Current Date

Search
Close this search box.
Search
Close this search box.

മുസ്ലീം ജനസംഖ്യയെക്കുറിച്ചുള്ള മിഥ്യാധാരണകൾ

നിലവിലെ മുസ്ലിം സമൂഹത്തിന്റെ പ്രവർത്തന രീതികൾ നിരീക്ഷിക്കുമ്പോൾ വരുംകാലത്ത് രാജ്യത്തെ മുസ്ലീങ്ങൾ ഹിന്ദുക്കളെക്കാൾ കൂടുതലായിരിക്കുമെന്ന മിത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്‌ലാമിലേക്ക് വ്യാപകമായി പരിവർത്തനങ്ങൾ നടക്കുമെന്നും അമുസ്‌ലിംകളെ കൊലപ്പെടുത്തുമെന്നും അവകാശപ്പെടുന്ന പോസ്റ്റുകളാണ് കൂടുതലായും പ്രചരിക്കുന്നത്. എന്നാൽ മതപരമായി വേട്ടയാടപ്പെടുന്ന ഏക വിഭാഗം മുസ്ലീങ്ങൾ മാത്രമല്ല എന്നതാണ് സത്യം.

വലതുപക്ഷ രാഷ്ട്രീയ ധാരകൾ തൊടുത്തു വിടുന്ന ഇസ്ലാമോഫോബിക് പ്രചരണമാണ് പലപ്പോഴും മുസ്ലീം ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ഈ ഭയം വളർത്തിക്കൊണ്ടുവരുന്നത്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സജീവമായി ശ്രമിക്കുന്നുവെന്ന വിശ്വാസമാണ് “ലൗ ജിഹാദ്” എന്നറിയപ്പെടുന്ന ഒരു ഗൂഢാലോചന സിദ്ധാന്തത്തിന് തന്നെ ജന്മം നൽകിയത്.

വിജിലന്റ് ഗ്രൂപ്പുകൾ ഈ സിദ്ധാന്തം മുതലെടുത്ത് മിശ്രവിവാഹിതരായ ദമ്പതികളെ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട്. പ്രധാനമായും ഈ അക്രമത്തിന് വിധേയരാകേണ്ടി വരുന്നത് ഇതരമതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകളാണ്. പ്രമുഖ ഹിന്ദു ദേശീയവാദികൾ മുസ്ലീം സ്ത്രീകളെ വിവാഹം കഴിക്കാനും അവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും ഹിന്ദു പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങൾ പതിവായി നടത്താറുമുണ്ട്.

മുസ്ലീം സ്ത്രീയെ “രക്ഷിക്കുക” എന്നത് ഹിന്ദു ദേശീയവാദ ആഖ്യാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കാരണം മുസ്ലിം സ്ത്രീകളുടെ വിമോചനത്തിനായി ഹിന്ദു പുരുഷന്മാർ നടത്തുന്ന ഇടപെടലിലൂടെ സ്ത്രീ അനുയായികളെ അടിച്ചമർത്തുന്ന ഒരു മതമായി ഇസ്ലാമിനെ ചിത്രീകരിക്കാൻ ഇത് സഹായിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിലെ വർത്തമാന വിഷയമായിട്ടും പൊതുവെ അദൃശ്യമായിരിക്കുന്ന മുസ്ലിം സ്ത്രീയുടെ ജീവിതം തീർത്തും വിരോധാഭാസകരമാണ്. അവളുടെ ജീവിതം നിരന്തരം പൊതു ചർച്ചയ്ക്ക് വിധേയമാകുന്നുണ്ടെങ്കിലും അവളുടെ അഭിപ്രായം എവിടെയും കാണാനില്ല.

