Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥനകളാൽ തരളിതമാവട്ടെ ഹൃത്തടങ്ങൾ

പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ ആണ് റമദാനിലെ ഇനിയുള്ള ദിവസങ്ങൾ. ഓരോ വിശ്വാസിയുടെയും അടിസ്ഥാന സ്വാഭാവമാവേണ്ട മഹിതമായൊരു സ്വാഭാവഗുണമാണ് പ്രാർത്ഥന എന്നത്. നിർബന്ധമായും നൈരന്തര്യത്തോടെ ചേർത്ത് വെക്കേണ്ട ഒരു ശീലം. ആത്മാവിനുള്ള ആഹാരം. തരളിതമായ മനസോടെ പ്രപഞ്ചനാഥനിലേക്ക് കരങ്ങൾ ഉയർത്തുക എന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കണം ഓരോ വിശ്വാസിയും. നമ്മുടെ ജീവിതത്തെ ലോകൈകനാഥനിലേക്ക് ഏൽപ്പിക്കലാണ് പ്രാർത്ഥനയിലൂടെ സംഭവിക്കുന്നത്. ഇതിലൂടെ നമുക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവുമാണ് ലഭിക്കുക. ജീവിതയാത്രയിലുണ്ടാവുന്ന ഏത് പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്യാനുള്ള ആത്മധൈര്യം സ്വായത്തമാവുന്നു. പ്രാർത്ഥന വിശ്വാസിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് തിരി കൊളുത്തിവെക്കുന്നത്.

” പ്രവാചകന്‍ ജനങ്ങളോടു പറയുക: എന്റെ റബ്ബിനു നിങ്ങളെക്കൊണ്ട് എന്താവശ്യം, നിങ്ങള്‍ അവനെ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍! നിങ്ങള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണല്ലോ. മോചനമില്ലാത്ത ദൈവികശിക്ഷ അടുത്തുതന്നെ സംഭവിക്കാന്‍ പോകുന്നു”. (അൽ ഫുർഖാൻ : 77) മനുഷ്യർ അല്ലാഹുവിനോട് പ്രാര്‍ഥിക്കാതെയും അവന്ന് ഇബാദത്ത് ചെയ്യാതെയും ആവശ്യങ്ങള്‍ അവനോട് ചോദിക്കാതെയുമിരിക്കുകയാണെങ്കില്‍ പിന്നെ അവന്റെ ദൃഷ്ടിയില്‍ അവർക്ക് ഒരു വിലയുമില്ല. അതിനുവേണ്ടിയാണ് മനുഷ്യരെ ഈ ലോകത്തു സൃഷ്ടിച്ചിട്ടുള്ളത്. കേവലം സൃഷ്ടി എന്ന നിലയില്‍ മനുഷ്യരും ശിലകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവർ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നില്ലെങ്കില്‍ അതുമൂലം അവന്റെ ഒരു കാര്യത്തിനും വിഘ്‌നം സംഭവിക്കുന്നില്ല.നമ്മൾ നേരിടുന്ന ഏതൊരു പ്രശ്‌നത്തിലും നമ്മൾ അവന്റെ നേരെ കൈനീട്ടുന്നു. അഥവാ അവനോട് പ്രാര്‍ഥിക്കുന്നു എന്നതാണ് നമ്മളെ തിരിഞ്ഞുനോക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഏക സംഗതി. അതു മനുഷ്യർ ചെയ്യുന്നില്ലെങ്കില്‍ അവർ ചപ്പുചവറുകള്‍ കണക്കേ വലിച്ചെറിയപ്പെടും.

പ്രാർത്ഥനയിലൂടെ ഓരോ വിശ്വാസിയും തങ്ങളുടെ നാഥനിലേക്ക് കൂടുതൽ അടുക്കുകയും അവനുമായി സുശക്തമായ ബന്ധം സഥാപിക്കുകയുമാണ് ചെയ്യുന്നത്. “പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍, അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ” (അൽ ബഖറ 186). ഇസ്‌ലാമിലെ ദൈവസങ്കൽപത്തിന്റെ ചേതോഹരമായ ഒരു ആവിഷ്കാരം കൂടിയാണ് ഈ ആയത്ത്. അല്ലാഹു എല്ലാ മനുഷ്യർക്കും എപ്പോഴും പ്രാപ്യമാണെന്ന് ഈ ആയത്ത് പറഞ്ഞു വെക്കുന്നു. പല മതങ്ങളിലും ദൈവം എന്നത് എല്ലാവർക്കും പ്രാപ്യമല്ല. ഇടയാളരും പുരോഹിതന്മാരുമൊക്കെ മുഖേന മാത്രമേ ദൈവത്തിലേക്കെത്താൻ സാധ്യമാവുകയുള്ളൂ എന്നാണ് സങ്കൽപം. എന്നാൽ ഇസ്‌ലാമിൽ മനുഷ്യരോട് ചേർന്ന് നിൽക്കുന്ന ഒരു ദൈവത്തെയാണ് ദർശിക്കാൻ സാധിക്കുക. സൃഷ്ടിയുടെ ഏതാവശ്യവും നിവർത്തിച്ചു കൊടുക്കാൻ അവൻ സദാ സന്നദ്ധനായി നിലകൊള്ളുകയാണ്. സൃഷ്ടിയും സൃഷ്ടാവും തമ്മിൽ അകലങ്ങൾ തീരെ ഇല്ല ഇസ്‌ലാമിൽ. നമ്മുടെ ഹൃദയവിചാരങ്ങൾ പോലും തിരിച്ചറിഞ്ഞു ഉത്തരം നൽകാൻ കഴിവുള്ളവനാണ് അല്ലാഹു. ഉപരിസൂചിത ആയത്തിന്റെ അവതരണ പശ്ചാത്തലമായി ഇമാം അസ്സഅദി (റ) പറയുന്നു ” അല്ലാഹുവിനെ കുറിച്ച് ചില സ്വഹാബികൾ ചോദിച്ചതിനുള്ള മറുപടി ആയിട്ടാണ് ഈ ആയത്ത് ഇറങ്ങിയത്. അവർ ചോദിച്ചു “ഓ തിരുദൂതരെ, ഉത്തരം നൽകാൻ വേണ്ടി ഞങ്ങളുടെ ദൈവം സമീപസ്ഥനാണോ, അതോ ഞങ്ങൾ വിളിച്ചു ചോദിക്കേണ്ടയത്രയും വിദൂരസ്ഥനാണോ?”. നമ്മുടെ അല്ലാഹു സൃഷ്ടികളുമായി ഏറ്റവും സമീപസ്ഥനും നമ്മെ സൂക്ഷമായി നിരീക്ഷിക്കുന്നവനും നമ്മുടെ ഓരോ ചലനങ്ങളും കൃത്യമായി അറിയുന്നവനും ആണ്. നമ്മുടെ ഹൃദയ വിചാരങ്ങളെപോലും അവൻ മനസിലാക്കുകയും നമ്മുടെ തേട്ടങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.

പ്രാർത്ഥന വിശ്വാസിയുടെ ആയുധം ആണ്. വിശ്വാസവും പ്രാർത്ഥനയും പ്രവർത്തനവും കൂടിച്ചേരുമ്പോഴാണ് ഒരു മുസ്‌ലിമിന്റെ ജീവിതം അർത്ഥപൂർണമാവുന്നത്. തിന്മകളിൽ നിന്ന് തടയാനും ദീനിൽ സ്ഥൈര്യത്തോടെ നിലകൊള്ളുവാനും പ്രാർത്ഥന വിശ്വാസിയെ പ്രാപ്തനാക്കുന്നു. എല്ലാ വിധത്തിലുള്ള ജാഹിലിയത്തുകളെയും പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും. ഹഖും ബാത്തിലും ഏറ്റുമുട്ടുന്ന സമകാലിക സാഹചര്യത്തിൽ മൂർച്ചയേറിയ ആയുധം കൂടിയാണ് പ്രാർത്ഥന. ആരാധനകളുടെ അടിസ്ഥാനം, ദീനിന്റെ തൂൺ, ആകാശലോകങ്ങളുടെ പ്രകാശം എന്നൊക്കെ പ്രാർത്ഥനയെ വിശേഷിപ്പിക്കപ്പെട്ടതായി കാണാവുന്നതാണ്.

പുതിയ കാലത്ത് വിശ്വാസികളുടെ ജീവിതത്തിൽ പ്രാർത്ഥന കുറഞ്ഞു വരുന്നുണ്ടോ എന്ന് ആലോചന നടത്തേണ്ടിയിരിക്കുന്നു. പലരുടെയും ജീവിതത്തിൽ പ്രാർത്ഥനകൾ കേവലമായ അധരവ്യായാമമോ യാന്ത്രികമായ ഒരു ചടങ്ങോ ആയിമാറിയിട്ടുണ്ട്. എന്ത് കൊണ്ടാണ് ഒരു മനുഷ്യനിൽ പ്രാർത്ഥന കുറയുന്നത്?. ഈ ചോദ്യത്തിന് ധാരാളം ഉത്തരങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അതിലൊന്ന് സ്വന്തം കഴിവിൽ അഹങ്കരിക്കുക എന്നതാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും എനിക്ക് ആരുടേയും സഹായം ആവശ്യമില്ല , താൻ പൂർണമായും സ്വയം പര്യാപ്‌തനാണെന്നുമുള്ള വിചാരം. തന്റെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ ഇടപെടലുണ്ടാവുമെന്ന് ഇക്കൂട്ടർ മറന്നു പോവുകയാണ്. ഒരു മനുഷ്യന്റെ ജീവിതത്തിൽ നടക്കുന്ന ഏത് കാര്യങ്ങൾക്കും അല്ലാഹുവിന്റെ തീരുമാനവും ഇച്ഛയും ആവശ്യമാണെന്നാണല്ലോ വിശ്വാസത്തിന്റെ അടിസ്ഥാനം. പലരും തങ്ങളുടെ പ്രശ്നപരിഹാരമാർഗത്തിന്റെ അവസാനത്തെ വഴിയായിട്ടാണ് പ്രാർത്ഥനയെ കാണുന്നത്. മറ്റു മാർഗങ്ങൾ അടയുമ്പോഴല്ല വിശ്വാസികൾ പടച്ചവനിലേക്ക് കരങ്ങൾ ഉയർത്തേണ്ടത്. ഏതൊരു കാര്യത്തിന്റെയും ആസൂത്രണം മുതൽക്ക് തന്നെ പ്രാർത്ഥനയും ഉണ്ടാവണം. കാരണം നമ്മുടെ തീരുമാനങ്ങളുടെയും ആസൂത്രണത്തിന്റെയും അപ്പുറത്താണല്ലോ അല്ലാഹുവിന്റെ തീരുമാനവും ആസൂത്രണവും. ജീവിതത്തിന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ മറക്കുന്നവർക്ക് തങ്ങളുടെ ക്ഷാമകാലത്തുള്ള പ്രാർത്ഥനകൾ ഫലം ചെയ്യില്ല.

മനുഷ്യർ സൃഷിടിക്കപ്പെട്ടിരിക്കുന്നത് ദുർബലാവസ്ഥയിലും ക്ലേശത്തിലുമാണ്. ” വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശത്തിലാകുന്നു” (അൽ ബലദ് – 4). ജീവിതത്തിന്റെ എല്ലാ സന്ദർഭത്തിലും അല്ലാഹുവിന്റെ ഇടപെടൽ ഉണ്ടാവുമെന്ന ബോധം സജീവമായ മനസ്സിൽ നിന്നും എപ്പോഴും പ്രാർത്ഥനകൾ ഉയർന്നുകൊണ്ടേയിരിക്കും. പടച്ചവന്റെ കാരുണ്യത്തെ കുറിച്ചുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയാണ് പ്രാർത്ഥന. പ്രവാചകന്മാരുടെ പ്രാർത്ഥനകൾ വിശുദ്ധഖുർആനിൽ ഉദ്ധരിക്കുന്നുണ്ട്. ഏത് ക്ലേശകരമായ ഘട്ടത്തിലും വിശ്വാസിയെ അല്ലാഹു കൈവെടിയുകയില്ല എന്ന ബോധ്യം ഉണ്ടാക്കാൻ വേണ്ടിയാണ് ഖുർആൻ ഈ പ്രാർത്ഥനകൾ വിവരിക്കുന്നത്. “ഇതുതന്നെ നാം അയ്യൂബിനും നല്‍കിയിട്ടുണ്ടായിരുന്നു. അദ്ദേഹം തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചതോര്‍ക്കുക: ‘ഞാന്‍ രോഗാതുരനായിരിക്കുന്നു. നീയോ, കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ.’ നാം ആ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ബാധിച്ച ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു സ്വന്തം കുടുംബത്തെ നല്‍കി, കൂടാതെ അവരോടൊപ്പം അത്രയുംകൂടി നല്‍കി-നമ്മുടെ സവിശേഷ അനുഗ്രഹമായിക്കൊണ്ട്; ഇബാദത്തു ചെയ്യുന്നവര്‍ക്ക് ഒരു പാഠമായിക്കൊണ്ടും.” (അല്‍അമ്പിയാഅ്: 83 -84 ). അയ്യൂബ് നബി എത്ര ഹൃദയാവർജ്ജകമായ ഭാഷയിലും ശൈലിയിലുമാണ് ഇവിടെ പ്രാർത്ഥിക്കുന്നത്. ആവലാതികളുടെയും വേവലാതികളുടെയും ഭാണ്ഡക്കെട്ടുകൾ അഴിച്ചുവെക്കുന്നില്ല. ശിരസ്സ് മുതൽ പാദം വരെ വ്രണങ്ങൾ നിറഞ്ഞ ഏതോ ചർമ്മരോഗമായിരുന്നു അദ്ദേഹത്തിന് ബാധിച്ചത്. പ്രയാസഘട്ടങ്ങളിൽ ക്ഷമയോടെ റബ്ബിന്റെ മുന്നിൽ കൈകൾ നീട്ടി തന്റെ കാര്യങ്ങൾ അവനിലേക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നതാണു അയ്യൂബ് നബിയോട് പ്രാർത്ഥനയിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. അതോടെ അദ്ദേഹത്തിന്റെ രോഗം മാറുകയും ശമനം കൈവരുകയും ചെയ്യുന്നു.

“സകരിയ്യയെയും; അദ്ദേഹം തന്റെ നാഥനോട് പ്രാര്‍ഥിച്ചത് ഓര്‍ക്കുക: ‘നാഥാ! എന്നെ നീ മുരടറ്റവനായി ഉപേക്ഷിക്കരുതേ, നീതന്നെയാണല്ലോ അത്യുത്തമനായ അനന്തരാവകാശി.’ നാം പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തിനു യഹ്‌യായെ സമ്മാനിച്ചു. അദ്ദേഹത്തിന്റെ പത്‌നിയെ അതിനു യോഗ്യയാക്കി. ഇവരൊക്കെയും സല്‍കാര്യങ്ങളില്‍ ഉത്സാഹമുള്ളവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ കുനിഞ്ഞവരുമായിരുന്നു.” ( അല്‍അമ്പിയാഅ് :89). സാധാരണ രീതിയിൽ ഒരു കുഞ്ഞുണ്ടാവാനുള്ള എല്ലാ ഭൗതിക സാധ്യതകളും ഇല്ലാത്ത സന്ദർഭത്തിലാണ് സകരിയ നബി അല്ലാഹുവിൽ പ്രതീക്ഷയോടെ കൈ ഉയർത്തുന്നത്. യൂനുസ് നബിയുടെ പ്രാർത്ഥനയിലും നമുക്ക് ഈ പ്രത്യാശ കാണാവുന്നതാണ്. “മത്സ്യക്കാരനെയും നാം അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹം പിണങ്ങിപ്പോയപ്പോള്‍. നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. ഒടുവില്‍ അന്ധകാരങ്ങളില്‍വെച്ച് യൂനുസ് കേണു: ‘നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.’ അങ്ങനെ, നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ആധിയില്‍നിന്നു മുക്തനാക്കുകയും ചെയ്തു. വിശ്വാസികളെ നാം ഇങ്ങനെ രക്ഷപ്പെടുത്തുന്നു.” ( അല്‍അമ്പിയാഅ് :87 -88).

പ്രമുഖ അർബുദ രോഗ വിദഗ്ദൻ ഡോ. വി.പി.ഗംഗാധരന്റെ ചികിത്സാ അനുഭവങ്ങൾ “ജീവിതമെന്ന അത്ഭുതം” എന്ന പുസ്തകമായി ഇറക്കപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനകൾ കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന നിരവധി മനുഷ്യരെ കുറിച്ച് അതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രാർത്ഥനകൾക്ക് അക്ഷരാർത്ഥത്തിൽ പല അത്ഭുതങ്ങളും നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കാൻ സാധിക്കും. പ്രാർഥിക്കാതിരിക്കുക എന്നത് അല്ലാഹുവിനെ നിഷേധിക്കുന്നതിന് തുല്യമാണ്. നമ്മുടെ പ്രാർത്ഥനകൾക്ക് മൂന്ന് രീതിയിലാണ് അല്ലാഹു ഉത്തരം നൽകുക. (1) ചോദിച്ച ഉടനെ ആ കാര്യം സാധിപ്പിച്ചു തരും. (2) ചോദിച്ചതിനേക്കാൾ ഉത്തമമായത് നൽകപ്പെടും. (3) പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയത്ത് പ്രാർത്ഥനയുടെ പ്രതിഫലമായി എണ്ണമറ്റ അനുഗ്രഹങ്ങൾ ലഭിക്കും. കാരണം പ്രാർത്ഥന എന്നത് ഒരു ഇബാദത്ത് കൂടിയാണ്, എന്നല്ല ഇബാദത്തുകളിൽ വളരെ ശ്രേഷ്ഠമായ ഒരു ഇബാദത്തും കൂടിയാണ് അത്. അതോടൊപ്പം തന്നെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാൻ ചില നിബന്ധകളുമുണ്ട്. “താഴ്മയോടുകൂടിയും രഹസ്യമായും നിങ്ങളുടെ റബ്ബിനെ പ്രാര്‍ഥിക്കുവിന്‍. നിശ്ചയം, അതിരുകടക്കുന്നവരെ ഇഷ്ടപ്പെടാത്തവനല്ലോ അവന്‍”. (അല്‍അഅ്റാഫ് : 55). തായ്‌മ,വിനയം, പ്രതീക്ഷ, ഇഖ്‌ലാസ്, വിശ്വാസം, ഭക്തി തുടങ്ങിയ ഗുണങ്ങൾ ഉണ്ടാവണം പ്രാർത്ഥനയിൽ. ഇതൊന്നുമില്ലാതെ അഹങ്കാരത്തോടെയും അശ്രദ്ധയോടെയും യാന്ത്രികമായും അല്ലാഹുവോട് പ്രാർത്ഥിക്കരുത്. അങ്ങനെയുള്ള പ്രാർത്ഥനകൾ കൊണ്ട് ഒരു ഫലവും ഇഹലോകത്തോ പരലോകത്തോ ഉണ്ടാവുകയില്ല.

റമദാനിന്റെ ദിനരാത്രങ്ങൾ പ്രാർത്ഥനകളാൽ സമ്പന്നമാക്കാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കുക.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles