Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ കരുവാക്കുന്ന ‘ഷാഡോ’ സംഘടനകള്‍

ഇസ്‌ലാമിന്റെ പേരില്‍ ജീവിച്ചവരാണ് പ്രവാചകനും അനുചരന്മാരും. അതിലും മുന്തിയ ഒരു ഇസ്‌ലാം നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ല. പ്രവാചക കാലത്തും അതിനു ശേഷവും ഇസ്‌ലാമിക രാജ്യത്ത് അമുസ്‌ലിംകള്‍ സുഖമായി ജീവിച്ചിരുന്നു. അവരുടെ ജീവനും സ്വത്തിനും ഭരണകൂടം സംരക്ഷണം നല്‍കിയിരുന്നു. അവരുടെ വേദ ഗ്രന്ഥങ്ങള്‍ അന്നും പാരായണം ചെയ്യപ്പെട്ടിരുന്നു. ആരും അത് നിരോധിച്ചില്ല. മുസ്ലിംകളുടെ അയല്പക്കത്തു അമുസ്ലിംകള്‍ താമസിച്ചിരുന്നു. അവര്‍ തമ്മില്‍ എല്ലാ വിധത്തിലുമുള്ള സാമൂഹിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. ഒരു അമുസ്ലിമിനോടും ഒരു മുസ്ലിം അക്രമം കാണിച്ചില്ല. അങ്ങിനെ സംഭവിച്ച സമയത്തൊക്കെ ഭരണകൂടം ഇടപെട്ടു നീതി നടപ്പാക്കിയിരുന്നു. വിശുദ്ധ ഖുര്‍ആനാണ് മതത്തിന്റെ പേരിലുള്ള അക്രമത്തിനു കാരണമെന്ന് വന്നാല്‍ ആ അക്രമം കൂടുതല്‍ കാണേണ്ടത് ഖുര്‍ആനിനെ അക്ഷരം പ്രതി പിന്തുടര്‍ന്നവരുടെ കാലത്താകണമായിരുന്നു എന്ന് സാരം.

ഇസ്‌ലാമിന്റെ പേരില്‍ കൂടുതലും നിലവിലുള്ളത് ‘ഷാഡോ’ സംഘടനകളാണ്. അതെ സമയം ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കുറെ ഇസ്‌ലാമിക സംഘങ്ങളുണ്ട്. കാര്യമായ ഒരു അക്രമ സംഭവവും പരസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ ഭാഗത്തു നിന്നും നാം പറഞ്ഞു കേട്ടിട്ടില്ല. അതെ സമയം അക്രമങ്ങളുടെ പ്രായോക്താക്കള്‍ ഈ ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമാണ്. ഈ സംഘങ്ങള്‍ തന്നെ ഒരു ഉറപ്പില്ലാത്ത കാര്യമാണ്. ഇസ്ലാം എന്നത് പേരിന്റെ കൂടെയുണ്ട് എന്നത് മാത്രമാണ് ഇവരും ഇസ്ലാമും തമ്മിലുള്ള ബന്ധം. അവരുടെ ഭരണഘടന, ഓഫിസ്,ഭാരവാഹികള്‍ എന്നിവരെ നാമാരും കണ്ടിട്ടില്ല. ഇസ്‌ലാം സുതാര്യമാണ്. അല്ലെങ്കില്‍ സുതാര്യമല്ലാത്ത ഒന്നും ഇസ്ലാമല്ല. അപ്പോള്‍ ഇസ്‌ലാമിന്റെ പേരില്‍ അക്രമം നടത്തി കൊണ്ടിരിക്കുന്നത് മുസ്‌ലിംകളല്ല എന്ന് വിശ്വസിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ട് എന്ന് നമുക്ക് കാണാം.

