Current Date

Search
Close this search box.
Search
Close this search box.

പുതിയ പശ്ചിമേഷ്യൻ നയരൂപീകരണം

ആന കടന്ന കരിമ്പിൻ തോട്ടം പോലെയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള അമേരിക്ക. നാല് വർഷം കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും ഒരേ പോലെ കുഴപ്പമുണ്ടാക്കാൻ കഴിഞ്ഞു എന്നിടത്താണ് ട്രംപ്‌ ഓർമ്മിക്കപ്പെടുക. ആഭ്യന്തരമായി വംശീയത അതിന്റെ പാരമ്യത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ട്രംപിന്റെ വിജയം. അവസാനം ഭരണ സിരാകേന്ദ്രത്തെ പോലും ഉപരോധിക്കാൻ മാത്രം അത് വളർന്നു വന്നു. രാജ്യത്തിനകത്ത് ഉയർന്നു വന്ന വംശീയത എങ്ങിനെ ഇല്ലാതാക്കാം എന്നതാണ് പുതിയ ഭരണ കൂടത്തിന്റെ മുന്നിലുള്ള ആദ്യ കടമ്പ. കൊറോണ കാരണം കുത്തഴിഞ്ഞ സാമ്പത്തിക രംഗം, ജോലി, അഭയാർത്ഥികൾ എന്നിവയും രാജ്യം നേരിടുന്ന മുഖ്യ വിഷയങ്ങളാണ്.

അതെ സമയം അതിനെക്കാൾ ഗുരുതരമാണ് രാജ്യത്തിന് പുറത്തുള്ള കാര്യങ്ങൾ. അമേരിക്കൻ ഭരണ കൂടങ്ങളുടെ നിലപാടുകൾ കൂടുതൽ പ്രതിഫലിക്കുന്ന സ്ഥലമാണ്‌ പശ്ചിമേഷ്യ. ട്രംപ്‌ കാലത്ത് നാം കണ്ടത് ആകെക്കൂടി കലങ്ങി മറിഞ്ഞ പശ്ചിമേഷ്യയെയാണ്. ഇറാൻ നയത്തിൽ ഉണ്ടാകുന്ന മാറ്റം മാത്രമാണ് മേഖലയിൽ സമാധാനം കൊണ്ട് വരിക. ഇറാൻ ഉപരോധം, യമൻ യുദ്ധം, അറബ് ഇസ്രയേൽ സമാധാന കരാറുകൾ, ചില അറബ് രാജ്യങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയാണ് മുഖ്യ അജണ്ടകളായി പുതിയ ഭരണകൂടം കാണുന്നത്. അറബ് രാജ്യങ്ങളുടെ അജണ്ടകളിൽ കാര്യമായ മാറ്റം ദർശിച്ച കാലമാണ് ട്രംപ് യുഗം. ഇസ്രയേൽ അടുക്കുകയും ഇറാൻ അകലുകയും ചെയ്തു എന്നത് ട്രംപിന്റെ രാഷ്ട്രീയ നേട്ടം തന്നെയാണ്. ഇസ്രായേലുമായി അറബ് ലോകവും മറ്റുള്ളവരും ഭിന്നിക്കുന്നത് അവർ ജൂത രാജ്യമാണ് എന്നതു കൊണ്ടല്ല. ഫലസ്തീനികളെ അവർ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നത് കൊണ്ടാണ്. ഫലസ്തീൻ എന്ന രാജ്യത്തെ ഇല്ലാതാക്കിയാണ് ഇസ്രയേൽ ഭൂമിയിൽ ജനിച്ചത്‌. ഒരിക്കൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിരുന്ന ഫലസ്തീൻ ഇപ്പോൾ ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിവടങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. അതും വെസ്റ്റ്‌ബാങ്കിൽ ഇസ്രയേൽ അനധികൃത കുടിയേറ്റങ്ങൾ നടപ്പിലാക്കുന്നു.

ഫലസ്തീനുമായി നല്ല ബന്ധം ഉണ്ടാക്കും എന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് പശ്ചിമേഷ്യ സ്വീകരിച്ചത്. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാജ്യം എന്നതാണ് പ്രശ്നത്തിന് ഏക പരിഹാര മാർഗം. ഇസ്രയേലുമായി സമാധാന കരാർ ഒപ്പിടുമ്പോൾ പല അറബ് രാജ്യങ്ങളും പറഞ്ഞിരുന്നത് ഇസ്രയേൽ വെസ്റ്റ്‌ബാങ്കിൽ പുതിയ കുടിയേറ്റം നടത്തില്ല എന്നായിരുന്നു. പക്ഷെ അതിപ്പോഴും ഇസ്രായേൽ തുടരുന്നു. അമേരിക്കയുടെയും യോറോപ്പിന്റെയും വളർത്തു പുത്രിയാണ് ഇസ്രായേൽ എന്നത് നാമറിയുന്ന കാര്യം. ഒരിക്കൽ അറബ് നാട്ടിൽ ഒരു ജൂത രാഷ്ട്രമുണ്ടാക്കാൻ മുന്നിൽ വന്നത് ഇവർ തന്നെയാണ്. ഇസ്രയേൽ ഫലസ്തീനും മറ്റു അയൽരാജ്യങ്ങൾക്ക് നേരെയും നടത്തിക്കൊണ്ടിരുന്ന ആക്രമങ്ങളെ വെള്ളപൂശുകയും ചെയ്തിരുന്നത് ഇവർ തന്നെയാണ്. അത് കൊണ്ട് അമേരിക്ക വിചാരിച്ചാൽ മാത്രമേ വിഷയത്തിനു ഒരു ശാശ്വത പരിഹാരം സാധ്യമാകൂ.

ഒബാമ ഭരണത്തിന്റെ അവസാന കാലം പ്രതീക്ഷ നൽകിയിരുന്നു. ഇറാനുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം കൂടുതൽ മോശമായതും ട്രംപ് കാലത്ത് തെന്നയാണ്‌. ഇറാനെ മാറ്റി നിർത്തി പശ്ചിമേഷ്യയെ കുറിച്ച് ഒരു ചർച്ചയും സാധ്യമല്ല. Middle East,” നിരീക്ഷകൻ Kim Ghattas പറയുന്നത് “ഭൂത കാലത്തിൽ നിന്നും അമേരിക്കക്ക് ഒരു പാട് പാഠം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ തന്നെ പുതിയ ലോകം കെട്ടിപ്പടുക്കാം” എന്നായിരുന്നു. ഇറാൻ എന്ന പൊതു ശത്രുവിനെ മാർക്കറ്റ് ചെയ്യുന്നതിൽ ട്രംപ്‌ ഭരണകൂടം വിജയിച്ചിരുന്നു. അതിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കച്ചവടമാണ് ട്രംപ് സഊദിയുമായി നടത്തിയത്. ഇറാന്റെ ഭീഷണി കൂടുതൽ നേരിടുന്നു എന്ന പേരിൽ മോശമല്ലാത്ത ആയുധ കച്ചവടം യു എ ഇ യുമായും നടത്തിയിരുന്നു. യമൻ യുദ്ധം ഇത്ര നീണ്ടു പോകുമെന്ന് ആരും കരുതിയില്ല. ഹൂത്തികളുടെ പിന്നിലെ ശക്തി ഇറാനാണ്. അതെ പോലെ സിറിയയിലും അവർ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. യു എ ഇ , സഊദി എന്നീ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം നടത്തിയ ആധുയ ഇടപാടുകൾ പുനപരിശോധിക്കുമെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു.

അറബ് ഇസ്രയേൽ സംഘട്ടനത്തിന്റെ കാലം കഴിഞ്ഞു എന്നാണു ലോകം വിലയിരുത്തുന്നത്. അറബ് നാടുകളിൽ മുതൽമുടക്കാൻ ഇസ്രയേൽ കമ്പനികൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നു. ഒരു പുതിയ വിശാലമായ ലോകമാണ് കരാർ വഴി ഇസ്രയേലിന് തുറന്നു കിട്ടുന്നത്. ഇസ്രായേൽ അറബ് രാജ്യങ്ങൾ കൂടുതൽ അടുക്കുമ്പോൾ ഇറാൻ കൂടുതൽ അകലാനാണ്‌ സാധ്യത. പണ്ടും ഇസ്രയേലിൽ നിന്നും ഒരു ആക്രമണ പ്രതിസന്ധിയും യു എ ഇ നേരിട്ടില്ല. അതെ സമയം ഇറാനെ ആക്രമണ സാധ്യതയുള്ള രാജ്യമായി യു എ ഇ കാണുന്നു. പുതിയ അമേരിക്കൻ ഭരണകൂടം എത്ര പെട്ടെന്ന് ഒരു ഇറാൻ മഞ്ഞുരുക്കൽ പദ്ധതിയുമായി രംഗത്ത്‌ വരുന്നുവോ അത്രയാണ് പശ്ചിമേഷ്യൻ സമാധാനം. 2015 ലെ ആണവകരാറിലേക്ക് അമേരിക്കയും ഇറാനും വരുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. യമനിലെ യുദ്ധം നീണ്ടു പോകുന്നതിൽ ബൈഡൻ ഭരണകൂടം താല്പര്യം കാണിക്കുന്നില്ല എന്നാണ് വിവരം. ലിബിയ സിറിയ തുടങ്ങിയവ അവിടെ തന്നെയുണ്ട്‌. ചുരുക്കത്തിൽ ഫലസ്തീൻ, യമൻ., ഇറാൻ എന്നിവ പരിഹരിച്ചാൽ മറ്റുള്ളവ പരിഹരിക്കാൻ എളുപ്പമാണ്. പശ്ചിമേഷ്യയിലെ വർത്തമാന സാഹചര്യം അമേരിക്കക്കും മറ്റു സഖ്യ രാജ്യങ്ങൾക്കും വലിയ കച്ചവടമാണ്. ആ കച്ചവടം ഇല്ലാതാക്കാൻ ബൈഡൻ തയ്യാറാകുമോ എന്നാ ചോദ്യത്തിനും ഉത്തരം ആവശ്യമാണ്.

സഊദി പത്രപ്രവർത്തകൻ ഖശോകിയുടെ കൊലപാതകം അമേരിക്കൻ പത്രങ്ങൾ വളരെ സജീവമായി നിർത്തിയ ഒന്നാണ്. അത് മുന്നിൽ വെച്ചും അടുത്തിടെ സഊദിയിൽ നടന്ന അറസ്റ്റുകളും വലിയ മനുഷ്യാവകാശ ലംഘനമായാണ്‌ പടിഞ്ഞാറ് ചർച്ച ചെയ്യുന്നത്. ട്രംപിന്റെ ഉത്തമ സുഹൃത്ത്‌ എന്നതാണ് സഊദി ഭരണകൂടത്തിനു കിട്ടിയ വലിയ നേട്ടം. ആ രീതി തുടർന്ന് കൊണ്ട് പോകാൻ പുതിയ ഭരണകൂടത്തിനു താല്പര്യമില്ല എന്നാണു പൊതുവേ മനസ്സിലാക്കപ്പെടുന്നത്‌. ഇതെല്ലം മുന്നിൽ വെച്ച് ഒരു പുതിയ പശ്ചിമേഷ്യൻ നയം രൂപീകരിക്കാൻ സാധിക്കുന്നിടത്താണ് ബൈഡൻ വിജയിക്കുന്നത്.

Related Articles