Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ച വഴിമാറ്റാന്‍ വീണ്ടും മുത്വലാഖ് ബില്‍

ഒരു വിവാഹമോചന വിഷയവുമായി ഒരിക്കല്‍ തൃശൂര്‍ ജില്ലയുടെ കിഴക്കു ഭാഗത്ത് പോകേണ്ടി വന്നു. ഭാര്യയും ഭര്‍ത്താവും വിഷയത്തില്‍ നിരപരാധികളാണ്. കുടുംബത്തിലെ മറ്റുള്ളവരാണ് ഇതിനു പിന്നില്‍. ചര്‍ച്ചയുടെ അവസാനം കാര്യങ്ങള്‍ നന്നായി മുന്നോട്ടു പോകില്ല എന്ന് മനസ്സിലായി. പെണ്‍കുട്ടിക്ക് നല്‍കിയ സ്വര്‍ണവും പണവും തിരിച്ചു നല്‍കണം എന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് മഹല്ല് കമ്മിറ്റിയിലെ ഒരംഗം പുതിയ ചോദ്യവുമായി രംഗത്തു വന്നത് ‘ആ മഹറിന്റെ കാര്യത്തിലും ഒരു തീരുമാനം വേണം’. അത് കേട്ട് ഒന്ന് ഞെട്ടാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ത്വലാഖ് വിഷയത്തില്‍ ഒരു സാധാ മുസ്ലിമിന്റെ വിവരം അതായിരിക്കും.

രാജ്യത്ത് പലയിടത്തും പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചു കുട്ടികള്‍ മരിക്കുന്നു. പല പട്ടണങ്ങളിലും വെള്ളമില്ലാതെ ജനം വലയുന്നു. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലാണ്. അപ്പോഴും നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ വിഷയം മുത്വലാക്കും. ഇന്ത്യയില്‍ വിവാഹ മോചനത്തില്‍ ഹിന്ദു സമൂഹത്തെ കഴിഞ്ഞേ മുസ്ലിം സമൂഹം വരുന്നുള്ളൂ. വിവാഹ ജീവിതത്തില്‍ വിഷയം മുത്വലാഖല്ല ത്വലാഖ് തന്നെയാണ്. ഒരിക്കലും പാടില്ലാത്ത ഒന്നായി തന്നെ ഇസ്ലാം അതിനെ കാണുന്നു. വളരെ അനിവാര്യമായ സമയത്ത് നിബന്ധനകളോടെ മാത്രം നടക്കേണ്ട ഒന്ന്. വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ അവധാനത പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കി. പലപ്പോഴും വിവാഹ മോചനം നടക്കുന്നത് കുടുംബങ്ങളുടെ ഈഗോയുടെ പേരിലാവും. ഇസ്ലാം നിര്‍ദേശിച്ച ഒരു നിര്‍ദ്ദേശവും അവിടെ പാലിക്കപ്പെട്ടില്ല.

ഇന്ത്യയില്‍ മുത്വലാഖിന്റെ ഇന്നത്തെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കില്ല എന്നാണ് ഇന്ത്യന്‍ എക്പ്രസ്സ് പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം മുസ്ലിം സമുദായത്തിലെ വിവാഹമോചന ശതമാനം മറ്റുള്ള സമുദായങ്ങളില്‍ നിന്നും കൂടുതലാണ് എന്നും പത്രം പറയുന്നു. വിവാഹമോചന നിരക്ക് – 1,000 വിവാഹങ്ങളില്‍ വിവാഹമോചിതരുടെ എണ്ണം – ഇന്ത്യയില്‍ 2.3 ആണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വിവാഹമോചന നിരക്ക് 1.58 ആണ്; സ്ത്രീകള്‍ക്ക് 3.10. വിവാഹമോചനം നേടുന്ന പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുനര്‍വിവാഹം ചെയ്യുന്നതായി ഈ വിടവ് സൂചിപ്പിക്കുന്നു. സ്ത്രീകളില്‍ വിവാഹമോചന നിരക്ക് ബുദ്ധമതത്തില്‍ ഏറ്റവും ഉയര്‍ന്നതാണ് (1,000 വിവാഹങ്ങളില്‍ 6.73), ക്രിസ്ത്യാനികള്‍ (5.67), മുസ്ലീങ്ങള്‍ (5.63). ‘മറ്റ് സമുദായങ്ങള്‍’ (4.91), ജൈനന്മാര്‍ (3.04), ഹിന്ദുക്കള്‍ (2.60), സിഖുകാര്‍ (2.56). മറ്റൊരു കാര്യം കൂടി പത്രം പറയുന്നത് ജോലി പോലുള്ള കാര്യങ്ങള്‍ കൊണ്ടല്ലാതെ വേറിട്ട് ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരില്‍ കുറവ് മുസ്ലിം സമുദായത്തിലാണ്. ചുരുക്കത്തില്‍ വിവാഹം ഉണ്ടെങ്കില്‍ വിവാഹ മോചനയും നിലനില്‍ക്കും. രണ്ടും ഒന്നിച്ചു ചേര്‍ന്ന് മുന്നോട്ടു പോകില്ല എന്നുറപ്പായാല്‍ പിന്നെ നല്ലത് പിരിയലാണ് എന്നത് ഇസ്ലാം മാത്രമല്ല മൊത്തം മനുഷ്യ സമൂഹം ചിന്തിച്ചതാണ്.

മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലലിന്റെ മതപരമായ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യണം. ത്വലാഖ് തന്നെ ഏകപക്ഷീയമായി ചെയ്യേണ്ട ഒന്നല്ല. അതിന് ഒരുപാട് കടമ്പകള്‍ കടക്കണം. ചര്‍ച്ചകള്‍,കൂടിയാലോചനകള്‍ തുടങ്ങി ഒരുപാട് മാര്‍ഗങ്ങള്‍. ഒന്ന്‌കൊണ്ടും ശരിയായി മുന്നോട്ടു പോകില്ല എന്ന് വരികില്‍ മാത്രമാണ് ത്വലാഖ് മുന്നില്‍ വരിക. അതും പല ഘട്ടങ്ങളിലൂടെ വേണം കടന്നു പോകാന്‍. അപ്പോഴും ഒന്നിക്കാനുള്ള വഴികള്‍ ഇസ്‌ലാം തുറന്നിടുന്നു. ഒരിക്കല്‍ തന്റെ ഭാര്യയെ വേണ്ടെന്നു വെച്ച ഭര്‍ത്താവിന് മാറി ചിന്തിക്കാന്‍ ഒരുപാട് അവസരമാണ് ഇസ്ലാം നല്‍കുന്നത്. ഇസ്ലാമിലെ വിവാഹ മോചനം പുരുഷ കേന്ദ്രീകൃതം മാത്രമല്ല. സ്ത്രീക്കും അതിനുള്ള അവകാശം നല്‍കി. ഒരു കാര്യം കൂടി ഇസ്ലാം ഉറപ്പു വരുത്തി. വിവാഹം കൊണ്ടും വിവാഹ മോചനം കൊണ്ടും ഗുണം ലഭിക്കേണ്ടത് സ്ത്രീക്കാണ്. ഇന്ത്യയില്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ എത്ര ശതമാനം മുത്വലാഖ് നടക്കുന്നു എന്ന വിവരം പോലും നമ്മുടെ അധികാരികളുടെ കയ്യിലില്ല. വിവാഹം ഒരു സിവില്‍ ഉടമ്പടിയാണ്. ഇതിലൂടെ ആരെയാണ് ക്രിമിനല്‍ തലത്തിലേക്ക് സര്‍ക്കാര്‍ മാറ്റുന്നത.

വൈവാഹിക ജീവിതത്തില്‍ സമുദായത്തില്‍ ഇനിയും ഉല്‍ബോധനം ആവശ്യമാണ്. എങ്കിലും മുത്വലാഖ് എന്ന് പെരുപ്പിച്ചു കാട്ടി ഒരു സമുദായത്തെ അപമാനിക്കുന്ന രീതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ത്വലാഖ് കോടതി വഴി മാത്രമേ പാടുള്ളൂ എന്ന് നിയമം വന്നാല്‍ എല്ലാ വിഷയങ്ങളും അവസാനിക്കും. എ.സിക്കു തണുപ്പ് കുറഞ്ഞതിന്റെ പേരില്‍ പോലും വിവാഹ മോചനം നടക്കുന്ന രീതി അതോടെ അവസാനിക്കും. ഇതിലൂടെ സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുന്നു. ആദ്യം വേണ്ടത് രാജ്യത്തു നടക്കുന്ന മുത്വലാഖിന്റെ കണക്കാണ്. അതില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിയമം രൂപീകരിക്കുക എന്നത് കാണിക്കുന്നത് ഉദാസീനതയും ദാര്‍ഷ്ട്യവുമാണ്.

പിന്നീട് കമ്മിറ്റി അംഗത്തിന് ത്വലാഖിനെ കുറിച്ച് മനസ്സിലാക്കി കൊടുത്തു, അതെല്ലാം അദ്ദേഹത്തിന് ആദ്യ അറിവായിരുന്നു എന്ന് പിന്നെയാണ് മനസ്സിലായത്. കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിന് പുറത്ത് അതിലും മോശമാകും, അത് കൊണ്ട് സമൂഹത്തെ ഉദ്ധരിക്കുക എന്നത് നേതൃത്വം ഒരു നിലപാടായി ഏറ്റെടുക്കണം അതെ സമയം കേരളത്തില്‍ ഹിന്ദുക്കളെ ബാധിക്കുന്ന വലിയ വിഷയം നിലനില്‍ക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന നിയമ ഭേദഗതി എന്ത് കൊണ്ട് സംഘപരിവാര്‍ കൊണ്ടുവരുന്നില്ല. സ്വകാര്യ ബില്ലായി പ്രേമചന്ദ്രന്‍ കൊണ്ട് വന്ന ബില്ലിനെ പിന്തുണക്കില്ല എന്നതാണത്രേ സംഘ പരിവാര്‍ നിലപാട്. ശബരിമലക്ക് വേണ്ടി സമരം ചെയ്തവര്‍ എന്ത് കൊണ്ട് സാധ്യമായിട്ടും നിയമം കൊണ്ട് വരുന്നില്ല എന്ന ചോദ്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നു. രാഷ്ട്രീയത്തില്‍ മതം പാടില്ല എന്നാണു തത്വം. പക്ഷെ മതത്തില്‍ രാഷ്ട്രീയം എത്രയും ആകാം.

Related Articles