Current Date

Search
Close this search box.
Search
Close this search box.

ശബരിമലയിലൂടെ കേരളം പിടിച്ചേ അവര്‍ അടങ്ങൂ

ശബരിമല ഒരിക്കല്‍ കൂടി കത്തുകയാണ്. വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കുക എന്നത് പുതിയ കാലത്തെ രാഷ്ട്രീയമാണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നതാണ് നമ്മുടെ മതേതരത്വം. അതെ സമയം നമ്മുടെ രാഷ്ട്രീയത്തെ നയിക്കുന്നത് മതങ്ങളാണ് എന്ന് വേണം പറയാന്‍. കേരളത്തിലെ കഴിഞ്ഞ കുറെ കാലത്തെ വാര്‍ത്തകള്‍ വിശ്വാസവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യരുടെ ദൈന്യംദിന ജീവിതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവഗണിക്കപ്പെടുന്നു.

സ്ത്രീകള്‍ അമ്പലത്തില്‍ പോകണോ വേണ്ടയോ എന്നത് മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അത് പറയാനുള്ള അവകാശം വിശ്വാസികള്‍ക്കും മതങ്ങളുടെ പ്രമാണത്തിനുമാണ്. വിശ്വാസവും ആചാരവും കോടതികള്‍ നിശ്ചയിക്കുക എന്നത് നല്ല പ്രവണതയല്ല. അതെ സമയം ഏതെങ്കിലും വിശ്വാസം പൊതു സമൂഹത്തിനും മനുഷ്യര്‍ക്കും എതിരായോ ശല്യമായോ വന്നാല്‍ അത് നിര്‍ത്തലാക്കണം. അങ്ങിനെ നിര്‍ത്തലാക്കിയ പല ആചാരങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതല്ലാതെ ഒരു മതത്തിന്റെ ആചാരത്തിലേക്ക് എത്തിനോക്കുക എന്നത് സമൂഹത്തിന്റെ ആര്യോഗകരമായ നിലനില്‍പ്പിനു പറ്റിയതല്ല.

ആരാധന കാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം എന്നതാണ് കോടതി വിധിയുടെ പൊരുള്‍. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ മല ചവിട്ടിയാല്‍ അത് അശുദ്ധമാണ് എന്നാണു എതിര്‍ ഭാഗത്തിന്റെ വാദം. അപ്പോള്‍ ഒരു തുല്യ നീതിയുടെയും മറ്റൊന്ന് ശുദ്ധിയുടെയും വിഷയമാണ്. അതായത് ഒരിക്കലും പരിഹിക്കാന്‍ പറ്റാത്ത രണ്ടു തലങ്ങളിലാണ് രണ്ടു കൂട്ടരും എന്ന് സാരം. കോടതി വിധി എന്നത് ഒരു ജനാധിപത്യ രാജ്യത്ത് വലിയ കാര്യമാണ്. അതെ സമയം വിശ്വാസങ്ങളും ആചാരങ്ങളും മതത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണു.

കോടതിയെ സംഗതി ബോധ്യപ്പെടുത്തി വിധി സമ്പാദിക്കുക എന്നതാണ് ഇതിന് ഒരു പരിഹാരമുള്ളത്. കോടതി എന്നത് വ്യക്തികളുടെ തീരുമാനമാണ്. സമയാസമയങ്ങളില്‍ വന്നു പോകുന്ന ജഡ്ജിമാരുടെ തീരുമാനമാണു കോടതി വിധികള്‍. അതിനു ഭരണഘടനയുടെ പിന്തുണ ഉണ്ടാകുന്നു എന്നതാണ് പ്രാധാന്യം. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടും ഇങ്ങിനെ പല കേസുകളും വിധികളും നാം കണ്ടതാണ്. അവസാനം പള്ളികള്‍ ഇസ്ലാമിലെ മുഖ്യ വിഷയമല്ല എന്ന് വരെ കോടതി പറഞ്ഞു വെച്ചതും നാം കണ്ടു.

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നിയമ നിര്‍മാണം നടത്താനുള്ള അവകാശം പാര്‍ലിമെന്റിനാണ് എന്നത് കൊണ്ട് തന്നെ പല കോടതി വിധികളെയും മറികടക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. നിയമ നിര്‍മാണ സഭകളില്‍ നിയമത്തെയും മതങ്ങളെയും ആചാരങ്ങളെയും കുറിച്ച് അറിയുന്ന ആളുകള്‍ ഉണ്ടെങ്കില്‍ ഇത്തരം കോടതി വിധികള്‍ ഒരു പ്രശ്‌നമാവില്ല. അതെ സമയം അവിടെയും രാഷ്ട്രീയവും ജാതിയും മതവുമാണ് പ്രശ്‌നം. ശബരിമല സ്ത്രീ പ്രവേശന വിധി സംഘ പരിവാര്‍ നയിക്കുന്ന മോഡി സര്‍ക്കാന്‍ വിചാരിച്ചാല്‍ എളുപ്പം മറികടക്കാം.

അതെ സമയം നിയമ നിര്‍മാണം ആവശ്യമില്ലാത്ത മുത്വലാഖു പോലുള്ള വിഷയങ്ങളില്‍ നിയമം നിര്‍മിക്കാന്‍ അവര്‍ കാണിക്കുന്ന തിടുക്കവും ചേര്‍ത്ത് വായിക്കണം.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നത് പോലെ വേണമെങ്കില്‍ ഒരു ദിവസം കൊണ്ട് തീരാനുള്ള വിഷയമാണു ശബരിമല വിഷയം. കേരളത്തില്‍ സമരം ചെയ്യുന്ന സംഘ പരിവാറും യു ഡി എഫും പിന്തുണച്ചാല്‍ നിയമം എളുപ്പത്തില്‍ ശരിപ്പെടുത്താം. അപ്പോള്‍ കേരളത്തില്‍ ഈ വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ഒന്നിച്ചു തീരുമാനിച്ചാല്‍ തീരുന്ന വിഷയം കേരളത്തിന്റെ സാമൂഹിക വിഷയമാക്കുക എന്നത് ഒരു അജണ്ടയാണ് എന്ന് വേണം പറയാന്‍.

മല കയറുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും എന്ന് കേരള സര്‍ക്കാര്‍ അന്നും ഇന്നും പറയുന്ന കാര്യമാണു. അപ്പോള്‍ അതില്‍ പുതുതായി ഒന്നുമില്ല. അതെ സമയം സ്ത്രീകള്‍ കയറി എന്നതിന്റെ പേരില്‍ ശുദ്ധി കലശം നടത്തിയവരുടെ മനസ്സുകളില്‍ കലശം നടത്താനുള്ള പ്രവര്‍ത്തനമാണ് പൊതു ജനം ചെയ്യേണ്ടതും. രോഗമുണ്ടാകാന്‍ നല്ലത് കലങ്ങിയ വെള്ളമാണ്. അത് കലക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. കേരളത്തില്‍ വെള്ളം വേണ്ടത്ര കലങ്ങിയില്ല എന്നതാണ് അവരുടെ വളര്‍ച്ചക്ക് തടസ്സം. അതിനു ആക്കം കൂട്ടുന്ന പ്രവണതകള്‍ തിരിച്ചറിയാന്‍ പൊതു സമൂഹത്തിനു കഴിയണം. അല്ലാതെ പോയാല്‍ വടക്കന്‍ വീരഗാഥകള്‍ നമുക്കും പറയേണ്ടി വരും.

Related Articles