Current Date

Search
Close this search box.
Search
Close this search box.

കോടതി ഇടപെടരുത് എന്നല്ല, ഇടപെടാന്‍ അവസരം നല്‍കരുത്

പാലക്കാട് ജില്ലയുടെ ഉള്‍ഭാഗത്തുള്ള ഒരു ജുമുഅത്ത് പള്ളിയിലാണ് ളുഹര്‍ നമസ്‌കാരത്തിന് എത്തിപ്പെട്ടത്. എന്റെ കൂടെ ഭാര്യയും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുണ്ടോ എന്ന ചോദ്യത്തിന് ‘ഞാന്‍ ഉസ്താദിനോട് ചോദിക്കട്ടെ’ എന്നായിരുന്നു പള്ളിയിലെ മൗലവിയുടെ മറുപടി.
ആദ്യ ചോദ്യത്തില്‍ തന്നെ ‘ഇല്ല’ എന്നായിരുന്നു ഉസ്താദിന്റെ മറുപടി.

‘നമസ്‌കാരം സ്ത്രീക്കും പുരുഷനും ഒരേ പോലെയല്ലേ. യാത്രക്കാര്‍ എന്നല്ലേ ഇസ്ലാം പറഞ്ഞത്. അവിടെ സ്ത്രീ പുരുഷന്‍ എന്നൊന്നും ഖുര്‍ആന്‍ പറഞ്ഞില്ല. പ്രവാചകനില്‍ നിന്നും നാം അങ്ങിനെ കേട്ടില്ല. യാത്രക്കാരായ സ്ത്രീകള്‍ നമസ്‌കരിക്കേണ്ട എന്നാണോ താങ്കളുടെ വാദം’ എന്നായി ഞാന്‍. കുറച്ചു സമയം മൗനിയായി നിന്ന ഉസ്താദ് പറഞ്ഞു ‘അതൊന്നും എന്റെ ഉത്തരവാദിത്വമല്ല. പള്ളി കമ്മിറ്റിയോട് പറയണം”.

‘കമ്മിറ്റിയെ കണ്ടിട്ട് ഇന്നത്തെ നമസ്‌കാരം നടക്കില്ല. എന്തായാലും എന്റെ ഭാര്യയുടെ നമസ്‌കാരം നഷ്ടമായാല്‍ അത് താങ്കളും റബ്ബും തമ്മില്‍ മാത്രമുള്ള വിഷയമാകും’ എന്ന് ഞാന്‍ പറഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ‘അവരോട് വന്ന് വുദു ചെയ്തു അകത്തു നമസ്‌കരിച്ചുകൊള്ളാന്‍ പറയൂ’ എന്നായി ഉസ്താദ്. അദ്ദേഹം തന്നെ പള്ളിയുടെ പുറത്തെ വരാന്ത തുറന്നു തന്നു. ‘ആദ്യമായാണ് ഇവിടെ ഇങ്ങിനെ ഒന്ന് സംഭവിക്കുന്നത്’ എന്നായിരുന്നു അവസാനം ഉസ്താദ് പറഞ്ഞു നിര്‍ത്തിയത്.

സ്ത്രീകളുടെ പള്ളി പ്രവേശനവുമായി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും, അഖിലേന്ത്യാ പേര്‍സണല്‍ ലോ ബോര്‍ഡു എന്നിവര്‍ക്ക് അഭിപ്രായം ആരാഞ്ഞു നോട്ടീസ് അയച്ച അന്ന് തന്നെ ഇതും സംഭവിച്ചു എന്നത് ഒരു യാദൃശ്ചികതയാകാം. ഇസ്ലാമിലെ പള്ളികള്‍ വിശ്വാസികള്‍ക്ക് എന്നാണു പ്രമാണം. പുരുഷന്മാര്‍ക്ക് നിര്‍ബന്ധം എന്ന് വരികില്‍ സ്ത്രീകളുടെ കാര്യത്തില്‍ അത് അവരുടെ സൗകര്യത്തിനു വിട്ടുകൊടുത്തു എന്ന് മാത്രം. സ്ത്രീകളെ പള്ളിയില്‍ തടയരുത് എന്നതാണു ഇസ്ലാമിലെ അടിസ്ഥാനം. സ്ത്രീ പള്ളിയില പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നയാണ്. അതിനവര്‍ സമ്മതം ചോദിച്ചാല്‍ അവരെ തടയരുത് എന്നതാണ് മതം പറയുന്നത്. അവരെ നിര്‍ബന്ധിച്ചു പറഞ്ഞയക്കാനോ തടയാനോ പാടില്ല എന്ന് സാരം. അപ്പോള്‍ നിയമപരമായി മതത്തില്‍ വിലക്കില്ലാത്ത ഒരു കാര്യത്തിനു എങ്ങിനെയാണു കോടതി വിധി പറയുക. അവരെ തടയരുത് എന്നതാണ് കോടതിക്ക് നല്‍കാന്‍ കഴിയുന്ന വലിയ വിധി. അതിപ്പോള്‍ തന്നെ നിലവിലുണ്ട് താനും.

ശബരിമലയില്‍ പാടില്ല എന്ന വിധിയാണ് നിലവിലുള്ളത്. അത് കൊണ്ടാണ് അവിടെ ‘പ്രവേശിപ്പിക്കണം’ എന്ന വിധി ആവശ്യമായി വന്നത്. നാട്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ആധിപത്യമുള്ള പള്ളികളില്‍ സ്ത്രീകള്‍ ഇപ്പോള്‍ തന്നെ ആരാധന നടത്തുന്നു. സ്ഥാനം കൊണ്ട് ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന പള്ളികളില്‍ സ്ത്രീകളും പുരുഷന്മാരെ പോലെ വന്നു പോകുന്നു. മുസ്ലിം ലോകം അതിനെതിരെ എന്നെങ്കിലും രംഗത്ത് വന്നതായി നമുക്കറിയില്ല. നമ്മുടെ നാട്ടില്‍ നിന്നും പോകുന്ന ചിലര്‍ തടയുന്നു എന്നത് അവരുടെ മാത്രം വിഷയമാണ്.

സ്ത്രീകളെ പൂര്‍ണമായി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ചിലര്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിലെ സ്ത്രീ പുരുഷന്മാരെ പോലെ യുദ്ധ രംഗത്തും സ്ഥാനം ഉണ്ടായിരുന്നവളാണ്. ഇമാം ഷാഫി അവര്‍കളുടെ അധ്യാപകരില്‍ പ്രഗല്ഭരായവരില്‍ ഒരു സ്ത്രീയും ഉള്‍ക്കൊള്ളുന്നു. സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്നത് കൊണ്ട് വിവക്ഷ അവള്‍ വീടിന്റെ ഇരുണ്ട മുറിയില്‍ കഴിയണം എന്നാകില്ല. മാതാവ്,കുടുംബിനി എന്ന നിലകളില്‍ അവളുടെ സ്ഥാനം വീട്ടിലാണ് എന്ന് മാത്രമാകാം. കണ്ണുകളെ സൂക്ഷിക്കണം എന്നത് സ്ത്രീയുടെ മാത്രം വിഷയമല്ല. സ്ത്രീകളോട് അത് പറയുന്നതിന് മുമ്പ് പുരുഷന്മാരെ ആ വിഷയം ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പക്ഷെ നാം എല്ലാം നിബന്ധനകളും സ്ത്രീകളുടെ കാര്യത്തില്‍ മാത്രം ബാധകമാക്കി.

വിശ്വാസ അനുഷ്ടാന കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നു എന്നത് നല്ല പ്രവണതയല്ല. അത് തീരുമാനിക്കാനുള്ള അവകാശം മതത്തിനു തന്നെ വിട്ടുകൊടുക്കണം. അതെ സമയം തങ്ങളുടെ അധികാരം ഉപയോഗിച്ച് ആരെങ്കിലും മതത്തെ ദുരുപയോഗം ചെയ്യുന്നു എന്ന് വന്നാല്‍ അതിനെതിരെ കോടതിയെ സമീപിക്കേണ്ടി വരും. പള്ളിയിലേക്ക് വരുന്ന സ്ത്രീകളെ അധികാരം ഉപയോഗിച്ച് തള്ളിമാറ്റുന്ന പൗരോഹിത്യത്തെ തടയാന്‍ ചിലപ്പോള്‍ കോടതിയുടെ സഹായം വേണ്ടി വന്നേക്കാം. അതിനു അവസരം നല്‍കാതെ മത നേതാക്കള്‍ തന്നെ ഇസ്ലാം അവര്‍ക്ക് അനുവദിച്ചു നല്‍കിയ അവകാശം തിരിച്ചു നല്‍കുകയാണ് നല്ലത്.

സ്ത്രീകള്‍ അവരുടെ നമസ്‌കാരം പുരുഷന്മാരെ പോലെ പള്ളിയിലാക്കണം എന്ന് പറഞ്ഞാല്‍ അത് തീര്‍ത്തും ദുഷ്‌കരമായ ഒന്നാകും. അത് കൊണ്ട് തന്നെ അവരുടെ പള്ളിയിലേക്കുള്ള വരവ് സുന്നത്ത് എന്ന് പോലും പറഞ്ഞില്ല. പക്ഷെ അവര്‍ വരാന്‍ തയ്യാറായാല്‍ തടയാനും പാടില്ല. പള്ളിയില്‍ ഇന്നുവരെ ആരും പീഡിപ്പിക്കപ്പെട്ടതായി പറയപ്പെട്ടിട്ടില്ല. ‘ഫിത്‌ന’യാണു വിഷയം എന്ന് വന്നാല്‍ നാം ആദ്യം മുടക്കേണ്ട പലതുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, പൊതു നിരത്തുകള്‍ എന്നിവ ഉദാഹരണം. അവിടെയൊക്ക മുസ്ലിം സ്ത്രീകള്‍ ധാരാളം. പക്ഷെ എന്ത് കൊണ്ട് പള്ളിയില്‍ മാത്രമായി ഫിത്‌ന ചുരുങ്ങിപ്പോയി എന്ന് കൂടി ചിന്തിക്കേണ്ട ഒന്നായി വിഷയം മാറിയിരിക്കുന്നു. സമസ്തയുടെ ഇന്നത്തെ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ സ്ത്രീകളുടെ പള്ളിയല്ല ചിലരുടെ ‘പള്ളകളാണ്’ വിഷയം എന്ന് എളുപ്പത്തില്‍ മനസ്സിലാകും.

പള്ളിയില്‍ നിന്നും പുറത്തിറങ്ങി വരുമ്പോള്‍ ഞാന്‍ ഉസ്താദിനോട് ഇത് കൂടി പറഞ്ഞു ‘വിഷയം കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തണം’. ഒരു സ്ത്രീയും അവസരമില്ലാതെ നമസ്‌കരിക്കാതെ പോകരുത്. ശരി എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തലയാട്ടി. കോടതി ഇടപടരുത് എന്നതിനേക്കാള്‍ കോടതികള്‍ക്ക് ഇടപെടാന്‍ നാം അവസരം നല്‍കരുത് എന്നല്ലേ പറയേണ്ടത്.

Related Articles