Current Date

Search
Close this search box.
Search
Close this search box.

ലോകം പഴയതു പോലെയാകില്ല

‘ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ഒരിക്കലും ആണവായുധ രാഷ്ട്രമാക്കാന്‍ അനുവദിക്കില്ല’. ഗുഡ് മോര്‍ണിംഗ് എന്ന അഭിസംബോധനക്കു മുമ്പ് പ്രസിഡന്റ് ട്രംപ് പറഞ്ഞു തുടങ്ങിയത് അങ്ങിനെയാണ്. ഇറാനുമായി ഒരു യുദ്ധത്തിന് അമേരിക്ക ഒരുക്കമല്ല എന്ന ശുഭസൂചന പ്രസിഡന്റിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. ബാഗ്ദാദിക്ക് ശേഷം കൊല്ലപ്പെടേണ്ട ഭീകരന്‍ തന്നെയാണ് സുലൈമാനി എന്ന കാര്യത്തില്‍ ട്രംപിന് അശേഷം സന്ദേഹമില്ല. അമേരിക്കക്കാരുടെ മാത്രമല്ല ഇറാനികളുടെയും ചോര സുലൈമാനിയുടെ കൈകളില്‍ പുരണ്ടിട്ടുണ്ട്.

മറ്റൊരു കാര്യം കൂടി പ്രസിഡന്റ് പറയാതെ പറയുന്നുണ്ട്. തന്റെ കാലമാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല കാലം. തന്റെ കീഴില്‍ മുമ്പില്ലാത്ത വിധം അമേരിക്ക സാമ്പത്തികമായും സൈനികമായും ശക്തിപ്പെട്ടിരിക്കുന്നു. അമേരിക്ക എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കാര്യത്തില്‍ പൂര്‍ണമായും സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു. മിഡില്‍ ഈസ്റ്റിന്റെ എണ്ണ ഇനി മുതല്‍ അമേരിക്കക്കു ആവശ്യമില്ല. മിഡില്‍ ഈസ്റ്റിലെ വിഷയം ഇറാന്‍ മാത്രമാണ് എന്ന സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നത്. ഇറാനില്ലാത്ത മിഡില്‍ ഈസ്റ്റ് മാത്രമേ സമാധാനം നല്‍കൂ. യെമന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ലബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ജനജീവിതം നരക തുല്യമാക്കുന്നതില്‍ ഇറാന്റെ പങ്ക് വലുതാണ്. 1979 മുമ്പുള്ള ഇറാനിലേക്ക് മടങ്ങി പോകുക എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം.

ട്രംപിന്റെ മറ്റു കാര്യങ്ങളിലെ വിഡ്ഢിത്തം ഇറാന്റെ കാര്യത്തിലും ആവര്‍ത്തിച്ചു എന്നാണ് ലോകം വിശകലനം ചെയ്യുന്നത്. ഇറാനില്‍ അടുത്തിടെ ഉണ്ടായ ആഭ്യന്തര കലാപങ്ങളില്‍ ഭരണകൂടം വളരെയധികം വിഷമിച്ചിരുന്നു. 1000നുമേല്‍ ആളുകള്‍ കൊല്ലപ്പെട്ടെന്നും ഏഴായിരത്തിലധികം പേര് അറസ്റ്റ്് ചെയ്യപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഉപരോധം കാരണം ബുദ്ധിമുട്ടുന്ന ഒരു ജനതയാണ് ഇറാന്‍. ഇറാനിലെ യുവത വിപ്ലവത്തിന് ശേഷം ജനിച്ചവരാണ്. ആധുനിക ജീവിത രീതികളില്‍ അവരും ആകൃഷ്ടരാണ്. അത് കൊണ്ട് തന്നെ ഭരണകൂടങ്ങള്‍ക്കെതിരെയുളള സമരം അധികരിക്കും എന്ന് തന്നെയാണ് അമേരിക്ക മനസ്സില്‍ കണക്കു കൂട്ടുന്നത്.

സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാനിയന്‍ ജനതയുടെ മൊത്തം വികാരം മാറിയിരിക്കുന്നു. സുലൈമാനിയുടെ ഖബറടക്കത്തില്‍ പങ്കെടുത്ത ജന സമൂഹം ഖുമൈനിയുടെ ഖബറടക്കത്തില്‍ പങ്കെടുത്തവരുടെ അത്ര തന്നെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘അമേരിക്ക തിന്മയുടെ അച്ചുതണ്ട്’ എന്ന പ്രശസ്തമായ ഇറാനിയന്‍ മുദ്രാവാക്യം ഒരിക്കല്‍ കൂടി ഇറാനിയന്‍ ജനത ഉറക്കെ വിളിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സുലൈമാനിയെ ഇല്ലാതാക്കിയാല്‍ അതിലൂടെ ഇറാനെ ഭയപ്പെടുത്താം എന്ന അമേരിക്കന്‍ സ്വപ്നം പൂര്‍ണമായി തകരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സുലൈമാനിയിലൂടെ മിഡില്‍ ഈസ്റ്റില്‍ ഇറാന്‍ ഒരുപാട് ‘മിലീഷ്യ’ കളെ രൂപപ്പെടുത്തിയിട്ടുണ്ട്. ഏതറ്റം വരെ ചെന്ന് ആക്രമിക്കാനും അവര്‍ക്ക് കഴിയും. സുലൈമാനിയുടെ വധത്തോടെ അത്തരം ഗ്രൂപ്പുകളും സജീവമാകും എന്ന മുന്നറിയിപ്പ് ഗൗരവമായി തന്നെയാണ് മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ കാണുന്നത്. സുലൈമാനിയുടെ വധത്തിലൂടെ രണ്ടു കാര്യങ്ങളില്‍ ഇറാന്‍ വിജയിച്ചു. ഒന്ന് ആഭ്യന്തര പ്രശനങ്ങള്‍ ഒരു പരിധിവരെ ശമിച്ചു. അമേരിക്കയാണ് തങ്ങളുടെ മുഖ്യശത്രു എന്ന ഇറാനിയന്‍ കാഴ്ചപ്പാടിനെ ഒന്ന് കൂടി ശക്തിപ്പെടുത്താനും സാധിച്ചു.

യുദ്ധം കൊണ്ട് അമേരിക്കക്കു നേട്ടം മാത്രമേ കാണൂ എന്ന തിരിച്ചറിവ് മേഖലയിലെ മറ്റു രാഷ്ട്രങ്ങള്‍ക്ക് ഉണ്ടായി എന്നത് നല്ല സൂചനയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നും അമേരിക്ക ആഗ്രഹിക്കുന്നത് ആയുധ വില്‍പ്പന തന്നെയാണ്. ഇറാനെ ഒതുക്കണം എന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അതിന്റെ എല്ലാ തരത്തിലുമുള്ള ദുരന്തങ്ങളും മേഖലയിലെ രാജ്യങ്ങള്‍ നേരിടേണ്ടി വരും എന്ന കാര്യം അവര്‍ പെട്ടെന്ന് മനസ്സിലാക്കി. ഒരു സമ്പൂര്‍ണ യുദ്ധം തന്നെയായിരുന്നു ട്രംപിന്റെ മനസ്സില്‍. പണി പാളിപ്പോയി എന്ന് മാത്രം. അത് കൊണ്ട് തന്നെ പുതിയ സംഭവ വികാസങ്ങളില്‍ നേട്ടം കൊയ്തത് ഇറാനാണ് എന്ന് പറയേണ്ടി വരും. ഒരു കാര്യം സത്യമാണ്. ഇപ്പോഴത്തെ പല വിഷയങ്ങളും അവസാനിപ്പിക്കാന്‍ ഇറാന്‍ തീരുമാനിക്കണം. മേഖലയിലെ മൊത്തം രാജ്യങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്താല്‍ അതിനു പരിഹാരം വരും. അങ്ങിനെ വന്നാല്‍ പൊതു ശത്രു ഇസ്രായേല്‍ എന്ന് വരും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അമേരിക്കന്‍ പോളിസി അവിടെയാണ് നാം കാണേണ്ടത്. സുന്നി ഷിയാ എന്ന വിഭാഗീയതയെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അമേരിക്കക്കും ഇസ്രായേലിനും കഴിയുന്നു എന്നിടത്താണ് പലപ്പോഴും അവര്‍ വിജയിച്ചു പോകുന്നത്.

9/11 സംഭവങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ആളുകള്‍ പലപ്പോഴും പറയും: ‘ലോകം മാറി.’ അതെ വാക്കുകള്‍ തന്നെ സുലൈമാനി വധത്തിനു ശേഷവും ലോകം പറയുന്നു.’ ലോകം പഴയതു പോലെയാകില്ല’.

Related Articles