Columns

സത്യസാക്ഷ്യം (ശഹാദത്ത് ) നിർവ്വഹിക്കുക

“അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു വ അ ശ്ഹദുഅന്ന മുഹമ്മദുർറസൂലുല്ലാഹ്”(അല്ലാഹുവല്ലാതെ ദൈവമില്ല മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു) എന്ന പരിശുദ്ധ വചനം മനസ്സിൽ ഉറപ്പിച്ച് നാവുകൊണ്ടുച്ചരിച്ച് പ്രവർത്തനം കൊണ്ട്  ദൃഢീകരിക്കുമ്പോഴാണല്ലോ ഒരാൾ സത്യവിശ്വാസി ആയിത്തീരുന്നത്. അതിനർത്ഥം ഒരാൾ മുസ് ലിം ആവുന്നതോടെ തന്നെ അയാൾ ഇസ് ലാമിക പ്രവർത്തകനും ആയിത്തീരുന്നു എന്നാണ്. അഥവാ ഈ “കലിമ ” മൊഴിയുന്നതോടെ നാം വ്യക്തി,കുടുബം, സമൂഹം, രാഷ്ട്രം തുടങ്ങി ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നന്മക്കും നീതിക്കും വേണ്ടി നിലകൊള്ളാൻ കടപ്പെട്ടിരിക്കുന്നു. അപ്പഴേ നമ്മിെലെ ഈമാനും ഇസ് ലാമും വളരുകയുള്ളു.

നന്മകളിൽ ഏറ്റവും വലിയ നന്മ ഇസ് ലാം ആണ്. അതു കൊണ്ടു തന്നെ നാം ഉൾക്കൊണ്ട ഇസ് ലാമിനെ സഹോദര സമുദായാംഗങ്ങൾക്ക് പരിചയപ്പെടുത്തലാണ് ഏറ്റവും വലിയ ശഹാദത്ത്. അതോടൊപ്പം ചുറ്റുപാടും പരമാവധി ധാർമ്മിക വിശുദ്ധി ഉണ്ടാവേണ്ടതുണ്ട്. കുറ്റകൃത്യങ്ങൾ തഴച്ചുവളരുന്ന ഒരു സമൂഹത്തിൽ അവയുടെ വിപാടനം സാധ്യമാവാതെ ഇസ് ലാമിനെ നട്ടു നനക്കുക സാധ്യമല്ല. വിശ്വാസികൾ ഒരേ സമയം രണ്ടു തരത്തിലുളള പരിവർത്തനങ്ങൾക്കു വേണ്ടി പണിയെടുക്കേണ്ടവരാണ്. ഒന്ന് സ്വന്തത്തെ മാറ്റാൻ. മറ്റൊന്ന് സമൂഹത്തെ മാറ്റാൻ . ഇവ്വിധം മൊത്തത്തിൽ നടക്കേണ്ടുന്ന സർവ്വതോന്മുഖമായ പരിഷ്കരണ പ്രവർത്തനങ്ങളെ കുറിക്കാൻ വിശുദ്ധ ഖുർആൻ ഉപയോഗിച്ച പദമാണ് സത്യസാക്ഷ്യം എന്ന ശഹാദത്ത്. അല്ലാഹു പറയുന്നു: “അപ്രകാരം നിങ്ങളെ നാം ഒരു ശ്രേഷ്ഠ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കാൻ വേണ്ടി. പ്രവാചകൻ നിങ്ങൾക്ക് സാക്ഷിയാവാൻ വേണ്ടിയും ” (അൽബഖറ: 143)

ഇതാണ് നമ്മുടെ യഥാർത്ഥ ജീവിത ലക്ഷ്യം. ഖേദകരമെന്നു പറയട്ടെ കലിമത്തു തൗഹീദ് ഉച്ചരിക്കുന്നതോടെ നമ്മുടെ മേൽ ഇത്രയും ഭാരിച്ച ഒരു ദൗത്യം വന്നു വീഴുന്നുണ്ടെന്ന വസ്തുത പോലും നാം വിസ്മരിച്ചിരിക്കുന്നു! (ഖുർആൻ പഠനത്തിൽ നിന്ന് സമുദായം അകന്നതാണ് ഇത്തരമൊരു ദുരന്തത്തിന് നിമിത്തമായത് ).  സത്യം, നീതി, സഹവർത്തിത്വം, ക്ഷമ, വിശാല മനസ്കത, വിനയം, വിട്ടുവീഴ്ച, എളിമ, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ സ്വകാര്യ ജീവിതത്തിലെന്ന പോലെ സാമുഹിക സാംസ്കാരിക രാഷടീയ ജീവിതത്തിലഖിലം മുറുകെ പിടിക്കണമെന്നതാണ് ശഹാദത്തിന്റെ കാതൽ. പ്രവാചകനും സത്യവിശ്വാസികളും വെറും ഉപദേശകരല്ല. കേവലം പ്രഭാഷകരുമല്ല.പ്രത്യുത പറയുന്നത് സ്വജീവിതത്തിൽ പകർത്തുന്നവരാണ്.

ഇവ്വിധം നമ്മുടെ സത്യ സാക്ഷ്യജീവിതം നേരിട്ടനുഭവിക്കുന്ന നാനാജാതി മതസ്ഥർക്കും മതരഹിതർക്കും മനുഷ്യമനസ്സിനെയും പൊതുജീവിതത്തെയും ശുദ്ധീകരിക്കാനുളള ഇസ് ലാമിന്റെ കഴിവ് അനുഭവിക്കാൻ സാധിക്കുന്നു. നബിയുടെ ദൗത്യത്തെ കുറിക്കാൻ ഖുർആൻ വ്യാപകമായി ഉപയോഗിച്ച പദമാണ് ശാഹിദ് എന്നത് നമ്മുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നു. അഥവാ പ്രവാചകനെ അഭിസംബോധന ചെയ്യാൻ അല്ലാഹു ഉപയോഗിച്ചപദം കൊണ്ട് തന്നെ മുസ് ലിംകളെയും അഭിസംബോധന ചെയ്യുമ്പോൾ അതിനർത്ഥം പ്രവാചകൻ നിർവ്വഹിച്ച അതേ ദൗത്യം നമ്മളും നിർവ്വഹിക്കണമെന്നാണല്ലോ.

Facebook Comments
Related Articles
Show More

Check Also

Close
Close
Close