Current Date

Search
Close this search box.
Search
Close this search box.

ഫലസ്‍തീന്‍ വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടാണ്

“പാണക്കാട് തങ്ങളോടും മുസ് ലിം സംഘടനകളോടും മഹല്ലുകളോടും ” എന്ന ഡോ: അനിൽ മുഹമ്മദിൻ്റെ സോഷ്യൽ മീഡിയ നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം: ഇസ്രായേലിൻ്റെ ഫലസ്തീൻ വംശഹത്യ തീർച്ചയായും മാനവിക വിഷയം തന്നെയാണ്. ആ അർഥത്തിൽ നാട്ടിലുടനീളം മതേതര സ്വഭാവത്തിലുള്ള റാലികളും കൂട്ടായ്മകളുമൊക്കെ നടക്കുന്നുമുണ്ട്. തുടർന്നും അവ നടക്കേണ്ടതാണ്.

അതോടൊപ്പം മുസ് ലിംകൾക്ക് ഇക്കാര്യത്തിൽ പ്രത്യേകമായ ഒത്തുചേരലും ദുആകളും പ്രഭാഷണങ്ങളും ഐക്യപ്പെടലുകളുമൊക്കെ വേണ്ടതുണ്ട്. കാരണം ഇത് ഒരു സെക്യുലർ ഇഷ്യു മാത്രമല്ല. ലോക മുസ് ലിംകൾക്ക് സവിശേഷ താൽപര്യമുള്ള മത വിഷയം കൂടിയാണ്.

അല്ലാഹു പറയുന്നു: “തൻ്റെ ദാസനെ ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതിനു വേണ്ടി മസ്ജിദുൽ ഹറാമിൽ നിന്ന്, നാം പരിസരങ്ങൾ അനുഗൃഹീതമാക്കിയ മസ്ജിദുൽ അഖ്സയിലേക്ക് ഒരു രാവിൽ പ്രയാണം ചെയ്യിച്ചവൻ പരമ പരിശുദ്ധനത്രെ. സത്യത്തിൽ എല്ലാം കേൾക്കുന്നവനും കാണുന്നവനും തന്നെയാണവൻ” (അൽ ഇസ്രാഅ്: 1)

പോയ കാല കണക്കനുസരിച്ച് മക്കയിൽ നിന്ന് 40 നാൾ സഞ്ചാര ദൈർഘ്യമുള്ള ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ഒറ്റ രാത്രി കൊണ്ട് നബി(സ)യെ അല്ലാഹു കൊണ്ടുപോയി. ഇതാണ് ഇസ്രാഅ്. അഥവാ നിശാ പ്രയാണം. തുടർന്ന് അതേ രാത്രി തന്നെ തിരുദൂതർ ഏഴാകാശവും കടന്ന് സ്വർഗ-നരകങ്ങൾ കണ്ട് അല്ലാഹുവിൻ്റെ സാമീപ്യം നുകർന്ന് പുലരും മുമ്പുതന്നെ അഞ്ചു നേരത്തെ നമസ്കാര സഹിതം മക്കയിലെ മസ്ജിദുൽ ഹറാമിൽ തിരിച്ചെത്തുന്നു! ഇതത്രെ മിഅ്റാജ്.

മാത്രമല്ല, നാം ഓരോരുത്തരുടെയും പൊക്കിൾക്കൊടി ബന്ധമുള്ള ഇസ് ലാമിൻ്റെ ആദ്യത്തെ ഖിബ് ലയാണ് മസ്ജിദുൽ അഖ്സ. മക്കയും മദീനയും കഴിച്ചാൽ മുസ് ലിംകൾക്ക് പുണ്യ കേന്ദ്രം എന്ന നിലയിൽ സന്ദർശനം അനുവദിച്ച ഏക കേന്ദ്രം. ഒരൊറ്റ നമസ്കാരത്തിന് 500 ഇരട്ടി പ്രതിഫലം ലഭിക്കുന്ന വിശുദ്ധയിടം!

നിശാ പ്രയാണവും ആകാശാരോഹണവും ഒരു വലിയ ദിവ്യാദ്ഭുതം (മുഅജി സത്ത്) ആയിരുന്നു. സാധാരണ പ്രവാചകന്മാർക്കെല്ലാം പ്രത്യക്ഷപ്പെട്ട മുഴുവൻ അമാനുഷിക ദൃഷ്ടാന്തങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ, അത്യദ്ഭുതകരവും അനശ്വരവുമായ ദിവ്യാദ്ഭുതമത്രെ കരുണാമയനായ അല്ലാഹു തൻ്റെ ഹബീബായ അന്ത്യപ്രവാചകന് നൽകിയത്! (ഇത് പോലെ അല്ലാഹു മുഅജിസത്ത് നൽകി ആദരിച്ച മറ്റൊരാൾ ഇബ്രാഹിം നബി മാത്രമാണ് – ഖുർആൻ: 6:75 -)

