Current Date

Search
Close this search box.
Search
Close this search box.

ദൈവത്തിന്റെ ശക്തിയോ മനുഷ്യരുടെ ദൗര്‍ബല്യമോ ?

” വിശ്വാസികളുടെ ദൈവം എന്നും ദുർബലനാണ്. മനുഷ്യരുടെ ദുരന്തങ്ങൾ കാണാൻ ദൈവം വരാറില്ല. ലോകം മുഴുവൻ ഭീതി പരത്തി കൊറോണ മുന്നേറുന്നു. വയലാർ പറഞ്ഞത് പോലെ ദൈവം എവിടെയോ മറയുന്നു”. സമാന രീതിയിലുള്ള പല മെസ്സേജുകളും വന്നു കൊണ്ടിരിക്കുന്നു. കൊറോണ ദൈവത്തിന്റെ പരാജയമായി ആഘോഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടിലെ ദൈവ നിഷേധികൾ.

ലോകത്തു എന്നും ദുരന്തങ്ങൾ നില നിന്നിട്ടുണ്ട്. യുദ്ധം പട്ടിണി പ്രളയം വളർച്ച എന്നിവ എന്നും ലോകം നേരിട്ടിട്ടുണ്ട്. അതെല്ലാം മറ്റു പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്താൻ മാത്രം പോന്നതായിരുന്നില്ല. കേരളക്കാരൻ എന്ന നിലയിൽ ലോകത്തിൽ നടക്കുന്ന ഒന്നും നമ്മെ ബാധിച്ചിരുന്നില്ല. ഒരിക്കൽ ലോകത്തെ വിറപ്പിച്ച എയ്ഡ്സ് പോലും നമ്മെ അത്ര കണ്ടു ബാധിച്ചില്ല. പക്ഷെ കൊറോണ അങ്ങിനെയല്ല. അത് ലോകത്തെ മുഴുവൻ ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ചില്ലെങ്കിലും അതിന്റെ ഭീതി എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട് .

പലപ്പോഴും ഭൂമിയിൽ ദുരന്തം ഉണ്ടാകുന്നത് മനുഷ്യന്റെ നടപടി ക്രമങ്ങൾ കൊണ്ട് തന്നെയാണ്. ” നിങ്ങളില്‍ കുറ്റംചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആപത്തുളവാക്കുന്ന അധര്‍മങ്ങളെ ഭയപ്പെടുവിന്‍” എന്നത് ദൈവം മനുഷ്യന് നൽകിയ മുന്നറിയിപ്പാണ്. ഈ ഖുർആനിക വാക്യത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഇങ്ങിനെ വായിക്കാം ” സാമൂഹികവിപത്തുകളാണിവിടെ വിവക്ഷ- പകര്‍ച്ചവ്യാധിപോലെ പരക്കെ പടര്‍ന്നുപിടിക്കുന്നതും കുറ്റംചെയ്തവരെ മാത്രമല്ലാതെ, കുറ്റവാളികളുടെ സമൂഹത്തില്‍ സ്വസ്ഥതയോടെ വര്‍ത്തിക്കുന്നവരെക്കൂടി ബാധിക്കുന്നതുമായ സാമൂഹിക വിപത്തുകള്‍.

Also read: ലോകം കോവിഡ് ഭീതിയിലമരുമ്പോള്‍

ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം: ഒരു നഗരത്തില്‍ അങ്ങിങ്ങായി, പരിമിതമായ തോതില്‍മാത്രം അഴുക്കുകള്‍ കെട്ടിക്കിടക്കുന്നുവെങ്കില്‍ അതിന്റെ ദൂഷ്യം പരിമിതമായിരിക്കും. സ്വന്തം ശരീരവും വീടും മലിനമാക്കിവെച്ച വ്യക്തികളെമാത്രമേ അത് ബാധിക്കുകയുള്ളൂ. എന്നാല്‍, അഴുക്ക് പരക്കെ വ്യാപിക്കുകയും, അതു തടയാനോ ശുചീകരണപ്രവര്‍ത്തനം നടത്താനോ നഗരത്തിലാരും മുന്നോട്ട് വരാതിരിക്കുകയുമാണെങ്കില്‍ വായുവിലും വെള്ളത്തിലും നിലത്തും സര്‍വത്ര വിഷാണുക്കള്‍ പരക്കും. അതുണ്ടാക്കുന്ന സാംക്രമികരോഗം അഴുക്ക് പരത്തിയവരെയും അഴുക്കുപുരണ്ടവരെയും അഴുക്കുമയമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരെയുമെല്ലാം ഒന്നിച്ചു പിടികൂടുന്നതുമായിരിക്കും. ധാര്‍മികമാലിന്യങ്ങളുടെ അവസ്ഥയും അതുപോലെയാണ്. സജ്ജനങ്ങള്‍ നിഷ്‌ക്രിയത്വം കൈക്കൊണ്ട് വ്യക്തിഗത നന്മകളില്‍ സംതൃപ്തരായും സാമൂഹിക തിന്മകളെക്കുറിച്ച് മൗനം ദീക്ഷിച്ചും കഴിഞ്ഞുകൂടുമ്പോള്‍ സമൂഹം സമഗ്രവും സാര്‍വത്രികവുമായ നാശത്തിനിരയായിത്തീരുന്നു. പാപികള്‍ മാത്രമല്ല, പാപം ചെയ്യാത്തവരും ആ സാമൂഹിക വിപത്തില്‍പെട്ട് നാശമടയുന്നു. ……….സ്വന്തം നിലയില്‍ തിന്മ ചെയ്യാത്തവരും തിന്മ പരത്തുന്നതില്‍ പങ്കുവഹിക്കാത്തവരും സ്വകാര്യ ജീവിതത്തില്‍ നല്ലവരുമായ ഒട്ടേറെ വ്യക്തികള്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നതുകൊണ്ടുമാത്രം ആ ഭവിഷ്യത്ത് തടുക്കാനാവില്ല.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ഇത് പകർച്ച വ്യാധിയാണ് എന്നത് കൊണ്ട് തന്നെ പരമാവധി സൂക്ഷ്മത പുലർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുക. എങ്ങിനെയാണ് കേരളത്തിൽ ഈ വൈറസ് എത്തിയത്. രോഗമുള്ള സ്ഥലത്തു നിന്നും ആളുകളുടെ വരവാണ് ഈ രോഗം നമ്മുടെ നാട്ടിലെത്തിച്ചത്. നമ്മുടെ നാട്ടിൽ ഓരോ കൊല്ലവും പുതിയ രോഗങ്ങൾ ഉണ്ടായി വരുന്നു. അതിനു മുഖ്യ കാരണമായി പറയുന്നത് മനുഷ്യരുടെ ജീവിത ശൈലി തന്നെയാണ്. ” മനുഷ്യന്റെ കൈകടത്തൽ മൂലം കരയിലും കടലിലും നാശമുണ്ടായി”എന്നാണു ഖുർആൻ പറയുന്നത്. ദൈവം ലോകത്തിനു ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്. ക്രമത്തെ മനുഷ്യൻ താളം തെറ്റിക്കുമ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടാകുക എന്നത് സാധാരണം മാത്രം. സൗകര്യം എന്ന രീതിയിൽ മനുഷ്യൻ കണ്ടെത്തിയ ഒന്നാണ് പ്ലാസ്റ്റിക്. ഇന്ന് മനുഷ്യ ജീവിതത്തിനു വലിയ പ്രതിസന്ധിയായി തീർന്നതും ഈ പ്ലാസ്റ്റിക് തന്നെ. വ്യാവസായിക വിപ്ലവത്തിന് മുമ്പ് കാൻസർ എന്നൊരു രോഗം ഉണ്ടായിട്ടില്ല എന്നൊരു പഠനവും വായിച്ചിട്ടുണ്ട്.

ദൈവം മനുഷ്യന് നടപടി ക്രമം പഠിപ്പിച്ചു. ആ ക്രമം മനുഷ്യന് എന്നും ഗുണകരമാണ്. അതെ സമയം ആ ക്രമത്തെ അറിഞ്ഞു കൊണ്ട് തന്നെ മനുഷ്യൻ തകർക്കുന്നു. ഇല്ലാത്ത ദൈവത്തെ കുറിച്ച് എന്തിനാണ് ദൈവ നിഷേധികൾ ആകുലപ്പെടുന്നത്. അവരുടെ കണക്കിൽ ഈ ലോകത്തു നടക്കുന്ന ഒന്നിനും ദൈവത്തിനു പങ്കില്ല. ഇല്ലാത്ത ഒന്നിനെ തിരയുന്ന സമയം കൊണ്ട് അവർ വേണ്ടത് ഇപ്പോഴുള്ള അവസ്ഥക്ക് പരിഹാരം കാണലാണ്. ഓരോ കണ്ടു പിടുത്തവും ദൈവത്തെ തോൽപ്പിക്കാനാണ് അവർ ഉപയോഗിക്കുന്നത്. അതെ സമയം മനുഷ്യർ എത്ര ഉന്നതി പ്രാപിച്ചാലും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ല എന്ന തിരിച്ചറിവാണ് വിശ്വാസികൾക്ക് നൽകുന്നത്. കൊറോണ വൈറസ് എല്ലാ അതിർവരമ്പുകളും ലംഘിച്ചു മുന്നേറുകയാണ്. ലോകത്തെ കൈക്കുമ്പിളിൽ ഒതുക്കി എന്ന് വീമ്പു പറയുന്ന മനുഷ്യൻ മരണത്തിനു മുന്നിൽ നിസ്സഹായനാകുന്നു.

വിശ്വാസികളുടെ ദൈവം അതി ശക്തനും നീതിമാനുമാണ്. ലോകത്തെ കീഴടക്കി എന്ന് വീമ്പു പറയുന്ന മനുഷ്യനോട് ഒരു ചെറിയ പനിയും ജലദോഷവും പോലും പ്രതിരോധിക്കാൻ അവനു കഴിയുന്നില്ല എന്നത് ദൈവത്തിന്റെ ശക്തിയെയാണോ മനുഷ്യന്റെ ദുര്ബലതയാണോ കാണിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും .

Related Articles