Current Date

Search
Close this search box.
Search
Close this search box.

കേരളമുസ്‌ലിം യുവജനനേത്യത്വം ‘തെളിച്ചം മാസികയില്‍ ‘ അവരുടെ അജണ്ടകള്‍ ചര്‍ച്ച ചെയ്തപ്പോള്‍

മറ്റെന്ത് വിഷയങ്ങളിലും മുന്‍ഗണനാക്രമങ്ങളിലും വിയോജിച്ചാലും സര്‍വരംഗത്തുമുള്ള മുസ്‌ലിം ശാക്തീകരണമാണ് മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും ലക്ഷ്യങ്ങളിലൊന്ന്.യുവജന സംഘടനകളാകട്ടെ ഈ രംഗത്ത് ഏറ്റക്കുറച്ചിലുകളോടെ അവരുടെ ഭാഗദേയം ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. പുതിയ കേരളമുസ്‌ലിം തലമുറ വിദ്യാഭ്യാസപരമായി വന്‍മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് .മിക്കവരുടെയും പ്രാഥമിക വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയായിരിക്കുന്നു. ഈ തലമുറയെ പ്രതിനിധീകരിക്കുന്ന യുവജന സംഘടനകളുടെ അജണ്ടകളിലും ഈ മാററവും കുതിപ്പും ദ്യശ്യമാണ്. മറ്റ് സംഘടനകളില്‍ നിന്ന് ആകര്‍ഷണീയമായ അജണ്ടകളെ എല്ലാവരുമിന്ന് സ്വാംശീകരിക്കുന്നുണ്ട്. മുസ്‌ലിം യുവജന സംഘടനകളുടെ മുഖപത്രങ്ങളെല്ലാം ഈ നല്ല മാറ്റങ്ങളുടെ മുഖപത്രങ്ങള്‍ കൂടിയാണ് .

      വായനാവാരത്തില്‍ ഈ വിഷയം പങ്കുവെക്കാന്‍ കാരണം പുതിയ തെളിച്ചം മാസികയുടെ ( ജൂലൈ 2013 ) കവര്‍സ്‌റ്റോറിയാണ്. കേരളത്തിലെ പ്രമുഖ മുസ്‌ലിം യുവജന സംഘടനകള്‍ തങ്ങളുടെ വര്‍ത്തമാന അജണ്ടകളും ഭാവി പദ്ധതികളും എഡിറ്റിങ്ങില്ലാതെ മുസ്‌ലിം കേരളത്തിന് മുമ്പില്‍ പങ്കുവെക്കാനുള്ള അവസരമാണ് തെളിച്ചം മാസിക ഒരുക്കിയിരിക്കുന്നത്. ഓണം പിള്ളി മുഹമ്മദ് ഫൈസി ( SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ) ,ടി മുഹമ്മദ് വേളം (SOLIDARITTY സംസ്ഥാന പ്രസനഡന്റ് ) ,എന്‍ എം സ്വാദിഖ് സഖാഫി ( SSF മുന്‍ സംസ്ഥാന പ്രസിഡന്റ് ),മുജീബ് റഹ്മാന്‍ കിനാലൂര്‍ ( ISM മുന്‍ സംസ്ഥാന പ്രസിഡന്റ് ) എന്നിവരാണ് കേരളത്തിലെ മുസ്‌ലിം യുവജന അജണ്ടകളുടെ വര്‍ത്തമാനവും ഭാവിയും പറയുന്നത്.

 പുതിയ കാലത്തെ തിരിച്ചറിവുകള്‍ സംഘടനാ അജണ്ടകളിലേക്ക് ചേര്‍ത്ത് വെക്കാന്‍ ആമുഖമായി ആവശ്യപ്പെട്ടുകൊണ്ടാണ് തെളിച്ചം ചര്‍ച്ച തുടങ്ങുന്നത് .ആമുഖത്തിലെ ചില വരികള്‍  ‘വിചാരപരമായ സംവാദങ്ങളുടെ കാലം അവസാനിച്ചിടത്ത് ബൗദ്ധികവും ആരോഗ്യപരവുമായ സംവാദം ആവശ്യമായി വരുന്നുണ്ട്. കേരളത്തില്‍ ഇവിടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കഴിഞ്ഞൊരു ശതകക്കാലം നിര്‍വഹിച്ച നവോഥാനപരവും വിപ്ലാവാത്മകവുമായ പ്രവര്‍ത്തനങ്ങളെ ആദരിച്ചും അംഗീകരിച്ചും കൊണ്ടുതന്നെ, കേരള ഇസ്‌ലാമിനെ സംബന്ധിച്ച് അതിഗൗരവമായൊരു ആത്മവിമര്‍ഷനാത്മക സംവാദത്തിന് തെളിച്ചം വേദിയൊരുക്കുന്നു’

           തെളിച്ചം പറയുന്നത് പോലെ പോയകാലത്തെ വാദപ്രതിവാദങ്ങളെ റദ്ദ് ചെയ്ത് പുതിയ സംവാദങ്ങള്‍ കാലം ആവശ്യപ്പെടുന്നുണ്ട്. അതിന് അനുകരണീയമായ മാതൃകക്ക്  തെളിച്ചം മാസിക തുടക്കമിട്ടതില്‍ അവരെ ഉള്ളുതുറന്ന് അഭിനന്ദിക്കുന്നു. എട്ട് ചോദ്യങ്ങങ്ങളാണ് തെളിച്ചം യുവജന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

1) മുസ്‌ലിം ലോകത്തിന് കേരളത്തിന്റെ ഈടുറ്റ സംഭാവന എന്താണ് ? (സംഘടനാ രൂപീകരണങ്ങള്‍ക്ക് മുമ്പും പിമ്പും )
2) താങ്കളുടെ സംഘടന ഏത് മേഖലക്ക് ഊന്നല്‍ നല്‍കുന്നു ?(സംഘടനാരൂപീകരണ പശ്ചാത്തലം, പ്രവര്‍ത്തനം,പുതിയ കാലം, മാറ്റങ്ങള്‍ സമീപനങ്ങള്‍ )
3) അജണ്ടകളിലും പ്രവര്‍ത്തനങ്ങളുലും ഇസ്‌ലാമിനെ എത്ര കണ്ട് പ്രതിനിധീകരിക്കുന്നു.?
4)വലിയൊരു ശതമാനം സമ്പത്ത് ക്യത്യമായ ആസൂത്രണമില്ലാതെ എന്നൊരു ആരോപണം മുസ്‌ലിം സംഘടനകളെക്കുറിച്ചുണ്ട്. എന്ത് തോന്നുന്നു?
5)യുവതലമുറ ആത്മീയമായി ദരിദ്രരാണെന്ന് അഭിപ്രായമുണ്ടോ ?
6)വിപുലവും ശാസ്ത്രീയവുമായ സംഘടനാശാക്തീകരണങ്ങള്‍ക്ക് സമുദായത്തിലെ യുവതലമുറയെ മതത്തിനകത്തേക്ക് ആകര്‍ഷിക്കാനായിട്ടുണ്ടോ?
7)സംഘടനകള്‍ക്കിടയിലെ സംവാദങ്ങളെക്കുറിച്ച …
8)അടുത്ത 25 വര്‍ഷത്തിനകം കേരള ഇസ്‌ലാം കാത്തിരിക്കുന്ന പ്രതീക്ഷയും പ്രതിസന്ധിയും എന്താണ് ?

       മിക്ക ചോദ്യങ്ങള്‍ക്കും നാല് നേതാക്കളും ഒരേ പോലെ പോസിറ്റീവായ മറുപടികളാണ് പറയുന്നത്.ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെയും ഫസല്‍ പൂക്കോയ തങ്ങളുടെയും പാരമ്പര്യം എല്ലാവരും അവകാശപ്പെടുന്നുണ്ട്. സത്യത്തില്‍ അതൊരു ശരിയുമാണ് .നിലവിലുള്ള എല്ലാം സംഘടനകളും വര്‍ത്തമാന കാലത്ത് ആ പാരമ്പര്യത്തില്‍ നിന്ന് സാമൂഹ്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം സ്വീകരിക്കുന്നുണ്ട് .സംഘടനകള്‍ വരുന്നതിന്  മുമ്പുള്ള കാലമാണ് മികച്ചതെന്ന് ചര്‍ച്ച ഉപസംഹരിച്ച മോഡറോറ്റര്‍ എ കെ അബ്ദുല്‍മജീദ് മാത്രമെ അഭിപ്രായപ്പെടുന്നുള്ളൂ. സംഘടനകള്‍ക്കിടയില്‍ വിവാദവും തര്‍ക്കവുമല്ല പരസ്പരം ആരോഗ്യപരമായ സംവാദങ്ങളാണ് വേണ്ടതെന്നതില്‍ ആര്‍ക്കുമില്ല അഭിപ്രായവ്യത്യാസം. സ്വന്തം സമുദായത്തെ മാത്രമല്ല പൊതുസമൂഹത്തെയും സംഘടനകള്‍ അഭിമുഖീകരിക്കണമെന്നും എല്ലാവരും  പറയുന്നു. മുന്‍ഗണന സമുദായ വിഷയങ്ങള്‍ക്കാവണം എന്ന് ചിലര്‍ ഊന്നുന്നു. ഏതായാലും എത്ര അളവില്‍ സമുദായം / പൊതു സമൂഹം എന്നതില്‍ മാത്രമാണ് തര്‍ക്കം. മുസ്‌ലിംയുവജന സംഘടനകളുടെ വര്‍ത്തമാനവും ഭാവിയും അറിയാന്‍ താല്‍പര്യമുള്ളവരെല്ലാം പുതിയ തെളിച്ചം വായിച്ചിരിക്കുന്നത് നന്നാവും .ഒരിക്കല്‍ കൂടി തെളിച്ചം മാസികയുടെ അണിയറ ശില്‍പികള്‍ക്ക് വായനവാരത്തിന്റെ അഭിനന്ദനങ്ങള്‍ .

Related Articles