Current Date

Search
Close this search box.
Search
Close this search box.

വാണിജ്യമാണ് ഇസ്‌ലാമോഫോബിയ

വെറുമൊരു വാക്കല്ല ഇസ്‌ലാമോഫോബിയ. മുസ്‌ലിംവെറുപ്പിന്റെ സൈദ്ധാന്തിക ആഴങ്ങളും പൈശാചിക പ്രയോഗങ്ങളും അത് ഉൾവഹിക്കുന്നുണ്ട്. ആഗോള പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ. പടിഞ്ഞാറാണ് അതിന്റെ ഉറവിടം. അവിടെയുള്ള തീവ്ര വലതുപക്ഷ മാധ്യമങ്ങൾ മുസ്‌ലിംവെറുപ്പ് ഉൽപ്പാദിപ്പിക്കുന്നതിൽ അഗ്രഗണ്യമാണ്. എങ്കിലും, അമേരിക്കൻ സെനറ്റ് ഒരു ബില്ല് പാസാക്കിയിരിക്കുന്നു. അമേരിക്കയിലെ ഇസ്‌ലാമോഫോബിയയെ നിരീക്ഷിക്കാൻ സ്റ്റേറ്റ് വകുപ്പ് ഉണ്ടാക്കുവാനായിരുന്നു ബില്ല്. വലതുപക്ഷ റിപബ്ലിക് പ്രതിനിധികളുടെ വോട്ടിനെ തള്ളി ഡെമോക്രാറ്റുകളുടെ വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. ബില്ലിന്റെ ഭാവി എന്താവുമെന്ന് കണ്ടുതന്നെ അറിയണം.

പുസ്തകം 46: 08 ‘ശബാബ്’ വാരികയിൽ വന്ന ‘ഇസ്‌ലാമോഫോബിയ: അമേരിക്കയിൽ മില്യൺ ഡോളർ വ്യവസായം’ എന്ന ശീർഷകത്തിലുള്ള നാസിം അഹ്‌മദിന്റെ കവർസ്റ്റോറി, അമേരിക്കയിലെ മുസ്‌ലിംവെറുപ്പിന്റെ വാണിജ്യ താൽപര്യങ്ങൾ തുറന്നുകാണിക്കുന്ന ഒന്നാണ്. 2017-19 കാലയളവിൽ ഇസ്‌ലാമോഫോബിയ നെറ്റ്‌വർക്കുകളിലേക്ക് 105,865,763 ഡോളർ ഒഴുകി. 1096 സംഘടനകൾ ഇസ്‌ലാമോഫോബിയ നെറ്റ്‌വർക്കിലെ 39 ഗ്രൂപ്പുകൾക്ക് 2014-16 കാലയളവിൽ 1.5 ബില്യൻ ഡോളർ ഫണ്ട് നൽകിയിട്ടുണ്ട്. ഫിഡെലിറ്റി ചാരിറ്റബിൾ ഫണ്ട് ഫൗണ്ടേഷൻ ഏഴ് ലക്ഷത്തോളം ഡോളർ വിവിധ മുസ്‌ലിംവിരുദ്ധ ഗ്രൂപ്പുകൾക്ക് 2017-2019നും ഇടയിൽ കൊടുത്തിട്ടുണ്ട്. ജ്യൂയിഷ് കമ്യൂണൽ ഫണ്ട് മുസ്‌ലിം വെറുപ്പുൽപ്പാദന സംഘങ്ങൾക്ക് മൂന്ന് മില്യനിലധികം ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ‘മുഖ്യധാരയിലെ ഇസ്‌ലാമോഫോബിയ’ എന്ന റിപ്പോർട്ടനുസരിച്ചാണ് മേൽവിവരങ്ങൾ. കൗൺസിൽ ഓൺ ഇസ്‌ലാമിക് റിലേഷൻസാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലിംഗത്വ നിരപേക്ഷതയുടെ അപകടങ്ങൾ
‘സത്യധാര’ സെപ്റ്റംബർ മാസം രണ്ടാം പാദത്തിലെ മുഹമ്മദ് ഫാരിസ് പി.യുവിന്റെ ‘പ്രശ്നത്തെ സങ്കീർണമാക്കുന്ന ലിംഗ രാഷ്ട്രീയം’ എന്ന തലക്കെട്ടിലുള്ള നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ലിംഗത്വ നിരപേക്ഷത(ജെൻഡർ ന്യൂട്രാലിറ്റി), അതിന്റെ അപകടങ്ങൾ എന്നിവയാണ് ഫാരിസ് വിശകലനം ചെയ്യുന്നത്.

