Columns

കിളിനക്കോടും സദാചാര പൊലിസും

സദാചാരം എന്നും സമൂഹങ്ങളുടെ മുന്നില്‍ ചോദ്യ ചിഹ്നമായിരുന്നു. സദാചാരത്തിന് നല്‍കുന്ന നിര്‍വചനം എന്നും വ്യത്യസ്തമാണ്. ഇസ്ലാം മൂല്യങ്ങളായി പറയുന്ന പലതും പൊതു സമൂഹം അങ്ങിനെ മനസ്സിലാക്കുന്നില്ല. തിന്മകളോട് എന്നും കൃത്യമായ നിലപാട് പുലര്‍ത്തുന്ന ദര്‍ശനമാണ് ഇസ്ലാമിന്റേത്. എന്താണ് തിന്മ എന്നിടത്താണ് ഇസ്ലാമും മറ്റുളളവരും ഭിന്നിക്കുന്നത്.

നമ്മുടെ ഭരണഘടന സംരക്ഷണം നല്‍കുന്ന പല തിന്മകളും ഇസ്ലാം അംഗീകരിക്കുന്നില്ല. മദ്യപാനം,വ്യഭിചാരം,പലിശ എന്നിവ നമ്മുടെ ഭരണഘടന പ്രകാരം തെറ്റല്ല. അതെ സമയം ഇസ്ലാമില്‍ അത് കൃത്യമായ പാപവുമായി എണ്ണുന്നു. അത് കൊണ്ട് തന്നെ സദാചാര പോലീസ് എന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം പ്രയോഗമാണ്. തങ്ങളുടെ കണക്കില്‍ സദാചാരത്തിന് പുറത്തുള്ള തിന്മകളെ തടയുക എന്നത് പലപ്പോഴും ആളുകളുടെ വിശ്വാസത്തിന് അനുസരിച്ചു വരും. ഒരു തിന്മ തടയാനുള്ള അവകാശം ഭരണ ഘടന പരമാണ്. തനിക്കു ശരിയെന്നും തെറ്റെന്നും മനസ്സിലാകുന്ന കാര്യങ്ങളെ ശരിയായും തെറ്റായും പറയാന്‍ ഭരണഘടന വ്യക്തികള്‍ക്കും സമൂഹത്തിനും അനുവാദം നല്‍കുന്നു.

മലപ്പുറം ജില്ലയിലെ ഒരു പ്രദേശവുമായി ബന്ധപ്പെട്ട സദാചാര വാര്‍ത്തകള്‍ മുഖ പുസ്തകത്തില്‍ സജീവമാണ്. ഓരോരുത്തരും അവരുടെ സമീപന രീതി വെച്ച് കൊണ്ടാണ് വിഷയത്തെ സമീപിക്കുന്നത്. ഒന്നും മറച്ചു വെക്കാന്‍ കഴിയാത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെടുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തുക എന്നത് വികാര തള്ളിക്കയറ്റത്തില്‍ പലരും മറന്നു പോകുന്ന ഒന്നാണ്. കൈവിട്ട ആയുധം പോലെ ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. പിന്നീട് ഖേദിക്കാന്‍ ഇടയാകാത്ത വിധം ഈ മാധ്യമത്തെ സമീപിക്കാനുള്ള വിദ്യാഭ്യാസമാണ് നേടേണ്ടത്.

അവിടെ എന്ത് നടന്നു എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തമായ വിവരമേ ലഭിക്കുന്നുള്ളൂ. രണ്ടു വിഭാഗത്തിനും അവരുടെ നിലപാടുകള്‍ ഉണ്ടെന്നത് ശരിയാണ്. രക്ഷിതാക്കള്‍ക്ക് ഈ വിഷയതില്‍ വലിയ സ്ഥാനമുണ്ട്. പൊതു സമൂഹത്തില്‍ എങ്ങിനെയൊക്കെ പെരുമാറണം എന്ന അറിവ് ലഭിക്കേണ്ടത് സ്വന്തം വീടുകളില്‍ നിന്നാണ്. സന്തോഷവും ആഘോഷവും അതിരുവിട്ടുപോകുമ്പോഴാണ് പലപ്പോഴും കുഴപ്പങ്ങള്‍ ആരംഭിക്കുന്നതും. എന്റെ സാമൂഹിക ബോധത്തിലേക്ക് പലപ്പോഴും സമൂഹത്തിനു എത്താന്‍ കഴിയണമെന്നില്ല. അത് കൊണ്ട് ഇടപഴകുന്ന സമൂഹത്തെ കൂടി കണക്കിലെക്കുമ്പോഴാണ് സദാചാര ബോധം പൂര്‍ണമാകുന്നത്.

കേട്ടിടത്തോളം സാധാരണക്കാര്‍ ജീവിക്കുന്ന ഒരു ഗ്രാമത്തിലാണ് പ്രസ്തുത സംഭവം നടന്നത്. രണ്ടു വിഭാഗത്തിനും അവരുടെ ന്യായീകരണം കാണും. നമ്മുടെ കുട്ടികള്‍, ആണായാലും പെണ്ണായാലും അവര്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കാരവും പഠിപ്പിക്കപ്പെടണം. വിദ്യാഭ്യാസം കൊണ്ട് സംസ്‌കാരം കൂടി ലഭിക്കുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി പൂര്‍ണമാകുന്നത്. വസ്ത്രരീതി ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നത് പോലെ തന്നെ ഇടപഴകലും അതിന്റെ ഭാഗമാണ്. വീട്ടിലെ സംസ്‌കാരമാണ് പലപ്പോഴും പ്രാധാന്യം. നമ്മുടെ മക്കള്‍ക്ക് പൊതു സമൂഹവുമായി ഇടപെടാന്‍ വീട്ടില്‍ നിന്നും എന്ത് ലഭിക്കുന്നു എന്നത് ഇരു വിഭാഗത്തെയും രക്ഷിതാക്കള്‍ സ്വയം ചോദിക്കണം. നാഥനില്ലാ കളരിയായി നമ്മുടെ മക്കള്‍ മാറരുത്.

സദാചാരം ഒരു ചുറ്റുമതിലാണ്. അത് തകര്‍ക്കുമ്പോള്‍ സംഭവിക്കുക സ്വയം കുഴപ്പത്തില്‍ ചാടുക എന്നതും. സ്വയം മതിലുകളെ തകര്‍ത്ത് ദുരന്തത്തില്‍ ചെന്ന് ചാടുന്നവരാണ് അധികവും. നമ്മുടെ കുട്ടികള്‍ക്ക് വീടുകളില്‍ നിന്നും ഭക്ഷണം മാത്രമല്ല മറ്റു പലതും ലഭിക്കണം എന്നതിന്റെ ശരിയായ മുന്നറിയിപ്പായി കിളിനക്കോടിനേയും കണ്ടാല്‍ മതി.

Facebook Comments
Show More
Close
Close