Current Date

Search
Close this search box.
Search
Close this search box.

വൈറ്റ് സുപ്രീമസിക്കാരും നിയോ ഫാഷിസ്റ്റുകളും

ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യത്തെ കാപിറ്റൾ ഹില്ലിൽ തകർക്കാൻ ശ്രമിച്ച ട്രംപിന്റെയും അനുയായികളുടെയും ശല്യം അവസാനിച്ചെന്നും വൈറ്റ് സുപ്രീമാസ്റ്റുകളും ക്യൂ എനോൺ (QAnon) പോലുള്ള കോൺസ്പിറസി കൾട്ട് ഗ്രൂപ്പുകളും പത്തിമടക്കിയെന്നും പറയാറായോ? ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രശ്‌നങ്ങളൊന്നുമില്ലാതെ അവസാനിച്ചെങ്കിലും വെള്ള വംശീയവാദികളും ചില കൾട്ടുകളും കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വാട്‌സ്ആപ്പ്, ഗാബ്, സിഗ്നൽ ഉൾപ്പെടെയുള്ള ഓൺലൈൻ ഫോറങ്ങളിൽ പ്രചരിച്ച സന്ദേശങ്ങൾ നൽകുന്ന സൂചന.

ബുധനാഴ്ചത്തെ ചടങ്ങിനിടയിൽ വമ്പിച്ച കുഴപ്പമുണ്ടാകുമെന്നും ട്രംപ് അനുകൂലികളായ സുരക്ഷാ ഭടന്മാർ രംഗം കയ്യടക്കുകയും ഡെമോക്രാറ്റ് പാർട്ടി നേതാക്കളെ തടവിലാക്കുകയും അങ്ങനെ ഡോണാൾഡ് ട്രംപ് വീണ്ടും വൈറ്റ്ഹൗസ് കയ്യടക്കുമെന്നും ന്യായമായും വിശ്വസിച്ചവരാണ് QAnon ഗ്രൂപ്പ്. ‘പിശാചിനെ വരിക്കുന്ന’ ഗവൺമെന്റിലെയും ബിസിനസ്, മാധ്യമ, ഹോളിവുഡ് മേഖലകളിലെയും ദുശ്ശക്തികൾക്കെതിരെ ട്രംപ് രഹസ്യ കേന്ദ്രത്തിൽനിന്ന് പോരാടുകയാണെന്നും മുൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഹിലാരി ക്ലിന്റൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊതു ഇടത്തിൽ വധശിക്ഷക്ക് വിധേയമാക്കുമെന്നു വരെ ഇവരുടെ ഗ്രൂപ്പുകളിൽ സന്ദേശങ്ങളുണ്ടായിരുന്നു. ഈ തിയറി അപ്പടി വിശ്വസിച്ചു അതിനായി കാത്തിരുന്ന ലക്ഷങ്ങളാണ് നിരാശരായത്. ഇതേ തുടർന്ന് കൾട്ടിൽനിന്ന് പിൻവാങ്ങിയവരുണ്ട്. വേറെ ചിലർ അടുത്ത നാലു വർഷത്തിനിടയിൽ അത് സംഭവിക്കുമെന്ന് വിശ്വസിച്ച് കാത്തിരിപ്പാണ്. മൂന്നാമതൊരു കൂട്ടരാവട്ടെ, ബൈഡൻ അല്ല ട്രംപ് തന്നെയാണ് ഭരിക്കുന്നതെന്നും അതിന്റെ ഫലം കാണാരിക്കുകയാണെന്നും ഉറപ്പിച്ചിട്ടുണ്ട്.

2017 മുതലാണ് QAnon ഗ്രൂപ്പിന്റെ ‘ഗൂഢാലോചനാ സിദ്ധാന്തം’ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അജണ്ടകൾ അട്ടിമറിക്കാൻ വ്യാപകമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ കണ്ടുപിടിത്തം. ട്രംപ് തന്നെ ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു എന്നതാണ് ഏറെ ഗൗരവതരമായത്. 2018 മുതൽ ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ ഇവരുണ്ട്. കാപിറ്റൾ ആക്രമണത്തിൽ QAnon ഗ്രൂപ്പ അംഗങ്ങൾ അവരുടെ ചിഹ്നങ്ങൾ പതിച്ച ടീ ഷർട്ടുകൾ ധരിച്ചാണ് എത്തിയത്. എന്നാൽ, ബൈഡന്റെ സ്ഥാനാരോഹണം സമാധാനപരമായി അവസാനിച്ചതോടെ ഇവരിൽ പലരും നിരാശരായി പിൻവലിയുകയാണെന്നാണ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച സന്ദേശങ്ങൾ നൽകുന്ന സൂചന. ഓരോ ഗ്രൂപ്പിലും ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്.

അതിനിടെ, അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കാത്തലിക് പ്രസിഡന്റാണ് ജോ ബൈഡൻ എന്നതും ഗൂഢാലോചനാ സിദ്ധാന്തക്കാർ പ്രചരിപ്പിക്കുന്നുണ്ട്. അതായത്, ജോൺ എഫ് കെന്നഡിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റാവുന്ന ആദ്യ കത്തോലിക്കൻ. കെന്നഡി വെടിയേറ്റു മരിക്കുകയായിരുന്നു.

ഇരുപത്തി മൂന്ന് ശതമാനമാണ് അമേരിക്കയിലെ കത്തോലിക്കർ. അപ്പോൾ ഉദ്ദേശ്യം വ്യക്തമാണല്ലോ. വൈറ്റ് സുപ്രീമസിക്കാരും നിയോ ഫാഷിസ്റ്റുകളും അമേരിക്കക്ക് പുത്തരിയല്ല. എന്നാൽ ട്രംപിന്റെ നാലു വർഷം അതിന്റെ വളർച്ച സകല പരിധികളും വിട്ട് റിപ്പബ്ലിക്കിനെ കാർന്നു തിന്നുന്ന വിധത്തിലേക്ക് വളർന്നിരിക്കുന്നു എന്നതാണ് ഏറെ ഗൗരവതരം. ബൈഡന് വെല്ലുവിളി ഉയർത്തുന്നതും ഈ ഫാഷിസമാണ്. ട്രംപ് നാട്ടുവളർത്തിയ ഈ വംശീയ ഫാഷിസത്തിന് വെള്ളമൊഴിച്ചു കൊടുത്തവരാണ് മോദിയും സംഘവും എന്നതും മറന്നു കൂട. ഇക്കൂട്ടർ ഇപ്പോൾ കളം മാറി ചവിട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

Related Articles