Current Date

Search
Close this search box.
Search
Close this search box.

പുരോഗമന-മതേതര സമവാക്യങ്ങളിൽ ‘ഒതുങ്ങാത്ത’ തട്ടം

നമ്മുടെ ചർച്ച പരിസരങ്ങളിൽ മോചനമില്ലാതെ കിടക്കുന്ന വിഷയമാണ് മുസ്ലിം സ്ത്രീയും അവളുടെ തട്ടവും. എപ്പോഴൊക്കെ ഇസ്ലാം വിമർശിക്കപ്പെടുന്നുണ്ടോ അപ്പോഴെല്ലാം പുരോഗമന യുക്തി എടുത്തു പ്രയോഗിക്കുന്ന ആയുധമാണ് വിമോചനമാഗ്രഹിച്ച് കഴിയുന്ന മുസ്ലിം സ്ത്രീ. വ നാസ്തിക സംഘടനകളിൽ ഒന്നായ എസ്സൻസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അനിൽകുമാർ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾക്കും സ്ത്രീകൾക്കും കമ്മ്യൂണിസം നേടിക്കൊടുത്ത സ്വാതന്ത്ര്യത്തെയും മുസ്‌ലിം സ്ത്രീകളുടെ പട്ടിണി മാറ്റാൻ കമ്മ്യൂണിസം നൽകിയ സംഭാവനകളും വിശദീകരിച്ച പ്രസംഗമാണ് കുറച്ചു ദിവസമായി കത്തി നിൽക്കുന്ന ഹിജാബ് ചർച്ചയുടെ കാരണം. മുസ്ലിം സ്ത്രീ വിമോചനത്തിന്റെയും വളർച്ചയുടെയും ഉയർച്ചയുടെയും പേറ്റന്റ് സഖാക്കൾ ഏറ്റെടുക്കുന്നത് ഇത് ആദ്യമല്ല. കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും അവർ സമൂഹത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്ന കഥയുടെ പുതുമയില്ലാത്ത ഒരു അവതരണം മാത്രമാണ് സഖാവ് അനില്‍കുമാർ മലപ്പുറത്ത് നടത്തിയിരിക്കുന്നത്.

ഹിജാബിട്ട മുസ്ലിം സ്ത്രീയെ പ്രതിനിധീകരിക്കുന്നവൾ എന്ന നിലക്ക് സഖാക്കളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. തങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമായ ഹിജാബിനെ മുസ്ലിം പെൺകുട്ടികൾ തങ്ങളുടെ ഐഡിന്റിറ്റിയും അഭിമാനവുമായി കൊണ്ട് നടക്കുന്നത് അപരിഷ്കൃതവും തട്ടം ഊരുന്നത് പുരോഗവുമാണെന്ന നിങ്ങളുടെ തീർപ്പിന്റെ അടിസ്ഥാനമെന്താണ് എന്ന് അറിയാൻ താൽപര്യമുണ്ട്.

സഖാവ് അനിൽകുമാർ തന്റെ പ്രസംഗത്തിൽ പരാമർശിച്ച മലപ്പുറം ജില്ലയെ ഉദാഹരണമാക്കി വിശകലനം ചെയ്താൽ തന്നെ തട്ടമിട്ട പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തും, രാഷ്ട്രീയ രംഗത്തും, സാമൂഹിക സാംസ്കാരിക കലാരംഗത്തും ഉണ്ടാക്കിയ വിപ്ലവങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതൊരിക്കലും സഖാവ് പറഞ്ഞ കമ്മ്യൂണിസത്തിൻ്റെ നവോത്ഥാന നേട്ടമൊന്നുമല്ല മറിച്ച് തട്ടമിടാൻ പഠിപ്പിച്ച ഇസ്ലാം നൽകിയ ഊർജ്ജമാണെന്നതും ഇനിയും മനസ്സിലാക്കാത്തതിൽ അത്ഭുതമൊന്നുമില്ല. ഏതൊരു പ്രത്യയശാസ്ത്രത്തെയും പ്രതിക്കൂട്ടിൽ കയറ്റാൻ ആദ്യം ഉപയോഗിക്കുന്ന ആയുധം സ്ത്രീകളാണ്.

ഇസ്ലാമിനെ ഇല്ലായ്മ ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഫാഷിസവും കമ്മ്യൂണിസവും നവനാസ്തികരും പിന്തുടരുന്നതും ഇതേ സോഷ്യൽ എൻജിനീയറിങ് തന്നെയാണ്. കർണാടകയിൽ ഹിജാബ് നിരോധനം നടപ്പിലാക്കിക്കൊണ്ട് പേടിപ്പിച്ചു കളയാം എന്ന് വിചാരിച്ച ഫാഷിസ്റ്റ് ശക്തികൾക്ക് ഹിജാബ് കൊണ്ട് തന്നെ മറുപടി നൽകിയ മുസ്ലിം വിദ്യാർത്ഥിനികളും, എൻ.ആർ.സി നിഷ്പ്രയാസം നടപ്പിലാക്കാം എന്ന് ആഗ്രഹിച്ച മോദി-അമിത്ഷാ കൂട്ടുകെട്ടിനെ ആർജ്ജവത്തോടെ നേരിട്ട തട്ടമിട്ട പെൺകുട്ടികളും, ഷാഹിൻ ബാഗുകൾ നടത്തിയ ഹിജാബീ സ്ത്രീകളും ഇന്ത്യയുടെ വർത്തമാന ചരിത്രത്തിലെ മുഖ്യപാഠമാണ്.

കേരളത്തിലെ എസ്.എഫ്.ഐ അടക്കിഭരിച്ചു കൊണ്ടിരിക്കുന്ന അധികാര കോട്ടകളെ തകർക്കാൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടികളുടെ തലയിലും സഖാവിന് തട്ടം കാണാം. കേരളത്തിലെ തെരുവ് വീഥികളിൽ തിന്മകളെ ചോദ്യം ചെയ്തുകൊണ്ട് നിലനിൽക്കുന്ന ഭരണകൂട ഭീകരതകൾക്കെതിരെ സമരം നയിക്കുന്ന ഹിജാബ് ധാരികളായ പെൺകുട്ടികൾ ഒന്നും സഖാവ് പറഞ്ഞ കമ്മ്യൂണിസം നൽകിയ തട്ടമഴിച്ച വിമോചനത്തിൽ നിന്ന് ഉയർന്നു വന്നവരല്ല, പെൺകുട്ടികളെ കുഴിച്ചുമൂടിയിരുന്ന ജാഹിലിയ്യ കാലഘട്ടത്തിൽ സ്ത്രീയെന്ന പദവി നൽകി അവളെ ആദരിച്ച ഇസ്ലാമിന്റെ ആദർശത്തിൽ നിന്നും കരുത്തും ആർജ്ജവവും ഉൾക്കൊണ്ടു വളർന്നുവന്നവരാണ്.

മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അവർ നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആണെന്ന് വിശ്വസിക്കുന്ന സഖാവിനോട് മറ്റൊരു കാര്യം കൂടി വിശദീകരിക്കേണ്ടതുണ്ട്. മുസ്ലിം സ്ത്രീ വിമോചനത്തിനും അവളുടെ വളർച്ചക്കും എന്ത് സംഭാവനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നൽകിയത്? മനുഷ്യച്ചങ്ങലയിൽ തട്ടമിട്ട സ്ത്രീകൾക്ക് നൽകിയ പ്രത്യേക പരിഗണനയെന്ന നാടകമാണോ നിങ്ങളുടെ സംഭാവന? എന്നാൽ കേരളത്തിൽ ഇന്ന് മുസ്ലിം സ്ത്രീ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിൽ മുഖ്യപങ്ക് അവളുടെ പരിശ്രമങ്ങൾക്ക് മാത്രമാണ്.

തട്ടമൂരി കൊണ്ട് നിങ്ങൾ പുരോഗമനം പഠിപ്പിച്ചപ്പോൾ തട്ടം ഒന്നൂടെ ഒതുക്കി ചുറ്റി അവൾ നേടിയെടുത്ത വിജയമാണ് പട്ടിണിയില്ലാത്ത മുസ്ലിം സ്ത്രീകൾ. ഹിജാബ് ധരിച്ച് ക്യാമ്പസ് ഇലക്ഷനുകളിൽ മത്സരിക്കുന്ന മുസ്ലിം പെൺകുട്ടികളെ ഭീകരവാദിയും തീവ്രവാദിയുമാക്കുന്ന ” ‘സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ്’ വാദികൾക്ക് മുസ്ലിം സ്ത്രീ വിമോചനവും പുരോഗമനവുമൊക്കെ സംസാരിക്കുമ്പോൾ നാണക്കേട് തോന്നാത്തത് പറഞ്ഞുപഠിച്ച കാര്യങ്ങൾ അക്ഷരം തെറ്റാതെ പറയാൻ കഴിയുന്നതിലെ കഴിവായി കണക്കാക്കിയാൽ മതി.

തട്ടത്തെ കുറിച്ചുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും പൊതുജനത്തിന്റെ അവകാശമാണെന്നും ‘തട്ടത്തിൽ നിന്ന് കയ്യെടുക്കെടാ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ അപരിഷ്കൃതവുമാണെന്നുമാണ് ന്യായീകരണത്തിലെ പുതിയ പോയിൻ്റ്. മുസ്ലിം സ്ത്രീയുടെ വിഷയങ്ങളെ ഏറ്റെടുക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും അവളുടെ വിശ്വാസത്തിൻ്റെയും അഭിമാനത്തിന്റെയും ഭാഗമായ ഹിജാബ് ചർച്ച ചെയ്യപ്പെടുമ്പോളും അപരിഷ്കൃതവും അടിച്ചമർത്തലുമായി ചിത്രീകരിക്കുമ്പോളും കയ്യെടുക്കടാ എന്ന് പറയാനുള്ള ആർജ്ജവം അവൾ നേടിയിട്ടുണ്ടെന്നും ഈ ന്യായീകരണ തൊഴിലാളികൾ മനസ്സിലാക്കണം.

ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ സമരത്തെ പർവതീക്കരിക്കുന്നവർക്ക് പക്ഷെ കേരളത്തിൽ ഉയർന്നുവരുന്ന ഹിജാബിൽ നിന്ന് കയ്യെടുക്കടാ മുദ്രാവാക്യങ്ങൾ ജനാധിപത്യവിരുദ്ധമായി തോന്നുന്നത് വിരോധാഭാസമാണ്. ഇഷ്ടമതം സ്വീകരിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും അവകാശമുള്ള ഇന്ത്യൻ ജനാധിപത്യത്തിൽ തന്റെ വിശ്വാസത്തിന് കോട്ടംതട്ടും വിധം അഭിപ്രായങ്ങൾ ഉയർന്നു വരുമ്പോൾ അതിനെതിരെ ശക്തമായ മുദ്രാവാക്യം ഉയർത്തുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധതയാകുന്നത് എന്നോർത്താൽ നന്നാവും.

ഇസ്ലാമിക നിയമസംഹിതയിൽ സ്ത്രീകളെ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ മിക്കതും അവളെ രണ്ടാംകിട മനുഷ്യരായിട്ടാണ് കാണുന്നത് എന്ന് വാദിക്കുന്നവരോട്, ഉള്ളിലുള്ള ഇസ്ലാം വിരുദ്ധത മാറ്റിവെച്ച് ഇസ്ലാമിക നിയമവും ഇസ്ലാമിക ചരിത്രവും ഒന്നിരുന്നു വായിച്ചാൽ ഇസ്ലാമിൽ സ്ത്രീക്ക് നൽകിയ പദവിയും അധികാരവും
നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

പെൺകുട്ടി ജനിച്ചാൽ അത് അപമാനമായി കരുതി ജീവനോടെ കുഴിച്ചുമൂടിയ കാലത്ത് പെൺകുട്ടികൾ ഇഹ-പര വിജയത്തിന്റെ കാരണമാണെന്നും അനന്തരസ്വത്തുൾപ്പെടെ അവൾക്ക് സവിശേഷമായ അവകാശങ്ങൾ ഉണ്ടെന്ന് പ്രഖ്യാപിച്ച, വിദ്യാഭ്യാസരംഗങ്ങളിൽ ഉൾപ്പെടെ സാമൂഹിക ജീവിതത്തിൽ അവൾക്ക് കൃത്യമായ അവസരങ്ങൾ നൽകിയ ഇസ്ലാമിക നിയമവും അതിൽ നിന്ന് പ്രചോദിതമായ സമുദായത്തിന്റെ ശ്രമങ്ങളും തന്നെയാണ് ഇന്ന് മുസ്ലിം പെൺകുട്ടികൾ കയ്യെത്തിപിടിച്ചുകൊണ്ടിരിക്കുന്ന വിജയത്തിന്റെ യഥാർത്ഥ കാരണം.

Related Articles