Current Date

Search
Close this search box.
Search
Close this search box.

പൗരത്വം, ആശങ്കകളും പ്രതീക്ഷകളും

ഇന്നും ഇന്നലെയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ കേരളത്തിലെ ടി വി ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്ന തിരക്കിലാണ്. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ അധികരിച്ച് വരുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഈ അഭിമുഖങ്ങളുടെ ഉദ്ദേശം എന്ന് മനസ്സിലാക്കാം. ഒരു സംസ്ഥാനം എന്ന നിലയില്‍ ഒരു പക്ഷെ പൗരത്വ നിയമം കുറച്ചു മാത്രം ബാധിക്കുന്ന സ്ഥലം കേരളമാകാം. എന്നിട്ടും കേരളം പ്രതിഷേധത്തില്‍ മുന്നിലാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. യു പി പോലുള്ള സംസ്ഥാനങ്ങളില്‍ അടിച്ചമര്‍ത്തുക എന്ന നിലപാടിലാണ് ഭരണം കൂടം നില്‍ക്കുന്നത്. അതെ സമയം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്ര കാര്യമായി അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് സാധ്യതയില്ല എന്നത് കൊണ്ട് ഭരണ ഘടന പരമായ ഇടപെടല്‍ എന്ന രീതികളിലാണ് കേന്ദ്രം പരീക്ഷിക്കുന്നത്.

പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ കേന്ദ്രം പുറകോട്ടു പോകുന്നു എന്നത് ശുഭ സൂചനയാണ്. ദേശ വ്യാപകമായി എന്‍ ആര്‍ സി നടപ്പാക്കും എന്ന് പാര്‍ലിമെന്റില്‍ പറഞ്ഞ സര്‍ക്കാര്‍ തന്നെ അങ്ങിനെ തീരുമാനിച്ചിട്ടില്ല എന്ന് മാറ്റി പറഞ്ഞത് പ്രതിഷേധത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നു. സര്‍ക്കാരിന്റെ മുന്‍കാല ജന വിരുദ്ധ നയങ്ങളോട് ജനം കാണിച്ച നിഷ്ക്രിയത്വം തുടരും എന്നതായിരുന്നു അവര്‍ മനസ്സിലാക്കിയതും. മുമ്പെടുത്ത തീരുമാനങ്ങള്‍ ഇന്ത്യക്കാരെ മൊത്തം ബാധിക്കുന്നുവെങ്കില്‍ പൗരത്വ നിയമം ഒരു വിഭാഗത്തെ മാത്രമേ ബാധിക്കൂ. അതിനാല്‍ തന്നെ പ്രതിഷേധം അവരില്‍ ഒതുങ്ങി നില്‍ക്കും എന്നതായിരുന്നു സംഘ പരിവാര്‍ നിഗമനം.

ഇന്ത്യയുടെ ആതമാവ്‌ മതേതരത്വമാണ് എന്നിരിക്കെ ഒരു മതത്തിനും വിഭാഗത്തിനും സംഭവിക്കുന്ന ക്ഷതം ചെന്ന് തറക്കുക ഇന്ത്യ എന്ന വന്‍ മതിലില്‍ തന്നെയാകും എന്ന തിരിച്ചറിവ് ജനത്തിനുണ്ടായി. അവിടെയാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു പോയതും. അതെ സമയം നിയമത്തെ കുറിച്ച് പൊതു ജനത്തെ ബോധ്യപ്പെടുത്താന്‍ ആയിരം സമ്മേളനം നടത്തും എന്ന് പറഞ്ഞിരുന്നു. പക്ഷെ അതിനു വേണ്ടത്ര വേഗത കാണുന്നില്ല. വിഷയം കോടതിയുടെ കീഴിലാണ്. എങ്ങിനെ കോടതി ഭരണഘടനാപരമായി നിയമത്തെ വിശദീകരിക്കും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

പൗരത്വ നിയമം സമൂഹത്തിന്റെ അടിത്തട്ടില്‍ ഒരു ഏകീകരണത്തിനു കാരണമായിട്ടുണ്ട്. അകന്നു നിന്നിരുന്ന പലരും എതിര്‍പ്പുകള്‍ മാറ്റിവെച്ചു പൊതു ശത്രുവിനെ മനസ്സിലാക്കുന്നു എന്നത് നല്ല സൂചനയാണ്. ഹിന്ദു മുസ്ലിം കൃസ്ത്യന്‍ സിഖ് എന്നീ മത പരമായ രീതിയില്‍ വിഭജനം കൊണ്ട് വന്നത് മുസ്ലിംകളെ ഒറ്റപ്പെടുത്തുക എന്ന അജണ്ടയില്‍ തന്നെയായിരുന്നു.പക്ഷെ അതിനും മുകളിലായി മാനുഷിക രീതിയില്‍ കാര്യങ്ങളെ കാണാന്‍ സമൂഹം തയ്യാറായി. സമരത്തെ പൊളിക്കാന്‍ അടുത്ത പണിയുമായി സംഘ പരിവാര്‍ വരും എന്നുറപ്പാണ്. അതിനവര്‍ ആളുകളെ വിലക്കെടുക്കാന്‍ ശ്രമിക്കും. സമര മുഖത്ത് വിള്ളലുണ്ടാക്കാനുള്ള ശ്രമം ശക്തമാണ്. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നു എന്ന് പറയേണ്ടി വരുന്നതും അത് കൊണ്ടാണ്.

അതിനിടയില്‍ പുതിയ സാഹചര്യം ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവില്‍ കാര്യമായ കുറവുണ്ടാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. അറുപതു ശതമാനത്തോളം കുറവ് വന്നിട്ടുണ്ട് എന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക . യുകെ റഷ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രജകളോട് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെടുന്നു എന്നാണു വാര്‍ത്ത‍ വരുന്നത്. ഇതുവരെയായി ഇരുപത്തിയഞ്ച് പേര്‍ വെടിവെപ്പില്‍ മരിച്ചു എന്നത് വലിയ വാര്‍ത്തയായി തെന്നെയാണ് വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും.

എന്ത് വില കൊടുത്തും പൌരത്വ നിയമം നടപ്പാക്കും എന്ന് തന്നെയാണ് പ്രധാനമന്ത്രി ഇന്നും പറയുന്നത്. നാട്ടില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല. സംഘ പരിവാര്‍ ഒഴികെ മറ്റ്റെല്ലാവരും ഒരു ഭാഗത്താണ്. തങ്ങളുടെ അധികാരം ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ നടപ്പാക്കുക എന്ന രീതി തന്നെയാണ് ഇവിടെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ കൂടുതല്‍ കാലം പ്രതിഷേധം ഉണ്ടാവില്ല എന്ന ഉറപ്പിലാണ് സര്‍ക്കാര്‍ എന്നാണു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നതും. ഗവര്‍ണര്‍ ഇത്ര രൂക്ഷമായി രാഷ്ട്രീയം പറഞ്ഞ കാലം നമുക്കറിയില്ല. അതും മറ്റൊരു സൂചനയായി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.

Related Articles