പ്രബോധിതരെ സംബന്ധിച്ചിടത്തോളം ഇസ്രാഅ് – മിഅറാജ് ദൃഷ്ടാന്തമല്ല, കടുത്ത പരീക്ഷണമായിരുന്നു. സത്യ നിഷേധികളിൽ നിശാ പ്രയാണവും ആകാശാരോഹവും അവിശ്വാസം വളർത്തുകയാണ് ചെയ്തത്. ദുർബ വിശ്വാസികളുടെ മനസ്സിൽ സംശയങ്ങളുയർന്നു. അബൂബക്റി (റ)നെ പോലുള്ള ദൃഢവിശ്വാസികൾ പ്രവാചകനിൽ നിന്ന് കേട്ട മാത്രയിൽ തന്നെ നിസ്സങ്കോചം ദൃഢമായി വിശ്വസിച്ചു. അബൂബക്റിന് “സ്വിദ്ദീഖ് ” എന്ന അഭിധാനം ലഭിച്ചത് അതുകൊണ്ടാണ്. (അധിക വായനക്ക് കാണുക: ഖുർആൻ ബോധനം. ഭാഗം: 6. ടി.കെ ഉബൈദ്. ഐ.പി.എച്ച്)

സാധാരണ പ്രവാചകന്മാർ വഴി അല്ലാഹു ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ പ്രത്യക്ഷപ്പെടുത്താൻ വേണ്ടിയാണ് മുഅ്ജിസത്തുകൾ പ്രദർശിപ്പിക്കാറ്. എന്നാൽ ഇസ്രാഅ് മിഅറാജ് തൻ്റെ പ്രിയ പ്രവാചകൻ്റെ ഉള്ളം കുളിർപ്പിച്ച് ദൃഢ രൂഢമായ ഈമാൻ അനുഭവിപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു.

ദഅവാ പ്രവർത്തനങ്ങളിലും സ്വകാര്യ ജീവിതത്തിലും തനിക്ക് താങ്ങും തണലുമായിരുന്ന പ്രിയ പത്നി ഖദീജ (റ)ൻ്റെ വേർപാടും തുടർന്ന് പിതൃവ്യൻ അബൂത്വാലിബിൻ്റെ വിയോഗവും കൊണ്ട് പ്രവാചകൻ അതീവ ഖിന്നനായിരുന്ന, ഏറ്റവും ഉചിതമായ ഘട്ടത്തിലാണ് (ദു:ഖവർഷം) സ്നേഹനിധിയായ പ്രപഞ്ച സ്രഷ്ടാവ് നിശാ പ്രയാണവും ആകാശാരോഹണവും സംഭവിപ്പിക്കുന്നത്. മാത്രമല്ല, മക്കയിലെ കഠിനമായ എതിർപ്പുകളും മർദ്ദനങ്ങളും ശക്തിപ്പെട്ടതിനാൽ അഭയം തേടി ത്വാഇഫിൽ പോവുകയുട എന്നാൽ അവിടെയും മർദ്ദനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വരുകയും ചെയ്ത മനോവിഷമവും ഭാവിയെക്കുറിച്ച ഉത്കണ്ഠയും നിമിത്തം നിസ്സഹായനായിരുന്നു അന്ന് പ്രവാചകൻ. ഈ പ്രതിസന്ധിയിലുണ്ടാ ഇസ്രാഅ് മിഅറാജ് തിരുദൂതരെ എന്തുമാത്രം സന്തോഷിപ്പിക്കുകയും ഈമാൻ മധുരവും ദൃഢചിത്തതയും പകർന്നിരിക്കും എന്ന് ഊഹിക്കുക!

രാ പ്രയാണ വേളയിൽ തൻ്റെ അലൗകികവാഹനം ( ബുറാഖ് ) ബന്ധിച്ചിടം, നബി(സ) പൂർവ്വ പ്രവാചകന്മാരോടൊപ്പം നമസ്കരിച്ച സ്ഥലം തുടങ്ങി ഇത് സംബന്ധിയായ നിരവധി ചരിത്ര ശേഷിപ്പുകൾ ഇന്നും ഖുദ്സിൽ ദൃശ്യമാണ്.

തീർന്നില്ല, ഇബ്രാഹിം (അ) സുലൈമാൻ (അ) മൂസാ(അ) തുടങ്ങി ഒട്ടേറെ മഹാപ്രവാചകന്മാർ നിദ്രകൊളളുന്നിടം എന്നതുകൊണ്ടും അവരുടെ സച്ചരിതരായ പിൻമുറക്കാർ ജീവിക്കുന്നിടം എന്നതുകൊണ്ടും മസ്ജിദുൽ അഖ്സയും പരിസര പ്രദേശങ്ങളും മഹത്ത്വവും അനുഗൃഹീത പൂർണവുമാണെന്ന് (ബറക) വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

പുറമെ റോമാ സാമ്രാജ്യത്വത്തിൽ നിന്ന് ഉമർ(റ) അഖ്സ മോചിപ്പിച്ചത്, ഉമറിൻ്റെ ഖുദ്സ് സന്ദർശനം, ക്രൈസ്തവ പണ്ഡിതർ ഇസ് ലാമിക ഖലീഫയെ സ്വീകരിച്ച വിധം, പുരോഹിതന്മാർ ആവശ്യപ്പെട്ടിട്ടും ചർച്ചിൽ വെച്ച് നമസ്കരിക്കാൻ ഉമർ വിസമ്മതിച്ചത്, പ്രമുഖ സ്വഹാബികളുടെ ഖുദ് സ് സന്ദർശനം, പിൽക്കാലത്ത് നൂറുദ്ദീൻസങ്കി, അബ്ദുൽ ഹമീദ് രണ്ടാമൻ തുടങ്ങിയവരുടെ ഇടപെടലുകൾ, “ക്രൈസ്തവ സയണിസ്റ്റു “കളുടെ കൂട്ടായ്മയിൽ, പാശ്ചാത്യ രാഷ്ട്രങ്ങൾ മൊത്തം ഖുദ്സിനും ഇസ് ലാം / മുസ് ലിം പ്രദേശങ്ങൾക്കും ഇസ് ലാമിക ഖിലാഫത്തിനും നേരെ ആർത്തലച്ചു വന്ന നിരന്തരമായ 9 കുരിശുയുദ്ധങ്ങൾ, കുരിശു സൈന്യം മസ്ജിദുൽ അഖ്സ പിടിച്ചെടുത്ത് മുസ് ലിംകളെ കൂട്ടക്കശാപ്പ് നടത്തിയത്, സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി കുരിശു പടയാളികളെ കീഴ്പ്പെടുത്തി അഖ്സ തിരിച്ചുപിടിച്ചപ്പോൾ കാട്ടിയ മഹാമനസ്കത തുടങ്ങി ഇന്നും സോളമൻ ക്ഷേത്രത്തിൻ്റെ കെട്ടുകഥകൾ പറഞ്ഞ് സയണിസ്റ്റ് ജൂതർ മസ്ജിദുൽ അഖ്സ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ വരെ ഈ കൊച്ചു കുറിപ്പിൽ ഒതുക്കാൻ സാധ്യമല്ലാത്ത ചരിത്ര സംഭവങ്ങൾ നിരവധിയുണ്ട്. (കൂടുതൽ അറിയാൻ ഡോ : താരീഖ് സുവൈദാൻ്റെ ഫലസ്തീൻ സമ്പൂർണ ചരിത്രം, സർവ്വത് സൗലത്തിൻ്റെ ഇസ് ലാമിക സമൂഹം ചരിത്ര സംഗ്രഹം തുടങ്ങിയ ധാരാളം കൃതികൾ വിപണിയിൽ ലഭ്യമാണ്)

ചുരുക്കത്തിൽ ഇസ് ലാമിൻ്റെ ഹൃദയഭൂമിയാണ് അൽ അഖ്സയും പരിസര പ്രദേശങ്ങളും. ഖുദ്സ് വിമോചനം ഫലസ്തീൻ / ഗസ്സ നിവാസികളുടെയോ ഹമാസിൻ്റെയോ മാത്രം ജോലിയല്ല. നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ബൈത്തുൽ മുഖദ്ദസ് വീണ്ടെടുക്കൽ നമ്മുടെ പൈതൃകം തിരിച്ചുപിടിക്കൽ മാത്രമല്ല, അത് സംഭവിക്കാതെ ലോകത്ത് ഇസ് ലാം / മുസ് ലിം അന്തസ്സ് ഉയരുകയില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഒട്ടേറെ നബി വചനങ്ങളുമുണ്ട്. ചരിത്രം അതിനു സാക്ഷിയുമാണ്. അതൊക്കെ ആഗോള / പ്രാദേശിക മുസ് ലിം നവോത്ഥാന ഉയിർപ്പുകളിലേക്കും ഐക്യത്തിലേക്കും ദിശ നൽകുന്നുമുണ്ട്.

നടേ ഉദ്ധരിച്ച ഖുർആൻ സൂക്തം അവസാനിക്കുന്നത് “ഹുവ സമീഉൽ ബസ്വീർ ” എന്നു പറഞ്ഞു കൊണ്ടാണല്ലോ. ഇപ്പോൾ ഫലസ്തീനിൽ / ഗസ്സയിൽ നടക്കുന്ന കൂട്ട നരഹത്യകളും സയണിസ്റ്റ് സാമ്രാജ്വത്വ ശക്തികളുടെ പൊട്ടിച്ചിരികളും ചുറ്റുമുള്ള ഭരണാധികാരികൾ കാട്ടുന്ന കുറ്റകരമായ മൗനവുമൊക്കെ അല്ലാഹു കാണുന്നുണ്ട് എന്ന ഞെട്ടിക്കുന്ന ഉണർത്തലും നിങ്ങളുടെ ബാഹ്യ നേത്രങ്ങൾക്കപ്പുറത്താണ് യഥാർഥ വസ്തുതകളെന്ന സാക്ഷ്യപ്പെടുത്തലുമെല്ലാം ഈ സൂക്തത്തിൽ അടങ്ങിയിട്ടുണ്ട്.

കുറിപ്പ്: ഫലസ്തീൻ / ഗസ്സ പ്രശ്നത്തിൽ എല്ലാ മുസ് ലിം സംഘടനകളും ഒറ്റക്കെട്ടാണ്.

Related Articles