Current Date

Search
Close this search box.
Search
Close this search box.

മതവും ആഘോഷവും

ഒരിക്കൽ പള്ളിയിൽ സഹോദര സമൂഹത്തിലെ രണ്ടു പേർ വന്നു . അവർ എന്നോട് പള്ളിയെ കുറിച്ചും അതിന്റെ അകത്തു എന്തൊക്കെയുണ്ട് എന്നൊക്കെ ആകാംക്ഷയോടെ ചോദിച്ചു. അവസാനം അവരുടെ ഒരു ചോദ്യം , ഒന്ന് കയറി കാണാൻ കഴിയുമോ? . തിരിച്ചിറങ്ങുമ്പോൾ അവർ പരസ്പരം പറയുന്നത് ഞാൻ കേട്ടു . ” പള്ളിയിൽ ഇതൊക്കെയാണല്ലേ ഉളളത്”. പള്ളികളെ കുറിച്ച് വല്ലാത്ത തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് ഇവരെന്ന് മനസ്സിലായി . ഇന്നുവരെ പള്ളിയെ കുറിച്ച് അവർ മനസ്സിലാക്കിയ കാര്യങ്ങൾ അവർ പങ്കുവെച്ചു . മുസ്ലിംകളുടെ ഗൂഢ പദ്ധതികൾ രൂപപ്പെടുന്ന ഒരിടം എന്നതാണ് അവർക്ക് കിട്ടിയ വിവരം .

ഒരു ജനതയെ നശിപ്പിക്കാൻ ഏറ്റവും നല്ലതു അവരെ സാംസ്കാരികമായി നശിപ്പിക്കുക എന്നതാണ്. ഇസ്‌ലാമിക സംസ്കാരം നഷ്ടമായാൽ പിന്നെ ആ സമൂഹവും വ്യക്തികളും കേവലം ആൾക്കൂട്ടം മാത്രമാകും. ഇസ്‌ലാം ആ വിഷയത്തിൽ കാര്യമായി ഊന്നൽ നൽകുന്നു. അത് കൊണ്ട് തന്നെ ജീവിതത്തിന്റെ ഏതു മേഖലകളിലും പിന്തുടരേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഇസ്ലാം നൽകുന്നുണ്ട്. ഓണം കൃസ്തുമസ് എന്നിവ മതകീയ ആഘോഷങ്ങളാണ്. നമ്മുടെ നാട്ടിൽ അത് കേരളത്തിന്റെ ദേശീയ ആഘോഷം എന്ന് പറയുമ്പോഴും അതിനു ഒരു മതകീയ വർണമുണ്ട്. പണ്ട് അങ്ങിനെ ആയിരുന്നില്ല എന്നത് ശരിയാകാം . പക്ഷെ ഇന്ന് അങ്ങിനെയാണ്. ഓണത്തിന്റെ ഐതിഹ്യത്തിനും ഒരു മതകീയ മുഖമുണ്ട്. അത് കൊണ്ട് തന്നെ ഓണത്തെ ഒരു മതകീയ ഉത്സവം എന്നെ കണക്കാക്കാൻ കഴിയൂ.

മറ്റു മതസ്ഥരുടെ ആഘോഷങ്ങളെ എങ്ങിനെ സമീപിക്കണം എന്നതിനെ കുറിച്ചും ഇസ്‌ലാമിന് കൃത്യത ഉണ്ടാകണം . ഓണത്തിന്റെ ആചാരങ്ങളെയും ആരാധനകളെയും ഒരു മുസ്ലിമും പിന്തുടരുന്നില്ല. മതങ്ങളുടെ പേരിൽ സമൂഹത്തെ പരസ്പരം ഭിന്നിക്കാൻ സാമൂഹിക ദ്രോഹികൾ ശ്രമിക്കുന്ന കാലത്ത് സാധ്യമാകുന്ന രീതിയിൽ വിശ്വാസികൾക്കിടയിൽ സ്നേഹവും വിശ്വാസവും ഉണ്ടാക്കിയെടുക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇസ്‌ലാം എതിര് നിൽക്കില്ല . കേരളത്തിൽ ഒരു മുസ്ലിം സംഘടനയും ഓണം ആഘോഷിച്ചതായി നമുക്കറിയില്ല. ഓണാഘോഷത്തിന്റെ പേരിൽ പലരും അതിരു വിടുന്ന കാഴ്ചകൾ നാം കണ്ടു കൊണ്ടിരിക്കുന്നു. അതിനു സംഘടനകളെ പഴിചാരിയിട്ടു കാര്യമല്ല . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലയിടത്തു കാര്യങ്ങൾ കൈവിട്ട പ്രതീതി നാം കാണുന്നു . അത് ആ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്മായി ബന്ധപ്പെട്ട കാര്യമായി കണക്കാക്കിയാൽ മതി.

ഇക്കൊല്ലം കൂടുതൽ ക്ലിക്കായ സംഭവം ഒരു പള്ളിയിൽ സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമമാണ് . പള്ളികൾ എന്തിനൊക്കെ പാടുണ്ട് എന്ന കാര്യത്തിൽ കൃത്യത വന്നാൽ ഈ വിവാദവും അവസാനിക്കും . ഒരു കാര്യം ഉറപ്പാണ് . ഇസ്ലാമിലെ പള്ളികൾ കേവലം ആരാധനകൾ നിർവഹിക്കപ്പെടുന്ന സ്ഥലമായി ഇസ്‌ലാം കണക്കാക്കുന്നില്ല . പള്ളികളുടെ സാമൂഹിക സ്ഥാനം കൂടി ഇസ്‌ലാം പരിഗണിക്കുന്നു . അതെ സമയം പള്ളികൾ കേവലം കെട്ടിടങ്ങൾ എന്ന നിലപാടും ഇസ്‌ലാമിനില്ല. അതിന്റെ പരിശുദ്ധിയും സ്ഥാനവും കാത്തു സൂക്ഷിക്കാൻ നാം നിര്ബന്ധിതരാണ്.
ഒന്നാമതായി പള്ളിയിൽ മുസ്ലിംകൾ അല്ലാത്തവർ കയറാൻ പാടില്ല എന്ന നിലപാട് ഇസ്‌ലാമിനില്ല. പള്ളിയിൽ സ്ത്രീകൾ കയറാൻ പാടില്ല എന്ന നിലപാടുമില്ല. മാനന്തവാടിയിൽ നടന്നതു പോലെ ഒരു സംഗമം പള്ളിയിൽ നടത്തുന്നതിന്റെ നിഷിദ്ധത നമുക്ക് മനസ്സിലാവുന്നില്ല. ഓണം ആഘോഷിക്കുന്ന സമൂഹങ്ങളെ കൂടി ക്ഷണിച്ചു വേണം സുഹൃത്ത് സംഗമം നടത്താൻ എന്ന് വന്നാൽ ആ പള്ളിയിൽ നടന്ന കാര്യം തെറ്റാണു എന്ന് പറയാൻ നമുക്ക് കഴിയില്ല . മറ്റുളളവരുടെ ആഘോഷങ്ങൾ അവരെക്കാൾ കേമമായി ഏറ്റെടുത്താൽ മാത്രമേ മതേതരത്വം തെളിയിക്കാൻ കഴിയൂ എന്നത് ഭയത്തിൽ നിന്നും ഉണ്ടാകുന്ന പ്രചോദനമായി മാത്രമേ നമുക്ക് കാണാൻ കഴിയൂ .

പള്ളികൾ ആശുപത്രി, സത്രം , എന്നീ രീതിയിലും ഉപയോഗപ്പെടുത്തുന്നത് കാണുന്നു . ഒരു സ്ഥലത്തു ഇതിനൊന്നും സാധ്യമായ മറ്റൊരു സ്ഥലവും ലഭിച്ചില്ലെങ്കിൽ പള്ളിയിലാകാം എന്നിടത്തു നിന്നും ആദ്യം തന്നെ പള്ളികൾ ആവട്ടെ എന്ന തീരുമാനം നല്ലതായി തോന്നുന്നില്ല. പള്ളികൾ ഭൂമിയിലെ അല്ലാഹുവിന്റെ അടയാളങ്ങളാണ് . അതിനു ഇസ്ലാം നൽകുന്ന ആധാരവും പരിശുദ്ധിയും നൽകാൻ നാം കടപ്പെട്ടിരിക്കുന്നു . പള്ളിയിൽ വെച്ച് നടത്തിയാൽ മാത്രമേ ഓണം സുഹൃദ് സംഗമം പൂർണമാകൂ എന്ന ചിന്ത നമുക്ക് ഉണ്ടാവേണ്ടതില്ല. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കാലത്തു പള്ളികൾ ആളുകൾക്ക് തുറന്നു കൊടുക്കണം എന്ന വാദമുണ്ട് . അങ്ങിനെ പളളി കണ്ടാൽ തീരുന്ന വിഷയമല്ല പലർക്കും ഇസ്‌ലാമോഫോബിയ. അനാവശ്യ വിവാദങ്ങൾക്ക് ഇടം നല്കാതിരിക്കുക എന്നതാണ് മുസ്ലിം സമുദായം ഇപ്പോൾ ഇസ്‌ലാമിന് നൽകേണ്ട വലിയ സംഭാവന .

പള്ളികളിൽ അല്ലാഹു ആല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന പലതും നടക്കാറുണ്ട്. അതും ഓണം സുഹൃത്ത് സംഗമവും ഒന്നാകില്ല. മതത്തെയും വിശ്വാസത്തെയും പരിചയപ്പെടുത്തലാണ് സുഹൃത്ത് സംഗമങ്ങളുടെ ഉദ്ദേശ്യം . പലപ്പോഴും വിശ്വാസങ്ങളെ കുറിച്ച അറിവില്ലായ്മയാണ് മനുഷ്യരെ ശത്രുക്കളാക്കുന്നത് . അതെ സമയം ഇസ്‌ലാം നിരോധിച്ച പല ആചാരങ്ങൾക്കും മുസ്ലിംകൾ തന്നെ പള്ളികളെ ഉപയോഗിക്കുന്നു . ഒരു കാര്യം ഉറപ്പാണ്. മുസ്ലിം സമുദായത്തിലെ പുതു തലമുറ മറ്റുള്ളവരുടെ ആഘോഷങ്ങളെ പരിധികൾ ഇല്ലാതെ ഏറ്റെടുക്കുന്നു . അതിനു ആരെയെങ്കിലും പഴിച്ചിട്ടു കാര്യമില്ല . വിശ്വാസവും സംസ്കാരവും തമ്മിലുള്ള ബന്ധം സമൂഹത്തെ പഠിപ്പിക്കാൻ നാം നിര്ബന്ധിതരാണ് .

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles