Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ അപനിര്‍മിക്കുന്നവര്‍

നീളക്കുപ്പായവും അറബിത്തട്ടവും ആടിനെ കറക്കലും ഒട്ടകത്തെ മേയ്ക്കലും, മരുഭൂമിയില്‍ തമ്പുകെട്ടി താമസിക്കലും, കഴുതയുടെയും കുതിരയുടെയും പുറത്ത് യാത്ര ചെയ്യലും. പ്രവാചകനെ അനുധാവനം ചെയ്യേണ്ട വഴികളന്വേഷിക്കുന്നവര്‍ക്കു മുമ്പില്‍ തുറന്നുകിടക്കുന്ന വഴികളിതാണോ?

അടിമത്തം നിലവില്ലാത്തൊരു ലോകത്ത് അതുണ്ടാക്കാനായി പണിയെടുക്കുകയാണോ മുസ്‌ലിമിന്റെ ധര്‍മം. ഇതാണോ പ്രവാചകനെ പുല്‍കാനുള്ള വഴികള്‍. നബി ചര്യയിലേക്കുളള മടക്കം ഏഴാം നൂറ്റാണ്ടിലെ ഗോത്രവര്‍ഗ സാമൂഹിക സാഹചര്യത്തിലേക്കുള്ള പിന്മടക്കമാണോ? അതിനുവേണ്ടിയാണോ ഇസ്‌ലാമിക പ്രബോധകര്‍ പണിയെടുക്കേണ്ടത്?

കട്ടവന്റെ കൈ മുറിക്കാന്‍ വേണ്ടി മോഷണവും എറിഞ്ഞുകൊല്ലല്‍ ശിക്ഷ നടപ്പാക്കാന്‍ വേണ്ടി പരസ്യവ്യഭിചാരവും പ്രചരിപ്പിക്കലാണോ ഇസ്‌ലാമിക രാഷ്ട്രത്തലവന്മാരുടെ ചുമതല. മുസ്‌ലിം പണ്ഡിത ലോകം ഇതല്ല ഇസ്‌ലാമിന്റെ വഴിയെന്ന് പറയുമ്പോഴും അതുതന്നെ, അതുമാത്രമാണ് എന്നു പറഞ്ഞുകൊണ്ടു ലോകത്തുപ്രചരിക്കുന്ന ഐ.എസ് വീഡോയോകളും അവര്‍ അനാഥരാക്കിയ കുഞ്ഞുങ്ങളും നിരാലംബരാക്കിയ സത്രീകളും മുസ്‌ലിം സമൂഹവും ലോകത്തുണ്ട്. നാഗരികതകളും സംസ്‌കാരങ്ങളും നശിപ്പിച്ച് കാടത്ത സംസ്‌കൃതിയെന്ന രൂപത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഐ.എസ് യഥാര്‍ഥത്തില്‍ എന്താണ് ആരാണതിനു പിന്നില്‍? ഇതിനുള്ള നീണ്ട ഉത്തരം തരികയാണ് സംവാദം മാസിക. പ്രവാചകനെ അനുകരിക്കുകയല്ല, അപനിര്‍മിക്കുകയാണ് ഐ.എസ് ചെയ്യുന്നത് എന്ന എം.ടി സാദാദ് അബുസ്സമദിന്റെതാണ് ലേഖനം. സെപ്റ്റംബര്‍ 2015 ലെ സംവാദത്തില്‍ നീണ്ട ഒരു ലേഖനമായാണ് ഇതുള്ളത്. മുസ്‌ലിം സമൂഹത്തെ തേജോവധം ചെയ്യാനുള്ള ജൂതലോബിയുടെ കുതന്ത്രങ്ങളെ നന്നായി വിശദീകരിക്കുന്ന ലേഖനം തുടങ്ങിയിരിക്കുന്നത് പ്രവാചകനിയോഗത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചും മറ്റുമാണ്. ഒന്നുരണ്ടുപേജുകളിലെ വായന വിരസമായിത്തോന്നുമെങ്കിലും പിന്നീടുള്ള ഭാഗങ്ങള്‍ പഠനാര്‍മാണ്.

ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍
എല്ലാവരുടെയും എല്ലാ ചര്‍ച്ചകളിലും സജീവമാണിന്ന് പരിസ്ഥിതിയെക്കുറിച്ചുള്ള അറിവുകള്‍. മണ്ണുമാന്തിയും പാറ തുരന്നും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുവോളം നാമത് തുടര്‍ന്നു. ഇപ്പോ സര്‍വ നാശത്തിലേക്കെത്തിയപ്പോള്‍ തിരിച്ചറിവിന്റെ പാഠമോതിക്കൊണ്ട് പരിസ്ഥിതി വാദികള്‍ മാത്രമല്ല, മതപക്ഷത്തുനിന്നും ശക്തമായ ഇടപെടലാണ് പ്രകൃതിക്കുവേണ്ടി നടത്തുന്നത്.

മനുഷ്യവാസത്തിന്നായി സജ്ജീകരിക്കപ്പെട്ട ഭൂമിയില്‍ മനുഷ്യരെപ്പോലെതന്നെ എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവകാശമുണ്ടെന്നാണ് ഖുര്‍ആനിന്റെ പാഠം. ആ പാഠങ്ങള്‍ ഖുര്‍ആന്‍ എപ്രകാരമാണ് വിശദീകരിച്ചിരിക്കുന്നതെന്ന് പറയുകയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ എ.കെ അബ്ദുല്‍ മജീദ്. ‘ഭൂമിയിലുള്ള ഏതൊരു ജീവിയും രണ്ടു ചിറകുകള്‍ കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള സമൂഹങ്ങള്‍ മാത്രമാകുന്നു (6:38)’ എന്ന ഖുര്‍ആനിക പ്രഖ്യാപനത്തെ ഓര്‍മിപ്പിച്ചുകൊണ്ടും ഒട്ടനേകം സൂക്തങ്ങള്‍ ഉദ്ദരിച്ചുകൊണ്ടും പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളെ ബലപ്പെടുത്തുകയാണ് ‘പരിസ്ഥിതി ഇസ്‌ലാമിക ദര്‍ശനത്തില്‍’ എന്ന ചന്ദ്രിക ലേഖനം. 5015 സെപ്തംബര്‍ ലക്കം 50-ലേതാണ് ലേഖനം

മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശം
ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അതീവ ഗൗരവമാണ്. അതില്‍ മുസ്‌ലിം സമൂഹവും മുക്തമല്ല. പ്രത്യേകിച്ചും സ്ത്രീപക്ഷം. മതപൗരോഹിത്യവും ദാരിദ്ര്യവും ഈ പിന്നോക്കാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ മുസ്‌ലിം നവീകരണ പ്രസ്ഥനങ്ങളുടെ ശക്തമായ ഇടപെടലുകള്‍ കൊണ്ട് ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ വരുത്താന്‍ ധൈര്യപ്പെടാതെ സ്ത്രീ വിരുദ്ധമായിക്കൊണ്ട് നിലനില്‍ക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്ന ഒന്നാണ് മുസ്‌ലിം സ്ത്രീ സ്വത്തവകാശം. നിലവിലെ മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശ നിയമങ്ങള്‍ മുസ്‌ലിം സ്ത്രീക്ക് അനുകൂലമല്ലെന്നാണ് വാദം. ഇതുമായി ബന്ധപ്പെട്ടതാണ് സംഘടിത മാസികയിലെ ‘മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശം: ചില വായനകള്‍’ എന്ന ലേഖനം. സ്ത്രീകളുടെ സ്വത്തവകാശം, അതിനെപ്പറ്റിയുള്ള നിയമങ്ങള്‍, എന്താണ് സ്ത്രീ സ്വത്ത് ? എന്തിനെയാണ് സ്ത്രീ സ്വത്തായി കാണുന്നത് തുടങ്ങിയ കാര്യങ്ങളെ അവലോകനം ചെയ്തുവന്ന മറ്റ് ലേഖനങ്ങളുടെ കൂട്ടത്തിലാണ് മേല്‍പ്പറഞ്ഞ ലേഖനം ഉള്ളത്. സെപ്റ്റംബര്‍ ലക്കത്തിലാണ് ലേഖനമുള്ളത്. ഇതിനു കാരണമായി ലേഖിക കുറ്റപ്പെടുത്തുന്നത് സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തിനും സ്വത്തവകാശത്തിലെ നീതിക്കുവേണ്ടിയും ശബ്ദമുയര്‍ത്താത്ത മുസ്‌ലിം വനിതാ സംഘടനകളെയാണ്. നിസ എന്ന സംഘടന മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തതെന്ന് അവര്‍ പറയുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥിയായ ദില്‍ഷാദ് ലില്ലിയാണ് ലേഖിക.

Related Articles