Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ ജനപ്രതിനിധികൾ ഒരു വരേണ്യ വർഗ്ഗമായി തീർന്നിട്ടില്ലേ?

മാധ്യമം ആഴ്ചപ്പതിപ്പിലെ ( ലക്കം 1330) പ്രേംചന്ദിന്റെ ഓർമചിത്രങ്ങൾ എന്ന പരമ്പരയിലെ മേൽ ശീർഷകം ചിന്തോദീപകമാണ്. ഭരണാധികാരികൾ ഭരണീയരെ പറ്റി കാര്യമായി ചിന്തിക്കാതെ “സ്വന്തം കാര്യം സിന്ദാബാദ് ” എന്ന ലൈനിലേക്ക് ഗുരുതരമാംവിധം വ്യതിചലിച്ചിട്ട് കാലം കുറെയായി. ഇതിൽ ഇടത് – വലതു വ്യത്യാസമേതുമില്ല. നാട്ടിൽ ജനകോടികൾ ദുരിതമനുഭവിക്കുമ്പോൾ തങ്ങളുടെ ആനുകൂല്യങ്ങളും സൗകര്യങ്ങളും പരമാവധി വർദ്ധിപ്പിക്കാനും വിഹിതമായും അവിഹിതമായും പലനിലക്കും സമ്പാദിച്ചുകൂട്ടാനും ഇടത് വലത് നേതാക്കളും അവരുടെ ശിങ്കിടികളും കാണിക്കുന്ന അതീവ താല്പര്യവും സാമർത്ഥ്യങ്ങളും ജനാധിപത്യം ഒരു ദുരന്തമായി മാറുന്നേടത്ത് എത്തിയിരിക്കുന്നു.

ഒരു ടേമിൽ എം.എൽ.എ ആയവർക്ക് നൽകുന്ന ദീർഘകാല പെൻഷൻ, യാത്ര പാസ്സ് മറ്റ് ഇതര സൗജന്യങ്ങൾ നിഷ്കൃഷ്ടമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒരു പബ്ലിക് ഓഡിറ്റിംഗ് വേണ്ടും വിധം നടക്കുന്നില്ല. മന്ത്രിമാരുടെ ആഡംബര യാത്ര ആവശ്യത്തിലധികമുള്ള സെക്യൂരിറ്റി, കുടുംബസമേതമുള്ള വിദേശയാത്രകൾ,വിദേശ ചികിത്സ, മുൻ മന്ത്രിമാരുടെ ചികിത്സ ഏതെങ്കിലും പദവികളിൽ കുടിയിരുത്തി സൗജന്യങ്ങളും സൗകര്യങ്ങളും മറ്റും വാരിക്കോരി നൽകൽ(ഉദാ:വിഎസ് അച്യുതാനന്ദന്റെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി) വേണ്ടപ്പെട്ടവരെ കുടിയിരുത്തി പ്രീതിപ്പെടുത്താനുള്ള പറയത്തക്ക വലിയ പ്രയോജനമൊന്നുമില്ലാത്ത കുറേ സമിതികൾ, ബോർഡുകൾ മറ്റിതര സംവിധാനങ്ങൾ അവവഴി നടക്കുന്ന ധൂർത്തും ധാരാളിത്തങ്ങളും…. ഇതൊക്കെ കർശനമായ അവലോകനത്തിനും പുനരാലോചനകൾക്കും വിധേയമാക്കേണ്ടതുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ടുവർഷം ജോലി ചെയ്താൽ ജീവിതം മുഴുവൻ പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന വ്യവസ്ഥയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തതിനെ അദ്ദേഹത്തോടുള്ള മറ്റ് വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് ധാരാളം ആളുകൾ യോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി.

“1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ രൂപീകരിച്ചപ്പോൾ ആ മന്ത്രിസഭയുടെ പ്രവർത്തനം ദേശീയ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉയർകൊണ്ട പല നല്ല പാരമ്പര്യങ്ങളും നിലനിർത്തിയിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ എല്ലാവരും മാസം മൂന്നുറ്റിഅമ്പത് രൂപ മാത്രമാണ് ശമ്പളം പറ്റിക്കൊണ്ടിരുന്നത്, നിയമപ്രകാരം 500 രൂപ വരെ വ്യവസ്ഥ ഉണ്ടായിട്ടുപോലും… അവിടെ നിന്നൊക്കെ നാം എത്രയോ ദൂരം പോന്നു! എത്ര ദൂരം എന്നറിയണമെങ്കിൽ ഇപ്പോഴത്തെ മന്ത്രിമാരുടെ എം.എൽ.എമാരുടെ ശമ്പളം, അലവൻസ് തുടങ്ങിയവ ക്രമീകരിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ നോക്കിയാൽ മാത്രം മതി.പ്രസ്തുത ബിൽ പാസാക്കി എടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് – ജനത – ലീഗ് എന്ന് തുടങ്ങിയ വ്യത്യാസങ്ങളോ ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമോ ഇല്ലായിരുന്നുവെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല”.

മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഈ വാക്കുകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാണ്. അച്യുതമേനോൻ തുടർന്ന് പറഞ്ഞതു കൂടി കാണുക: “നമ്മുടെ എം.എൽ.എമാരെയും എം.പി മാരെയും എല്ലാം പൊതുവേ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണ്, ആ രോഗം ഏതാണെന്ന് ചോദിച്ചാൽ അവർ ജനപ്രതിനിധികളോ ജനസേവകരോ ആകുന്നതിനു പകരം ജനങ്ങളുടെ മേൽ അധികാരം നടത്തുന്ന ഒരു പ്രത്യേക വർഗ്ഗം ആയിതീർന്നു കൊണ്ടിരിക്കുന്നു.”

ജനപ്രതിനിധികളിലെ ഒരുതരം പൗരോഹിത്യത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ശ്രീ എൻ വി കൃഷ്ണവാര്യർ എഴുതിയത് കാണുക :”എം.എൽ.എ എന്ന ബ്രാഹ്മണ വിഭാഗത്തിന് എന്തെല്ലാം അധികാരങ്ങളാണ് ഉള്ളത്. ഒന്നാമതായി നിയമം നിർമിക്കുവാനും ഭേദഗതി ചെയ്യാനും വ്യാഖ്യാനിക്കാനും വേണമെങ്കിൽ നിയമം റദ്ദാക്കാനും ഇവർക്കാണ് അധികാരം. മുമ്പ് ബ്രാഹ്മണർക്ക് ഇതിന് തുല്യമായ അധികാരമണല്ലോ? നിയമം നിർമ്മിക്കുന്നത് ഇവരാകയാൽ ഇവർ നിയമത്തിന് അതീതരുമാണ്.തങ്ങൾ ഉണ്ടാക്കിയ നിയമം എം.എൽ.എ മാർക്ക് ലംഘിക്കാമെന്ന് നിയമമില്ലെങ്കിലും വഴക്കം അതാണ്. വഴക്കത്തിന് നിയമത്തെക്കാൾ പ്രാബല്യമുണ്ട്.സ്വന്തം നെഞ്ഞുക്കും ആശ്രിതരുടെ കൈയ്യുക്കും അനുസരിച്ച് എം.എൽ.എയ്ക്ക് ഇവിടെ എന്തും ചെയ്യാം… ഇന്ത്യയിലെ ജനസംഖ്യയിൽ എക്കാലത്തും ബ്രാഹ്മണർ ഒരു ന്യൂനപക്ഷമായിരുന്നു. എങ്കിലും രാജാക്കന്മാരിൽ സ്വാധീനം ചെലുത്തി ഈ വിശാല ഭൂഖണ്ഡത്തെയാകെ സ്വന്തം ഇഷ്ടപ്രകാരം ഭരിക്കാൻ ഈ ന്യൂനപക്ഷത്തിന് സാധിച്ചിരുന്നു. എം.എൽ.എമാരും ഒരു ന്യൂനപക്ഷമാണ് പക്ഷേ അത്ര നിസ്സാരമല്ല. അവരുടെ സംഖ്യാ ബലം ആണ്ടുതോറും ഈ സംഖ്യ വർദ്ധിച്ചുവരികയാണ്.
ബ്രാഹ്മണരിൽ യാഗം ചെയ്തവരാണല്ലോ അക്കിത്തിരി, അടിതിരി, ചോമാതിരി മുതലായവർ. മറ്റ് ബ്രാഹ്മണർക്ക് ഇല്ലാത്ത പല ആനുകൂല്യങ്ങളും ഇവർക്ക് ഉണ്ടായിരുന്നു. എംഎൽഎമാരിലെ അക്കിത്തിരികളും, അടിത്തിരികളും ചോമതിരികളുമാണ് മുൻമന്ത്രിമാർ.(വെല്ലുവിളികൾ, പ്രതികരണങ്ങൾ എന്ന സമാഹാരത്തിൽ നിന്ന് )

എം.എൽ.എ മാരുടെയും എം.പി മാരുടെയും മുൻ എം.എൽ.എ മുൻ എം.പി എന്നിവരുടെയും അതുപോലുള്ള മറ്റു പലരുടെയും ആനുകൂല്യങ്ങൾ കുറച്ചൊന്ന് കുറച്ചാൽ എന്താണ് കുഴപ്പം? പൂച്ചക്ക് ആര് മണികെട്ടും?

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles