Columns

ഫൈസാബാദ് മുതല്‍ തിരൂര്‍ വരെ

അടിമുക്ക കാലത്തു തന്നെ പാടത്തേക്കു പോയി. അന്ന് വീട്ടില്‍ നിന്നും അദ്ദേഹം കുറച്ചു ചൂടിലാണ് പുറപ്പെട്ടത്. വീട്ടുകാരോടുള്ള മുഴുവന്‍ ദേഷ്യവും പൊട്ടുമ്പോള്‍ പോത്തിന്റെ പുറത്തു തീര്‍ത്തു. പുറം പൊട്ടി ചോര വരുന്നത് ശ്രദ്ധയില്‍ പെട്ട അടിമുക്ക കരി കലക്കി പുറത്തൊഴിച്ചു. മുതലാളി കാണാതിരിക്കാന്‍ അടിമുക്ക അതെ വഴി കണ്ടുള്ളൂ.

ചരിത്രത്തിന്റെ പുറത്തു നിന്നും വമിക്കുന്ന സത്യത്തെ സംഘ പരിവാര്‍ അങ്ങിനെയാണ് മൂടി വെക്കാന്‍ ശ്രമിക്കുന്നത്. ഫൈസാബാദിന്റെ പേര് മാറ്റിയത് കൊണ്ട് അതിന്റെ ചരിത്രം മാറ്റാന്‍ കഴിയില്ല എന്ന ചിന്ത യോഗിക്കുണ്ടായില്ല. നാടുകളുടെ പേര് മാറ്റിയാല്‍ മാറ്റിയ ദിവസം മുതല്‍ മാത്രമേ അതിന്റെ ചരിത്രം തുടങ്ങൂ എന്നാണ് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് അയോദ്ധ്യ. അതിനു ചരിത്രത്തെക്കാള്‍ കൂടുതല്‍ ഐതിഹ്യവുമായി ബന്ധമുണ്ട്. ഫൈസാബാദ് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് അയോദ്ധ്യ. ഇനി മുതല്‍ മുനിസിപ്പാലിറ്റിയുടെ പേര് തന്നെ അയോദ്ധ്യ എന്നാക്കിയിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് ആക്കം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പേര് മാറ്റല്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അവധിലെ നവാബുമാരുടെ തലസ്ഥാനം എന്ന നിലയിലാണ് ഫൈസാബാദ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായും ഫൈസാബാദിനു ബന്ധമുണ്ട്. സ്ഥല പേര് മാറ്റിയാല്‍ ആരും ചരിത്രം ചോദിക്കില്ല എന്നതാകും യോഗി മനസ്സിലാക്കിയിരിക്കുക.

അയോദ്ധ്യ എന്നത് എങ്ങിനെ പറഞ്ഞാലും ഫൈസാബാദ് എങ്ങിനെ അയോധ്യയായി എന്ന ചോദ്യം പിന്നെയും ബാക്കിയാണ്. ഫാസിറ്റു ശക്തികള്‍ തകര്‍ത്തു കളഞ്ഞ പള്ളിയെ കുറിച്ച് എത്ര മായ്ക്കാന്‍ കഴിഞ്ഞാലും അവര്‍ക്കു കഴിയില്ല എന്നതാണ് സത്യം. എന്ത്‌കൊണ്ട് ഫൈസാബാദ് അയോദ്ധ്യയായി എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടുവരിക എന്നത് തന്നെയാണ് അതിനുള്ള പ്രതിവിധി.

സംഘപരിവാര്‍ ചരിത്രത്തെ എത്ര മാത്രം ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മായ്ച്ചു കളഞ്ഞ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍. ഈ വിഷയത്തില്‍ സംഘപരിവാര്‍ ഒരു കക്ഷിയല്ല. നവംബര്‍ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി അഥവാ വാഗണ്‍ ദുരന്തം എന്നറിയപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് ഗുഡ്‌സ് വാഗണില്‍ അടക്കപ്പെട്ട നൂറോളം പേരില്‍ 64 പേരാണ് മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാര്‍ ഭാഗത്ത് മുസ്ലീങ്ങള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ കലാപം അഥവാ മാപ്പിള ലഹള. കേരള ചരിത്രത്തില്‍ മുസ്ലീങ്ങള്‍ നടത്തിയ പ്രസിദ്ധമായ സമരം ഇതാണ്. ഇതില്‍ ഒരിക്കലും സംഘ പരിവാര്‍ കക്ഷിയല്ല.

സ്വാതന്ത്ര്യ സമരവുമായി ഒന്നും പറയാനില്ലാത്ത സംഘ് പരിവാറിന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഇടപെടല്‍ അത്ര രസിക്കില്ല. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന ചരിത്രം അവര്‍ മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്നു. അതിനപ്പുറം ജന്മി – കൂടിയാന്‍ സമരവുമായി അതിനു ബന്ധമുണ്ട് എന്നാണ് ചരിത്രം. ഏതു വിപ്ലവത്തിനും ചില മോശം വശം കാണും. ചില സാമൂഹിക വിരുദ്ധര്‍ സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടാകാം. സാമ്രാജ്യത്വത്തിനെ വെല്ലുവിളിച്ച ഒരു സമരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല എന്നുറപ്പാണ്.

സംഘപരിവാറിന് താരതമ്യേന ശക്തി കുറവായ കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ കുറിച്ച് നാം ചര്‍ച്ച ചെയ്യാതിരിക്കുകയാണ് ഉത്തമം. താജ്മഹല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പാടില്ല, മുസ്ലിം രാജാക്കന്മാരുടെ പേരുള്ള സ്ഥല നാമം മാറ്റുക എന്നതൊക്കെ ഒരു നിലപാടിന്റെ ഭാഗമാണ്. ന്യൂന പക്ഷങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് മാത്രമല്ല അവരുമായി ബന്ധപ്പെട്ട ചരിത്രം കൂടി സമ്മതിക്കില്ല എന്ന് തുറന്നു പറയലാണ്.
പോത്തിന്റെ പുറത്തെ ചോര കാണാതിരിക്കാന്‍ കരി കലക്കി ഒഴിക്കുക എന്നത് തന്നെയാണ് യോഗിയും കൂട്ടരും ചെയ്യുന്നത്. ചരിത്രം എന്നും ഉയര്‍ന്നു നില്‍ക്കും എന്ന് ഇവരോട് ആരാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ?

Facebook Comments
Show More

Related Articles

Close
Close