Columns

ഉറക്കം കെടുത്തുന്ന ചരിത്രം – അവരെയും നമ്മെയും

ജീവിച്ചിരിക്കുന്ന ഒരു സമയത്തും ഈപ്പച്ചന്‍ മക്കള്‍ക്ക് സൈ്വര്യം കൊടുത്തിട്ടില്ല. തന്റെ മരണ ശേഷവും മക്കള്‍ സ്വസ്ഥമായി ജീവിക്കരുത് എന്ന് ഈപ്പച്ചന്‍ തീരുമാനിച്ചിരുന്നു. മൂന്നു മക്കളെയും ഒറ്റയ്ക്ക് വിളിച്ചു ഈപ്പച്ചന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ആദ്യം വിളിച്ചത് മൂത്ത മകന്‍ ലാസറിനെ. ‘നിനക്കും പെങ്ങള്‍ അനുവിനും കൂടി പതിനഞ്ചു ലക്ഷം ഞാന്‍ പോളിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അപ്പന്‍ കണ്ണടച്ചതിനു ശേഷം മാത്രമേ വാങ്ങാവൂ. ഇതേ വര്‍ത്തമാനം ബാക്കി രണ്ടു പേരെ വിളിച്ചും ഈപ്പച്ചന്‍ പറഞ്ഞു. ആരുടേയും കയ്യില്‍ ഒന്നും കൊടുത്തില്ല എന്നതാണ് വാസ്തവം. ഇന്നും അപ്പന്‍ കൊടുത്ത പൈസ പറ്റിച്ചു എന്ന പേരില്‍ അവര്‍ക്കിടയില്‍ തല്ലും തര്‍ക്കവും നടക്കുന്നു.

കഴിഞ്ഞ ദിവസം കാശ്മീര്‍ വിഷയകമായി ബ്രിട്ടീഷ് പാര്‍ലിന്റെില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാള്‍ വലിയ സംവാദമാണ് അവിടെ നടന്നത്. ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വീകരിച്ചത്, അതെ സമയത്ത് ലേബര്‍ പാര്‍ട്ടിയിലെ കുറച്ച് എം.പിമാര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കത്തെ ‘സംഘടിതമായ അട്ടിമറി’ എന്ന ഗണത്തിലാണ് പെടുത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി അതിനിടയില്‍ ഇമ്രാന്‍ ഖാനുമായി സംസാരിച്ചു. ‘വിഷയം ഗൗരനമുള്ളതാണ്’ എന്ന നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചത് എന്ന് കേള്‍ക്കുന്നു. അതെ സമയം രസകരമായ അഭിപ്രായം പറഞ്ഞവരും ആ കൂട്ടത്തിലുണ്ട്. ‘വോട്ടുകള്‍ നേടുന്നതിനായി നിങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയം യു.കെയിലേക്ക് കൊണ്ടുവരരുത്, അത് ബ്രിട്ടനിലെ സാമൂഹിക ഐക്യത്തെ തകര്‍ക്കും,’എന്നാണ് കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ (സിഎഫ്‌ഐഎന്‍) പ്രവാസ ഗ്രൂപ്പിന്റെ കോ-ചെയര്‍ ഡോ. റാമി റേഞ്ചര്‍ അഭിപ്രായപ്പെട്ടത്.

‘എല്ലാ പാര്‍ട്ടികളും ക്രിയാത്മക സംഭാഷണത്തിലേക്ക് പ്രവേശിക്കുകയും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കണം’ എന്ന അഭിപ്രായവും ബ്രിട്ടനില്‍ നിന്നും കേള്‍ക്കാം. ‘ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ യു കെ യില്‍ ഭിന്നിപ്പുണ്ടാക്കുന്നില്ലെന്നും നമ്മുടെ സമൂഹം ഭിന്നിച്ചിട്ടില്ലെന്നും പകരം ഒന്നിച്ചുചേരുന്നുവെന്നും ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ‘എന്നാണ് അവസാനം അവര്‍ എത്തിച്ചേര്‍ന്ന സ്വരം. കാശ്മീര്‍ രാഷ്ട്രീയം എന്നും ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വിഭജനം ഉണ്ടാക്കാറുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷണം.

ഇന്ത്യ പാകിസ്ഥാന്‍ വികസനത്തിന്റെ എക്കാലത്തെയും തടസ്സമായി കശ്മീര്‍ നിലനില്‍ക്കുന്നു. ഇന്ത്യന്‍ വിഭജന സമയത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീര്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിന്നു എന്നിടത്തു നിന്നും തുടങ്ങുന്നു ആ ചരിത്രം. ഇന്ത്യ,പാകിസ്ഥാന്‍ എന്ന രീതിയില്‍ രണ്ടു രാജ്യങ്ങള്‍ നിലവില്‍ വന്നത് നല്ല അവസ്ഥയിലായിരുന്നില്ല. ഒരിക്കലും ഒന്നായി ജീവിക്കാന്‍ കഴിയില്ല എന്ന രീതിയിലേക്ക് മനുഷ്യ മനസ്സുകളെ മാറ്റുന്നതില്‍ അന്ന് പലരും വിജയിച്ചിരുന്നു. മനുഷ്യ തലയ്ക്കു വിലയില്ലാതെയായി പോയി എന്നതാണ് അന്നത്തെ ചരിത്രം പറയുന്നത്. 1947 ആഗസ്റ്റില്‍ രണ്ടായി സ്വാതന്ത്ര്യം നേടിയ ഇന്ത്യയും പാകിസ്ഥാനും അതെ വര്‍ഷം തന്നെ കശ്മീരിന്റെ പേരില്‍ യുദ്ധം ചെയ്തു എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ അന്നത്തെ സാമൂഹിക അവസ്ഥ നമുക്ക് മനസ്സിലാവും. ഇന്ത്യക്കു സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ഒന്നിനെ രണ്ടാക്കി ഒരിക്കലും മേഖലയില്‍ സമാധാനം പാടില്ലെന്ന് ബ്രിട്ടനും ആഗ്രഹിച്ചിരുന്നു. അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ ഇന്ത്യ വിഭജനത്തില്‍ പ്രത്യേകം താല്പര്യം പ്രകടിപിച്ചിരുന്നു എന്നൊക്കെ ആരോപണം എന്നും ഉയര്‍ന്നു കേട്ടിരുന്നു. ഇന്ത്യ സ്വാതന്ത്രമായതിനു ശേഷവും ഇന്ത്യയുടെ ഒന്നാമത്തെ ഗവര്‍ണര്‍ ജനറല്‍ എന്ന പേരില്‍ 1948 ജൂണ്‍ വരെ അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നു.

കാശ്മീര്‍ വിഷയത്തിലും മൗണ്ട് ബാറ്റന്റെ ഇടപെടലുകള്‍ നമുക്കു വായിക്കാം. ചുരുക്കത്തില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേരിടുന്ന പലതിന്റെയും കാരണം അന്നത്തെ ബ്രിട്ടീഷ് ഭരണകൂടമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ പൊതു തത്വത്തില്‍ ആദ്യം വീണത് വിശാല ഇന്ത്യയിലെ മത വിഭാഗങ്ങളാണ്. പിന്നെ അവരെ ഉപയോഗിച്ച് ഇന്ത്യയെ തന്നെ രണ്ടാക്കുന്നതില്‍ ബ്രിട്ടന്‍ വിജയം കണ്ടു. വിധി വൈപരീധം എന്നത് പോലെ ഇന്ന് അതെ വിഷയം അവരുടെ തന്നെ സമാധാനം കളയുന്നു. മൊത്തത്തില്‍ ഇന്ത്യയും പാകിസതാനും മാത്രമല്ല മറ്റു പലരെയും ഈ വിഷയം ബാധിക്കുന്നുണ്ട്. ഇന്ത്യ,പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ ജനനത്തില്‍ കശ്മീര്‍ ഒരു വിഷയമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അത് മാത്രമായി വിഷയം ചുരുങ്ങി എന്നതാണ് സത്യം. കാശ്മീരികള്‍ക്കു അവരുടെ ഭാവിയെ കുറിച്ചു ഉറപ്പു കൊടുത്തത് ഇന്ത്യന്‍ സര്‍ക്കാരാണ്. ഇന്ത്യയുടെ കൂടെ നിന്നു എന്നതാണ് അവര്‍ ചെയ്ത വലിയ കാര്യം. അപ്പുറത്തു മുസ്ലിം ഭൂരിപക്ഷ പാകിസ്ഥാന്‍ നിലനിന്നിട്ടും ഒരിക്കല്‍ പോലും ഒരു മതേതര രാഷ്ട്രീയ നേതാവും പാകിസ്താന്റെ കൂടെ പോകണം എന്ന് പറഞ്ഞില്ല. പക്ഷെ ആ നേതാക്കളെ തന്നെയാണ് നാം ആദ്യം അകത്താക്കിയതും. കശ്മീര്‍ ശാന്തമാണ് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അല്ലെന്നു മാധ്യമങ്ങളും. എന്നും ദുരിതം മാത്രം ബാക്കിയാവാന്‍ അവര്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ആര്‍ക്കാണ് ഉത്തരം ചെയ്യാന്‍ കഴിയുക.

ഈപ്പച്ചന്‍ പോയത് പോലെയാണ് വെള്ളക്കാരും അവസാസും മൗണ്ട് ബാറ്റണും ഇന്ത്യയില്‍ നിന്നും പോയത്. തങ്ങളെ തുരത്തിയ നാട്ടുകാര്‍ ഒരിക്കലും സന്തോഷമായി ജീവിക്കരുത് എന്നവര്‍ കണക്കു കൂട്ടി. ഇന്ത്യയില്‍ നിന്നും പോയതിനു ശേഷം പിന്നെ ഇന്ത്യയെ വിഭജിച്ച പോലെ അയര്‍ലാന്റിനെയും രണ്ടാക്കി ഒരു ഭാഗം ബ്രിട്ടന്റെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഐറിഷ് റിപ്പബ്ലിക് ആര്‍മിയുടെ ബോംബ് സ്ഫോടനത്തില്‍ മൗണ്ട് ബാറ്റണ്‍ കൊല്ലപ്പെട്ടത്.

Author
as
Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker