അർറൂം :47) എന്നും അല്ലാഹു പറഞ്ഞത് വെറുതേയല്ലല്ലോ!

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles