Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ പഠിപ്പിക്കാത്ത ഭക്ഷണ മാതൃകകള്‍

കുറെ ദിവസത്തിനു ശേഷമാണു ഫൗസിയയെ കണ്ടത്. ഭര്‍ത്താവിന്റെ വീട്ടിലെ കുശലം അന്വേഷിച്ച കൂട്ടത്തില്‍ ഭക്ഷണ രീതിയെ കുറിച്ചും റംല ചോദിച്ചു ‘എന്നും ചുരങ്ങ കറിയുണ്ടാവും. ചുരങ്ങ എല്ലാ കറിയിലും ചേര്‍ക്കും’ ഫൗസിയയുടെ വാക്കില്‍ അത്ഭുതം കൂറിയ റംലയോട് ഫൗസിയ പറഞ്ഞത് ‘ മുഹമ്മദ് നബിക്ക് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു ചുരങ്ങ’ എന്നായിരുന്നു.

പ്രവാചക സ്‌നേഹത്തിന്റെ മറ്റൊരു രീതി ആരംഭിച്ചിരിക്കുന്നു. പ്രവാചകന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍ സുന്നത്താണ് എന്ന് പറയുന്ന പ്രമാണം നാം കണ്ടിട്ടില്ല. ഭക്ഷണം വസ്ത്രം എന്നിവ ഓരോ നാടുമായി ബന്ധപ്പെട്ടതാണ്. അറേബ്യന്‍ ഭക്ഷണ രീതിയല്ല നമ്മുടേത്, വസ്ത്ര ധാരണ രീതിയും. ഭക്ഷണത്തിലെ ഇസ്ലാം രണ്ടു കാര്യങ്ങളാണ്. ഒന്ന് അത് ഹലാലാവണം, അതായത് അനുവദനീയ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാവണം. അതു പോലെ തന്നെ ഇസ്ലാം നിഷിദ്ധമാക്കിയ ഭക്ഷണമാകരുത്. മറ്റൊന്ന് നല്ലതാവണം. അതായത് കേടുവരാത്തത്. അത് പോലെ വസ്ത്രധാരണത്തിലെ ഇസ്ലാം അത് ശരീരം മറക്കുന്നതാവണം. ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ പുറത്തു കാണിക്കുന്നതാവരുത്.

പ്രവാചകന്റെ ഭക്ഷണ രീതിയില്‍ പിന്‍പറ്റാന്‍ പറഞ്ഞ കാര്യങ്ങള്‍ മിതമായ ഭക്ഷണം എന്നതാണ്. അതിലപ്പുറം പ്രവാചകന്‍ ഭക്ഷിച്ചിരുന്ന ഇന്ന സാധനം കഴിക്കല്‍ സുന്നത്താണ് എന്ന് പറയാന്‍ കഴിയില്ല. പ്രവാചകന്‍ ധരിച്ചത് അറേബ്യന്‍ വസ്ത്ര രീതിയാണു. അത് തന്നെ ലോകത്തുള്ള എല്ലാവരും ധരിക്കണം എന്ന് പറയാനും നമ്മുടെ പക്കല്‍ തെളിവില്ല. അതെ സമയം അറേബ്യന്‍ വസ്ത്ര ധാരണ രീതി സ്വീകരിച്ച ആളുകളെ ഇന്ന് കേരളത്തില്‍ സുലഭമായി കാണാം. ‘ആദത്തുകള്‍’ സുന്നത്ത് എന്ന നിലയില്‍ കാണാന്‍ കഴിയില്ല. ഒരാള്‍ക്ക് വേണമങ്കില്‍ സ്വയം ആചരിക്കാം. അത് ഒരു ചര്യയായി മറ്റൊരാളെ ഉപദേശിക്കാന്‍ കഴിയില്ല. പ്രവാചകന്‍ ഹജ്ജിനു പോകുമ്പോള്‍ ഇരുന്ന ഒരു മരത്തിന്റെ തണലില്‍ ഇരിക്കല്‍ ഇബ്‌നു ഉമര്‍ (റ)പതിവാക്കിയിരുന്നു. അങ്ങിനെ ചെയ്യണം എന്നദ്ദേഹം ഉപദേശിച്ചതായി കാണുന്നില്ല. പ്രവാചകന്‍ ചെരിപ്പിട്ടത് പോലെ ചെരുപ്പ് ധരിച്ചവര്‍ സഹാബികളില്‍ ഉണ്ടായിരുന്നു. അതും അവരില്‍ മാത്രമായി അവര്‍ ചുരുക്കി. അതൊരു ആചരിക്കേണ്ട സുന്നത്താണ് എന്ന് സഹാബത്തിനു അഭിപ്രായം ഉണ്ടായിരുന്നില്ല.

പ്രവാചക സ്‌നേഹത്തിന്റെ പുതിയ രീതികള്‍ നാട്ടില്‍ പൊട്ടി മുളക്കുകയാണ്. പ്രവാചക ചികിത്സ രീതി നാട്ടില്‍ സുലഭമായ മറ്റൊരു കാര്യമാണ്. ഹിജാമ ഒരു അറേബ്യന്‍ ചികിത്സ രീതിയാണ്. അത് എല്ലാവരും തുടരണം എന്ന് പ്രവാചകന്‍ ആഗ്രഹിച്ചിട്ടില്ല. പ്രവാചകന്‍ ചികിത്സ പഠിപ്പിക്കാന്‍ വന്നതല്ല. പ്രവാചകന്‍ ജീവിത രീതി പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിത രീതി. അതില്‍ ഇന്ന ഭക്ഷണം എന്നല്ല പഠിപ്പിച്ചത് അതെങ്ങിനെ കഴിക്കണം എന്ന രീതിയിലാണ്. വലതു കൈ കൊണ്ട് കഴിക്കുക അടുത്ത് നിന്നും കഴിക്കുക എന്നൊക്കെ അതില്‍ പെടും.

ചുരങ്ങ കഴിച്ചു മടുത്താണ് ഫൗസിയ വന്നത്. പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാന്‍ ഇസ്ലാം ആവശ്യപ്പെടുന്നില്ല. പ്രവാചകന്‍ ഉടുമ്പ് മാംസം കഴിച്ചിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. പ്രവാചകന്‍ കഴിച്ചില്ല എന്നത് കൊണ്ട് ഉടുമ്പ് മാംസം ഇസ്ലാം നിരോധിച്ചില്ല. പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാന്‍ നല്ലത് പ്രവാചകന്‍ കഴിച്ച ഭക്ഷണവും വസ്ത്രവും ധരിച്ചു കൊണ്ടല്ല. പ്രവാചകന്‍ കാണിച്ച ജീവിത മൂല്യങ്ങള്‍ പിന്‍തുടരലാണ്. നിശ്ചയം അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് നല്ല മാതൃകയുണ്ട് എന്ന് പറഞ്ഞത് പ്രവാചകന്റെ സ്വഭാവത്തെ കുറിച്ചും ജീവിത വിശുദ്ധിയെ കുറിച്ചുമാണ്. അത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് എല്ലാവര്‍ക്കും അറിയാം, അതിനാല്‍ അവര്‍ സുന്നത്തിനെ ഇങ്ങിനെ വ്യാഖ്യാനിച്ചു. അങ്ങിനെയാണ് നീളന്‍ കുപ്പായവും ചരങ്ങയുമൊക്കെ സുന്നത്തുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും. ജീവിത വിശുദ്ധി കൊണ്ട് നേടിയ ഭക്ഷണം എന്നതിന് വലിയ സ്ഥാനം കിട്ടിയില്ല. എങ്ങിനെയും സമ്പാദിക്കുക എന്നതില്‍ പ്രവാചക ചര്യയില്ല. അതെ സമയം ഇന്ന ഭക്ഷണം എന്നിടത്ത് പ്രവാചക സ്‌നേഹം കടന്നു വരികയും ചെയ്യുന്നു. പാവം ഫൗസിയ മരണം വരെ ചുരങ്ങ തിന്നു ജീവിക്കാന്‍ മാത്രമായി സുന്നത്ത് ചുരുങ്ങിയതില്‍ ദു:ഖിക്കാനെ അവള്‍ക് കഴിഞ്ഞുള്ളൂ.

Related Articles