ഖുര്‍ആന്‍ യുദ്ധത്തെ കുറിച്ച് പറയുന്നുണ്ട്. പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന നിലയില്‍ അത് പറയുന്നു. യുദ്ധം ഒരു സാമൂഹിക രാഷ്ട്രീയ ഘടനയില്‍ അനിവാര്യമാകുന്ന ഒന്നാണ്. യുദ്ധം ഒരു ആക്രമണ തന്ത്രം എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. നാട്ടില്‍ ആളുകള്‍ കുഴപ്പം സൃഷിടിച്ചാല്‍ അതില്ലാതാക്കാനുള്ള നടപടി എന്നതാണ് ഇസ്‌ലാമിന്റെ യുദ്ധ നിലപാട്. യുദ്ധത്തില്‍ എതിരാളികളോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് ഒരു വിഷയമാണ്. ആ നിലപാടാണ് ഖുര്‍ആന്‍ പലയിടത്തും പറഞ്ഞത്. വചനങ്ങളെ സ്ഥാനത്തു നിന്നും അടര്‍ത്തിയെടുത്തു പ്രയോഗിക്കുക എന്നത് പ്രവാചക കാലം മുതലേ എതിരാളികള്‍ ശീലിച്ച കാര്യമാണ്. അത് തന്നെ ഇന്നും നടക്കുന്നു. യുദ്ധ സമീപനത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ അടര്‍ത്തിയെടുത്ത് ഒരു പൊതു തത്വമായി അവതരിപ്പിക്കുന്നു. എന്നിട്ടു ഖുര്‍ആന്‍ സര്‍വ കുഴപ്പത്തിനും കാരണമാണ് എന്നവര്‍ തന്നെ മുറവിളി കൂട്ടുന്നു. മറ്റൊരു കാര്യം കൂടി മനസ്സിലാക്കാതെ പോകരുത്. ഖുര്‍ആനിന്റെ ഇത്തരം സമീപനങ്ങളെ നേരിട്ട് മനസ്സിലാക്കിയ അന്നത്തെ ഒരു മക്കക്കാരനും ഇന്ന് പലരും വിശദീകരിക്കുന്ന പോലെ മനസ്സിലാക്കിയില്ല. ഹുദൈബിയ സന്ധിയില്‍ രൂപം കൊണ്ട സമാധാന കരാര്‍ ആരാണ് ലംഘിച്ചത് എന്നും അവര്‍ക്കു വ്യകതമായി അറിയാമായിരുന്നു.

അതെ സമയം ഖുര്‍ആന്‍ പറയുന്ന കുറെ പൊതു തത്വങ്ങളുണ്ട്. അതിവര്‍ കാണാതെ പോകുന്നു. അതില്‍ ഒന്നാണ് മതത്തില്‍ നിര്ബന്ധമില്ല എന്നത്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പിന്തിരിഞ്ഞു പോകുന്നവരെ നിര്ബന്ധിപ്പിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വരാന്‍ താങ്കള്‍ക്കു അധികാരമില്ല എന്നതാണ് ഈ വിഷയത്തില്‍ ഖുര്‍ആന്റെ സുവ്യക്തമായ നിലപാട്. ഒരാള്‍ അന്യായമായി മറ്റൊരാത്മാവിനെ വധിചാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ കൊന്നവനെ പോലെ എന്ന പൊതു തത്വവും ഇവര്‍ കാണില്ല. പ്രതിക്രിയയിലൂടെ മാത്രമാണ് മറ്റൊരാളെ വധിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നത്. അത് ചെയ്യേണ്ടത് വ്യക്തികളല്ല ഭരണകൂടമാണ് താനും. നിരപരാധികളായ മനുഷ്യരെ ബോമ്പ് പൊട്ടിച്ചും ആത്മഹത്യയിലൂടെയും നശിപ്പിക്കാന്‍ ഒരു ഇസ്ലാമും അനുമതി നല്‍കില്ല. ഇപ്പറഞ്ഞ ജെയ്‌ഷെ മുഹമ്മദ് എന്നത് ഒരു സത്യം എന്നതിനേക്കാള്‍ ഒരു വിശ്വാസമാണ്. ലോകത്തെ വിറപ്പിച്ചു ജീവിച്ചിരുന്ന ബിന്‍ ലാദിന്‍ മറ്റൊരു വിശ്വാസമായിരുന്നു. അമര്‍ ചിത്രകഥകളെ വെല്ലുന്ന രീതിയില്‍ അവസാനം ശവം പോലും കടലില്‍ കുഴിച്ചിട്ടു എന്നാണു നമ്മെ വിശ്വസിപ്പിച്ചത്. അങ്ങിനെ ഒരു വ്യക്തി ജീവിച്ചിരുന്നവോ എന്നത് തന്നെ ഒരു തിസീസിന്റെ വിഷയമാണ്.

അതെ സമയം ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ എല്ലാവരും ശുദ്ധരാണ് എന്ന നിലപാട് നമുക്കില്ല. മറ്റു സമുദായങ്ങളില്‍ ഉള്ളത് പോലെ അവര്‍ക്കിടയിലെ കുഴപ്പങ്ങള്‍ ധാരാളം. ലോകത്തു ജനാധിപത്യത്തിന്റെ കാറ്റ് ഇനിയും കടന്നു ചെല്ലാന്‍ ബാക്കിയുള്ളത് ഇത്തരം മുസ്ലിം നാടുകളിലും കമ്യൂണിസ്‌റ് നാടുകളിലുമാണ്. ജനാധിപത്യത്തിന്റെ കാറ്റ് ശ്വസിക്കാന്‍ ജനം നടത്തുന്ന സമരമാണ് പലപ്പോഴും അക്രമ സംഭവങ്ങളില്‍ അവസാനിക്കുന്നത്. സിറിയയും ലിബിയയുമൊക്കെ അതിന്റെ തെളിവുകളാണ്. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഈ നാടുകളില്‍ ധാരാളമാണ്. അതിന്റെ കൂടി ഫലമാണ് നാം കണ്ടു കൊണ്ടിരിക്കുന്നതും. കമ്യുണിസ്‌റ് നാടുകളില്‍ ഇരുമ്പു മറ ശക്തമാണ് എന്നതിനാല് പലതും ലോകം അറിയാതെ പോകും. മുസ്ലിം നാടുകളിലെ അധികാരം തന്നെ അവരുടെ കയ്യിലല്ല എന്നതിനാല്‍ പുറത്തു നിന്നുള്ള ഇടപെടല്‍ വളരെ എളുപ്പവും.

ഖുര്‍ആനിന്റെ ജീവിക്കുന്ന ഉദാഹരങ്ങള്‍ എന്നാണ് പ്രവാചകനേയും അനുചരന്മാരെയും വിശ്വാസികള്‍ മനസ്സിലാക്കുന്നത്. അവര്‍ ഖുര്‍ആനിനെ ശരിയായി മനസ്സിലാക്കിയപ്പോള്‍ ഒരു പ്രതിലോമ പ്രവര്‍ത്തനവും നടന്നില്ല. മാത്രമല്ല നാട്ടില്‍ സമ്പൂര്‍ണ നീതി പുലര്‍ന്നു. ആ മനസ്സിലാക്കിയവരാണ് വിശ്വാസികളുടെ മാതൃക. അല്ലാതെ ഇസ്‌ലാമിന്റെ പേരില്‍ ഒളിച്ചിരുന്ന് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അതിനു ഖുര്‍ആനും വിശ്വാസികള്‍ക്കും ഉത്തരവാദിത്വമില്ല.

നമ്മുടെ കൊച്ചു കേരളത്തെ നാമൊന്നെടുത്തു നോക്കുക. കേരളത്തില്‍ നടന്ന കൊലകളില്‍ മതത്തിന്റെ കണക്കില്‍ വെക്കാന്‍ കഴിയുന്ന കൊലകള്‍ എത്ര?. നമ്മുടെ നാട്ടില്‍ ആളുകള്‍ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അതിന്റെ പിന്നില്‍ കേരളത്തിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളെന്നു കാണാം. കേരളത്തിലെ കൊലകള്‍ അവസാനിപ്പിക്കാന്‍ നല്ലത് രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്നു വെക്കലാണ് എന്നാരും പറയില്ല. പകരം രാഷ്ട്രീയത്തില്‍ പറ്റിപ്പിടിച്ച കീടങ്ങളെ ഒഴിവാക്കണം എന്നാണു നാം ചര്‍ച്ച ചെയ്യുക. അതെ സമയം ഒരിക്കലും പ്രതിയല്ലാത്ത മതങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് അപ്പോഴും പലര്‍ക്കും താല്പര്യം. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ചര്‍ച്ച ഇങ്ങിനെ എന്നിരിക്കെ നാം കാണാത്ത ലോകത്തെ വാര്‍ത്തകള്‍ നമുക്ക് ഊഹിക്കാം

Related Articles