Current Date

Search
Close this search box.
Search
Close this search box.

പുതിയ സര്‍ക്കാറിനോട്….

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്തിരിക്കുകയാണ്. പുതുമകളുള്ള സര്‍ക്കാറാണ് അധികാരത്തില്‍ എന്ന പ്രത്യേകതയുണ്ട്. വലിയ ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയെ മുന്‍നിര്‍ത്തി നീതിപൂര്‍വം കേരളത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

മുഖ്യമന്ത്രി തന്നെ മുമ്പ് സൂചിപ്പിച്ചപോലെ വര്‍ധിച്ച ജനപിന്തുണ ഗവണ്‍മെന്റിന്റെയും ഇടതുപക്ഷത്തിന്റെയും ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. ആ ബോധ്യം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു തന്നെയാണ് പുതിയ സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞ കാര്യങ്ങള്‍.പുതിയൊരു സര്‍ക്കാറിന്റെ ഏതാനും വാഗ്ദാനങ്ങള്‍ എന്നതിനപ്പുറം കേരളത്തെ എങ്ങോട്ടു നയിക്കണം, എങ്ങോട്ടു നയിക്കാനാഗ്രഹിക്കുന്നു എന്ന കൃത്യമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. പൊതുവില്‍ ആ ആശയങ്ങളോട് വിയോജിക്കേണ്ട കാര്യവുമില്ല. എന്നാല്‍ കഠിനാധ്വാനവും കവിഞ്ഞ ഇച്ഛാശക്തിയും ആവശ്യമുള്ള കാര്യങ്ങളാണ് അവയോരോന്നും. അവ പ്രാവര്‍ത്തികമാക്കാനായാല്‍ വലിയ മാറ്റം തന്നെയായിരിക്കും കേരളത്തിലുണ്ടാവുക.

ജനാധിപത്യം,മതനിരപേക്ഷത,അഴിമതിരഹിത വികസനം,ജനങ്ങളുടെ ക്ഷേമം തുടങ്ങിയവയോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. തീര്‍ച്ചയായും ഒരു സര്‍ക്കാറിനുണ്ടാവേണ്ട അടിസ്ഥാന യോഗ്യത തന്നെയാണത്. പക്ഷെ, ഈ മൂല്യങ്ങളില്‍ നിന്നുണ്ടായ വ്യതിചലനമാണ് കഴിഞ്ഞ സര്‍ക്കാറിനെ കുഴക്കിയത് എന്ന കാര്യം വിസ്മരിച്ചു പോകരുത്.അങ്ങേയറ്റം ദുര്‍ബലനായ അവസാനത്തെ മനുഷ്യന്റെയും അഭിപ്രായത്തെ മാനിക്കാനും അതാണ് സത്യമെങ്കില്‍,അതെത്ര കയ്പ്പുറ്റതാണെങ്കിലും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് ജനാധിപത്യം.ആ തലത്തിലേക്ക് വളരാന്‍ ഇടതുപക്ഷവും സര്‍ക്കാറും വലിയ ശ്രദ്ധ വെക്കണം.

മേല്‍പാളിയിലുള്ള മതനിരപേക്ഷതക്കകത്ത് സാമുദായികതയും വര്‍ഗീയതയും കേരളത്തില്‍ തിടംവെച്ച് വളരുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ അതിന്റെ ആനുകൂല്യം പറ്റുന്നവരാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഏറ്റവുമൊടുവില്‍ ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം പോലും കേരളത്തില്‍ സാമുദായിക ചേരിതിരിവിന്റെ ആഴം വര്‍ധിപ്പിക്കാനാണ് ഉപയോഗപ്പെടുത്തപ്പെട്ടത്! മതനിരപേക്ഷ സമൂഹത്തെ കുറിച്ച കൃത്യമായ കാഴ്ചപ്പാടും ജനങ്ങളോട് സംവദിക്കാനുള്ള സംഘടനാ ബലവുമുള്ളവരാണ് ഇടതുപക്ഷം.കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാരും,പുറമേ മതേതരമാകുമ്പോഴും അകം രോഗാതുരമായ ഉദ്യോഗസ്ഥവൃന്ദത്തിലെ വലിയൊരു വിഭാഗവും ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പുതിയ സര്‍ക്കാറിനാവണം.

പൊതുഫണ്ടില്‍ നിന്ന് കോടികള്‍ അടിച്ചുമാറ്റിയെടുക്കുന്നതു മാത്രമല്ല അഴിമതി. സ്വജനപക്ഷപാതവും അര്‍ഹിക്കാത്ത പരിഗണനകള്‍ നല്‍കുന്നതും നീതിപൂര്‍വകമല്ലാത്ത വിഭവ വിതരണവുമെല്ലാം അഴിമതിയുടെ വകഭേദങ്ങളാണ്.രേഖകളും ഉത്തരവുകളും ശരിയായിരിക്കുക എന്നത് മാത്രമല്ല, ധാര്‍മികമായും ശരിയായിരിക്കുക എന്നതും പ്രധാനമാണ്.

ഓഖിയും രണ്ട് പ്രളയവും കോവിഡും സംസ്ഥാനം അഭിമുഖീകരിച്ചിട്ടുണ്ട്. ദുരന്ത സമയത്ത് പട്ടിണി ഇല്ലാതെ നാടിനെ കാക്കാനും ആത്മവിശ്വാസം നല്‍കാനും ജാഗ്രതയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഈ ജാഗ്രത ഉണ്ടായിട്ടില്ല.
കോവിഡിനെ പ്രതിരോധിക്കുന്നതിലും ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നുണ്ട്.

ലോക്ഡൗണില്‍ വരുമാനമില്ലാതാകുന്നവരുടെ വയറിന് ആശ്വാസമാകാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ, അനേകം നിയന്ത്രണങ്ങളാല്‍ നമ്മുടെ തൊഴില്‍,വ്യാപാര മേഖല തകര്‍ന്നടിഞ്ഞിട്ടുണ്ട്. അതിനെ പുനരുജീവിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടര്‍ന്നുള്ള കാലങ്ങളില്‍ കൂടുതല്‍ മികവോടെയും സാമ്പത്തിക വ്യവസ്ഥ തകരാതെയും കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് നല്ല ഗൃഹപാഠം സര്‍ക്കാറിന് ആവശ്യമാണ്.

വലിയ ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിച്ചിട്ടുള്ളത്. അതിനെ കഴിഞ്ഞ സര്‍ക്കാറിന്റെ അബദ്ധങ്ങള്‍ക്കും വീഴ്ചകള്‍ക്കുമുള്ള അംഗീകാരമായിട്ട് വിലയിരുത്തരുത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തിരുന്ന പോലിസ്. പ്രശ്‌നക്കാരുണ്ടെന്നും നന്നാക്കിയെടുക്കാന്‍ സമയമെടുക്കുമെന്നുമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ നാളുകളില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.പക്ഷെ, അഞ്ചു വര്‍ഷത്തിന് ശേഷവും പോലീസിന്റെ നിയന്ത്രണം ബാഹ്യശക്തികളുടെ കൈകളില്‍ തന്നെയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

സംഘ്പരിവാര്‍ ശക്തികളോട് പോലീസിന്റെ അനുഭാവ പൂര്‍വമായ നിലപാട്,വ്യാജ ഏറ്റുമുട്ടലുകള്‍,യു.എ.പി.എ കേസുകള്‍ എന്നിവയില്‍ പോലിസ് ഭാഷ്യത്തിനപ്പുറത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ലോക്കപ്പ് കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്.മറ്റെല്ലാ വകുപ്പുകളുടേയുംമേലെ നില്‍ക്കുന്ന ഒന്നായി പോലീസ് സേന മാറി. ഇപ്പോഴും അതനുഭവപ്പെടുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിനനുയോജ്യമായ പോലീസ് സേനയെ സജ്ജമാക്കാനുള്ള അവസരമായി ഈ ഭരണകാലത്തെ ഉപയോഗപ്പെടുത്തണം.

സാമൂഹ്യ നീതിയെ കുറിച്ച പരിഗണനകളും പ്രധാനമാണ്.കേരള സമൂഹത്തിന്റെ പരിഛേദമല്ല മന്ത്രിസഭ എന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും മതിയായ പ്രാതിനിധ്യമില്ല.അതിനാല്‍ തന്നെ പ്രവര്‍ത്തനത്തില്‍ ഈ അസന്തുലിതത്വത്തെ മറികടക്കാനും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും നീതിയോടെ പരിഗണിക്കാനും പ്രത്യേക ശ്രദ്ധ വേണം.

പുതിയ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ കുറിച്ചും കേരളത്തിലെ ജനങ്ങള്‍ക്ക് പരാതിയുണ്ട്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള നിര്‍ബന്ധിതാവസ്ഥ ഇതിന് കാരണമാവാം.പക്ഷെ, ഭരണത്തിന്റെ തന്നെ മുന്‍ഗണനകളെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ സ്വാധീനിക്കരുത്.

ദലിത്,മുസ്ലിം,പിന്നാക്ക, സ്ത്രീ വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും ശരിയായി മനസിലാക്കണം. അവരുടെ ജീവിതാവസ്ഥകളില്‍ നിന്ന് കാര്യങ്ങളെ കാണണം. ഭൂമിയുടെ അവകാശം മുതല്‍ ദലിത് വിഭാഗങ്ങള്‍ കാലങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പരിഗണിക്കണം.അതിന് പക്ഷേ, കോര്‍പ്പറേറ്റുകളോടും വമ്പന്‍ കമ്പനികളോടും കരുതിവെപ്പില്ലാത്ത മല്‍പിടുത്തത്തിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കേണ്ടി വരും.

മുസ്ലിം സമുദായത്തോട് വിവേചനപരമായി പെരുമാറിയതിന്റെ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ആഗോള തലത്തില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന ഇസ്ലാഫോബിയ കേരളത്തിലും സജീവമാണ്. ഇത് കേരളത്തിന്റെ സാമുദായികാന്തരീക്ഷത്തെ തകര്‍ക്കുകയും സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.പോലീസിലും എക്‌സിക്യൂട്ടിവിലും അത് രൂക്ഷമാണ്. ഇസ്ലാമോഫോബിയയുടെ ഗുണഭോക്താവാകുന്നതിന് പകരം അതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഒരു മതനിരപേക്ഷ സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ന്യൂനപക്ഷ വകുപ്പ് ആര്‍ക്കും കൈകാര്യം ചെയ്യാവുന്നതാണ്. ആ അര്‍ഥത്തില്‍ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുന്നത് ആക്ഷേപാര്‍ഹവുമല്ല. എന്നാല്‍ നേരത്തെ പരസ്യപ്പെടുത്തിയതില്‍നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാലങ്ങളായി ന്യുനപക്ഷ വകുപ്പ് കൈവശംവെച്ച് മുസ്ലിംകള്‍ അനര്‍ഹമായത് നേടിയെടുക്കുന്നു എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സവര്‍ണ,സംഘ്പരിവാര്‍ വിഭാഗങ്ങള്‍ നടത്തിയ വര്‍ഗീയ പ്രചാരണം. കഴിഞ്ഞ സര്‍ക്കാറിനെയും വകുപ്പ് മന്ത്രിയെയും കൂടി അവരിതില്‍ പ്രതിസ്ഥാനത്താക്കിയിരുന്നു.

അതിനാല്‍ അത്യന്തം വര്‍ഗീയവും മുസ്ലിംവിരുദ്ധമായ ഈ ആരോപണത്തില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പുറത്ത് വിട്ട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മുസ്ലിം സമുദായ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും – ഇപ്പോഴും അവരത് ആവശ്യപ്പെടുന്നുണ്ട് – കഴിഞ്ഞ സര്‍ക്കാര്‍ കാണിച്ച അമാന്തം മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കാനിടയായ സാഹചര്യവും അതിന്റെ ലക്ഷ്യവും വിസ്മരിക്കപ്പെടരുത്. ന്യൂനപക്ഷ വകുപ്പ് മുസ്ലിംകള്‍ കൈവശം വെച്ചുകൂടാ എന്ന വര്‍ഗീയ മനോഭാവത്തെയും മുഖ്യമന്ത്രി അഭിമുഖീകരിക്കേണ്ടതുണ്ട്.

ഇന്ത്യാരാജ്യത്തിന്റെ ശില്‍പികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കത്തി വെക്കുകയായിരുന്നു സാമ്പത്തിക സംവരണം നടപ്പിലാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തത്. ഒരു ന്യായീകരണവും അതിനില്ലെന്ന് പിന്നീട് സുപ്രീം കോടതിയും തെളിയിച്ചു. ഇത്തരം കാഴ്ചപ്പാടുകളെ കയ്യൊഴിഞ്ഞാല്‍ മാത്രമേ സാമൂഹ്യ നീതിയെ സംബന്ധിച്ച അവകാശ വാദങ്ങള്‍ അര്‍ഥവത്താക്കുകയുള്ളൂ. അതേസമയം പി.എസ്സി നിയമനങ്ങളിലെയും ജോലി സ്ഥിരപ്പെടുത്തുന്നതിലെയും സംവരണ നിഷേധത്തിന്റെ അനേകം വഴികള്‍ അടക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ സെക്രട്ടറിയറ്റിലേയും ഉദ്യോഗസ്ഥ വൃന്ദത്തിലെയും സവര്‍ണ താല്‍പര്യങ്ങളെ മറികടന്നു മാത്രമേ ഇതു സാധിക്കൂ.

പിന്നാക്കം നില്‍ക്കുന്ന മേഖലകളോടും അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണം. കേരളത്തില്‍ വികസനത്തിന്റെ ഏതളവ് കോലിലും പിറകിലാണ് മലബാര്‍ മേഖല. അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ ഇത് പ്രകടമാണ്. ഈ തിരിച്ചറിവ് കേരളത്തിനുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസ മേഖലയില്‍ . പക്ഷെ കഴിഞ്ഞ രണ്ട് ഇടതുപക്ഷ സര്‍ക്കാറുകളും ഇത് കാര്യമായി പരിഗണിച്ചിട്ടില്ല.

ഹയര്‍ സെക്കണ്ടറി മേഖലയില്‍ അനുഭവിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തതക്ക് താല്‍ക്കാലിക പരിഹാരം കണ്ടെത്തുക മാത്രമാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്.പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളും ഉന്നത വിദ്യാഭ്യാസത്തിന് കോളേജുകളും അനുവദിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറായിരുന്നു. സൗകര്യക്കുറവ് ഇപ്പോഴും മലബാര്‍ വന്‍തോതില്‍ അനുഭവിക്കുന്നുണ്ട്. മതനിരപേക്ഷമൂല്യങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ നീതിപൂര്‍വം വിദ്യാഭ്യാസ ലഭ്യത ഉറപ്പു വരുത്തുകയും വേണം.

സ്ത്രീ സമൂഹത്തെ സംബന്ധിച്ച സര്‍ക്കാറിന്റെ പരിഗണനകള്‍ ശ്രദ്ധേയമാണ്.എന്നാല്‍ അതോടൊപ്പംതന്നെ സ്ത്രീ സൗഹാര്‍ദപരമായ സാമൂഹിക,രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാന്‍ അനിവാര്യമായ സോഷ്യല്‍ എഞ്ചിനീയറിങും നിയമനിര്‍മാണവും സര്‍ക്കാര്‍ നടത്തേണ്ടതായിട്ടുണ്ട്.

Related Articles