Current Date

Search
Close this search box.
Search
Close this search box.

ചെറൂപ്പയും കുഞ്ഞാമുവും മതമൗലികവാദികളോ…?

ചെറൂപ്പയും കുഞ്ഞാമുവും മതമൗലികവാദികളാകുന്നു. മതേതര കുഞ്ഞാടുകളെ അവരെ ക്രൂശിപ്പിന്‍…. വായനക്കാരെ ആകര്‍ഷിക്കാന്‍ കുട്ടിപ്പത്രങ്ങള്‍ ചെയ്യുന്ന പതിവ് ശൈലിയില്‍ നിന്ന് കടമെടുത്തതല്ല ഈ തലക്കെട്ട്. പുതിയ മലയാളം വാരികയില്‍ (ജൂണ്‍ 28 ) ‘ലീഗ് പത്രത്തില്‍ പോപുലര്‍ ഫ്രന്റുകാരുണ്ടോ?’ എന്ന ലേഖനത്തിലൂടെ കേരളത്തിലെ സ്വയം പ്രഖ്യാപിത മതേതര സാംസ്‌കാരിക ഇന്റലിജന്‍സ് മേധാവി സര്‍വശ്രീ ഹമീദ് ചേന്നമംഗല്ലൂര്‍ ആവശ്യപ്പെട്ടതാണിത്. ചന്ദ്രിക പത്രത്തിലെ എഡിറ്റോറിയല്‍ കോളത്തില്‍ നായര്‍ പടനായകന്‍ എന്ന വിവാദ കോളം എഴുതിയ ഏപി കുഞ്ഞാമുവിന്റെയും അതിന് അവസരമൊരുക്കി കൊടുത്ത ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പയുടെയും ‘ഞെട്ടിപ്പിക്കുന്ന’ മതതീവ്രവാദ ബന്ധങ്ങളാണ്  മലയാളം വാരികയിലൂടെ ഹമീദ് പുറത്തുവിടുന്നത്.

ചന്ദ്രികയിലിപ്പോള്‍ പണ്ടത്തെപ്പോലെ ഹരിത സൗമ്യഭാവമുള്ള എഴുത്തുകള്‍ക്ക് പകരം മതമൗലിക രൗദ്രഭാവമുള്ള ലേഖനങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് ലീഗിന്റെ അജണ്ടയല്ല. മറിച്ച് ചന്ദ്രികയുടെ കീ പോസ്റ്റില്‍ നുഴഞ്ഞു കയറിയ ഒരു മതമൗലിക വാദിയുടെ  ഹിഡന്‍ അജണ്ടയാണ്. ലീഗ് ഉടനെ അയാളെ കണ്ടെത്തി പുറത്താക്കി ചന്ദ്രകയുടെ മതേതര പാരമ്പര്യത്തെ വീണ്ടെടുക്കണം. ഹമീദിന്റെ വരികള്‍ ‘ജമാഅത്തെ ഇസ്‌ലാമിയുടെയും പോപുലര്‍ ഫ്രന്റിന്റെയും ആശയലോകത്തെ ആരാധനാഭാവത്തെടെ വീക്ഷിക്കുന്ന ആരെങ്കിലും ലീഗ് പത്രത്തില്‍ ഉണ്ടായിരിക്കണം. അതാരാണെന്ന് ചന്ദ്രികയുടെ അധികാരികള്‍ കണ്ടെത്തേണ്ടതുണ്ട്’.
   
ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ ടിയാന് വീണ്ടും സംശയം. മുസ്‌ലിം ലീഗ് നേതാക്കള്‍ തന്റെ ലേഖനം വായിച്ച് പതിവ് ശൈലിയനുസരിച്ച് അന്വേഷണചുമതല തങ്ങളെ ഏല്‍പ്പിച്ച് ബിരിയാണിയും കഴിച്ച് സലാം പറഞ്ഞ് പിരിയുമോ? അങ്ങനെ വന്നാല്‍ തന്റെ പരിശുദ്ധ മതേതര അജണ്ട പാളും. അതിനാല്‍ പ്രതിയെ തൊണ്ടി സഹിതം കണ്ടെത്തുന്ന ആ ഭാരിച്ച ദൗത്യം കൂടി നിര്‍വഹിച്ച് കളയാം. അങ്ങനെയാണ് ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പയാണ് പുറത്താക്കേണ്ട ആ മത ഭികരവാദിയെന്ന രഹസ്യം സാംസ്‌കാരിക ഇന്റലിജന്‍സ് മേധാവി വെളിപ്പെടുത്തിയത്. സ്‌ഫോടനാത്മകമായ ആ കണ്ടെത്തലുകള്‍ ഇങ്ങനെ ‘ചന്ദ്രികയുടെ ഇപ്പോഴത്തെ മുഖ്യ പത്രാധിപര്‍ ചന്ദ്രികയില്‍ കയറുന്നതിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ  മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത്’ അദ്ദേഹമിപ്പോഴും ആ മതമൗലികവാദ ദൗത്യം ചന്ദ്രികയില്‍ ഇരുന്ന് നിര്‍വഹിക്കുന്നത് ലീഗുകാര്‍ തിരിച്ചറയണമെന്നും ശബ്ദമില്ലാത്ത ശബ്ദമെന്ന പതിവ് കോളത്തിലിരുന്ന് ഹമീദ് വലിയ വായില്‍ ഒച്ചവെക്കുന്നു .
         
