Current Date

Search
Close this search box.
Search
Close this search box.

ശബരിമല സംഘ്പരിവാറിന് മതമല്ല, രാഷ്ട്രീയമാണ്

ശബരിമലയില്‍ ഭക്തരല്ല, കുഴപ്പുണ്ടാക്കാന്‍ വന്നവരായിരുന്നു കൂടുതല്‍ എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ത്രീകളെ തടയുക എന്നത് സംഘ പരിവാറിന് ഒരു രാഷ്ട്രീയമായിരുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍ ആചാരവും അനുഷ്ഠാനവും അംഗീകരിക്കും. വിശ്വാസ പ്രകാരം പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ മല ചവിട്ടാന്‍ പാടില്ല എന്നാണെങ്കില്‍ ഏതു കോടതി പറഞ്ഞാലും വിശ്വാസികള്‍ മല കയറില്ല എന്നുറപ്പാണ്. ഇടതു പക്ഷ സര്‍ക്കാര്‍ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകളുടെ സന്നിദാനത്തിലേക്കുള്ള പ്രവേശനം എതിര്‍ക്കുന്നില്ല എന്നത് മാത്രമാണ് സംഘ് പരിവാറിന് ഈ വിഷയത്തിലുള്ള താല്പര്യം. ഇടതു പക്ഷ സര്‍ക്കാര്‍ അപ്പീലിന് പോയിരുന്നെങ്കില്‍ ഈ വിഷയത്തെ മറ്റൊരു രീതിയിലാകും സംഘ പരിവാര്‍ സമീപിക്കുക എന്നുറപ്പാണ്. അയ്യപ്പനെ കാണാനുള്ള സ്ത്രീകളുടെ അവകാശത്തെ ഇടതു സര്‍ക്കാര്‍ എതിര്‍ക്കുന്നു എന്നതാകും സമര വിഷയം. ഇപ്പോഴത്തെ അവസ്ഥയില്‍ സംഘ് പരിവാര്‍ തന്നെ സ്ത്രീകളെ നടയില്‍ എത്തിക്കുമായിരുന്നു എന്നുറപ്പാണ്.

മുത്ത്വലാഖ് മുസ്ലിം സമുദായത്തില്‍ വലിയ വിഭാഗം അംഗീകരിക്കുന്ന ഒരു മത വിഷയമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെ പേരില്‍ സംഘപരിവാര്‍ നിയമം കൊണ്ട് വന്നപ്പോള്‍ കോടതിയാണ് വ്യക്തിയേക്കാള്‍ മുന്നില്‍ എന്നാണ് പറഞ്ഞിരുന്നത്. സ്ത്രീകളുടെ അമ്പല പ്രവേശം സംഘ് പരിവാര്‍ ഒരിക്കലൂം എതിര്‍ത്തിട്ടില്ല. സംഘ് പരിവാറിന് ശക്തിയുള്ള സ്ഥലങ്ങളില്‍ നിന്നും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ അമ്പലത്തില്‍ പോയ ദളിതനെ തല്ലിക്കൊന്നു ചുട്ടു കൊന്നു എന്നൊക്കെയാണ്. പള്ളികള്‍ മുസ്ലിംകള്‍ക്കും ചര്‍ച്ചുകള്‍ കൃസ്ത്യാനികള്‍ക്കും അമ്പലങ്ങള്‍ ഹിന്ദുക്കള്‍ക്കും എന്നാണു പൊതുവെ അംഗീകരിക്കപ്പെട്ടത്. ഹിന്ദു എന്നതിന് സംഘ പരിവാര്‍ നല്‍കുന്ന വിശദീകരണം ഇന്ത്യയില്‍ ജനിച്ചവര്‍ എന്നാണ്. അപ്പോള്‍ ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും എല്ലാ അമ്പലത്തിലും പോകാന്‍ കഴിയണം. അങ്ങിനെ എല്ലാവര്‍ക്കും പോകാന്‍ കഴിയാത്ത അമ്പലങ്ങള്‍ നാട്ടില്‍ ധാരാളം.

മതത്തെ ശുദ്ധ രാഷ്ട്രീയതിനു വേണ്ടി ഉരുപയോഗിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ് രാമ ക്ഷേത്രവും ശബരിമലയും. അതിന്റെ തെളിവാണ് സന്നിധാനത്തില്‍ അഴിഞ്ഞാടിയ തെമ്മാടി കൂട്ടം. മല കയറുമ്പോള്‍ കൊണ്ട് നടക്കേണ്ട ആചാരങ്ങള്‍ പോലും പലരും തിരസ്‌കരിച്ചു. അത് കൊണ്ട് തന്നെ പറയാന്‍ കഴിയുക മതത്തെ രക്ഷിക്കലല്ല സംഘ പരിവാര്‍ ഉദ്ദേശം. യഥാര്‍ത്ഥ മത വിശ്വാസം ആഗ്രഹിക്കുന്നത് സമാധാനമാണ്. വിശ്വാസം നിയമം മൂലം നടപ്പാക്കേണ്ട ഒന്നല്ല. അത് മനസ്സുകളില്‍ നിന്നും ഉണ്ടാകണം.

കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികള്‍ സമരത്തിലാണ്. വിശ്വാസം സംരക്ഷിക്കാനുള്ള യാത്ര. കേരള സര്‍ക്കാരല്ല വിശ്വാസ ധ്വംസനം നടത്തിയത് എന്നത് കൊണ്ട് തന്നെ സമരം കോടതിയുടെ നേര്‍ക്കാണ്. ഹാദിയ വിഷയത്തില്‍ കോടതി വിധിക്കെതിരെ ഒരു വിഭാഗം നടത്തിയ സമരത്തെ ഇവരെല്ലാം ഒന്നിച്ചു എതിര്‍ത്തിരുന്നു. ഹാദിയ വിഷയം ഒരു മത വിഷയമായിരുന്നില്ല. രണ്ടു വ്യക്തികളുടെ മാത്രം വിഷയമായിരുന്നു. അതിനെയും മതത്തിന്റെ കണ്ണിലൂടെ നോക്കാനാണ് അന്ന് സംഘ പരിവാറും ഇടതു പക്ഷവും മുതിര്‍ന്നത്. എന്ത് കൊണ്ട് ആ വിഷയതില്‍ വലതു പക്ഷം വിട്ടു നിന്നും എന്നതും അവ്യക്തം.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതി വിധികളെ ഇങ്ങിനെ തെരുവില്‍ ചോദ്യം ചെയ്യുന്നതു ശരിയാണോ എന്ന് കൂടി ചിന്തിക്കണം. ഇരു പാര്‍ട്ടികളിലും സുപ്രീം കോടതിയിലെ പ്രഗത്ഭരായ വക്കീലന്മാര്‍ ഉണ്ടെന്നിരിക്കെ എന്ത് കൊണ്ട് ഇതൊരു നിയമ പ്രശ്‌നമായി കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. വിലക്കയറ്റം മനുഷ്യ ജീവിതത്തെ മൊത്തം ബാധിച്ചിരിക്കെ അതിനു സമയം കാണാതെ ചുളുവില്‍ രാഷ്ട്രീയ നേട്ടത്തിന് മുതിരുന്ന ഈ കളി തീകൊണ്ടു തല ചൊറിയലാണ്.

Related Articles