Current Date

Search
Close this search box.
Search
Close this search box.

എട്ടാം ദശകത്തിൻ്റെ ശാപവും ഇസ്രായേലും

ഇസ്രായേൽ അസ്തിത്വത്തിന് ഭീഷണിയായ എട്ടാം ദശകത്തിലെ ശാപത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?! അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബൂ ഉബൈദ അടുത്തിടെ നടത്തിയ പ്രസ്താവന ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടായിരുന്നു. “എട്ടാം ദശകത്തിന്റെ ശാപം” എന്ന വസ്തുത ഇസ്രായേലിലെ അധികാരിവർഗ്ഗവും പൊതുജനങ്ങളും വിശ്വസിക്കുന്നു. എട്ടാം ദശകം അധിനിവേശ ഭരണകൂടത്തിന്റെ തകർച്ചയെ സൂചിപ്പിക്കുന്ന ഒരു പദം. അതിന്റെ പൂർത്തീകരണത്തിന് അഞ്ച് വർഷം മാത്രം ശേഷിക്കുന്നു. പുരാതന ജൂത രാജ്യങ്ങൾ അവരുടെ എട്ടാം ദശകത്തിൽ അപ്രത്യക്ഷമാകുകയോ ശിഥിലമാകാൻ തുടങ്ങുകയോ ചെയ്തു എന്നതാണ് അവരുടെ വിശ്വാസം.

സയണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥികളായ തിയോഡോർ ഹർഷലും ബെൻഗൂരിയനും മതനിരാസ പ്രത്യയശാസ്ത്രത്തിൻ്റെ വക്താക്കളായിരുന്നു. പക്ഷേ ഈ രാഷ്ട്രീയ പ്രസ്ഥാനം യഹൂദർക്ക് ഒരു ദേശീയ മാതൃഭൂമി സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനു മതപരമായ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാവണമെന്ന് ഉറച്ചു വിശ്വസിച്ചു. കാരണം ഒരു കേന്ദ്ര ആശയമെന്ന നിലയിൽ മതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. കൂടാതെ അത് യഹൂദരെ താൽമുദിക് വ്യാഖ്യാനങ്ങളോട് വൈകാരികമായി ചേർത്തുനിർത്താനും യഹൂദ രാഷ്ട്രമെന്ന ആശയത്തെ യഥാർത്ഥത്തിൽ നിരാകരിച്ച യഹൂദ ധാരണകൾക്ക് അപ്പുറത്തേക്ക് കടക്കാനും സഹായിക്കും. പ്രവാസം എന്നത് ഒരു ദൈവിക ശിക്ഷയായി ഗണിക്കുന്നവരാണ് ജൂതരിൽ നല്ലൊരു ശതമാനം വിശ്വാസികൾ.

ഡോ. അബ്ദുൽ-വഹാബ് അൽ മസീരി പറഞ്ഞു: “ലക്ഷക്കണക്കിന് ജൂതന്മാരെ അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് പിഴുതെറിയുകയും അവരെ വെറുക്കുന്ന സമൂഹങ്ങൾക്കുള്ളിലെ ശത്രുരാജ്യത്തേക്ക് മാറ്റുകയും ചെയ്ത പ്രസ്ഥാനമാണ് സയണിസം. അതിനാൽ, പ്രശ്നം പരിഹരിക്കാൻ സയണിസം ജൂത വിശ്വാസത്തെ അവലംബിച്ചു. കുടിയേറ്റപ്പെട്ടവരുടെ വൈകാരികത ഉദ്ദീപിപ്പിക്കുകയായിരുന്നു അവർ”. അതിന്റെ അടിസ്ഥാനത്തിൽ പ്രവചനങ്ങൾ നടക്കുന്നു. തൽമുഡിക്, ജൂത പൈതൃകങ്ങൾ ഇസ്രായേലി സമൂഹത്തിന്റെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മുൻ പ്രധാനമന്ത്രി എഹൂദ് ബരാക്, കഴിഞ്ഞ വർഷം യെദിയോത്ത് അഹ്‌റോനോത്ത് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ, ആറ് വർഷത്തിനുള്ളിൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ തകർച്ചയെക്കുറിച്ചുള്ള ഭയം പ്രകടിപ്പിച്ചു. എട്ടാം ദശകത്തിലെത്തിയാൽ വരാനിരിക്കുന്ന ആഭ്യന്തര സംഘർഷങ്ങളെയും ഭിന്നതകളെയും വംശീയതയെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്നു ബറാക്ക്. ഇസ്രയേലിനുള്ളിൽ വിദ്വേഷവും വെറുപ്പും വംശീയതയുമാണ് ഇസ്രയേലിനെ തകർക്കുന്ന ഘടകങ്ങൾ. ബാഹ്യമായ ഭീഷണികളല്ല. തന്റെ ഭരണകൂടത്തിന്റെ തകർച്ചയെ ത്വരിതപ്പെടുത്തിയ കാരണങ്ങളാണിവ എന്ന് അദ്ദേഹം കരുതി. ബരാക്കിന് മുമ്പ്, 2017 ൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭാവിയിലെ അസ്തിത്വ അപകടങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകൾക്കായി ആഹ്വാനം ചെയ്തു. തന്റെ രാജ്യം ശതാബ്ദിയിലെത്തിയേക്കില്ലെന്ന ഭയം പ്രകടിപ്പിച്ചു. ഈ പ്രതിസന്ധികൾ മറികടക്കാനും രാജ്യത്തെ രക്ഷിക്കാനും അതികഠിനമായി പരിശ്രമിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകി.

അധിനിവേശ രാഷ്ട്രത്തിന്റെ എട്ടാം ദശകത്തിലെ അന്ത്യത്തെക്കുറിച്ചുള്ള സംസാരം രാഷ്ട്രീയ-മത വൃത്തങ്ങളിലും ജനങ്ങളിലും നടക്കുന്നു. പ്രത്യേകിച്ച് കിഴക്കൻ ജൂതന്മാർക്കിടയിൽ. അധിനിവേശ ഫലസ്തീനിന് പുറത്തുള്ള ജൂതന്മാർക്കിടയിലും ഈ സിദ്ധാന്തം ശരിവെക്കുന്നവരുണ്ട്. ഹെൻറി കിസിംജ്ഞർ ഉൾപ്പെടെയുള്ളയവർ അത്തരം ഒരു അന്ത്യം ആസന്നമാണ് എന്ന് വിശ്വസിക്കുന്നു. ജർമ്മൻ വംശജനായ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ഇസ്രായേൽ രാഷ്ട്രം പത്ത് വർഷത്തിന് ശേഷം നിലനിൽക്കില്ലെന്ന് ഒരു മുൻ പ്രസ്താവനയിൽ പ്രവചിച്ചിരുന്നു.

സയണിസ്റ്റ് അസ്തിത്വത്തെ നിരന്തരമായി വേട്ടയാടുന്നു ഈ ഭയാശങ്കകൾ. ഇസ്രായേലിൻ്റെആഭ്യന്തരം കലുഷിതമാണ്. മത ഗ്രൂപ്പുകളും രാഷ്ട്രീയ സ്ഥാപനങ്ങളും സാംസ്കാരിക നേതാക്കളും തമ്മിലുള്ള വൈരാഗ്യവും സ്പർധയും നിറഞ്ഞതാണ്. എപ്പോഴും ഒരു ആഭ്യന്തര സംഘർഷത്തിൻ്റെ സാഹചര്യം നിലനിൽക്കുന്നു. സമാധാനത്തിലോ സമാധാനപരമായ പരിഹാരങ്ങളിലോ വിശ്വസിക്കാത്ത തീവ്രവലതുപക്ഷത്തിന്റെ ഉദയവും വംശീയതയുടെ രൂക്ഷതയും ഫലസ്തീനികൾക്കൊപ്പം സമാധാനക്കരാറുണ്ടാക്കി ജീവിക്കാൻ അനുവദിക്കുന്നതല്ല.

മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി മോഷെ ദയാന്റെ മകളും എഴുത്തുകാരിയുമായ യേൽ മോഷെ ദയാൻ തന്റെ “ദ ഫേസ് ഓഫ് ദ മിറർ” എന്ന പുസ്തകത്തിൽ ഇസ്രായേൽ സമൂഹത്തിന്റെ വൃത്തികെട്ട മുഖത്തെക്കുറിച്ചും അതിന്റെ ശിഥിലീകരണത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ചും പറയുന്നു: “ദേശീയ വിള്ളലുകൾക്കിടയിലും മതപരവും വിഭാഗീയവും വർഗപരവുമായ വിള്ളലുകളാണ് ഇസ്രായേൽ രാഷ്ട്രത്തിന്റെ വരാനിരിക്കുന്ന തകർച്ചയ്ക്കുള്ള ഘടകങ്ങൾ രൂപപ്പെടുത്തുന്നത്. അല്ലെങ്കിൽ ചുരുങ്ങിയത്, ആഭ്യന്തര സംഘട്ടനത്തിന്റെ നിഴൽച്ചുഴിയിൽ ആപതിക്കുവാൻ നിമിത്തമാകുന്നത്”.

ജനസംഖ്യാപരമായ ഭീഷണിയും അവരുടെ ഭയം ശക്തിപ്പെടുത്തുന്നു. ഫലസ്തീനികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ജൂതന്മാരുടെ എണ്ണം വിപരീത കുടിയേറ്റവും കുട്ടികളുണ്ടാകാനുള്ള വിമുഖതയും കാരണം കുറയുന്നു. ഇസ്രായേൽ സ്ഥാപകർ സ്ഥാപിച്ച മൂല്യങ്ങൾ പരിഗണിക്കാത്തവരും അതിനായി പ്രയത്നിക്കാത്തവരുമായ ഒരു തലമുറയാണ് ഇസ്രയേലികളുടെ ഇപ്പോഴത്തെ തലമുറ എന്നതും ഇതിന് ബലമേകുന്നു. പകരം, അവരുടെ ഏറ്റവും വലിയ താത്പര്യം സുഖപ്രദമായ ജീവിതത്തിലും ആഡംബരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. അതനുസരിച്ച്, അധിനിവേശ ഫലസ്തീനിലെ പിരിമുറുക്കങ്ങളും യുദ്ധങ്ങളും മൂലമുള്ള റിവേഴ്സ് മൈഗ്രേഷനും (തിരികെയുള്ള കുടിയേറ്റം) ജനങ്ങൾക്കും അധിനിവേശ സർക്കാരിനും ഭീതിയുളവാക്കുന്ന ദുർഭൂതമാണ്.

ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അധിനിവേശ ഭരണകൂടത്തിന്റെ തകർച്ച ഡോ. അബ്ദുൽ വഹാബ് അൽ മസീരി പ്രവചിച്ചത്, അത് കൊളോണിയലിസം സൃഷ്ടിച്ച താല്പര്യാധിഷ്ഠിത രാഷ്ട്രമാണെന്നും അങ്ങനെ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയും തുടർച്ചയും മൂലം ഇല്ലാതാകുമെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ്. വിയറ്റ്നാമിൽ സംഭവിച്ചതിന് സമാനമായി, വിമോചന യുദ്ധങ്ങൾ ശത്രുവിനെ ദുർബലപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കൻ സൈന്യം നേരിട്ട് പരാജയപ്പെട്ടില്ല, പക്ഷേ ചെറുത്തുനിൽപ്പിൽ തളർന്നു പിന്മാറാൻ നിർബന്ധിതരായി.

അറബ്-ഇസ്ലാമിക ഭൂപ്രദേശത്തിൻ്റെ ഹൃദയഭാഗത്താണ് ഇസ്രായേലികൾ ജീവിക്കുന്നത് എന്നതിനാൽ, അവർക്ക് മുസ്ലീങ്ങളുടെ പ്രമാണങ്ങളിൽ വന്ന പ്രവചനങ്ങളുമായി സമ്പർക്കം ഉണ്ടാവുക സ്വാഭാവികമാണ്. ഖുർആനിലും പ്രവാചക വചനങ്ങളിലും യഹൂദികളുടെ അധികാരശക്തി അസ്തമിക്കുമെന്ന യാഥാർത്ഥ്യം അവരിൽ നിന്ന് മറച്ചുവെച്ചിട്ടില്ല. ശൈഖ് അഹമ്മദ് യാസീൻ, തന്റെ രക്തസാക്ഷിത്വത്തിന് മുമ്പ്, അൽ ജസീറയിൽ മാധ്യമപ്രവർത്തകൻ അഹമ്മദ് മൻസൂറുമായി നടത്തിയ സംവാദത്തിൽ, അദ്ദേഹം നടത്തിയ പ്രവചനം ഇസ്രായേലി മാസസികാവസ്ഥയെ സ്വാധീനിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല. 2027 ൽ അധിനിവേശ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കും. ഖുർആനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം പരാമർശം അദ്ദേഹം നടത്തിയത്. ഓരോ നാൽപ്പത് വർഷത്തിലും തലമുറകൾ മാറുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ, ആദ്യത്തേ നാല്പത് നക്ബ തലമുറയെ പ്രതിനിധീകരിച്ചു. രണ്ടാമത്തേത് പ്രതിരോധ തലമുറയെ പ്രതിനിധീകരിച്ചു. മൂന്നാമത്തേത് വിജയം വരിക്കുന്ന തലമുറയായിരിക്കും വരിക. ഈ പ്രസ്താവന സയണിസ്റ്റുകളെ വേട്ടയാടുന്ന എട്ടാം ദശകത്തിന്റെ ശാപവുമായി പൊരുത്തപ്പെടുന്നു, കാരണം ഈ സമയം ജൂത രാഷ്ട്രം സ്ഥാപിച്ചതിന് ശേഷമുള്ള എട്ട് പതിറ്റാണ്ടുകളുടെ അവസാനത്തെ പ്രതിനിധീകരിക്കുന്നു.

അധിനിവേശ രാഷ്ട്രം നാശമടയും തീർച്ച. “അധിനിവേശ രാജ്യം എപ്പോൾ അവസാനിക്കും?” എന്നത് ഒരു സമയത്തിൻ്റെ പ്രശ്നം മാത്രം. എന്നാൽ അൽ-അഖ്‌സ ഫ്ലഡ് ഓപ്പറേഷൻ അന്യൻ്റെ ഭൂമി കവർന്നുണ്ടാക്കിയ ഇസ്രായേലിൻ്റെ അന്ത്യത്തെക്കുറിച്ച ചർച്ച ത്വരിതപ്പെടുത്തിയിരിക്കുന്നു. അധിനിവേശത്തിന്റെ ഗാംഭീര്യവും “അജയ്യമായ സൈന്യം” എന്ന മിഥ്യയും തറപറ്റിയിരിക്കുന്നു. ഗസ്സയിലെ ചെറുത്തുനിൽപ്പ് അവരുടെ രഹസ്യാനേഷണ വിഭാഗത്തിൻ്റെ ദൗർബല്യം തുറന്ന് കാട്ടിയിരിക്കുന്നു. ഇസ്രായേലി പൊതുജനാഭിപ്രായം നെതന്യാഹുവിന്റെ സർക്കാരിനും നയങ്ങൾക്കുമെതിരെയുള്ള കലാപക്കൊടി ഉയർത്തിയിരിക്കുന്നു. പ്രത്യേകിച്ച് തടവുകാരുടെ വിഷയത്തിൽ.

അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.(സൂറ: യൂസുഫ് 21 )

 

വിവ: എം.ബി.അബ്ദുർ റഷീദ് അന്തമാൻ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles