Current Date

Search
Close this search box.
Search
Close this search box.

കത്‌വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിച്ചുവോ ?

കത്വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിച്ചുവോ എന്ന ചോദ്യത്തിന് പൂര്‍ണമായും ലഭിച്ചു എന്ന് പറയാന്‍ കഴിയില്ല. എട്ടു വയസ്സായ ഒരു പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ചു പട്ടിണിക്കിട്ടു വികൃതമായി കൊലപ്പെടുത്തിയ നരാധമന്മാര്‍ക്കു നല്‍കിയ ശിക്ഷ തുലോം കുറഞ്ഞു പോയി എന്ന് തന്നെ വേണം പറയാന്‍. ഒരാളെ കൊന്നാല്‍ തന്നെ പ്രതിയുടെ ഈ ലോകത്തു ജീവിച്ചിരിക്കാനുള്ള അവകാശം ഇല്ലാതാവും. അതെ സമയം കഠ്വായില്‍ നടന്നത് ഹൃദയമുള്ള ആര്‍ക്കും കേട്ടിരിക്കാന്‍ പറ്റാത്തതും. ജീവപര്യന്തം എന്നത് നമ്മുടെ നാട്ടില്‍ ഒരു പലപ്പോഴും പ്രഹസനമാണ്. എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നു എന്ന് ചോദിച്ചാല്‍ കുറ്റവാളികള്‍ ഒരിക്കലും ശരിയായി ശിക്ഷിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് കാരണം.

കുറ്റവാളികളെ ശിക്ഷിക്കുക എന്നത് സമൂഹത്തിനു നല്‍കുന്ന പാഠം വലുതാണ്. ഇത്തരം തെറ്റുകളിലേക്ക് പോകുന്നതില്‍ നിന്നും പൊതു ജനത്തെ തടഞ്ഞു നിര്ത്തും എന്നതാണ് പ്രതിക്രിയയുടെ ആത്യന്തിക ലക്ഷ്യം. അതെ സമയം എന്ത് ക്രൂരത ചെയ്താലും അവസാനം രക്ഷപ്പെടാം എന്ന ബോധം ആളുകളെ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കും. ഒരു എട്ടു വയസ്സുകാരിയെ ദിവസങ്ങളോളം തടഞ്ഞു വെച്ച് തങ്ങളുടെ കാമ പൂര്‍ത്തീകരണം നടത്തിയ പ്രതികള്‍ ഒരു കരുണയും പ്രതീക്ഷിക്കുന്നില്ല. പലപ്പോഴും കേസുകള്‍ കോടതികളില്‍ എത്തുമ്പോള്‍ തെളിവുകള്‍ ഇല്ലാതായി പോകുന്നു എന്നത് സര്‍വ സാധാരണമാണ്. പ്രതികള്‍ ഉന്നതരും ഉന്നത കേന്ദ്രങ്ങളില്‍ പിടിപാടുള്ളവരുമാണെങ്കില്‍ പലപ്പോഴും പ്രതികള്‍ സമര്‍ത്ഥമായി ഊരിപ്പോരും. അത് കൊണ്ട് തന്നെ പലപ്പോഴും യഥാര്‍ത്ത പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.

കഠ്വ കേസിലും അത്തരം സംഭവങ്ങള്‍ നടന്നതായി മനസ്സിലാവുന്നു. കുറ്റം ചെയ്ത പ്രതികളെ പോലെ തന്നെ കുറ്റം മറച്ചു പിടിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പ്രതിക്രിയയില്‍ ജീവിതമുണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ബാക്കിയുള്ള സമൂഹത്തിനു മാന്യമായി ജീവിക്കാന്‍ കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ കിട്ടും എന്ന ബോധം നിലനില്‍ക്കണം. ജഡ്ജിമാര്‍ പോലും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന അവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നത്. ഡല്‍ഹിയെ വിറപ്പിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നു. വധ ശിക്ഷ എന്നത് അവസാനം പ്രയോഗിക്കേണ്ട ഒന്നാണ്. അത് നമ്മുടെ നാട്ടില്‍ തീരെ പ്രയോഗിക്കുന്നില്ല എന്നതാണ് ശരി. മനുഷ്യ ജീവനുകളെ വികൃതമാക്കി അവസാനിപ്പിക്കുന്ന കാട്ടാളന്മാര്‍ക്കു അത് നല്കുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അത് നല്‍കാന്‍ കഴിയുക.

കഠ്വ മനുഷ്യത്വം വിറങ്ങലിച്ചു നിന്ന ക്രൂരതയായിരുന്നു. അതിനെയും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് അതിലും വലിയ ദുരന്തം. ഈ ക്രൂരതയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സാധാരണ ആലുകളല്ല. ഒരു ജനതയുടെ വിശ്വാസവുമായി അടുത്ത് നില്‍ക്കുന്നവരാണ്. ദൈവ സാമീപ്യം ഉണ്ടെന്നു അവകാശപ്പെടുന്നവര്‍ക്കു എങ്ങിനെ ഇത്തരം ക്രൂരതകളോട് ചേര്‍ന്ന് നില്ക്കാന്‍ കഴിയുന്നു എന്നതു ചിന്തിക്കേണ്ട കാര്യവും. അത് കൊണ്ട് തന്നെ അവര്‍ക്കു നല്‍കുന്ന ശിക്ഷയും പദവികള്‍ പരിഗണിച്ചു കൊണ്ടാകണം. തെളിവുകളുടെ അഭാവത്തില്‍ ഒരു കുറ്റവാളി രക്ഷപ്പെടുന്ന അവസ്ഥ കൂടി ഈ കേസില്‍ സംഭവിച്ചു എന്നതും നാം കണ്ടതാണ്. മേല്‍ കോടതികളിലേക്കു കേസുകള്‍ പോകുമ്പോള്‍ എന്ത് സംഭവിക്കും എന്നത് കണ്ടറിയണം. സൗമ്യ ഘാതകന്‍ അവിടെയാണ് രക്ഷപ്പെട്ടത്. തെളിവുകളാണ് കോടതികളുടെ അടിസ്ഥാനം. ആ തെളിവുകള്‍ പലപ്പോഴും കേസുകള്‍ കോടതികളിലേക്കു എത്തുന്നതുനു മുമ്പ് തന്നെ ഇല്ലാതാവുന്നു എന്നതാണ് കൂടുതല്‍ ശരി. അത് കൊണ്ട് തന്നെയാണ് നമുക്ക് പറയാന്‍ കഴിയുക കഠ്വ കേസില്‍ വന്ന വിധി ഭാഗികമായി മാത്രമേ നീതിയെ തൃപ്തിപ്പെടുത്തുന്നുള്ളൂ.

Related Articles