Columns

ഫാഷിസം കൊല്ലിക്കു പിടിച്ചാലും ഞങ്ങള്‍ വാദപ്രദിവാദങ്ങള്‍ തുടരും

ഇന്ന് കാലത്ത് തിരൂര്‍ സ്‌റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. അടുത്തു പോയി നോക്കുമ്പോള്‍ ഒരു യാത്രാ സംഘം ആളുകള്‍ക്ക് യാത്രക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം ‘മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുക. തിരിച്ചു വന്നിട്ട് നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക് തുടരാം. യാത്രയില്‍ അത്തരം കാര്യങ്ങള്‍ ഒന്നും പറഞ്ഞു സമയം കളയരുത്’. പ്രാസംഗികനെ നേരില്‍ കണ്ടു സംസാരിക്കണം എന്ന് കരുതി. ട്രെയിന്‍ വരാന്‍ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ. അതിനാല്‍ അത് നടന്നില്ല.

‘പുറപ്പെട്ടു, ഇനി അര മണിക്കൂര്‍ മുമ്പേ പുറപ്പെടണോ’ എന്നത് മലയാളത്തിലെ ഒരു പ്രശസ്തമായ ചൊല്ലായി മാറിയിട്ടുണ്ട്. ഒരിക്കല്‍ തിരഞ്ഞെടുത്ത ഗ്രാന്റ് മുഫ്തിയെ വീണ്ടും തിരഞ്ഞെടുത്തു എന്ന വിവരം വായിച്ചപ്പോള്‍ അതാണ് തോന്നിയത്. നമ്മെ ബാധിക്കുന്ന വിഷയമല്ല എന്ന നിലയില്‍ അവഗണിക്കാന്‍ കഴിയുന്ന കാര്യമാണത്. കേരളത്തില്‍ ബറേല്‍വികള്‍ ഇല്ല എന്നാണു അറിവ്. ഹനഫീ മദ്ഹബിനും കേരളത്തില്‍ കാര്യമായ വേരോട്ടമില്ല. അത് കൊണ്ട് തന്നെ ബറേല്‍വികള്‍ ആരെ മുഫ്തിയായി തിരഞ്ഞെടുക്കുന്നു എന്നത് കേരള മുസ്ലിംകളെ അലട്ടുന്ന വിഷയമല്ല.

നമ്മുടെ വിഷയം മുഫ്തിയോടല്ല. മുഫ്തി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തോടാണ്. അത് കൊണ്ട് തന്നെ അവര്‍ ആരെ മുഫ്തിയായി നിയമിച്ചാലും അതവരുടെ കാര്യം. കേരളത്തില്‍ നിന്നും ആദ്യമായി ഒരാളെ ഉത്തരേന്ത്യയില്‍ സാമാന്യം ശക്തിയുള്ള ഒരു സംഘടന മുഫ്തിയായി തിരഞ്ഞെടുത്തു എന്നത് കേരളത്തിലെ ഒരു മത സംഘടനയുടെ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിന് കാരണമായി എന്ന് വേണം പറയാന്‍. തങ്ങളുടെ നേതാവിനെ മുഫ്തിയായി തിരഞ്ഞെടുത്തു എന്ന രീതിയില്‍ ഒരു വിഭാഗം ആഘോഷിക്കുന്നു. അതെ സമയം യഥാര്‍ത്ഥ മുഫ്തിയെ ഇന്നാണ് തിരഞ്ഞെടുത്തത് എന്ന രീതിയില്‍ മറ്റൊരു വിഭാഗം രംഗത്തു വരുന്നു. പുതിയ മുഫ്തിയെ തിരഞ്ഞെടുത്തത് കൊണ്ട് താല്‍ക്കാലിക മുഫ്തിക് പണിപോയി എന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതും.

മറ്റൊരിടത്തു ജിന്നും സിഹ്‌റും ചര്‍ച്ച പൊടിപൊടിക്കുകയാണ്. അവിടെയും ഇപ്പറഞ്ഞത് പോലെ ഇസ്‌ലാഹി സംഘടനകള്‍ സംവാദം ചെയ്തു മുന്നേറുകയാണ്. അതിനിടയില്‍ ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പും നടക്കുന്നു. ഇന്ത്യ നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. അവിടെയാണ് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം എന്നതാണ് ഇപ്പോഴത്തെ എല്ലാ നല്ല മനുഷ്യരുടെയും മുഖ്യ ഉന്നം. നമ്മുടെ മുന്നില്‍ തിമിര്‍ത്താടുന്ന ഫാസിസത്തെ ഓരോ വിശ്വാസിയും കഴിവിന്റെ പരമാവധി ശക്തി ഉപയോഗിച്ച് തടയിടാന്‍ ശ്രമിക്കണം എന്നത് നിര്‍ബന്ധ ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുക്കാന്‍ അണികളെ സജ്ജരാക്കുക എന്നത് മത നേതൃത്വത്തിന്റെ നിര്‍ബന്ധ ചുമതലയും. അവിടെയാണ് മത സംഘടനകള്‍ അവരുടെ കഴിവും ശക്തിയും ഉപകാരമില്ലാത്ത തലങ്ങളിലേക്ക് കൊണ്ട് പോകുന്നത്.

‘നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും, നമ്മുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞു നില്‍ക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിംകളാണ്. അവര്‍ക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും സംരക്ഷണോത്തരവാദിത്വമുണ്ട്’ എന്ന പ്രവാചക വചനം ഏറ്റവും ചുരുങ്ങിയത് ഒരേ ആദര്‍ശം സ്വീകരിച്ചവര്‍ തന്നെ അംഗീകരിക്കണം. അതെ സമയം ഒരേ ആദര്‍ശം അംഗീകരിച്ചവര്‍ പോലും മറ്റു പലതിന്റെ പേരിലും ഭിന്നിക്കുന്നു എന്നതാണ് മുസ്‌ലിം കേരളം അനുഭവിക്കുന്ന ദുരന്തം. അതിന്റെ തണലിലാണ് പലപ്പോഴും ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതല്‍ ഉണ്ടായിട്ടും പല രംഗത്തും സമുദായം അവഗണിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പോലും സീറ്റുകളുടെ കാര്യത്തില്‍ ആ അവഗണ കൂടുതല്‍ വ്യക്തമാകുന്നു. ഒരു പൊതു വിഷയത്തില്‍ പോലും ഒരിക്കലും ഒന്നിക്കാന്‍ കഴിയാത്ത രീതിയില്‍ സമുദായം അകന്നിരിക്കുന്നു എന്ന ബോധം പലരെയും രക്ഷപ്പെടുത്തുന്നു. മുഫ്തിയും ജിന്നും സിഹ്‌റും ഒരു സമുദായത്തിന്റെ മുഖ്യ വിഷയമായാല്‍ അവര്‍ക്കു ജീവിക്കാന്‍ ഭൂമി വേണ്ട എന്ന കാര്യത്തില്‍ അപ്പുറത്തുള്ളവര്‍ യോജിക്കും എന്നുറപ്പാണ്.

Facebook Comments
Show More

Related Articles

Close
Close