തെറ്റായ സങ്കൽപങ്ങളിൽ അധിഷ്ഠിതമാണ് ലിംഗത്വ നിരപേക്ഷത. ലിംഗ(സെക്സ്) ത്തെയും ലിംഗത്വ(ജെൻഡർ) ത്തെയും രണ്ടായാണ് കാണുന്നത്. ലിംഗം ശാരീരികവും ലിംഗത്വം ചിത്തപരവുമത്രെ. ഒരാളെ ലൈംഗികാവയവങ്ങളുടെ നിർണയത്തിലൂടെ ശാരീരികമായി ആണാണോ, പെണ്ണാണോ എന്നൊക്കെ നിർണയിക്കാം. എന്നാൽ, ലിംഗത്വം ആത്മനിഷഠമാണ്. ഒരാളുടെ ഉള്ളിൽ എന്താണോ തോന്നുന്നത്, അതിനനുസൃതമായിരിക്കും ലിംഗത്വനിർണയം. അതിനാൽ, ലിംഗത്വം തീരുമാനിക്കേണ്ടത് സ്വബോധം വരുമ്പോഴാണ്. അതുവരെ ലിംഗത്വത്തെ അടയാളപ്പെടുത്തുന്ന സമീപനം കുട്ടികളോട് ഉണ്ടാവാൻ പാടില്ലെന്നാണ് ലിംഗത്വ നിരപേക്ഷത മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.

വെറുമൊരു വാക്കല്ല ഇസ്‌ലാമോഫോബിയ. മുസ്‌ലിംവെറുപ്പിന്റെ സൈദ്ധാന്തിക ആഴങ്ങളും പൈശാചിക പ്രയോഗങ്ങളും അത് ഉൾവഹിക്കുന്നുണ്ട്. ആഗോള പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ.

യഥാർഥത്തിൽ ലിംഗം തന്നെയാണ് ലിംഗത്വവും. ഒന്നുകിൽ പുരുഷൻ. അല്ലെങ്കിൽ സ്ത്രീ. മൂന്നാമതായി മധ്യലിംഗവും(ഇന്റർസെക്സ്). മധ്യലിംഗാവസ്ഥ ഏത് ലിംഗത്തോടാണോ കൂടുതൽ ചായ്‌വ് പ്രകടിപ്പിക്കുന്നത് അതിനനുസൃതമായ ചികിത്സ നടത്തണം. അതിനുവേണ്ടി സർജറി വരെയാവാം.

ഇഛയുടെ തീരുമാനപ്രകാരമാണ് ലിംഗത്വത്തെ നിർണയിക്കേണ്ടതെങ്കിൽ, ഇനി പറയുന്ന അപകടങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, ഒരാളുടെ ഉള്ളകം പറയുന്നത് പ്രകാരമാണ് ലിംഗത്വമെങ്കിൽ, പ്രശ്നം അതിൽ മാത്രം ഒതുങ്ങില്ല. താനൊരു നായയാണെന്ന് ഒരാൾ വിചാരിചാലോ. ഒരു ജപ്പാനി 12 ലക്ഷം മുടക്കി നായയെപ്പോലെയായത് ഈ വർഷമാണ്. ചികിൽസിച്ച് മാറ്റേണ്ട ഒരു രോഗാവസ്ഥയെ സൈദ്ധാന്തികവൽക്കരിക്കുന്നുവെന്നതാണ് പ്രശ്നം. രണ്ട്, ലിംഗത്വ നിരപേക്ഷത സ്ത്രീ വിരുദ്ധമായി പരിണമിക്കുന്നു. താനൊരു സ്ത്രീയാണെന്ന് വാദിച്ച പുരുഷപ്രതിയെ സ്ത്രീകളുടെ ജയിലിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഫലമോ, സെല്ലിലെ സ്ത്രീകൾ ഗർഭിണിയാവുകയാണുണ്ടായത്. അമേരിക്കയിൽ നടന്ന സംഭവമാണിത്. മൂന്ന്, പുരുഷൻ സ്ത്രീയാവുക, സ്ത്രീ പുരുഷനാവുക എന്നതൊക്കെ സങ്കീർണമായ പ്രശ്നങ്ങളാണ്. ലിംഗമാറ്റ ശസ്ത്രക്രിയയാണ് ലിംഗത്വ നിരപേക്ഷക്കാർ മുന്നോട്ടുവെക്കുന്ന പരിഹാരം. ധാരാളം പണവും സാങ്കേതിക വിദ്യയും ആവശ്യമായ കാര്യമാണത്. ലിംഗം മാറ്റിപ്പിടിപ്പിക്കണം. സ്ത്രീയാകുന്ന പുരുഷന്റെ താടിയെല്ല് രാകണം. ഈസ്ട്രജൻ കുത്തിവെച്ച് താടി-മീശ രോമങ്ങൾ കൊഴിക്കണം. അരക്കെട്ടിന്റെ രൂപം മാറ്റണം. അവസാനം ശസ്ത്രക്രിയ. അതാവട്ടെ, വിജയിക്കാൻ സാധ്യതയുമില്ല. ശസ്ത്രക്രിയക്ക് വിധേയമായവർ തീരാ ദുരിതങ്ങൾ അനുഭവിച്ചാണ് ജീവിക്കുന്നത്. പഴയ ലിംഗത്തിലേക്കുള്ള തിരിച്ചുപോക്കാവട്ടെ അസാധ്യവും. ലിംഗത്വ നിരപേക്ഷത ജീവശാസ്ത്രത്തോടുള്ള യുദ്ധമെന്നാണ് പ്രശസ്ത സെക്സോളജിസ്റ്റും പത്രപ്രവർത്തകയുമായ ഡോ. ഡെബ്രാ സൊ വിശേഷിപ്പിച്ചത്.

സാഹിത്യത്തിന്റെ പ്രസക്തി
മാറ്റം സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിന് വലിയ പങ്കുണ്ട്. വ്യക്തിയിലും സമൂഹത്തിലും പരിവർത്തനത്തിന്റെ കനലുകൾ ഊതിക്കാച്ചുന്നതിൽ കവിത, കഥ, നോവൽ എന്നിവക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഈ ദിശയിലേക്ക് വെളിച്ചം വീശുന്ന ലേഖനമാണ് ‘വിചിന്തനം’ 22: 08ൽ വന്ന ഡോ. അയ്മൻ ശൗഖിയുടെ ‘ഇസ്‌ലാമിക സാഹിത്യത്തിന്റെ കാലിക പ്രസക്തി’ എന്ന പേരിലുള്ള ലേഖനം.

ജീവിതത്തെക്കുറിച്ച് കൃത്യമായ വീക്ഷണങ്ങൾ രൂപപ്പെടുത്താൻ നല്ല സാഹിത്യത്തിലൂടെ സാധിക്കും. നന്മകൾ പ്രസരിപ്പിക്കാനും തിന്മകൾക്കെതിരെ പോരാടാനും കഴിയും. പ്രചോദനാത്മകമായ കവിത സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ഷെല്ലി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെയാണ് ഇസ്‌ലാമിക സാഹിത്യത്തിന്റെ പ്രസക്തിയെന്ന് ശൗഖി നിരീക്ഷിക്കുന്നു. വിശുദ്ധവേദത്തെ ആധാരമാക്കി സാഹിത്യത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ അദ്ദേഹം നിരത്തുന്നുണ്ട്. കഥാകഥനവും നവീന ആഖ്യാനവും കവിത്വവുമൊക്കെ വേദത്തിൽ ദർശിക്കാം. തന്നെ സന്ദർശിക്കുന്ന ഗോത്ര പ്രതിനിധികളോട്, അവരിലെ കവികളെ പറ്റി രണ്ടാം ഉത്തരാധികാരി ഉമർ ചോദിക്കാറുണ്ടായിരുന്നു. അവർ കവിത ചൊല്ലുമ്പോൾ, ഉമറും കവിത ചൊല്ലുമായിരുന്നു. സൽമാൻ റുഷ്ദി, തസ്‌ലീമ നസ്റിൻ എന്നിവർ സാഹിത്യത്തിലൂടെയാണ് ഇസ്‌ലാം വിമർശനം നടത്തുന്നത്. അതിനെതിരെ പ്രതിസാഹിത്യം വിരചിതമാവണമെന്ന് പറഞ്ഞുകൊണ്ടാണ് ശൗഖി ലേഖനം അവസാനിപ്പിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles