Current Date

Search
Close this search box.
Search
Close this search box.

റമദാനിന്റെ പ്രത്യേകതയും ദുൽഖർനൈനും

ശഅ്ബാൻ മാസത്തിലെ അവസാന ദിവസം, ശ്രേഷ്ഠമായ റമദാനിന്റെ ആദ്യ രാവിൽ ചന്ദ്രൻ വെളിപ്പെടുമ്പോൾ പ്രപഞ്ചത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രവാചകൻ(സ) പറയുന്നു: ‘റമദാൻ മാസത്തിലെ ആദ്യ രാവായാൽ, ദുർമാർഗികളായ ജിന്നുകളും, പിശാചും ബന്ധിക്കപ്പെടുന്നു. നരക കവാടങ്ങൾ അടക്കപ്പെടുന്നു. അതിൽ നിന്ന് ഒരു കവാടം പോലും തുറക്കുകയില്ല. സ്വർഗ കവാടങ്ങൾ തുറക്കപ്പെടുന്നു. അതിൽ നിന്ന് ഒരു കവാടം പോലും അടക്കപ്പെടുകയുമില്ല. വിളിച്ചുപറയുന്നവർ (മലക്കുകൾ) എല്ലാ രാവിലും വിളിച്ചു പറയും; നന്മ ചെ്യത് മുന്നേറുന്നവനെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക, തിന്മ ചെയ്യുന്നവനെ അത് കുറക്കുകയും ചെയ്യുക, അല്ലാഹു നരക മോചനം നൽകുന്നു. ഇപ്രകാരം (റമദാനിലെ) എല്ലാ രാവിലും വിളിച്ചുപറയുന്നു.’

നിശ്ചലമായി ഒന്നും തന്നെയില്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ഓരോ വസ്തുവും ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ, ഭൂമി, ക്ഷീരപഥം, അങ്ങനെ ലോകം തന്നെയും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, പുതിയ വഴികളിലേക്ക് പ്രവേശിക്കാനും, മാറ്റത്തിന് തയാറെടുക്കാനും ഭയക്കുന്ന നിങ്ങളുടെ അവസ്ഥയെന്താണ്! അല്ലയോ ചങ്ങാതി, നിങ്ങളുടെ ഹൃദയത്തിലേക്ക് വെളിച്ചം കടന്നുവരാൻ ഇനിയും സമയമായിട്ടില്ലേ? മനസ്സിനെ സംശുദ്ധമാക്കാനും, പുതിയൊരു മാറ്റത്തിന് തയാറെടുക്കാനും ഇനിയും അവർക്ക് സമയമായിട്ടില്ലേ? പുതിയ തുടക്കങ്ങളും, മാറ്റങ്ങളുമാണ് നമ്മെ എല്ലാവരെയും എപ്പോഴും ആകർഷിക്കുന്നത്. അതിനാൽ, നിങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മനസ്സിനെ തിരിച്ചറിയാൻ ഇപ്രാവശ്യമെങ്കിലും ശ്രമിക്കുക. അപ്രകാരം നിങ്ങൾ ഈ വർഷത്തെ വിശുദ്ധ റമദാനിന്റെ രാവിൽ നിങ്ങളുടെ മനസ്സ് തുറക്കുക! അത്തരമൊരു പ്രവർത്തിക്കുള്ള മായാജാല വഴി സൂറത്തുൽ കഹ്ഫ് നമുക്ക് അറിയിച്ചുതരുന്നു.

Also read: വിശ്വാസിയുടെ പ്രാർത്ഥന എങ്ങനെയായിരിക്കണം?

റമദാനിന്റെ പ്രത്യേകതയും ദുൽഖർനൈനും:
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുൽഖർനൈൻ സംഭവത്തെയും വിശുദ്ധ റമദാനിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള അതിശയകരമായ ഒരു ലേഖനത്തിലൂടെ ഞാൻ കടന്നുപോവുകയുണ്ടായി. നാം എങ്ങനെ മാറണമെന്ന് ആ ലേഖനം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. വെള്ളിയാഴ്ചയുടെ സൂര്യൻ ഓരോ പ്രാവശ്യവും നമ്മിൽ ഉദിക്കുമ്പോഴും ആ വിശേഷണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പക്ഷേ, അത് നാം വേണ്ടവിധത്തിൽ ചിന്തിച്ച് മനസ്സിലാക്കിയിട്ടില്ല. ‘അവർ പറഞ്ഞു: അല്ലയോ ദുൽഖർനൈൻ യഅ്ജൂജും-മഅ്ജൂജും ഈ നാട്ടിൽ നാശം വ്യാപിപിച്ചുകൊണ്ടിരിക്കുന്നു. താങ്കൾ അവർക്കും ഞങ്ങൾക്കുമിടയിൽ ഒരു സുരക്ഷാമതിൽ പണിതുതരുന്നതിന് ഞങ്ങൾ താങ്കൾക്ക് കരം തന്നുകൊള്ളട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ നാഥൻ എനിക്ക് നൽകിയിട്ടുള്ളതുതന്നെ ധാരാളമുണ്ട്. നിങ്ങളെന്നെ അധ്വാനം കൊണ്ട് മാത്രം സഹായിക്കുവിൻ’ (അൽകഹ്ഫ് : 94-95).

ദുൽഖർനൈൻ വന്നെത്തിയപ്പോൾ സമൂഹം അദ്ദേഹത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. അവർ സഹായം ആവശ്യമുള്ളവരായിരുന്നു. അതവർക്ക് വീണുകിട്ടിയ അവസരവുമായിരുന്നു. അവരുടെ ബുദ്ധിമുട്ടുകളും, അതിനുള്ള പരിഹാരവുമെല്ലാം അവർ ദുൽഖർനൈനിന് അന്വേഷിച്ച് കണ്ടെത്താൻ വിട്ടുകൊടുക്കുകയായിരുന്നില്ല. അവർ അവരുടെ കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിക്കുകയും, അവരുടെ പ്രശ്നങ്ങൾ കൃത്യപ്പെടുത്തുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ അടുക്കലേക്ക് പോവുകയായിരുന്നു. അത് അദ്ദേഹത്തിന് വ്യക്തമാവുകയും ചെയ്തു. അവരുടെ പ്രശ്നം യഅ്ജൂജ്-മഅ്ജൂജായിരുന്നു. അത് പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു. അവർ ഭൂമിയിൽ വിനാശം വിതക്കുന്നത് അവസാനിപ്പിക്കുന്ന വലിയ മതിൽ നിർമുക്കുന്നതിന് തങ്ങളുടെ കായിക പരിശ്രമവും, കരവും നൽകാമെന്ന് അദ്ദേഹത്തിന് മുന്നിൽ സമൂഹം നിർദേശം വെക്കുകയായിരുന്നു.

പുതിയ സ്വഭാവ ഗുണങ്ങളിലൂടെ പുതിയ ജീവിതം പടുത്തുയർത്താം:
ദുൽഖർനൈൻ സംഭവത്തിന് വിശുദ്ധ റമദാനുമായി സാമ്യമുണ്ട്. അത്, ആ സമൂഹത്തിന് ദുൽഖർനൈനിനെ ലഭിച്ചതുപോലെ, എപ്പോഴും ലഭ്യമാകുന്ന അവസരമല്ല. നാം ഉപയോഗപ്പെടുത്തുന്നതിന് നമ്മിലേക്ക് വന്നെത്തിയ അവസരമാണത്. നമ്മെ സഹായിക്കുന്നതിനും, പരിഷ്കരിക്കുന്നതിനുമായി നമ്മിലേക്ക് വന്നെത്തിയ ആ അവസരത്തിന് നാം ഉത്തരം നൽകേണ്ടതുണ്ട്. നമ്മുടെ ന്യൂനതകളും, തെറ്റുകളും മനസ്സിലാക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാരണം നാം സഹായം ആവശ്യമുള്ളവരും, മാറ്റത്തിനായി തയാറെടുക്കുന്നവരുമാണ്. മാന്യരെ, യഅ്ജൂജ്-മഅ്ജൂജ് പ്രശ്നത്തെ പോലെ നമ്മെ നശിപ്പിച്ച് കളയുന്ന പ്രശ്നത്തെ നാം വ്യക്തമായി തിരിച്ചറിയുന്നില്ലായെങ്കിൽ നമ്മിലേക്ക് വന്നെത്തിയ വിശുദ്ധ റമദാനെന്ന അവസരത്തെ ഉപയോഗപ്പെടുത്തുന്നതിൽ ഒരുപക്ഷേ നാം പരാജയപ്പെട്ടുപോകുന്നതായിരിക്കും. നമ്മുടെ കുന്നുകൂടിയ തെറ്റുകളെയാണ് യഅ്ജൂജ്-മഅ്ജൂജ് ചിത്രീകരിക്കുന്നത്. അതിനാൽ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. റമദാൻ വിടവാങ്ങിയാൽ റമദാനിന്റെ സ്വാധീനം അവസാനിക്കാതിരിക്കുന്നതിന് പ്രശ്നങ്ങളെ പ്രത്യേക സാഹചര്യങ്ങളിലേക്ക് മാത്രം ചുരുക്കാതിരിക്കുക. തുടർന്ന് മാറ്റത്തിനായി തയാറെടുക്കുക. ആ മാറ്റമെന്നത് നിങ്ങൾ റമദാനിന് (പ്രശ്നങ്ങള് ദുരീകരിച്ച് തരുന്നതിന്) കരമായോ പകരമായോ നൽകേണ്ടതിൽ നിങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് കാരണമാകുന്നു. അതിനാൽ, നിങ്ങൾക്കും നിങ്ങളുടെ തെറ്റുകൾക്കുമിടയിൽ വിശുദ്ധ റമദാൻ വലിയൊരു മതിൽ നിർമിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും, ക്ഷമിക്കുകയും, പ്രാർഥിക്കുകയും ചെയ്യുക.

Also read: റസൂൽ (സ) യെ കരയിച്ച ആയത്ത്

എന്തൊന്നാണ് പതിനൊന്ന് മാസങ്ങളിൽ നിങ്ങളെ തിന്നുകൊണ്ടിരുന്നതെന്ന് നിങ്ങൾ കണ്ടെത്തുക. ക്ഷമിക്കാൻ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്നം? അതല്ല, ഒരു കാര്യത്തിൽ ഉറച്ച് നിൽക്കാൻ കഴിയുന്നില്ലെന്നതാണോ നിങ്ങളുടെ പ്രശ്നം?  അതുമല്ല, സംതൃപ്തിയില്ലാതിരിക്കുക, ദേഷ്യപ്പെടുക, നാവിനെ നിയന്ത്രിക്കാൻ കഴിയാതിരിക്കുക എന്നതാണോ നിങ്ങളുടെ പ്രശ്നം? നിങ്ങൾക്കാണ് നിങ്ങളെ കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും കഴിയുന്നത്. അതിനാൽ, നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നമെന്തെന്ന് നിങ്ങൾ കണ്ടെത്തി അതിനെതിരെ പ്രവർത്തിക്കുക. നിങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോവുകയും ചെയ്യുക. മുപ്പത് ദിനങ്ങളെന്നത് പുതിയ ശീലങ്ങൾ പതിവാക്കുന്നതിനുള്ള അവസരമാണ്.

മുപ്പത് ദിവസങ്ങളുണ്ട് എന്നതല്ല, സുന്നത്തുകളെ ജീവിപ്പിക്കുകയെന്നതാണ് റമദാൻ:
ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് മൂലം ഈ വർഷത്തെ റമദാൻ വ്യതിരിക്തമാണ്. എല്ലാവരും വീട്ടിലിരിക്കുകയാണ്. നിങ്ങളുടെ ആത്മീയതയും, തറാവീഹ് നമസ്കാരവുമെല്ലാം അവിടെയാണ്. ഇത് നിങ്ങളുടെ മനസ്സിനെ സംസ്കരിക്കാനും, മാറ്റിപണിയാനുമുള്ള ഏറ്റവും നല്ല അവസാരമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ഈയൊരു സന്ദർഭത്തിൽ നമുക്ക് തനിച്ചിരുന്ന് കൂടുതലായി നമ്മുടെ സ്വഭാവത്തിലേക്കും, വ്യക്തിത്വത്തിലേക്കും മടങ്ങിചെല്ലാൻ കഴിയുന്നു. കൂടാതെ, നമ്മെ ഉത്ബോധിപ്പിക്കണമെന്നോ, ബോധവത്കരിക്കണമെന്നോ അടിസ്ഥാനമില്ലാത്ത മേച്ഛമായ മാധ്യമങ്ങളിൽ നിന്നകന്ന് പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാനും, നമ്മുടെ കേൾവിയെയും, മനസ്സിനെയും വിശുദ്ധ ഖുർആനിന് വിട്ടുകൊടുക്കാനും കഴിയുന്നു.

മാന്യരെ, ദുനിയാവിന്റെ അവസ്ഥയെന്നത് ചിലർ അവരുടെ ജോലികളിലും, പഠനങ്ങളിലും വ്യാപൃതരാകുന്നുവെന്നതാണ്, മറ്റുചിലർ അവരുടെ മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ച് കഴിഞ്ഞുകൂടുന്നുവെന്നതാണ്. വളരെ കുറച്ച് പേർ മാത്രമാണ് അല്ലാഹുവിന്റെ സാമീപ്യം തേടികൊണ്ട് അവനിലേക്ക് അടുക്കുന്നത്; ഖുർആനിലേക്ക് മടങ്ങുന്നത്. നിശ്ചയദാർഢ്യത്തോടെയും, മനസ്സാന്നിധ്യത്തോടെയും, ഭയഭക്തിയോടെയും, സംതൃപ്തിയോടെയും നിങ്ങൾ ചെയ്യുന്ന ഓരോ നന്മയും അല്ലാഹു സ്വീകരിക്കുകയും, അത് നിങ്ങളുടെ സ്വർഗ പ്രവേശനത്തിന് കാരണമാവുകയും ചെയ്യുന്നതാണ്. നാം സ്വർഗത്തിൽ പ്രവേശിക്കുന്നത് നമ്മുടെ പ്രർത്തനങ്ങൾ കൊണ്ടല്ല; അവന്റെ കാരുണ്യം കൊണ്ടാണ്. നായക്ക് കുടിക്കാൻ വെള്ളം നൽകിയ മനുഷ്യൻ സ്വർഗത്തിൽ പ്രവേശിച്ചത് നിങ്ങൾക്ക് അറിയില്ലേ? നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നന്മയിലുള്ള വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത്. ഇപ്രകാരമാണ് റമദാൻ നിങ്ങളെ മാറ്റിപണിയേണ്ടത്. അങ്ങനെ വിശുദ്ധിയെന്തെന്ന് നിങ്ങൾ അനുഭവിക്കുന്നു. നിങ്ങളിലൂടെ പ്രശാന്തത പരക്കുന്നു. പിന്നീട് ഒരിക്കലും, ഈ അനുഭവങ്ങൾ വെടിയുകയെന്നത് നിങ്ങൾക്ക് നിസാരമായി കാണാൻ കഴിയുകയില്ല. എന്നെ വിശ്വിസിച്ചാലും!

വിവ: അർശദ് കാരക്കാട്

Related Articles