Current Date

Search
Close this search box.
Search
Close this search box.

ബാഫഖി തങ്ങളും കേരള മുസ് ലിംകളും

കേരള മുസ്‌ലിംകൾക്ക് രാഷ്ട്രീയ സാമൂഹ്യരംഗത്ത് അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ തങ്ങൾ വിജയിച്ചു. ലീഗിന്റെ നേരെ പുലർത്തിയ അയിത്തം തന്ത്രപരമായി ഭേദിക്കാൻ തങ്ങൾക്ക് സാധിച്ചു. പി.എസ്.പിയുമായും കോൺഗ്രസ്സുമായും കമ്മ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേർപ്പെടുക വഴി ലീഗിനെതിരെ വർഗീയതയാരോപിക്കാനുള്ള പഴുതടക്കുകയും ലീഗിനെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന്ന് അബദ്ധങ്ങൾ പലതും സംഭവിച്ചിരിക്കാമെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങൾ ഒരളവോളം ഉയർത്തിക്കൊണ്ടുവരാനും സെക്രട്ടറിയേറ്റ് ഉൾപ്പെടെ അധികൃത കേന്ദ്രങ്ങളിൽ മുസ്‌ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണ്. ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ സംവിധാനത്തിൽ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതിൽ തങ്ങൾ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാർഥികൾക്ക് പഠന വിധേയമാക്കാവുന്നതാണ്.

League House

കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങൾ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാർഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെ വളരെ ഉയർന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. ബാഫഖി തങ്ങൾക്ക് ശേഷം അങ്ങനെയൊരു പക്വവും പ്രഗത്ഭവുമായ നേതൃത്വം ലീഗിന്നുണ്ടായിട്ടില്ലെന്ന നിഷ്പക്ഷമതികളുടെ നിരീക്ഷണം എളുപ്പം തള്ളിക്കളയാവുന്നതല്ല. തങ്ങൾക്ക് ശേഷം ലീഗ് ആകെ ഒന്ന് ഉലഞ്ഞുവെന്നതും ലീഗിന്റെ ആദ്യകാല വിശുദ്ധിക്ക് ഗ്ലാനി സംഭവിച്ചുവെന്നുമുള്ള വിലയിരുത്തലിൽ വസ്തുതയുണ്ട്. അഖിലേന്ത്യാ ലീഗും പിന്നീട് ഇന്ത്യൻ നാഷനൽ ലീഗും ഉണ്ടായത് പിൽക്കാല ലീഗ് നേതൃത്വങ്ങളുടെ നേതൃ ശേഷിക്കുറവിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ”ബാഫഖി തങ്ങൾ ഉണ്ടായിരുന്നെങ്കിൽ…” എന്ന് പഴമക്കാരും സാത്വികരുമായ പല ലീഗുകാരും പലപ്പോഴും സങ്കടപ്പെട്ടിരുന്നതും തങ്ങളുടെ ”രാഷ്ട്രീയ കറാമത്തുകൾ” ഓർക്കുന്നതും വെറുതെയല്ല. തങ്ങൾക്ക് ഒരു Celestial personality ഉണ്ടായിരുന്നുവെന്ന് അടുത്തിടപഴകിയ പലരും പറഞ്ഞിട്ടുണ്ട്. ഇന്ന് ലീഗിന്ന് ഒരുപാട് സൗകര്യങ്ങളുണ്ട്. ദീർഘ കാലം അധികാരത്തിന്റെ തണലുമുണ്ടയിട്ടുണ്ട് . മുസ്ലിം സമുദായം സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും ഏറെ വളർന്നിട്ടുമുണ്ട്.സ്വാതന്ത്ര്യത്തിന്ന് ശേഷം ബാഫഖി തങ്ങൾ നേതൃത്വം നൽകുമ്പോൾ ഇത്തരം സൗകര്യമൊന്നുമുണ്ടായിരുന്നില്ലെന്നതും സാഹചര്യം വളരെ പ്രതികൂലമായിരുന്നുവെന്നതും നാം പ്രത്യേകം ഓർക്കേണ്ടതാണ്.

ബാഫഖി തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം മാത്രം വിശകലനം ചെയ്ത് മതിയാക്കുന്നത് ശരിയായിരിക്കില്ല. തങ്ങൾ കേരള മുസ്‌ലിംകൾക്ക് നേതൃത്വം നൽകുമ്പോൾ കേരളീയ മുസ്‌ലിം സമൂഹം ഇന്നത്തേപ്പോലെയായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ തങ്ങൾ വ്യക്തിപരമായി നിരവധി വിദ്യാർഥികൾക്ക് സ്വന്തം വകയായി സ്‌കോളർഷിപ്പ് നൽകിയിരുന്നു. സി.എച്ച്. മുഹമ്മദ് കോയാ സാഹിബ്, പ്രൊഫ. ടി. അബ്ദുല്ലാ സാഹിബ് ഉൾപ്പടെ പതിനാല് പേർക്ക് സ്‌കോളർഷിപ്പ് ഒരേ സമയം നൽകിയിരുന്നതായി പ്രൊഫ. ടി.അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വേറെയും പലരെയും തങ്ങൾ സഹായിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഉൾപ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും തങ്ങളുടെ പങ്ക് വലുതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുന്നതിലും തങ്ങൾ നേതൃപരമായി പങ്ക് വഹിച്ചു. എം.ഇ.എസ്സ് സ്ഥാപിതമായ പ്രാരംഭകാലത്തും തങ്ങൾ വളരെയേറെ സഹായിച്ചിട്ടുണ്ട്.

മതരംഗത്ത് കേരള മുസ്‌ലിംകൾ രണ്ട് ധാരയായിരുന്നു. സുന്നികളും മുജാഹിദുകളും. ഇവർ തമ്മിൽ കടുത്ത ഭിന്നതയും അകൽച്ചയുമായിരുന്നു. എന്നാൽ ഇവരെ രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിന്റെ പ്ലാറ്റ് ഫോമിൽ ഒന്നിപ്പിക്കുന്നതിൽ തങ്ങൾ വിജയിച്ചു.

കെ.എം. മൗലവി

മുസ്‌ലിം ലീഗ് നേതൃരംഗത്ത് ധാരാളം മുജാഹിദുകൾ ഉണ്ടായിരുന്നു. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തർക്കം ഇന്നത്തേക്കാൾ വളരെ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നീ വീക്ഷണത്തോട് ചേർന്നു നിൽക്കുക മാത്രമല്ല അതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങൾ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. മുജാഹിദുകളും സുന്നികളും ലീഗിന്റെ പ്ലാറ്റ് ഫോമിൽ സഹകരിക്കാൻ തങ്ങളുടെ പക്വമായ നേതൃത്വം സാഹചര്യമൊരുക്കിയപ്പോൾ മുജാഹിദ്- സുന്നി തർക്കങ്ങളുടെ തീഷ്ണത അല്പമെങ്കിലും കുറക്കാൻ സാഹചര്യമുണ്ടായി (പിന്നീടുണ്ടായ ഗൾഫ് കുടിയേറ്റവും ഹജ്ജ്, ഉംറ എന്നിവ സാർവത്രികമായതും അറബി ഭാഷയുടെ പ്രചാരണവും അറബ്‌ ലോകവുമായുള്ള പ്രത്യക്ഷ-പരോക്ഷ സമ്പർക്കങ്ങളുമൊക്കെ കുറെ തർക്കങ്ങളുടെ തീഷ്ണത വളരെ കുറച്ചിട്ടുണ്ട്.) ലീഗിന്റെ പ്ലാറ്റ് ഫോമിൽ എൻ.വി. അബ്ദുൽ സലാം മൗലവി, കെ.എം. മൗലവി ഉൾപ്പടെ പല ഉൽപതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പർക്കങ്ങൾ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും രചനാത്മാക മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കാം.കൂടാതെ പലതവണ ഹജ്ജ് കർമ്മം നിർവഹിച്ച തങ്ങൾക്ക് സൗദി അറേബ്യയിൽ നിന്ന് പലതും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കാം.തങ്ങളവർകൾ വളർത്തിയ സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പടെ പലരും ഉൽപതിഷ്ണു പക്ഷത്തോട് ചേർന്നു നിന്നതിനെ തങ്ങൾ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല.

സമുദായത്തിലെ മതപരമായ തർക്കവിഷയങ്ങളിൽ അദ്ദേഹത്തിന്ന് സ്വന്തമായ, നിലപാടുകളുമുണ്ടായിരുന്നു. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിൽക്കുമ്പോൾ തങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ ചെയ്തത്. മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നികളായ സ്ഥിതിക്ക് അവരെ പിണക്കാതിരിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ തേട്ടം തന്നെയാണ്. (അന്നത്തെ ഉത്പതിഷ്ണുക്കളുടെ പല നിലപാടുകളും പക്വമായിരുന്നില്ലെന്നതും ഒരു വസ്തുതയാണ്.) സുന്നികളെ പയ്യെ പയ്യെ അവരോട് ചേർന്നുനിന്നുകൊണ്ട് കൂടുതൽ നല്ല നിലപാടിലേക്ക് കൊണ്ടുവരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുക, അവരെ പിണക്കി അകറ്റാതിരിക്കുക എന്നിങ്ങനെയുള്ള തങ്ങളുടെ നിലപാടാണ് മുസ്‌ലിം ലീഗിന്ന് ജനകീയാടിത്തറ വിപുലപ്പെടുത്താൻ സഹായിച്ചത്.
ബാഫഖി തങ്ങളെപറ്റി പലരും രേഖപ്പെടുത്തിയ അഭിപ്രായം കാണുക: ബി.വി. അബ്ദുല്ലക്കോയ പറയുന്നു: ”ആദർശ ധീരതയിൽ ഉറച്ച് നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തെ വിലയിരുത്തുവാനും അതനുസരിച്ച് പലപ്പോഴും തന്റെ ദൃഢാഭിപ്രായത്തെപോലും പാകപ്പെടുത്താനും അദ്ദേഹത്തിന്ന് സാധിച്ചിരുന്നു.” (ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥം – ഗ്രീൻഹൗസ് പബ്ലിക്കേഷൻസ്)

ബാഫഖി തങ്ങളുടെ സഹായവും പ്രോത്സാഹനവും ധാരാളമായി കിട്ടിയ മർഹും: പ്രൊഫ. ടി. അബ്ദുല്ല സാഹിബ് എഴുതുന്നു: ”മതപരമായ കാര്യങ്ങളിൽ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മർഹും: കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തിൽ കടന്നുകൂടിയിട്ടുള്ള ശിർക്കുപരമായ കാര്യങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകൾ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തിൽ അദ്ദേഹം പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നു. (ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥം ഗ്രീൻ ഹൗസ് പബ്ലിക്കേഷൻസ്)

സി. എൻ. അഹ്മദ് മൗലവി

മർഹും സി. എൻ. അഹ്മദ് മൗലവി എഴുതുന്നു: ” മറ്റു വിഷയങ്ങൾ എന്തൊക്കെയാണെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാമെന്ന് നമ്മുടെ സുന്നി പണ്ഡിതന്മാർ പറയുന്നത് വളരെ കടുത്ത കയ്യായിപ്പോയി. ഖുർആനിൽ എത്രയോ സ്ഥലങ്ങളിൽ വ്യക്തമായ ഭാഷയിൽതന്നെ അതാവർത്തിച്ച് നിരോധിച്ചിട്ടുണ്ടല്ലോ എന്ന് പരേതനായ ബാഫഖി തങ്ങൾ അവർകൾ 1966-ൽ മക്കയിൽവെച്ച് എന്നോട് തുറന്ന് പറഞ്ഞു.” (പ്രബോധനം വാരിക 1974 ഒക്‌ടോബർ 6)

സപ്ത വത്സരക്കാലം ‘ചന്ദ്രിക’യിൽ സഹ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.കെ. ജമാൽ അനുസ്മരിക്കുന്ന ഒരനുഭവം ബാഫഖി തങ്ങളുടെ ഉന്നത നിലപാടും വിശാല വീക്ഷണവും വിളിച്ചോതുന്നതാണ്. ”ഒരു സായാഹ്നത്തിൽ മാനേജിംഗ് എഡിറ്റർ ടി.പി. കുട്ട്യാമു സാഹിബിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ്. യൂത്ത് ലീഗ് നോതാക്കൾ പി.കെ. മുഹമ്മദ്, കെ.കെ. മുഹമ്മദ്, എം.എസ്.എഫ് നേതാവ് കെ.പി. കുഞ്ഞിമ്മൂസ, റഹീം മേച്ചേരി, ഹകീം (കാനേഷ്) പൂനൂര്, സി.കെ. താനൂർ, ആറ്റക്കോയ പള്ളിക്കണ്ടി, പാലാട്ട് മൂസക്കോയ തുടങ്ങി എല്ലാവരുമുണ്ട്. ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ യോഗത്തിലേക്ക് കയറിവന്നു. ഓരോരുത്തരെയുമായി പരിചയപ്പെട്ടു. എന്റെ ഊഴമെത്തിയപ്പോൾ കുട്ട്യാമു സാഹിബ്: ”ജമാൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽനിന്ന് പഠിച്ച് പുറത്ത് വന്നതാണ്.” തങ്ങൾ തലയാട്ടി. ഞാനത് മറന്നു. തങ്ങൾ മറന്നില്ല. ഒരു മാസം കഴിഞ്ഞു കാണും തങ്ങൾ എന്നെ കുട്ട്യാമു സാഹിബിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ശാന്തപുരത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പഠന ക്രമത്തെക്കുറിച്ചും വിശദമായി അന്വേഷിച്ചു. നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു.

ഒ. അബ്ദുറഹ്മാൻ (എ.ആർ)

ചേകനൂരിന്റെ ഖുർആൻ സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗൺഹാളിൽ മുസ്‌ലിം പേഴ്‌സണൽ ലോ പൊളിച്ചെഴുതാൻ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസസമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് വാദമുഖങ്ങൾക്ക് മറുപടി പറഞ്ഞത്. ഒ. അബ്ദുറഹ്മാൻ (എ.ആർ), മറുഭാഗത്ത് പി.പരമേശ്വരൻ, ജസ്റ്റിസ് ജാനകിയമ്മ, എൻ.പി. മുഹമ്മദ്, തായാട്ട് ശങ്കരൻ, മൂസ-എ. ബക്കർ, ചേകനൂർ, പ്രൊഫ. കെ.എം. ബഹാവുദ്ദീൻ തുടങ്ങിയ അതികായന്മാർ. മുസ്‌ലിം സമൂഹത്തിൽ നിന്ന് പേഴ്‌സണൽ ലോ വസ്തുതകൾ വിശദീകരിക്കാനും വിമർശനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടാനും ഇസ്‌ലാമിക സിവിൽ ക്രിമിനൽ നിയമങ്ങളുടെ സത്യതയും സ്വഛതയും സാധുതയും സ്ഥാപിക്കാനും എ.ആർ മാത്രം. എ.ആർ കത്തിജ്ജ്വലിച്ചു. ആളിപ്പടർന്നു. എതിരാളികളെ അരിഞ്ഞുവീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്ന അത്….. ബാഫഖി തങ്ങൾ കുട്ട്യാമു സാഹിബിന്റെ നേരെ തിരിഞ്ഞു. ”ഞാൻ ഇന്നലെ കാറിലിരുന്ന് ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്ന് കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തിൽ എഴുതണം. അന്ന് തന്നെ ”പ്രബോധന”ത്തിൽ ആളയച്ച് തങ്ങൾ ആ കാസറ്റ് വരുത്തി പകർത്തി, നന്ദിയോടെ തിരിച്ചേൽപിച്ചു. ”മോഡണിസം-തുടക്കവും തകർച്ചയും” എന്ന തലക്കെട്ടിൽ പിറ്റേന്ന് ഒരു ലേഖനം ‘ചന്ദ്രിക’യിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു. സർവരെയും ഉൾക്കൊള്ളുന്ന ഒരു വലിയ മനസ്സ്.” (ശാന്തപുരം അൽജാമിഅഃ സുവനീർ 2003)

ടി.പി. കുട്ടിയമ്മു സാഹിബ്

ഇതേ ലേഖനത്തിൽ പി.കെ. ജമാൽ ജാമിഅ നൂരിയ്യ വാർഷികത്തിൽ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ്, ബാഫഖി തങ്ങൾ, കുട്ട്യാമു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി ഒട്ടേറെ പ്രമുഖർ ഉള്ള വേദിയിൽ നടന്ന ഖുർആൻ ക്ലാസ് കാടുകയറി പുത്തൻ പ്രസ്ഥാനക്കാരായ മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബും അബുൽ അഅ്‌ലാ മൗദൂദിയും അവരുടെ അനുയായികളും നരകത്തിലാണെന്ന് സമർഥിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ ശാന്തപുരം മഹല്ല് സിക്രട്ടറി കെ.വി. മുഹമ്മദ് മാസ്റ്റർ ധീരമായി എഴുന്നേറ്റുനിന്ന് ശക്തമായി പ്രതിഷേധിച്ചപ്പോൾ പ്രക്ഷുബ്ധമായ സദസ്സിനെ” കുട്ട്യാമു സാഹിബും പക്വമതിയായ ബാഫഖി തങ്ങളും പരസ്യമായി മാപ്പു പറഞ്ഞുകൊണ്ടാണ് സദസ്സിനെ ശാന്തമാക്കി യോഗ നടപടികൾ പുനരാരംഭിച്ചത് എന്ന് പറയുന്നുണ്ട്. ബാഫഖി തങ്ങളുടെ പ്രതിപക്ഷ ബഹുമാനവും തന്റേടവും വിളിച്ചോതുന്നതായിരുന്നു ഈ സംഭവം.

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ട ബാഫഖി തങ്ങൾ മുജാഹിദുകളെ തുടർന്ന് നമസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ബാഫഖി തങ്ങളുടെ മനോഹരമായ ജീവചരിത്രം തയ്യാറാക്കിയ എം.സി. വടകര എഴുതിയത് കാണുക. ” സുന്നികളും മുജാഹിദുകളും തമ്മിൽ ചേരിതിരിഞ്ഞ് കലഹിക്കുകയും അറ്റമില്ലാത്ത വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്യുകയെന്നത് മലബാറിലെ ശാന്തജീവിതത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളായിരുന്നു. നിരർഥകമായ തർക്കവിതർക്കങ്ങൾ നിശയുടെ അന്ത്യയാമങ്ങളെപ്പോലും ശബ്ദായനമാക്കുകയും പലപ്പോഴും കയ്യാങ്കളിയിലോളം കടന്നുപോവുകയും ചെയ്യും…. എന്നാൽ ബാഫഖി തങ്ങൾ വ്യത്യസ്തമായ ഒരു സുന്നി ആയിരുന്നു. സുന്നി പക്ഷത്തെ തലയെടുപ്പുള്ള നേതാവാണെങ്കിലും വാദപ്രതിവാദങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. സുന്നി വികാരത്തേക്കാളുപരി സമുദായ ഐക്യത്തിന് പ്രാധാന്യം നൽകിയതിനാൽ വാദപ്രതിവാദങ്ങൾ ഒഴിവാക്കാനാണ് സുന്നികളെയും മുജാഹിദുകളെയും അദ്ദേഹം ഉപദേശിക്കാറ്. അവരെല്ലാം രാഷ്ട്രീയ രംഗത്ത് ബാഫഖിതങ്ങളുടെ ഉറച്ച അനുയായികളുമാണല്ലോ…. ലീഗിന്റെ യോഗങ്ങളിൽ പ്രാർഥന നടത്താൻ കെ.എം. മൗലവിയോടാണ് ബാഫഖി തങ്ങൾ ആവശ്യപ്പെടാറ്.” (പേജ് 163, 164)

നീണ്ട 34 വർഷക്കാലം ബാഫഖി തങ്ങളുടെ സഹായിയായി ഏതാണ്ട് പ്രൈവറ്റ് സിക്രട്ടറിയെപോലെ പ്രവർത്തിച്ച കൊയിലാണ്ടിയിലെ കോക്കാട്ട് അഹ്മദ് പറഞ്ഞതായി എം.സി. ഉദ്ധരിക്കുന്നത് കാണുക.: ”ബാഫഖി തങ്ങൾ വ്യക്തിപരമായി ഖുത്വുബ മലയാള ഭാഷയിലാക്കുന്നതിന്ന് അനുകൂലമായിരുന്നുവെന്ന് കോക്കാട് അഹ്മദ് പറയുന്നു.: സമസ്തയുടെ യോഗത്തിൽ പോകുമ്പോൾ പലപ്പോഴും ബാഫഖി തങ്ങൾ അഹമ്മദിനോട് പറയും: ” അഹമ്മദേ, ഖുതുബ മലയാളത്തിലാക്കുന്നതിന്ന് എതിർക്കേണ്ട എന്ന പ്രമേയം ഇന്ന് ഞാൻ ആവരെക്കൊണ്ട് പാസ്സാക്കിക്കും” പക്ഷെ അത് സാധിക്കാതെ തിരിച്ചുവരുമ്പോൾ അഹമ്മദ് ചോദിക്കും: തങ്ങളേ ഖുതുബയുടെ കാര്യമെന്തായി?” ബാഫഖി തങ്ങൾ ചിരിച്ചുകൊണ്ട് പറയും: ”എടോ അത് മലയാളത്തിലാക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത്. ഞാനെന്ത് ചെയ്യും?” (പേജ്-166)

ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ്

എല്ലാതരം അന്ധവിശ്വാസങ്ങൾക്കും വളരെ എതിരായിരുന്നു ബാഫഖി തങ്ങൾ. പ്രവാചകന്റെ അനുയായികൾ രോഗശാന്തിക്കായി ആൾദൈവങ്ങളെ സമീപിക്കുന്നതും മന്ത്രവാദികളെ ആശ്രയിക്കുന്നതും ബാഫഖിതങ്ങളെ ദുഃഖിപ്പിച്ചു. ജ്യോതിഷം, ജാതകമെഴുത്ത്, പ്രശ്‌നം വെക്കൽ, കൈരേഖ നോക്കൽ മുതലായ അനാചാരങ്ങളെല്ലാം അനിസ്‌ലാമികമാണെന്ന് വിശ്വസിച്ചു അദ്ദേഹം. അവസരം കിട്ടുന്ന വേദികളിലെല്ലാം അത്തരം അനാചാരങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മുസ്‌ലിംലീഗിന്റെ വലിയ രാഷ്ട്രീയ സമ്മേളനവേദികളിൽവെച്ച്‌പോലും അദ്ദേഹം ഇത്തരം വിഷയങ്ങളെ പരാമർശിക്കുകയും അന്ധവിശ്വാസങ്ങൾക്കെതിരായ തന്റെ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.” (പേജ്. 167)

‘ചന്ദ്രിക’ സഹപത്രാധിപരായിരുന്ന പി.കെ. മുഹമ്മദിന്റെ അനുഭവം എം.സി. വടകര ഉദ്ധരിക്കുന്നുണ്ട്. ”അനുജനെ മാന്ത്രിക ചികിത്സക്കായി മലപ്പുറത്തെ പ്രസിദ്ധനായ ഒരു തങ്ങളുടെ അടുക്കലേക്ക് കൊണ്ടുപോകണമെന്ന് എന്റെ ബാപ്പ എന്നെ അറിയിച്ചു. ഞാൻ ഈ കാര്യം ബാഫഖി തങ്ങളോട് പറഞ്ഞപ്പോൾ അദ്ദേഹം ദ്വേഷ്യപ്പെടുകയാണുണ്ടായത്. ”മാനൂ, നി അവനെ ഇവിടെ കോഴിക്കോട്ടെക്ക് കൊണ്ടുവരാൻ പറയൂ. ഇവിടെ ആ രോഗത്തിന്ന് പല പുതിയ ചികിത്സയുമുണ്ട്. നമുക്ക് സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സിപ്പിക്കാം എന്നാണ് ബാഫഖി തങ്ങൾ പറഞ്ഞത്.

മതാനുഷ്ഠാനങ്ങളിൽ അതീവ നിഷ്ഠ പുലർത്തിയ തങ്ങൾ ശിർക്ക് കലർന്ന ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളെ അദ്ദേഹത്തിന്റെ അനുയായികൾ അതിരറ്റു സ്‌നേഹിച്ചു. ഒരു പക്ഷേ, വീരാരാധനയോളം അത് പലപ്പോഴും വളർന്നു. പക്ഷേ തങ്ങളത് അംഗീകരിക്കില്ല. പരിശുദ്ധ ഹജ്ജ് കഴിഞ്ഞ ഉടൻ മക്കയിൽവെച്ച് വെള്ളിയാഴ്ച മരിച്ച തങ്ങളെ തങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ മരണാനന്തരം കൈകാര്യം ചെയ്യുന്ന ഗതികേടിൽ നിന്ന് അല്ലാഹു ബഹു.തങ്ങളെയും സമുദായത്തെയും രക്ഷിച്ചുവെന്ന ചിലരുടെ നിരീക്ഷണം തെറ്റല്ല. തങ്ങൾ മരിച്ചതിവിടെയായിരുന്നെങ്കിൽ ദർഗയും അനുബന്ധ അനാചാരങ്ങളും ഉണ്ടായേനെ.

ബാഫഖി തങ്ങൾ

ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ ‘ദഅ്‌വത്തി’ന്റെ പത്രാധിപരും അഖിലേന്ത്യാ ജമാഅത്ത് ശൂറാംഗവുമായിരുന്ന മർഹൂം മുസ്‌ലിം സാഹിബ് ബാഫഖി തങ്ങളെ സംബന്ധിച്ചുള്ള മധുരസ്മരണ രേഖപ്പെടുത്തിയത്കൂടി കാണുക: ”1942 ലെ രണ്ട് മാസക്കാലത്തോളമുള്ള ജീവിതം ഇന്നും ഓർക്കുന്നു… ഞാനന്ന് ഖാക്‌സാർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലമായിരുന്നു. മദ്രാസിൽ തടവിലായിരുന്നു അല്ലാമാ ഇനായത്തുല്ലാ മശ്‌രിഖി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മലബാറായിരുന്നു എന്റെ പ്രവർത്തനമേഖല. ഖാക്‌സാർ പ്രസ്ഥാനത്തിനുണ്ടായിരുന്ന ഒരു ചിട്ട അതിഥികളായി മൂന്ന് ദിവസത്തിലധികം ആരുടെ കൂടെയും താമസിക്കരുതെന്നായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ ജീവിതച്ചെലവിന്ന് വകയുണ്ടാക്കുക, പ്രസ്ഥാന പ്രവർത്തനം നടത്തുക ഇതായിരുന്നു മുറ….. പ്രവർത്തനങ്ങൾക്കായി പലപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. വണ്ടിക്കൂലിക്ക് മറ്റ് ഉപായങ്ങളൊന്നും പറ്റില്ലല്ലോ. കീശ ശുഷ്‌കിച്ചിരുന്നു. മൂന്ന് രൂപ മാത്രമായി കൈയിലിരിപ്പ്. നിശ്ചയ പ്രകാരം ഒരു മാസം കൂടി താമസിക്കേണ്ടതുണ്ടായിരുന്നു. മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ജോലി അന്വേഷിക്കുക തന്നെ. അങ്ങിനെ ഒരു വിദൂര പ്രദേശത്ത് പോയി കൂലിവേലയാരംഭിച്ചു. പെട്ടെന്ന് എന്ത് പണി കിട്ടും? ഇഷ്ടിക ചുമക്കുന്ന പണി കിട്ടി. ഇഷ്ടിക ചുമന്ന് മുകളിലെത്തിക്കുക ഇതായിരുന്നു ജോലി. ഒരുറുപ്പികയും പത്തണയും ആയിരുന്നു ദിവസക്കൂലി കിട്ടിയിരുന്നത് എന്ന് തോന്നുന്നു.

എങ്ങനെയോ ഈ കഥ പതുക്കെ പലരുമറിഞ്ഞു. ഞാൻ ഇങ്ങനെ ഒരു ജോലിയിലാണേർപ്പെട്ടിരിക്കുന്നത് എന്നറിഞ്ഞവരുടെ കൂട്ടത്തിൽ മർഹൂം അബ്ദുറഹ്മാൻ ബാഫഖി തങ്ങളുമുണ്ടായിരുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ ഞങ്ങൾ തമ്മിൽ ഉറ്റബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം വളരെ നിർബന്ധിച്ച് എന്റെ പേരിൽ കുറെ കുരുമുളക് എവിടേക്കോ അയച്ച് വിൽപനയാക്കി അതിന്റെ ലാഭം എനിക്ക് തന്നു.

ഞങ്ങൾ ഖാക്‌സാർ പ്രവർത്തകരുടെ ഈ സന്നദ്ധ സേവനത്തിന്റെ മഹത്വം മുസ്‌ലിം ലീഗുകാരും സമ്മതിച്ചു. മാത്രമല്ല, പലപ്പോഴും അവർ അവരുടെ മിക്ക പാർട്ടി യോഗങ്ങളിലും ഇതിനെ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. (സ്മരണകൾ സംഭവങ്ങൾ, മൂന്നാം പതിപ്പ് പേജ്. 58,59)

ബഹുസ്വര സമൂഹത്തിൽ ബഹു പാർട്ടി ജനാധിപത്യ ഘടനയിൽ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് പഠിക്കാൻ ബാഫഖി തങ്ങൾ ഇന്നും നല്ലൊരു പാഠപുസ്തകമാണ്. വിയോഗത്തിനുശേഷം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബാഫഖി തങ്ങൾ നല്ലൊരു പ്രചോദനവും മാതൃകയുമാണെന്ന് ഏതു രാഷ്ട്രീയ വിദ്യാർത്ഥിക്കും എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ. (അവസാനിച്ചു )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles