Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു, അതിഥികളെ കാത്തിരിപ്പുണ്ട്!

ഹേ വിശ്വാസീ..! മക്കയുടെ ഈ രഥ്യകളിൽ അവബോധത്തിൻ്റെ ഭൂമിയിൽ അല്ലാഹു നിങ്ങളെ കാത്തു നിൽപ്പുണ്ട്!
നിലാവു പെയ്യുന്ന നിശബ്ദതയിൽ നിങ്ങൾക്ക് അല്ലാഹുവിനെ ശ്രവിക്കാൻ കഴിയും. പറുദീസയുടെ പ്രതിഫലനമാണ് ഈ രാത്രി! അല്ലാഹുവിൻ്റെ മന്ദസ്മിതം പോലെ കുളിർത്ത, സുതാര്യമായ, കരുണയുറ്റ നിലാവ്!
നിങ്ങൾ അല്ലാഹുവുമായി സംസാരിക്കൂ.. നിങ്ങളും അവനും മാത്രമേയുള്ളൂ ഇവിടെ.. നിങ്ങൾ അതിരുകൾ മറികടക്കൂ.. ആകാശത്തിന്നപ്പുറം നക്ഷത്രങ്ങളുടെ കിളിവാതിലുകൾ കടന്ന് സൃഷ്ടി പ്രപഞ്ചത്തിൻ്റെ മച്ചിലേക്ക് പറക്കൂ… (അന്ത്യപ്രവാചകൻ്റെ മിഅ്റാജ് പോലെ!.. )

നിങ്ങളിപ്പോൾ കഅബയുടെ ചാരത്താണല്ലേ?
നിങ്ങൾക്കറിയാമോ ഇബ്രാഹിം മഖാം എന്താണെന്ന്? ഇബ്രാഹിം (അ)ൻ്റെ കാല് പതിഞ്ഞ ഒരു ശിലയാണത്! കഅബ പടുത്തുയർത്താൻ അവിടെയാണദ്ദേഹം നിന്നത്. നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ? നിങ്ങൾ കിടുകിടുക്കുന്നില്ലേ? ഇബ്രാഹിമിൻ്റെ സ്ഥാനത്ത് നിൽക്കുമ്പോൾ നിങ്ങൾ ഇബ്രാഹിം തന്നെയാണെന്ന് തോന്നുന്നുവോ?, ആര്, നിങ്ങളോ..?

നിങ്ങൾ അല്ലാഹുവിനൊപ്പമാണ്. അവൻ്റെ ഭവനത്തിലാണ്.
അല്ലാഹു നിങ്ങളെ വിളിക്കുന്നു: “ഹേ സഖേ! അനുചരാ! സൃഷ്ടിയുടെ ലക്ഷ്യമേ..! ”

നിങ്ങൾ കെട്ടി നിൽക്കുകയോ അഴുകുകയോ ചെയ്യുന്നില്ല. നിങ്ങൾ അലറി ഒഴുകുകയാണ്. പാറക്കെട്ടുകൾ നീക്കി, അണകൾ തകർത്ത് ഉപ്പു നിറഞ്ഞ മരുഭൂമിയിൽ സ്വർഗം പടുത്തുയർത്താൻ പൂന്തോട്ടങ്ങളിലേക്ക് വഴി കണ്ടെത്തുകയാണ്.

ആസറിൻ്റെ ശിർക്കിനും നംറൂദിൻ്റെ സ്വേഛാധിപത്യത്തിനും എതിരെ മാത്രമല്ല അജ്ഞതക്കും അസ്പൃശ്യതക്കും മർദ്ദനത്തിനുമെതിരെ അദ്ദേഹം പടവെട്ടി. നിന്ദ്യതക്കെതിരെ അദ്ദേഹം കലാപം നടത്തി. തലമുറകളോളം സമരവീര്യം പകർന്നു.
പ്രതീക്ഷകളുടെയും ആശകളുടെയും പ്രഭവസ്ഥാനമായിരുന്നു ഇബ്രാഹിം. ഇബ്രാഹിം തീയിൽ എറിയപ്പെടുന്നു. തനിക്കേറ്റം പ്രിയങ്കരനായ മകനെ സ്വന്തം കൈ കൊണ്ട് ബലിയറുക്കാൻ സന്നദ്ധനാവുന്നു.

ഇബ്രാഹിം (അ)ൻ്റെ സ്ഥാനത്തു നിന്നു കൊണ്ട് നിങ്ങൾ അല്ലാഹുവിന് കൈ കൊടുക്കൂ! ഇബ്രാഹിം ജീവിച്ചതു പോലെ ജീവിക്കൂ.. സ്വന്തം ജനതയെ രക്ഷിക്കൂ.. ദുഷിച്ച ചതുപ്പുനിലത്തിൽ നിന്ന് പുറത്തു കടക്കാൻ അവരെ സഹായിക്കൂ!
“ലബ്ബൈക്കല്ലാഹുമ്മ
ലബ്ബൈക്ക് ”
(പങ്കുകാരില്ലാത്ത നാഥാ നിൻ്റെ വിളിക്കുത്തരം നൽകി – നിൻ്റെ അതിഥികളായി – ഞങ്ങളിതാ എത്തിയിരിക്കുന്നു!
നീ കനിഞ്ഞാലും.!)

(അവലംബം: അലി ശരീഅത്തിയുടെ ഹജ്ജ്. വിവർത്തനം: കലീം. പ്രസാധനം: ഐ.പി.എച്ച്)

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles