Current Date

Search
Close this search box.
Search
Close this search box.

നബിദിനം പ്രസക്തമാകുന്നത്

വിശുദ്ധ ഖുർആൻ പറയുന്നു: “അദ്ദേഹം ധർമം കൽപ്പിക്കുകയും അധർമം വിലക്കുകയും ചെയ്യുന്നു. ജനങ്ങൾക്ക് നല്ലത് അനുവദിച്ചു കൊടുക്കുകയും ദുഷിച്ചവ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചു കൊണ്ടിരിക്കുന്ന ഭാരം ഇറക്കി വെക്കുന്നു. അവരെ വരിഞ്ഞു മുറുക്കുന്ന ചങ്ങലകൾ അഴിച്ചു മാറ്റുന്നു. അതിനാൽ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട വെളിച്ചത്തെ പിൻപറ്റുകയും ചെയ്യുന്നവർ മാത്രമാകുന്നു വിജയം വരിക്കുന്നവർ” (അധ്യായം: 7: വാക്യം: 157)

ധർമ സംസ്ഥാപനവും അധർമ നിർമാർജനവും നല്ലതുകളുടെ അനുവദനീയതയും മ്ലേഛതകളുടെ നിഷേധവും മനുഷ്യരുടെ ജീവിതഭാരം ലഘൂകരിക്കലും അവരെ വരിഞ്ഞു മുറുക്കിയ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ അറുത്തു മാറ്റലുമൊക്കെ അടങ്ങുന്ന മനുഷ്യവിമോചനത്തിന്റെ സമഗ്രമായ സ്നേഹ വിപ്ലവമാണ് അന്ത്യ പ്രവാചകന്റെ ജീവിതദൗത്യമെന്ന് ഉപര്യുക്ത ഖുർആൻ സൂക്തം വ്യക്തമാക്കുന്നു.

ഓരോ നബിദിനവും (മുൻഗാമികൾ അങ്ങനെ ഒരു പ്രയോഗം നടത്തുകയോ ഫിഖ്ഹിൽ അവ്വിധം ഒരധ്യായം ചേർക്കുകയോ ചെയ്തിട്ടില്ലെങ്കിലും) നമ്മോടാവശ്യപ്പെടുന്നത് പ്രവാചകനെ പൂർവ്വാധികം വിശ്വസിച്ചനുസരിക്കാനും ഇസ് ലാമിനെ ബലപ്പെടുത്താനും വിശുദ്ധ ഖുർആനിനൊത്ത് ജീവിതം ചിട്ടപ്പെടുത്താനുമത്രെ.

എന്നാൽ പ്രസക്തമായ ചോദ്യം സമുദായം ഇങ്ങനെ തന്നെയാണോ റബീ ഉൽ അവ്വലിനെ കാണുന്നത്? എന്നതാകുന്നു.
സ്വന്തം ദൗത്യം മറക്കുകയും പ്രവാചക സ്മൃതിയെ ആചാരങ്ങളിലും ആഘോഷങ്ങളിലും ഒതുക്കുകയും ചെയ്യുന്നതാണ് ഉമ്മത്തിന്റെ വർത്തമാനാവസ്ഥ എന്നു പറഞ്ഞാൽ തെറ്റല്ല!

നബി (സ) യുടെ ആദർശങ്ങളിലും അധ്യാപനങ്ങളിലും താത്പര്യമില്ലാത്തവർ പ്രവാചക സ്നേഹം പറഞ്ഞു നടന്നതുകൊണ്ട് കാര്യമില്ല. പ്രവാചക കീർത്തനങ്ങൾ കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും ഘോഷയാത്ര കൊണ്ടും ഭക്ഷണം വിളമ്പിയതു കൊണ്ടുമില്ല കാര്യം. അതുകൊണ്ടൊന്നും അല്ലാഹുവും അവന്റെ റസൂലും അവരെ സ്നേഹിക്കാൻ പോകുന്നില്ല. അവ്വിധമുള്ള പ്രവാചകസ്നേഹത്തിന്റെ ഒരു കുറുക്കുവഴി സ്വഹാബത്ത് (റ) നമുക്ക് കാണിച്ചു തന്നിട്ടില്ല. അതിനാൽ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സ്നേഹം ലഭിക്കാൻ ഇസ് ലാമിന്റെ ആദർശ ലക്ഷ്യങ്ങൾ സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കുകയും അവയെ ചുറ്റുമുള്ള മനുഷ്യർക്ക് അനുഭവവേദ്യമാകുന്ന വിധം ജീവിക്കുകയും വേണം! ഇസ് ലാമിനെ സമാധാന മാർഗേണ പ്രബോധനം ചെയ്യുകയും പ്രതിരോധിക്കുകയും വേണം

അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നത് കാണുക: “നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ ” (ഖുർ: 3:31)

സ്രഷ്ടാവായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെയും സ്നേഹാനുസരണത്തിലൂടെയും മാത്രമേ പ്രവാചക സ്നേഹം കരഗതമാവൂ എന്ന അനിഷേധ്യ സത്യം ഈ സൂക്തം നമ്മെ തെര്യപ്പെടുത്തുന്നു!

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles