Current Date

Search
Close this search box.
Search
Close this search box.

തുർക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം

തുർക്കിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ നിലവിലെ പ്രസിഡന്റ് ഉർദുഗാന്ന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. പാശ്ചാത്യ മീഡിയ ആകട്ടെ മറ്റൊരു പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. ഇങ്ങനെ മുൻതൂക്കം ലഭിക്കുന്നതിന് പല കാരണങ്ങളുണ്ട്.

ഒന്ന് : ഉർദുഗാന്റെ നേട്ടങ്ങൾ. പ്രസിഡന്റായ കാലത്ത് മാത്രമല്ല തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഇസ്തംബൂൾ മേയറായിരുന്ന കാലത്തും വലിയ പദ്ധതികൾ വിജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇസ്തംബൂളിൽ സമഗ്രമായ നഗര വികസനം തന്നെയാണ് മേയറായിരുന്ന കാലത്ത് അദ്ദേഹം നടപ്പാക്കിയത്. ഇത് അദ്ദേഹത്തിന് വ്യാപകമായ ജനപ്രീതി നേടിക്കൊടുത്തു. ഇതാണ് പ്രസിഡന്റ് പദത്തിലേക്കുള്ള വഴി സുഗമമാക്കിയത്.

രണ്ട്: അദ്ദേഹം കെട്ടിപ്പടുത്ത പാർട്ടിയുടെ അടിത്തറ വളരെ ശക്തമാണ്. ആ പാർട്ടി അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുന്നു. ആ പാർട്ടിയെ ശരിയായ നിലയിൽ നയിക്കാൻ കെൽപ്പുള്ള നേതാവ് തന്നെയാണ് ഇപ്പോഴും അദ്ദേഹം. അക് പാർട്ടിയുടെ രാഷ്ട്രീയ നേട്ടങ്ങൾ സുശക്തമായ ഈ പാർട്ടി സംവിധാനം കൂടി നൽകിയതാണ്.

മൂന്ന്: ഒന്നാം റൗണ്ടിൽ ഉർദുഗാനെതിരെ മത്സരിച്ച രണ്ട് സ്ഥാനാർഥികൾക്കും ഉർദുഗാനെ മാറ്റുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് കൃത്യമായ രാഷ്ടീയ അജണ്ടയോ പോളിസിയോ ഉണ്ടായിരുന്നില്ല. ജനങ്ങളെ ആകർഷിക്കുന്ന വിധത്തിലുള്ള പുതിയ രാഷ്ടീയ ചിന്തയും ഉണ്ടായിരുന്നില്ല.

നാല്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉണ്ടായിത്തീർന്നിട്ടുള്ള പ്രത്യയ ശാസ്ത്രപരവും സാംസ്കാരികവുമായ മാറ്റം തുർക്കിയെ തളർത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ഇതൊക്കെയാണ് ഉർദുഗാന് മുൻതൂക്കം നൽകിയത്. പക്ഷെ പാശ്ചാത്യ ശക്തികൾക്ക് ഒട്ടും രസിക്കുന്നുണ്ടായിരുന്നില്ല. രാഷ്ടീയവും മറ്റുമായ പാശ്ചാത്യ വിഭാവനയെ ആദർശപരമായും ചിന്താപരമായും വെല്ലുവിളിക്കുന്ന ഒരാളെയാണ് അവർ ഉർദുഗാനിൽ കണ്ടത്. അത്താതുർക്കിയൻ / കമാലിയൻ പൈതൃകത്തെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും തന്റെ ഇസ്ലാമികാഭിമുഖ്യം ഒരിക്കലും അദ്ദേഹം ഒളിച്ചു വെച്ചിട്ടില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുർക്കിയെ അതിന്റെ ഇസ്ലാമിക വേരുകളിൽ നിന്ന് അറുത്തു മാറ്റാനാണ് കമാലിയൻ ചിന്താധാര ശ്രമിച്ചു പോന്നിട്ടുള്ളത്. മത പ്രതിബദ്ധത കുറ്റകൃത്യമായി കണക്കാക്കപ്പെട്ടു. ഹിജാബ് പോലുള്ള മത ചിഹ്നങ്ങൾക്കെതിരെ കടന്നാക്രമണമുണ്ടായി. ഉർദുഗാൻ വന്നതിന് ശേഷം മാത്രമാണ് ഇതിൽ മാറ്റമുണ്ടായത്. തുർക്കിയ സമൂഹത്തിൽ കാതലായ മാറ്റം തന്നെയാണ് അദ്ദേഹം വരുത്തിയിട്ടുള്ളത്. പാശ്ചാത്യ മീഡിയ ഉർദുഗാന്റെ നേട്ടങ്ങളായി എണ്ണിപ്പറയാറുണ്ടായിരുന്നത് ഹിജാബ് വ്യാപകമാക്കിയതും പള്ളി നിർമ്മിച്ചതും ഒക്കെയായിരുന്നു. തുർക്കിയയിലെ സെക്യുലർ ധാരകളുടെ വോട്ട് ഉർദുഗാനെതിരെ വീഴ്ത്താനായിരുന്നു ചിലത് മാത്രം എടുത്തുള്ള ഈ എണ്ണിപ്പറച്ചിൽ.

തുർക്കിയ സമൂഹവും അവിടത്തെ നേതാക്കളും അഭിമുഖീകരിച്ചു കൊണ്ടിരുന്നത് മുഖ്യമായും നാല് പ്രശ്നങ്ങളായിരുന്നു : സാമ്പത്തിക നില, അഭയാർഥി പ്രശ്നം, കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയോടുള്ള നിലപാട്, അന്താരാഷ്ട്രീയമായും മേഖലാപരമായും തുർക്കിയ എടുക്കേണ്ട റോൾ.

സാമ്പത്തിക മേഖലയിൽ ജയന്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് തുർക്കിയയുടെ വളർച്ച. അതിന്റെ വ്യാവസായികവും വാണിജ്യപരവും സാംസ്കാരികവുമായ തലങ്ങൾ വളരെയേറെ വിപുലപ്പെട്ടിട്ടുണ്ട്. മേഖലാ ശക്തിയായി അത് വളരുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി ശക്തിപ്പെടുമ്പോഴും കറൻസിയായ ലീറക്ക് തുടർച്ചയായി മൂല്യ ശോഷണം സംഭവിക്കുകയുണ്ടായി. തുർക്കിയ കറൻസിയെ പാശ്ചാത്യർ മനപ്പൂർവ്വം ടാർഗറ്റ് ചെയ്തത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ചിലർ കരുതുന്നു. ഇറാഖിലെയും ലബ്നാനിലെയും ഇറാനിലെയും കറൻസികളെ അവർ ടാർഗറ്റ് ചെയ്തത് പോലെ. പക്ഷെ ലീറക്ക് ചാഞ്ചാട്ടമുണ്ടെങ്കിലും തുർക്കിയ സമ്പദ്ഘടന ഭദ്രമാണെന്ന് മാത്രമല്ല, വിപുലപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. വ്യവസായം, കാർഷികോൽപ്പാദനം എന്നീ മേഖലകളിലാണ് തുർക്കിയ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും കാറുകളും ട്രാൻസ്പോർട്ടേഷൻ ഉപകരണങ്ങളും കൺസ്ട്രക് ഷൻ മെറ്റീരിയലുകളും ഫർണീച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കിയ. എങ്കിലും കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന വിലക്കയറ്റം ഉർദുഗാനെതിരെ പ്രതിപക്ഷം സമർഥമായി ഉപയോഗിച്ചു.

അഭയാർഥി പ്രശ്നം ഒരു യഥാർഥ പ്രശ്നം തന്നെയാണ്. രാഷ്ട്രീയ നേതാക്കൾക്കാർക്കും അത് മറികടന്നു കൊണ്ട് മുന്നോട്ട് പോകാനാവില്ല. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മുപ്പത്തിയഞ്ച് ലക്ഷം സിറിയക്കാരാണ് അതിർത്തി കടന്നു അഭയാർഥികളായി വന്നിട്ടുള്ളത്. സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രം. എത്രമാത്രം ഗുരുതരമാണ് അഭയാർഥി പ്രശ്നമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ വ്യക്തമായതുമാണ്.

രാഷ്ട്രീയ, സുരക്ഷാ മുഖമുള്ളതാണ് മൂന്നാമത്തെ പ്രശ്നം. അതിന്റെ കേന്ദ്ര സ്ഥാനത്തുള്ളത് കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണ്. തുർക്കിയക്കകത്ത് വിഘടന വാദം ഉയർത്തുന്ന പാർട്ടിയാണിത്. തുർക്കിയക്കാരിലാർക്കും ഇത് സ്വീകാര്യമല്ല. കുർദ് ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന ഇറാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങളും കുർദുകൾക്ക് പ്രത്യേക രാഷ്ട്രമുണ്ടാകുന്നതിനെ അനുകൂലിക്കുന്നില്ല. തുർക്കിയയുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ള് തന്നെയാണിത്. പ്രശ്ന പരിഹാരത്തിന്റെ സൂചനകളൊന്നും ചക്രവാളത്തിൽ ദൃശ്യമല്ല. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ ഹിംസാത്മകതക്ക് കുറവ് വന്നിട്ടുണ്ടെന്നത് ശരിയാണ്. അടുത്ത കാലത്തായി അവർ ആസൂത്രണം ചെയ്യുന്ന ഭീകര പ്രവൃത്തികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷെ തുർക്കിയക്കാരുടെ ഓർമകളിൽ നിന്ന് ആ പാർട്ടി അത്ര വേഗമൊന്നും മാഞ്ഞു പോകില്ല. രണ്ട് പതിറ്റാണ്ടിനിടയിൽ അവർ ചെയ്തു കൂട്ടിയത് അത്രയധികമുണ്ട്. 2015 ജൂലൈ മുതലുള്ള കണക്ക് പ്രകാരം തന്നെ വർക്കേഴ്സ് പാർട്ടി നടത്തിയ ഹിംസകളിൽ 6500 പേരെങ്കിലും ഇത് വരെയായി വധിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 600 പേർ സാധാരണക്കാരും ബാക്കിയുള്ളവർ പോലിസുകാരും പട്ടാളക്കാരുമാണ്.

നാലാമത്തെ പ്രശ്നം, ഉർദുഗാനുമായും അദ്ദേഹത്തിന്റെ പാർട്ടിയുമായും പാർട്ടിയുടെ ഐഡിയോളജിയുമായും രാഷ്ട്രീയ നയങ്ങളുമായും ബന്ധപ്പെട്ടു നിൽക്കുന്നു. ഉസ്മാനി ഖിലാഫത്തിന്റെ പതന ശേഷം തുർക്കിയക്ക് അതിന്റെ മേഖലാ മേധാവിത്തം നഷ്ടപ്പെട്ടിരുന്നു. അറബ് ലോകത്തും തുർക്കിയക്ക് പിടുത്തമില്ലാതെയായി. ഉർദുഗാൻ വന്നതിന് ശേഷമാണ് അറബ്- മുസ്ലിം രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുന്നത്. ഭരണകൂടങ്ങളുമായി മാത്രമല്ല ചില നാടുകളിലെ പ്രതിപക്ഷവുമായും ചങ്ങാത്തമുണ്ടാക്കി. ഇഖ്‌വാനുൽ മുസ്ലിമൂൻ ധാരയുമായുള്ള ചങ്ങാത്തവും മുമ്പേയുള്ളതാണ്. ഈജിപ്തിലെ അട്ടിമറിക്ക് ശേഷം അബ്ദുൽ ഫത്താഹ് സീസി നയിക്കുന്ന അവിടത്തെ സൈനിക ഭരണകൂടവുമായി ബന്ധം വഷളാകാൻ ഇതാണ് കാരണം. പക്ഷെ ആ അധ്യായം സാവധാനം അടച്ചു വെക്കാനാണ് ഉർദുഗാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരു ഭരണകൂടങ്ങളും നടത്തി വരുന്ന ഉഭയകക്ഷി ചർച്ചകൾ അതിന്റെ ഭാഗമാണ്. സഊദി അറേബ്യയുമായും ബന്ധങ്ങൾ മെച്ചപ്പെടുത്തി വരികയാണ്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി സാംസ്കാരിക രംഗത്തും തുർക്കിയ പ്രത്യേക ശ്രദ്ധ ചെലുത്തി പോന്നിട്ടുണ്ട്. ഉസ്മാനി ചരിത്രവും അതിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും പ്രമേയമാവുന്ന നിരവധി ടെലിവിഷൻ പരമ്പരകൾ ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടു. തുർക്കിയക്ക് പുറത്തും അവ വൻ തോതിൽ ജനപ്രീതി നേടി. ഖിലാഫത്തിന്റെ തകർച്ചക്ക് മുമ്പുള്ള തുർക്കിയയുടെ മേധാവിത്ത റോളിലേക്ക് അതിനെ എത്തിക്കുക എന്ന ഒരു പദ്ധതി പ്രവർത്തനക്ഷമമാണെന്ന കാര്യം മറച്ചുവെക്കാനാവുകയില്ല. ഉസ്മാനി ഖലീഫമാർ ചെയ്തത് പോലെ ഇസ്ലാമിന് പ്രത്യയശാസ്ത്രപരമായും രാഷ്ടീയമായും റോൾ നൽകിക്കൊണ്ടും ഒപ്പം പാശ്ചാത്യ എതിർപ്പുകളെ ചെറുത്തു കൊണ്ടുമുള്ള ഒരു നിലപാടായിരിക്കും അത്.

വിവ. അശ്റഫ് കീഴുപറമ്പ്

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles