Current Date

Search
Close this search box.
Search
Close this search box.

തെറ്റ് തിരുത്തലും സ്വാഗതം ചെയ്യേണ്ടതാണ്

ഹംസ(റ)യുടെ മരണം പോലെ പ്രവാചകനെ വേദനിപ്പിച്ച മറ്റൊന്നില്ല. ഉഹദ് യുദ്ധത്തിലാണ് ഹംസ കൊല്ലപ്പെട്ടത്. രക്ത സാക്ഷികളുടെ നേതാവ് എന്ന് പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. ബദറില്‍ തങ്ങളുടെ വേണ്ടപ്പെട്ട പലരും കൊല്ലപ്പെട്ടു എന്നതാണ് ഉഹ്ദില്‍ ഹംസയുടെ നേരെ പ്രത്യേക നോട്ടം വെക്കാന്‍ കാരണം. മക്കാ വിജയ സമയത്തു വഹ്ശി ഇസ്ലാമിലേക്ക് കടന്നു വന്നു. ഇതിനെല്ലാം പിന്തുണ നല്‍കിയ ഹിന്ദും. ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം മാപ്പു നല്‍കുന്നവനാണ്. മനുഷ്യരോടും പരസ്പരം മാപ്പു നല്‍കാന്‍ ദൈവം ഉപദേശിക്കുന്നു.

പറഞ്ഞു വരുന്നത് ഒരാളുടെ നിലപാട് മാറ്റി എന്ന് അയാള്‍ തന്നെ പറഞ്ഞാല്‍ പിന്നെ മാറിയിട്ടില്ല എന്ന് പറയാന്‍ നമുക്ക് കഴിയില്ല. ഇനി നമ്മുടെ മുന്നിലുള്ള വഴി നിലപാട് തിരുത്തിയവര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കലാണ്. ഒരാള്‍ തന്റെ പഴയ നിലപാട് മാറ്റി എന്ന് പറഞ്ഞാല്‍ മാന്യമായ രീതി പഴയതിന്റെ പേരില്‍ അയാളെ പിന്തുടരാതിരിക്കുക എന്നതാണ്. പുതിയ നിലപാട് പറഞ്ഞാലും പണ്ട് അങ്ങിനെ പറഞ്ഞില്ലേ എന്ന് ചോദിക്കാനും പറയാനുമാണ് നമുക്ക് താല്പര്യം. പറഞ്ഞത് മാറ്റി പറയുക എന്നത് തെറ്റല്ല. പണ്ട് പറഞ്ഞത് തെറ്റാണ് എന്ന് മനസ്സിലായാല്‍ അത് തിരുത്തലാണ് മാന്യത. തെറ്റു മനസ്സിലായിട്ടും അതില്‍ തന്നെ ഉറച്ചു നില്‍ക്കുക എന്നതാണ് കുറ്റകരം.

കേരള സര്‍ക്കാര്‍ നടത്താന്‍ പോകുന്ന നവോത്ഥാന മതിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്റെ പഴയ നിലപാടുകള്‍ ചാനലിനു മുന്നില്‍ നിന്ന് കൊണ്ടാണ് തിരുത്തിയത്. ഇന്നുവരെ അദ്ദേഹം കൈകൊണ്ട എല്ലാ നിലപാടുകളും തിരുത്തുന്നു അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം, ബാബരി പള്ളി അന്നുണ്ടായ വൈകാരികതയുടെ ഭാഗമാണ്, സംഘ് പരിവാര്‍ രാഷ്ട്രീയം തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ നമുക്കു സാധ്യമാകുക അത് അംഗീകരിക്കുക എന്നത് മാത്രമാണ്. തെറ്റില്‍ നിന്നും ആത്മാര്‍ത്ഥമായി ഖേദിക്കുന്നവര്‍ തെറ്റ് ചെയ്യാത്തവരെ പോലെ എന്നൊക്കെയാണ് പ്രമാണം പറയുന്നതും.

ശ്രീ സുഗതന്‍ പോലെ ഒരാളെ അയാളുടെ തീവ്ര നിലപാടുകളില്‍ നിന്നും പിറകോട്ടു കൊണ്ട് വരാന്‍ കഴിഞ്ഞത് ഈ നവോത്ഥാന മതിലിന്റെ ആദ്യ വിജയമായി കാണേണ്ടി വരും. ശബരിമലയില്‍ സ്ത്രീകളെ തടയില്ല എന്ന നിലപാടും അദ്ദേഹം പറയുകയുണ്ടായി. അതിനര്‍ത്ഥം അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ് എന്നാകില്ല. അത് തീരുമാനിക്കേണ്ടത് തുടര്‍ പ്രവര്‍ത്തനം നോക്കിയാണ്. നമുക്ക് ഈ വിഷയത്തില്‍ ആകെയുള്ള എതിര്‍പ്പ് കേരള നവോത്ഥാനം ഒരു സമുദായതില്‍ മാത്രം ഒതുക്കി എന്നതാണ്.
നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജീവിതത്തില്‍ വന്ന സമയം വരെ വാല്‍മീകി ഒരു കവര്‍ച്ചക്കാരനായിരുന്നു എന്ന് പറയപ്പെടുന്നു.

നമുക്കു താല്പര്യമില്ലാത്തവര്‍ എന്നും മോശമായി ജീവിക്കണം എന്നത് നമ്മുടെ ആഗ്രഹമാണ്. മരിക്കാന്‍ കിടന്ന കാര്‍ണോര്‍ സുഖം പ്രാപിച്ചാല്‍ അനന്തരവന്മാര്‍ക്കു അത് സന്തോഷം നല്‍കില്ല എന്നത് പോലെ നാമാകരുത്. സംഘ പരിവാര്‍ കാലത്ത് ഒരാളുടെ ചെറിയ രീതിയിലുള്ള മനം മാറ്റം പോലും ശ്ലാഘനീയമാണ്. എന്ന് വെച്ച് അവരെ നാം കയറൂരി വിടരുത് എന്ന് മാത്രം. തെറ്റുകള്‍ക്ക് മാപ്പു നല്‍കാന്‍ കഴിയുന്നവരായി നമ്മുടെ മനസ്സുകള്‍ വിശാലമാകട്ടെ.

Related Articles