വാസ്തവത്തിൽ ഇന്ത്യയിൽ മുസ്ലീങ്ങളുടെ വളർച്ചാ നിരക്ക് കുറഞ്ഞുവരികയാണ്. അതുകൊണ്ട് തന്നെ ഈ നിഗമനങ്ങളിൽ പലതും യുക്തിസഹമായി തോന്നുന്നില്ല. വോട്ട് ബാങ്കിൽ കൃത്രിമം കാണിക്കാൻ ഭരണകൂത്തിന് ഒരുപാട് രാഷ്ട്രീയ അജണ്ടകളുണ്ട്. അതേസമയം ജനസംഖ്യാ വർധനവിൽ ദാരിദ്ര്യത്തിനുള്ള പങ്ക് ആരും കാണാതെ പോകരുത്. യദാർത്ഥത്തിൽ ദാരിദ്ര്യമാണ് കുടുംബ ജനസംഖ്യാശാസ്ത്രത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകം. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവർ തങ്ങളുടെ കുട്ടികൾ കൂടുതൽ രോഗബാധിതരാകാൻ സാധ്യതയുണ്ടെന്ന് കരുതുകയും അവർക്ക് ചെലവുകൾ താങ്ങാൻ കഴിയില്ലെന്ന് ഭയക്കുകയും ചെയ്യുന്നു. മാരകമായ രോഗങ്ങൾ കാരണം കുട്ടികൾ നഷ്ടപ്പെടുമോ എന്ന ഭയം ശക്തമായതോടെ കൂടുതൽ കുട്ടികൾ വേണ്ടന്നതിലൂടെ ഈ അപകടസാധ്യത ഒഴിവാക്കാമെന്ന നിഗമനമാണ് അവർ സ്വീകരിച്ചത്.

ദാരിദ്ര്യവും സമൃദ്ധിയും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുമ്പോൾ ഉയർന്ന പ്രതിശീർഷ വരുമാനവുമായി വിപരീത ബന്ധമാണുള്ളത്. പരിഹാരമായി നടപ്പിലാക്കിയ പുതിയ സാമ്പത്തിക പരിപാടികൾ വളരെ സാവധാനമാണ് ഫലം കാണുന്നുള്ളൂ. അത്കൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നടപ്പിലാക്കാനായാൽ ഈ വിഭാഗത്തിന്റെ ചിന്താഗതിയെ ആകമാനം പരിവർത്തന വിധേയമാക്കാൻ സാധിക്കും.

ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2015-16 നും 2019-20 നും ഇടയിലെ കാലയളവിൽ മുസ്ലീം സമ്പുഷ്ടതയുടെ നിരക്ക് കുറഞ്ഞുവരുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് 4.4 ശതമാനമുണ്ടായിരുന്നത് പകുതിയോളം ഇടിവ് സംഭവിച്ച് 2.36 എന്ന അവസ്ഥയിലാണ്. ഇന്ത്യയിലെ മറ്റു മതങ്ങൾക്കിടയിൽ ശതമാനത്തിൽ ഇപ്പോഴും ഉയർന്ന് നിൽക്കുന്നുണ്ടെങ്കിലും ഹിന്ദു സമ്പുഷ്ടതയുമായി താരതമ്യം ചെയ്യുമ്പോൾ 1.94 ശതമാനത്തിന്റെ വ്യത്യാസമാണ് നിലനിൽക്കുന്നത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ തന്നെ പഴയ ഡാറ്റയെ അടിസ്ഥാനമാക്കി കഴിഞ്ഞ സെപ്റ്റംബറിൽ പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതാണ്.

അടുത്ത 20 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ എണ്ണം അമുസ്‌ലിംകളേക്കാൾ ഇരട്ടിയാകാമെങ്കിലും ദ്രുതഗതിയിലുള്ള വളർച്ച കുറയുമെന്നുമാണ് മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്. മുസ്‌ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്നതിലൂടെയും, ആളുകൾ നഗരങ്ങളിലേക്ക് കുടിയേറുന്നത് കാരണമായും, ജീവിതനിലവാരം മെച്ചപ്പെടുന്നതിന്റെ ഫലമായും, ഭൂരിപക്ഷ-മുസ്‌ലിം രാജ്യങ്ങളിലെ ജനനനിരക്ക് മറ്റ് രാജ്യങ്ങളിലെ മാതൃകയോട് കൂടുതൽ സാമ്യമുള്ളതാകുമെന്ന നിരീക്ഷണമാണ് റിപ്പോർട്ട് പ്രധാനമായും മുന്നോട്ടു വെക്കുന്നത്.

ഗ്രാമീണ സ്ത്രീകൾ പൊതുവെയും മുസ്ലീം സ്ത്രീകൾ പ്രത്യേകിച്ചും കഠിനമായ ആചാരങ്ങളുടെ ഞെരുക്കത്തിലാണ് ജീവിക്കുന്നത്. അവർ പ്രാഥമികമായി ശക്തിയില്ലാത്തവരാണ് അവരുടെ പ്രസവം നിയന്ത്രിക്കുന്നതിനും കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അവർക്ക് വേണ്ടി പ്രവർത്തിക്കാൻ പലപ്പോഴും കഴിയാറില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവർക്ക് വാർദ്ധക്യ സമയത്ത് സമാധാനപരവും തടസ്സരഹിതവുമായി ജീവിതം ആസൂത്രണം ചെയ്യാൻ നിരവധി സാമ്പത്തിക സുരക്ഷാ പദ്ധതികൾ മുന്നിലുണ്ട്. കൂടുതൽ കുട്ടികളുണ്ടാകുന്നത് അധിക വരുമാനം നേടിത്തരുമെന്നും അതിലൂടെ ജീവിതത്തിലെ സംഭവവികാസങ്ങളെ നേരിടാൻ അവർക്ക് മികച്ച ഒരു സ്രോതസ്സ് ഉണ്ടാകുമെന്നുമാണ് ഇവരുടെ തെറ്റായ ധാരണ.

മുസ്‌ലിംകളുടെ യുവതലമുറ കൂടുതൽ വിദ്യാസമ്പന്നരും വലിയ അഭിലാഷമുള്ളവരുമാണ് എന്ന വസ്തുത കാരണമായാണ് ഇപ്പോഴത്തെ അപകർഷതാ ബോധം ശക്തമാകുന്നത്. വിദ്യാസമ്പന്നരും അഭിലാഷമുള്ളവരുമായ മുസ്ലീം സ്ത്രീകൾ കുടുംബാസൂത്രണത്തെക്കുറിച്ച് ഹൈന്ദവരെ പോലെ ശ്രദ്ധാലുക്കളുമാണ്. കുടുംബ സമ്മർദങ്ങൾക്കിടയിലും കുട്ടികളില്ലാത്ത 30 വയസ്സുള്ള അസംഖ്യം മുസ്ലീം യുവ ദമ്പതികളെ എനിക്കറിയാം. കാരണം ഏറ്റവും മികച്ചതായി അവർ കാണുന്നത് ലഭിക്കുന്നില്ലെങ്കിൽ അവർക്ക് ഒരു കുട്ടിയും വേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുന്നവരാണ്.
മുസ്ലീം ജനസംഖ്യയുടെ വളർച്ച മന്ദഗതിയിലായെന്നും ഭാവിയിൽ ശരാശരി ജനസംഖ്യാ സമവാക്യവുമായി പൊരുത്തപ്പെടുമെന്നുമാണ് ആഗോള പ്രവണതകൾ കാണിക്കുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) പോലുള്ള സർവേകളുടെ അഭിപ്രായത്തിൽ മുസ്ലീം ഫെർട്ടിലിറ്റി നിരക്ക് മറ്റേതൊരു സമൂഹത്തേക്കാളും വേഗത്തിൽ കുറഞ്ഞ് റീപ്ലേസ്‌മെന്റ് ലെവൽ ഫെർട്ടിലിറ്റിയിലേക്ക് (TFR=2.1) അടുക്കുകയാണ്.

മുസ്‌ലിം ജനസംഖ്യാ വളർച്ചയെ നിലവിൽ ആഗോള പ്രവണതകളുമായി സമന്വയിപ്പിക്കാൻ സാധ്യമല്ലെങ്കിലും ഏറ്റവും പുതിയ കണ്ടെത്തലുകൾ യാദാർത്ഥ്യമായാൽ അത് ഉടൻതന്നെ നടക്കാൻ സാധ്യത ഏറെയാണ്. ജനസംഖ്യയുടെ കാര്യത്തിൽ നിരാശപ്പെടുന്നതും മുസ്ലീം ആധിപത്യ സങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നതും നിരർത്ഥകമാണ് എന്നതാണ് സത്യം.

മുസ്ലീം സ്ത്രീകളുടെ ഉയർന്ന ഗർഭധാരണ നിരക്ക് അവരുടെ ജീവിത സാധ്യതകളെ തടസ്സപ്പെടുത്തുന്നുവെന്ന് പലപ്പോഴും ഉയരുന്ന വാദമാണ്. കുറഞ്ഞ സാക്ഷരതാ നിരക്ക്, ദാരിദ്ര്യം, സാമൂഹിക പാർശ്വവൽക്കരണം എന്നിവയ്ക്കിടയിലും അവർ കുടുംബാസൂത്രണ പരിപാടികൾ വിജയകരമായി സ്വീകരിച്ചുവെന്ന നിഗമനത്തിലേക്കാണ് ഇത് നയിക്കുന്നത്.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles