Current Date

Search
Close this search box.
Search
Close this search box.

ബോസ്നിയൻ കൂട്ടക്കൊലയുടെ ഓർമ പുതുക്കുന്ന പീസ് മാർച്ച് ആരംഭിച്ചു

രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ കൂട്ടക്കൊലയുടെ ഓർമ പുതുക്കുന്ന പീസ് മാർച്ച് ബോസ്നിയൻ നഗരമായ നെസൂക്കിൽനിന്ന് ഇന്ന് ആരംഭിച്ചു. 1992 മുതൽ 95 വരെ നീണ്ട ബോസ്നിയൻ യുദ്ധത്തിലെ ഒരിക്കലും മറക്കാനാവാത്ത സെബ്രനീസ കൂട്ടക്കൊല നടന്നത് ജൂലൈ 11നും 13നും ഇടയിലാണ്. ബോസ്നിയൻ നഗരമായ സെബ്രനീസ സെർബുകൾ പിടിച്ചടക്കിയപ്പോൾ അവിടെനിന്ന് പലായനം ചെയ്യാൻ ശ്രമിച്ച മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് വംശീയ ഉന്മൂലനം നടത്തുകയായിരുന്നു സെർബ് ഭീകരർ.

സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയ സംഘത്തെ 100 കിലോമീറ്റർ അകലെയുള്ള പ്രത്യേക ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നു. കരളലിയിക്കുന്ന ആ സംഭവത്തിന്റെ ഓർമ പുതുക്കാൻ അതേ റൂട്ടിൽ 100 കിലോമീറ്റർ മാർച്ച് സംഘടിപ്പിക്കാറുണ്ട് മനുഷ്യസ്നേഹികൾ. ഇന്നത്തെ മാർച്ചിൽ 4000 ലേറെ പേർ പങ്കെടുക്കുന്നുണ്ട്.

സെർബ് തീവ്രവാദികൾ വിഘടന വാദം മുഴക്കുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിൽ കൂടിയാണ് ഈ വർഷത്തെ മാർച്ച്.
വംശ ശുദ്ധീകരണം അഥവാ ethnic cleansing ആയിരുന്നു 1992 മുതല്‍ 1995 വരെ നീണ്ടുനിന്ന ബോസ്‌നിയന്‍ യുദ്ധം. എന്നാല്‍ കിഴക്കന്‍ ബോസ്‌നിയയിലെ സെബ്രനീസയില്‍ 8,372 നിരപരാധരായ മുസ്ലിംകളെ സെര്‍ബ് ഭീകരര്‍ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തതിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കാന്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോഴും തയ്യാറായിട്ടില്ല.

വംശഹത്യയില്‍നിന്ന് മുസ്ലിംകളെ സംരക്ഷിക്കാന്‍ യു.എന്നിനു കീഴില്‍ ഏര്‍പ്പെടുത്തിയ സംരക്ഷിത മേഖലയുടെ ഉത്തരവാദിത്തം ഡച്ച് സമാധാനപാലകര്‍ക്കായിരുന്നു. എന്നാല്‍, സെര്‍ബ് ഭീകരരുടെ താണ്ഡവം തടയുന്നതില്‍ ഡച്ച് സേന ദയനീയമായി പരാജയപ്പെട്ടു. അക്രമികള്‍ക്കെതിരെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പോലും തയ്യാറാവാതെ കൂട്ടക്കൊല നോക്കിനില്‍ക്കുകയായിരുന്നു ഡച്ചുകാര്‍.
ലോക മനസ്സാക്ഷിയെ മരവിപ്പിച്ച നിഷ്ഠൂര കൂട്ടക്കൊലക്ക് 27 കൊല്ലം തികഞ്ഞപ്പോഴാണ് 2022ൽ നെതര്‍ലാന്റ്‌സ് സർക്കാർ ഖേദപ്രകടനം നടത്തിയത്. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ട തങ്ങളുടെ സൈനികരെ കുറ്റപ്പെടുത്തുന്നതിനു പകരം ബോസ്‌നിയന്‍ സെര്‍ബ് സൈന്യം മാത്രമാണ് കൂട്ടക്കൊലക്ക് ഉത്തരവാദിയെന്നാണ് കിഴക്കന്‍ ബോസ്‌നിയന്‍ നഗരമായ സെബ്രനീസയിലെ പോട്ടോകാരി ഗ്രാമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഡച്ച് പ്രതിരോധ മന്ത്രി കാസ ഓലോന്‍ഗ്രന്‍ അന്ന് പറഞ്ഞത്.

സെബ്രനീസയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ അന്താരാഷ് ട്ര സമൂഹം ദയനീയമായി പരാജയപ്പെട്ടെന്നും പ്രസ്തുത അന്താരാഷ് ട്ര സമൂഹത്തിന്റെ ഭാഗമെന്ന നിലയിലാണ് ഡച്ച് ഗവണ്‍മെന്റ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നും അവര്‍ പറയുകയുണ്ടായി. ‘സംഭവത്തില്‍ ഇരകളുടെ കുടുംബങ്ങളോട് ഞങ്ങള്‍ അങ്ങേയറ്റത്തെ ഖേദം പ്രകടിപ്പിക്കുന്നു,’ നെഞ്ചത്ത് കൈവെച്ച് മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ പേരില്‍ 2002ല്‍ അന്നത്തെ ഡച്ച് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. നെതര്‍ലാന്റ്‌സിലെ കോടതികൾ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.

സെബ്രനീസയുടെ പേരില്‍ ഡച്ച് സര്‍ക്കാര്‍ നടത്തിയ അപഹാസ്യ നാടകം ബോസ്‌നിയന്‍ ഇരകളുടെ കുടുംബാംഗങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരകളോടും കുടുംബാംഗങ്ങളോടും മാപ്പു ചോദിക്കുന്നതിനു പകരം ഡച്ച് സമാധാനപാലകരോടാണ് പ്രധാന മന്ത്രി ഖേദ പ്രകടനം നടത്തിയത്! സെര്‍ബുകളെ നേരിടാന്‍ ആവശ്യമായ ആയുധങ്ങളും മറ്റു സന്നാഹങ്ങളും നല്‍കുന്നതില്‍ വന്ന വീഴ്ചക്കാണ് ഇതിനകം വിരമിച്ച ഭടന്മാരോട് ഖേദം പ്രകടിപ്പിച്ചത്. അപ്പോഴും ഇരകളോട് മാപ്പു പറയുന്നത് പോയിട്ട് ഖേദപ്രകടനത്തിനു പോലും ഡച്ച് സര്‍ക്കാര്‍ സന്നദ്ധത കാട്ടിയിരുന്നില്ല.

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ കൂട്ടക്കൊല ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. സെര്‍ബ് ഭീകരര്‍ വെടിവെച്ചു കൊന്നശേഷം വലിയ കുഴികളിലേക്ക് വലിച്ചെറിയപ്പെട്ട മൃതശരീരങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയപ്പെടാനാവാതെ അക്കാലത്ത് മറവു ചെയ്യുകയായിരുന്നു. എണ്‍പത് വലിയ കുഴികളില്‍ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങളില്‍ 6,900 എണ്ണം ഇതിനകം കണ്ടെടുക്കപ്പെട്ടു. കണ്ടെടുക്കപ്പെടുന്ന മയ്യിത്തുകള്‍ ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞ ശേഷം കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ (ജൂലൈ 11) ഖബറടക്കുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പതിവാണ്. ഈ വർഷം കണ്ടെടുക്കപ്പെട്ട 30 മൃതദേഹങ്ങൾ ചൊവ്വാഴ്ച മറവു ചെയ്യും.

ഒരു പ്രത്യേക സമുദായത്തില്‍ പിറന്നുപോയി എന്നത് മാത്രമായിരുന്നു ബോസ്‌നിയന്‍ മുസ്ലിംകള്‍ ചെയ്ത ‘കുറ്റം’. അഞ്ചും പത്തും നൂറും ആയിരവുമല്ല, എണ്ണായിരത്തിലേറെ മനുഷ്യരെ സെര്‍ബ് വംശീയ ഭീകരര്‍ നിഷ്ഠൂരമായി കൊന്നു തള്ളിയ സംഭവം ബാൽക്കൻ സംഭവങ്ങളെയും ബോസ്നിയൻ വംശഹത്യയെയും തുടക്കം മുതൽ ഫോളോ ചെയ്ത എന്നെ സംബന്ധിച്ചിടത്തോളം ഇന്നലത്തേതു പോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

റാഡോവാന്‍ കരാജിച്ച് എന്ന കൊടുംഭീകരനായ സൈകിയാട്രിസ്റ്റിന്റെ നിര്‍ദേശാനുസരണം ജനറല്‍ റാദ്‌കോ മിലാദിക് നേതൃത്വം നല്‍കിയ സെര്‍ബ് ഭീകരര്‍ സെബ്രനീസ നഗരം പിടിച്ചടക്കിയതോടെയാണ് കൂട്ടക്കൊലക്ക് വഴിയൊരുങ്ങുന്നത്. പുരുഷന്മാരെയും ചെറിയ കുട്ടികളെയും വാഹനങ്ങളില്‍ കയറ്റി ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

തുറന്ന മൈതാനങ്ങള്‍, കൃഷിയിടങ്ങള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങി കൂട്ടക്കൊല നടത്താന്‍ ചുരുങ്ങിയത് ആറ് സ്ഥലങ്ങള്‍ തയ്യാറാക്കിയിരുന്നുവെന്ന് മിലാദികിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ പറയുന്നു. നിരവധി വാഹനങ്ങളിലായാണ് ഇത്രയും ആളുകളെ വെടിവെപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. വെടിവെച്ചു കൊന്ന ശേഷം വലിയ കുഴിയുണ്ടാക്കി മൃതദേഹങ്ങള്‍ അതിലിട്ടുമൂടി. ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരും ഉണ്ടായിരുന്നു. സ്ത്രീകള്‍ കൂട്ട മാനഭംഗത്തിനിരയായി. അത്രയും ഭീകരമായിരുന്നു രംഗം.

ആറു രാത്രികള്‍ സമീപത്തെ വനത്തില്‍ ഒളിഞ്ഞിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ഹസന്‍ ഹസനോവിക് എന്ന വൃദ്ധന്‍ ബിബിസി ന്യൂസിനോട് പറയുകയുണ്ടായി. തന്റെ കണ്‍മുന്നില്‍ വെച്ചാണ് നിരവധി പേര്‍ വെടിയേറ്റു മരിച്ചതെന്ന് ഭീതിയോടെ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

പരിഷ്‌കൃത യൂറോപ്പ് ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സംഭവമാണ് കാല്‍ നൂറ്റാണ്ടു പിന്നിട്ട സെബ്രനീസ വംശഹത്യ. റാഡോവന്‍ കരാജിച്ചും മിലാഡിക്കും ഹേഗ് ട്രിബ്യൂണലിലെ വിചാരണക്ക് ശേഷം ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 23 കൊല്ലം മുമ്പ് ‘ഡെയിലി ടെലിഗ്രാഫി’ല്‍ എഴുതിയ ലേഖനത്തില്‍ വംശഹത്യക്ക് ഇരയായവരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ പോലും നടത്തി. സെബ്രനീസ വംശഹത്യക്ക് 25 കൊല്ലം തികഞ്ഞ വേളയില്‍ ജോണ്‍സനും നടത്തി കുമ്പസാരം.
ഹോളോകാസ്റ്റ് നിഷേധം മാപ്പര്‍ഹിക്കാത്ത കുറ്റമായി കാണുന്നവര്‍ ബോസ്‌നിയന്‍ കൂട്ടക്കൊലയെയും വിശാല സെര്‍ബിയ എന്ന ആശയത്തെയും പരസ്യമായി പ്രകീര്‍ത്തിക്കുന്നവര്‍ക്കെതിരെം ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, പട്ടും വളയും നല്‍കി ആദരിക്കുകയാണ്. സെര്‍ബ് ഭീകരന്‍ സ്ലോബോദന്‍ മിലോസെവിച്ചിനെ വാഴ്ത്തുകയും സെബ്രനീസ കൂട്ടക്കൊലയെ മിഥ്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പീറ്റര്‍ ഹാന്‍ഡ്‌കെയെ സാഹിത്യത്തിനുള്ള നൊബെയ്ല്‍ പുരസ്‌കാരം നല്‍കി ആദരിക്കുക പോലുമുണ്ടായി.

മതപരമായി ഓര്‍ത്തോഡക്‌സ് ക്രിസ്ത്യാനികളും രാഷ്ട്രീയമായി സോഷ്യലിസ്റ്റ്, കമ്യുണിസ്റ്റ് ആഭിമുഖ്യമുള്ളവരുമായിരുന്നു സെര്‍ബുകള്‍. യുദ്ധക്കുറ്റവാളികളായ റാദ്‌കോ മിലാദിക് കമ്യുണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. സെര്‍ബിയന്‍ പ്രസിഡന്റ് ആയിരുന്ന മിലോസേവിച്ച് സോഷ്യലിസ്റ്റ് നേതാവും ബോസ്നിയന്‍ സെര്‍ബ് ഭീകരന്‍ റഡോവാന്‍ കറാജിച് ഡെമോക്രറ്റിക് പാര്‍ട്ടി നേതാവുമായിരുന്നു. വിശാല സെര്‍ബിയ എന്ന സ്ലാവിക് വംശീയതയാണ് ഇവരെ ഒന്നിപ്പിച്ചത്.

ഒരു ലക്ഷത്തിലേറെ പേർക്കാണ് ബോസ്നിയൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

 

Related Articles