ഇനി  രണ്ടാംപ്രതിയായ ഏ പി കുഞ്ഞാമുവിനെക്കുറിച്ചുള്ള കുറ്റപ്പത്രം നോക്കാം. സി പി ഐ യുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് കുഞ്ഞാമു. അതിനാല്‍ ഒരു ഇടതുപക്ഷ എഴുത്തിക്കാരനെന്ന ലേബലും കുഞ്ഞാമുവിനുണ്ട്. അത് എന്നന്നേക്കുമായി അവസാനപ്പിക്കേണ്ട കടമ കൂടി ശുദ്ധ മതേതരവാദി ഈ ലേഖനത്തില്‍ നിര്‍വഹിക്കുന്നു. ആ ലേബലിന് അവസരമൊരുക്കിയ സി പി ഐ ക്ക് കുഞ്ഞാമുവിന്റെ വര്‍ഗീയ കൂട്ടുക്കെട്ടും വലതുപക്ഷ മുഖവും ലേഖകന്‍ വ്യക്തമാക്കികൊടുക്കുന്നത് ഇങ്ങനെ ‘മാധ്യമം തേജസ് എന്നീ പത്രങ്ങളോടും യഥാക്രമം അവയുടെ നടത്തിപ്പുക്കാരായ ജമാഅത്തെ ഇസ്‌ലാമിക്കാരോടും പോപുലര്‍ ഫ്രന്റുകാരോടും ഒരു ഇടതുപക്ഷക്കാരന് ചേരാത്തവിധമുള്ള ആത്മബന്ധം നമ്മുടെ യുവകലാസാഹിതിക്കാരനുണ്ടായിരുന്നു എന്നതും ഇപ്പോഴും ഉണ്ട് എന്നതും സത്യം മാത്രം. കുഞ്ഞാമുവിന്റെ വേഷപ്പകര്‍ച്ചകള്‍ അവിടെ അവസാനിക്കുന്നില്ല. മാര്‍ക്‌സിത്തെ എഴുതിതളളിയ ചില മുന്‍ നക്‌സലൈറ്റുകള്‍ നടത്തുന്ന പാഠഭേദത്തിന്റെ പത്രാധിപ സമിതിയംഗമായ ടിയാന്‍ മുസ്‌ലിതീവ്ര വാദികള്‍ക്ക് മാര്‍ഗദര്‍ശനവും ദിശാബോധവും നല്‍കാനും പാഠഭേദത്തിന്റെ താളുകളെ പ്രയോജനപ്പെടുത്തിപ്പോന്നിട്ടുണ്ട്.’
         
ആകയാല്‍ സി പി ഐ യിലെ കുഞ്ഞാടുകളെ ശുദ്ധമതേതരത്വത്തിന്റെ കേരളീയ അപ്പോസ്തലനായ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു ; എന്തന്നാല്‍ നിങ്ങള്‍ യുവകലാസാഹിതിക്ക് പുതിയൊരു വൈസ് പ്രസിഡന്റിനെ കണ്ടെത്തുക. എങ്കില്‍ ഒട്ടും വൈകാതെ നിങ്ങള്‍ക്കെന്റെ റെഡ് സല്യൂട്ട് ലഭിക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ ഹരിത സഖാക്കളെ, നുഴഞ്ഞു കയറ്റക്കാരനെ നിങ്ങള്‍ കയ്യോടെ പിടി കൂടി പുറത്തേക്കെറിയുക. മതേതര കേരളത്തന് നിങ്ങളിനിയും മൗനസമാധാനത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സലാം, നിങ്ങള്‍ക്ക് കാവലായി എന്നും ഞാനുണ്ടാകും. സകല നുഴഞ്ഞു കയറ്റക്കാരെയും  അതത് സമയങ്ങളില്‍ ഞാന്‍ വെളിപ്പെടുത്തുന്നതാണ്. അതെന്റെ കടമയാണ്; ജീവിതദൗത്യവും. അതിനെ ചോദ്യം ചെയ്യുന്നവന്‍ രാജ്യദ്രോഹിയാകുന്നു. അങ്ങനെയുള്ളവരെ പാകിസ്ഥാനിലേക്ക് നാടുകടത്തേണ്ടതാണ്.

Related Articles