Current Date

Search
Close this search box.
Search
Close this search box.

ഇടതിന് തുടർ ഭരണം സാധ്യമായാൽ ?

കേരളം പോളീംഗ് ബൂത്തിലേക്ക് പോവാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ, ഓരോ കവലയിലും നടക്കുന്ന ഏറ്റവും സജീവമായ ചർച്ച ഇടത്പക്ഷത്തിന് തുടർ ഭരണം ലഭിക്കുമൊ ഇല്ലേ എന്നതാണ്. നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ഒരു കാര്യം വ്യക്തം: ഏത് പാർട്ടി ഭരിച്ചാലും കുറേ നന്മകളും കുറേ തിന്മകളും ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ കയറിപിടിച്ച് തടർഭരണം വേണം എന്നും ഭരണകക്ഷിക്ക് വാദിക്കാം. പക്ഷെ തുടർ ഭരണത്തിന് ജനം തിട്ടുരം നൽകുന്നതോടെ സംഭവിക്കുന്ന അപകടം എന്താണെന്ന് മനസ്സിലാക്കിയാൽ, പിന്നട് വിരൽ കടിക്കേണ്ടി വരില്ല.

കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ, തുടർ ഭരണം ലഭിച്ച ബി.ജെ.പി.ചെയ്ത്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകൾ രാജ്യനിവാസികൾ ഒന്നടങ്കം അനുഭവിച്ച്കൊണ്ടിരിക്കുന്ന കാര്യം കൂടുതൽ വിശദീകരിക്കേണ്ടതില്ല. കർഷകർ മുതൽ ന്യുനപക്ഷ വിഭാഗങ്ങൾ വരേയും തൊഴിലാളികൾ മുതൽ ഇടത്തരക്കാർ വരേയും തുടർഭരണത്തിൻറെ കയ്പ് വേണ്ടത്ര അനുഭവിച്ച്കൊണ്ടിരിക്കുന്നവരാണ്. ഇനി രാഷ്ട്രന്തരീയ തലത്തിലേക്ക് നോക്കൂ. അമേരിക്കൻ തെരെഞ്ഞെടുപ്പിൽ റപ്പബ്ളിക്കൻ പാർട്ടിക്കും അതിനെ നയിക്കുന്ന ട്രംപിനും തുടർ ഭരണം ലഭിച്ചിരുന്നെങ്കിൽ ലോകത്തിൻറെ ഗതി എന്തായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യം.

ഈയൊരു സാഹചര്യത്തിലാണ്, കേരളത്തിൽ തുടർ ഭരണം ഉണ്ടായാൽ സംഭവിക്കുന്ന അനർത്ഥങ്ങളെ കുറിച്ച മുൻകൂട്ടി മനസ്സിലാക്കേണ്ടത്. കേരളീയ സമൂഹത്തിൻറെ നവോത്ഥാനത്തിൽ ഇടത്പക്ഷ പ്രസ്ഥാനങ്ങളുടെ സംഭാവനകൾ കുറച്ച് കാണുക സാധ്യമല്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഇടത്പക്ഷത്തിൻറെ പ്രവർത്തനങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടേണ്ടത് തന്നെ. പക്ഷെ അത് തുടർ ഭരണത്തിനുള്ള മാൻഡേറ്റ് ആകാൻ പാടില്ല. കാരണം അധികാരം മനുഷ്യനെ ദുശിപ്പിക്കുമെന്ന് പറഞ്ഞത് പോലെ, കൂടുതൽ അധികാരം കൂടുതൽ ദുശിപ്പിക്കുകയാണ് ചെയ്യുക.

എൽ.ഡി.എഫ്. സർക്കാറിൻറെ ഭരണ നേട്ടത്തോടൊപ്പം ഒട്ടേറെ കോട്ടങ്ങളും ഉണ്ടായിരുന്നുവെന്ന കാര്യം എല്ലാവരും സമ്മതിക്കും. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻറെ കടുത്ത സമ്മർദ്ദത്തിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി അധികാരത്തിലിരുന്നത്. ഏത് സമയവും തലക്ക് മുകളിൽ തൂങ്ങിനിൽക്കുന്ന ലാവ്ലിൻ അഴിമതി കേസ് ഒരുവശത്ത്. കേന്ദ്ര സമ്മർദ്ദത്തിൽ നിയോഗിക്കപ്പെടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ മറുവശത്തും. ഇതിന് രണ്ടിനുമിടയിൽ അകപ്പെട്ട് ആടിയുലയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത്പക്ഷം ഭരണമെന്ന് സ്വന്തം സഖാക്കൾ വരെ സമ്മതിക്കും.

കൂടാതെ അധികാരത്തിൻറെ തണലിൽ രൂപപ്പെടുന്ന സ്വതസിദ്ധമായ നിരവധി അഴിമതികൾ വേറേയും. പാർട്ടി പക്ഷപാതത്തിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും നഷ്ടപ്പെട്ട്പോയ സർക്കാർ ഉദ്യോഗങ്ങളിലൂടെ നിരവധി യുവാക്കളുടെ കണ്ണീർതുള്ളികൾ നിറഞ്ഞ മണ്ണാണ് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം. ഏത് കൈലേസുകൾകൊണ്ടാണ് ആ കണ്ണീരുകൾ തുടച്ച്നീക്കാൻ കഴിയുക? ന്യൂനപക്ഷങ്ങൾ ലഭിക്കേണ്ട സംവരണ കാര്യത്തിലും ഒട്ടേറെ തിരിമറികൾ നടത്തിയത് പരസ്യമായ കാര്യമാണ്.

അന്യായമായ ഏറ്റ്മുട്ടലുകൾ, ജയിൽ പീഡനങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഭവന നിർമ്മാണത്തിലെ അഴിമതി, ഭീമമാകയ കടബാധ്യതകൾ, സ്വർണ്ണക്കടത്ത്, ശബരിമല പ്രശ്നം, ആഴിക്കടൽ വിറ്റഴിക്കൽ, യാതൊരു നിയന്ത്രണങ്ങളില്ലാത്ത കടമെടുപ്പ് തുടങ്ങി അഴിമതിയുടെ സർവ്വകാല റികാർഡുകൾ വർധിച്ചരിക്കുകയാണ്. ഈ അഴിമതികളിൽ പകുതി എങ്കിലും യൂ.ഡി.എഫ്. ഭരിക്കുന്ന കാലത്താണ് സംഭവിച്ചിരുന്നതെങ്കിൽ, ഇടത്പക്ഷം ഭരണ കേന്ദ്രങ്ങൾ സ്തംഭിപ്പിക്കുമായിരുന്നു.

യു.ഡി.എഫിനെ സംബന്ധിച്ചേടുത്തോളം ഇത് നിർണ്ണായക സന്ദർഭമാണ്. ഇനി അഞ്ച് വർഷം കൂടി ഭരണമില്ലാതിരുന്നാൽ പകരം വരുന്നത് ബി.ജെ.പി.യായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതാകട്ടെ കോൺഗ്രസ് മുക്ത കേരളമെന്ന അവസ്ഥയിലേക്കായിരിക്കും നമ്മെ എത്തിക്കുക. ഇത് ഫാസിസ്റ്റ് ശക്തികളെ സംബന്ധിച്ചേടുത്തോളം ഇരട്ടപ്പെരുന്നാളിൻറെ മാധുര്യമായിരിക്കും നുണയുക. ആദ്യം മുഖ്യപ്രതിപക്ഷമാവാൻ അവസരം ലഭിക്കുന്നു. ശേഷം എൽ.ഡി.എഫി.നെ പുറംതള്ളി ഭരണത്തിൽ കയറാം. ഈ അവിഹിത ഡീലിന് അവസരം നൽകാതിരിക്കാൻ, എൽ.ഡി.എഫി.ന് തുടർഭരണം ലഭിക്കരുതെന്ന് മാത്രമല്ല, ഈ കാര്യങ്ങളെല്ലാം മുന്നിൽവെക്കുമ്പോൾ, പ്രബുദ്ധരായ വോട്ടർമാർ ഇടത്പക്ഷത്തെ ഇപ്രാവിശ്യം സൈഡാക്കുന്നതായിരിക്കും അനുയോജ്യമായ തീരുമാനം.

Related Articles