Current Date

Search
Close this search box.
Search
Close this search box.

ലോകം നിസ്സഹായമാണ്

89 മില്യൺ മാസ്കുകൾ , മുപ്പതു മില്യൺ ഗൗണുകൾ, രണ്ടു മില്യൺ കണ്ണടകൾ, 76 മില്യൺ ഗ്ലൗസ്, മൂന്നു മില്യൺ ലിറ്റർ ഹാൻഡ് സാനിറ്റൈസർ – അത്യാവശ്യമായി വേണ്ട വസ്തുക്കളുടെ ലിസ്റ്റ് ലോകാരോഗ്യ സംഘടന അവരുടെ സൈറ്റിൽ കൊടുത്തിട്ടുണ്ട്. ദിനേന വർധിച്ചു വരുന്ന രോഗികളുടെ എണ്ണം ആവശ്യ വസ്തുക്കളുടെ എണ്ണവും വർധിപ്പിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചു വരുന്ന കൊറോണ രോഗികഉടെ എണ്ണം എല്ലാ കണക്കുകളും കവച്ചു വെക്കുകയാണ്. ഇതുവരെ 164 രാഷ്ട്രങ്ങളിൽ നിന്നും രോഗം റിപ്പോർട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇത് 115 രാഷ്ട്രങ്ങളിലായിരുന്നു അസുഖം രേഖപ്പെടുത്തിയത്. വളരെ വേഗത്തിൽ രാജ്യാതിർത്തികൾ തകർത്തു കൊണ്ട് അസുഖം മുന്നേറുന്നു.

ഇറ്റലി (31 506), സ്പെയിൻ (11 178), ഫ്രാൻസ് (7 730), ജർമനി (7 156), ഇംഗ്ലണ്ട് (1 950), നെതർലാൻഡ് (1 705), ഓസ്ട്രിയ (1 332), നോർവേ (1 308), ബെൽജിയം (1 243), സ്വീഡൻ (1 167), ഡെൻമാർക്ക്‌ (1 024), പോർട്ടുഗൽ (448), ചെക്ക് റിപ്പബ്ലിക് (434),ഗ്രീസ് (387), ഫിൻലൻഡ്‌ (319), അയർലൻഡ് (292), സോൽവേനിയ (275),ഐസ് ലാൻഡ് (247), പോളണ്ട് (238), ഇസ്റ്റോണിയ (225), റൊമാനിയ (217), ലക്സംബർഗ് (140) എന്നിവയാണ് യൂറോപ്പിലെ കാര്യമായി അസുഖം ബാധിച്ച രാജ്യങ്ങൾ.

പല രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിരിക്കുന്നു. അസുഖം തുടങ്ങിയ ചൈനയിലെ വുഹാനിൽ നിന്നും ഒരു പുതിയ കേസും റിപ്പോർട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. അതെ സമയം ബെയ്‌ജിങ്ങിൽ നിന്നും പുതിയ മുപ്പതോളം കേസുകൾ വന്നിട്ടുണ്ട്. അവരൊക്കെയും വിദേശത്തു നിന്നും വന്നവരാണ് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജപ്പാനിൽ അസുഖം കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദ്വീപുകളിൽ നിന്നും അത് നീക്കിയിട്ടുണ്ട്. ഇന്തോനേഷ്യയും എല്ലാ തരം ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട് . അഞ്ഞൂറ് ജീവനക്കാർക്ക് താഴെയുള്ള കമ്പനികളിൽ ആളുകൾക്ക് ” സിക്ക് ലീവ് ” നൽകാൻ നിർദ്ദേശിക്കുന്ന ബില്ലിന് പ്രസിഡന്റ് ട്രംപ് അനുമതി നൽകിയിരിക്കുന്നു . കാനഡ അവരുടെ നാട്ടുകാരെ പുറത്തു പോകുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് വെള്ളിയാഴ്ച മുതൽ നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു.. ന്യൂസിലാൻഡും തങ്ങളുടെ ആളുകളെ പുറത്തു പോകുന്നത് നിരോധിച്ചിരിക്കുന്നു. കൊറിയയിൽ അസുഖത്തിന്റെ വ്യാപ്തി വർധിച്ചു വരുന്നു. സ്പെയിൻ ഫ്രാൻസ് എന്നിവിടങ്ങളിലും വൈറസിനെ പരിധിയിൽ നിർത്താൻ കഴിഞ്ഞിട്ടില്ല. അതെ സമയം ആഫ്രിക്കയിൽ നിന്നും കൊറോണ കാര്യമായി റിപ്പോർട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. മൊത്തം രാജ്യങ്ങളിൽ നിന്നും ഇതുവരെ മുന്നൂറു കേസുകൾ മാത്രമാണ് റിപ്പോർട് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങൾ പലതും അവരുടെ അതിർത്തികൾ അടച്ചിരിക്കുകയാണ്.

Also read: വൃത്തിയും മഹാമാരികളില്‍ നിന്നുള്ള സുരക്ഷയും

എഷ്യൻ യൂറോപ്പ് രാജ്യങ്ങൾ വൈറസിനോട് ആദ്യ ഘട്ടത്തിൽ കാര്യമായി പ്രതികരിച്ചില്ല എന്നതിന് നൽകേണ്ടി വന്ന വില വളരെ വലുതാണ്. അതിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇന്ത്യയിൽ കാര്യമായ മരണം ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. വരുന്ന രണ്ടാഴ്ചകൾ നിർണായകം എന്നാണു വിദഗ്ദർ പറയുന്നത്. ആളുകളുടെ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിന്റെ മുഖ്യ ഘടകം. ആ രീതിയിൽ കാര്യമായ തീരുമാനങ്ങൾ സർക്കാർ തലത്തിൽ നിന്നും വന്നിട്ടില്ല . നമ്മുടെ നാട്ടിലെ വൃത്തിഹീനമായ പരിസരങ്ങളും കൂടി ചേർന്നാൽ അസുഖത്തിനു പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ലോക സാമ്പത്തിക വ്യാവസായിക രംഗത്തെയും കൊറോണ ബാധിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം വരുന്ന നാളുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും എന്നാണ് നിരീക്ഷകർ പറയുന്നത്. ഈ നിലയിൽ മുന്നോട്ടു പോയാൽ പ്രസ്തുത നിലയിൽ നിന്നും പുറത്തു കടക്കാൻ മാസങ്ങൾ പിടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുംബയിലെ പ്രശസ്തമായ ഭക്ഷണ വിതരണ ശ്രുംഖലയായ ” ഡബ്ബാവാലകൾ” ഈ മാസം മുപ്പത്തിയൊന്നു വരെ അവധി നൽകിയിരിക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തി. അപ്രതീക്ഷിതമായാണ് പുതിയ ദുരന്തം ലോകത്തെ പിടികൂടിയത്. മറ്റെല്ലാ വിഷയങ്ങളും ഇന്ന് ലോകത്തു അപ്രസക്തമാണ്. വ്യക്തികളും സമൂഹവും കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നത് മാത്രമാണ്‌ പ്രതിവിധിയായി ലോകാരോഗ്യ സംഘടന പറയുന്നത്. ആധുനിക ലോകം സാങ്കേതിക രംഗത്തു വളരെ മുന്നേറിയിരിക്കുന്നു. പക്ഷെ പ്രകൃതിയുടെ തിരിച്ചടികളിൽ ലോകം എന്നും നിസ്സഹായരാണ്.

Related Articles