Current Date

Search
Close this search box.
Search
Close this search box.

ജാര്‍ഖണ്ഡ് നല്‍കുന്ന ശുഭ സൂചനകള്‍

മൂന്നു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയാണ്‌ ബി ജെ പി ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുത്വലാഖ്, പൌരത്വ ഭേദഗതി, കാശ്മീര്‍. ബി ജെ പി യുടെ എന്നത്തേയും വാഗ്ദാനമായ രാമക്ഷേത്രവും ഈ കാലയളവില്‍ തന്നെയാണു ഹിന്ദു സമൂഹത്തിനു ലഭിച്ചത്. . തിരഞ്ഞെടുപ്പ് പ്രകടന പത്രിക നടപ്പാക്കാനാണ് ജനം തങ്ങളെ തിരഞ്ഞെടുത്തത് എന്നാണു സംഘ പരിവാര്‍ നിരന്തരം പറഞ്ഞു വരുന്നതും. അത് തന്നെയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ മോഡിയും കൂട്ടരും കൂടുതലായി ഉപയോഗിച്ചതും. എന്നിട്ടും ഭരണകക്ഷി അവിടെ വളരെ പിറകോട്ടു പോയി. ഇന്ത്യയിലെ തന്നെ സാമ്പത്തികമായും സാമൂഹികമായും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. വിദ്യാഭ്യാസ നിലവാരത്തില്‍ ദേശീയ ശരാശരിയുടെ താഴെയാണ്. കാടുകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് “ ജാര്‍ഖണ്ഡ്” പറയപ്പെടുന്നത്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നക്സല്‍ ഭീഷണി നേരിട്ട സംസ്ഥാങ്ങളില്‍ ഒന്നാണ് ജാര്‍ഖണ്ഡ്. ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് കാര്യമായ സ്വാദീനമുള്ള സംസ്ഥാനവുമാണ്‌ ജാര്‍ഖണ്ഡ്. ജനസംഖ്യയില്‍ 68 ശതമാനവും ഹിന്ദുക്കളാണ്. അവിടെയാണ് ജനം ബി ജെ പിയെ ഒതുക്കിയത്. ഈ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും നല്‍കുന്ന ഊര്‍ജം വലുതാണ്‌. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് സംഘ പരിവാര്‍ എന്നും ശ്രമിച്ചത്. രണ്ടാം മോഡി സര്‍ക്കാര്‍ അതിനു കൂടുതല്‍ വേഗത നല്‍കി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയ നിയമങ്ങള്‍ അത് തെളിയിക്കുന്നു. കാശ്മീര്‍, മുത്വലാഖ്, പൗരത്വ നിയമങ്ങളിലൂടെ അവര്‍ ഉദ്ദേശിച്ചതും മറ്റൊന്നല്ല. പക്ഷെ ഇന്ത്യയിലെ മതേതര സമൂഹം സംഘ പരിവാര്‍ നിലപാടുകളെ വേണ്ടത്ര സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്.

അത് കൊണ്ട് തന്നെയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഒരു ചരിത്രമായി തീരുന്നതും. വെള്ളക്കാരന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം സമര്‍ത്ഥമായി നേരിട്ടവരാണ് ഇന്ത്യക്കാര്‍. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ട് കാര്യം നേടിയെടുക്കാം എന്ന സംഘ പരിവാര്‍ നിലപാടും നമ്മുടെ നാട്ടില്‍ കൂടുതല്‍ കാലം പിടിച്ചു നില്ക്കാന്‍ കഴിയില്ല എന്ന സന്ദേശമാണ് ജാര്‍ഖണ്ഡ് നല്‍കുന്നത്. ഇന്ത്യന്‍ ഭരണ ഘടനയെ പോലും അരികിലാക്കിയാണ് സംഘ പരിവാര്‍ മതം പറയുന്നത്. ഒരാള്‍ ഇന്ത്യക്കാരന്‍ ആകാനും ആകാതിരിക്കാനുമുള്ള കാരണം മതമാണ്‌ എന്ന പുതിയ കണ്ടെത്തലിനെ എങ്ങിനെ ആധുനിക ഇന്ത്യ കാണുന്നു എന്നത് കൂടി ഈ തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നു, പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്നവരെ വസ്ത്രം നോക്കി മനസ്സിലാക്കാം എന്ന അതി തീവ്രമായ നിലപാട് പ്രധാനമന്ത്രി പറഞ്ഞത്‌ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് യോഗത്തിലാണ്. അതായത് ഒരു വിഭാഗത്തിന് മാത്രമാണ് ഈ ബില്ലില്‍ എതിര്‍പ്പുള്ളത്‌ എന്ന് കാണിക്കലായിരുന്നു അദ്ദേഹം അതു കൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ അതൊന്നും ജാര്‍ഖണ്ഡ് വോട്ടര്‍മാരെ സ്വാദീനിച്ചില്ല എന്നാണ് ഫലം വെളിവാക്കുന്നത്. മറ്റൊരു കാര്യം മതേതര ശക്തികളുടെ യോജിപ്പാണ്. അതില്ല എന്നത് തന്നെയാണ് ഫാസിസത്തിന് കരുത്തു പകരുന്നതും. ഇന്ത്യന്‍ മതേതര പാര്‍ട്ടികള്‍ “ ഈഗോ” രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ തീരുന്നതാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ ഭാവി. മുഖ്യ ശത്രു ആര് എന്നതില്‍ ഇനിയും അവര്‍ക്ക് വ്യക്തത വന്നിട്ട് വേണം. മതേതര പാര്‍ട്ടികള്‍ അവര്‍ക്കിടയില്‍ തന്നെ ശത്രുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ജനാധിപത്യ മതേതര സമൂഹത്തെ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ല എന്ന തിരിച്ചറിവ് എന്നാണോ മതേതര പാര്‍ട്ടികള്‍ കൈക്കൊല്ലുന്നതു അന്ന് മാത്രമേ ഫാസിസം നമ്മുടെ സമൂഹത്തില്‍ നിന്നും പടിയിറങ്ങൂ.
ഒരു സമൂഹത്തെ ഇല്ലാതാക്കി തങ്ങളുടെ ഇംഗിതം നടപ്പാക്കാം എന്ന സംഘ പരിവാര്‍ കുബുദ്ധിയേയും ഈ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യ മതേതരത്വത്തില്‍ ഇനിയും നമുക്ക് പ്രതീക്ഷയുണ്ട് എന്നതാണ് ജാര്‍ഖണ്ഡ് നല്‍കുന്ന പാഠം. നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് തന്നെ പരാജയപ്പെട്ടു എന്നത് ജനം ഭരണം നോക്കിയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത് എന്നതിന്റെ തെളിവായി മനസ്സിലാക്കാം എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

Related Articles