Current Date

Search
Close this search box.
Search
Close this search box.

അതെ, ന്യൂസ്‌ലാന്റ് വീണ്ടും ലോകത്തിന് മാതൃകയാവുകയാണ്

‘പരസ്പര സഹിഷ്ണുത, കരുണ, സഹതാപം എന്നീ കാര്യങ്ങളില്‍ വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കഷ്ടത അനുഭവിക്കുമ്പോള്‍ മുഴുവന്‍ ശരീരവും വേദനിക്കുന്നു.’പ്രവാചകനെ ഉദ്ധരിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍. ഇന്ന് ന്യൂസിലാന്‍ഡില്‍ ഒരു ജനത മുഴുവന്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തു. എവിടെയും തലയില്‍ തട്ടമിട്ട ജനങ്ങളുടെ നിരയായിരുന്നു. ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന ഒരു വിഭാഗത്തിന് സംഭവിച്ച ദുരന്തം ആ നാട് ഒന്നായി ഏറ്റെടുത്തു. വൃദ്ധരും കുട്ടികളും സ്ത്രീകളും ചേര്‍ന്ന് അവരുടെ ദുഖവും സങ്കടവും മൊത്തം നാടിന്റെ ദു:ഖമാക്കി മാറ്റി. അല്‍ നൂര്‍ പള്ളിക്ക് സമീപം ഹൂലി പാര്‍ക്കില്‍ ആയിരക്കണക്കിന് ആളുകള്‍ മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഥ്യം പ്രഖ്യാപിച്ചു തടിച്ചു കൂടി.

ക്രൈസ്റ്റ് ചര്‍ച്ച് കൂടാതെ മറ്റു പല സ്ഥലങ്ങളിലും ഇന്ന് ജനം ഒരുമിച്ചു കൂടി. തലയില്‍ തട്ടമിട്ടുകൊണ്ടും ഇല്ലാതെയും. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന നല്ല സന്ദേശം. അവിടെയാണ് കൊലയാളി പരാജയപ്പെടുന്നത്. ഇരകളെ ചേര്‍ത്ത് നിര്‍ത്തുക എന്ന മഹത്വരമായ കാര്യം അത്ര നിസാരമല്ല. തങ്ങളുടെ നാട്ടിലേക്ക് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി വന്നവരെ എത്ര മനോഹരമായാണ് ഒരു ജനത സ്വീകരിക്കുന്നത്. ആളുകളുടെ മതവും ജാതിയും നോക്കി പൗരത്വം നിഷേധിക്കാനും നല്‍കാനും തയ്യാറെടുക്കുന്നവര്‍ക്കു അത് മനസ്സിലാകില്ല. കൊലയാളിയുടെ മതം നോക്കി സംരക്ഷണം നല്‍കുന്ന വ്യവസ്ഥക്കും അത് മനസ്സിലാവില്ല. ഹൃദയം ഒരു അവയവം മാത്രമല്ല. അതൊരു നിലപാട് കൂടിയാണ്.

‘ഞങ്ങള്‍ ഒരു ലിബറല്‍ കമ്മ്യൂണിറ്റിയാണ്. അങ്ങിനെ ചിന്തിക്കാനാണ് ഇഷ്ടം, പക്ഷേ ഇരുണ്ട ഭാഗങ്ങള്‍ ഞങ്ങളില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ആ ഇരുട്ടിനെ ഒന്നിച്ചു പുറത്താക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് ‘ 72കാരനായ ന്യൂസ്‌ലാന്റുകാരന്‍ ക്ലാര്‍ക്ക് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള നിരവധി പള്ളികള്‍ സന്ദര്‍ശകര്‍ക്ക് അവരുടെ വാതിലുകള്‍ തുറന്നു കൊടുത്തു. മുസ്ലിംകളെ കുറിച്ച് മറ്റുള്ളവര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ അവര്‍ അവസരം ഒരുക്കി.

വാസ്തവത്തില്‍ ന്യൂസ്‌ലാന്റില്‍ കൊലയാളി പരാജയപ്പെട്ടു എന്ന് വേണം പറയാന്‍. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക എന്ന നയമാണ് ആ നാട്ടുകാര്‍ സ്വീകരിച്ചത്. ‘നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിരിക്കുന്നു. പക്ഷെ നാം തകര്‍ന്നിട്ടില്ല, തകരുകയുമില്ല. ലോകത്തിന്റെ ഹൃദയം തകര്‍ത്തിടത്താണ് നാം ഒരുമിച്ചു കൂടിയിട്ടുള്ളത്. എല്ലാം സ്ഥൈര്യത്തോടെ നേരിടാന്‍ നാം പരിശീലിച്ചിരിക്കുന്നു. നാം ഒന്നാണ് എന്ന വലിയ സന്ദേശം ലോകത്തിനു നല്‍കാന്‍ നമുക്ക് കഴിയുന്നു’. ജുമുഅ പ്രസംഗത്തില്‍ ഇമാം കമാല്‍ ഫൗദ ജനങ്ങളെ ഉണര്‍ത്തി.

ഇരുട്ടിന്റെ ശക്തികള്‍ തകര്‍ന്നു പോയ ദിനമാണ് ഇന്ന്. അമ്പത് പേരുടെ ഭൗതിക ശരീരം അടക്കം ചെയ്യല്‍ ആരംഭിച്ചു. രക്തസാക്ഷി മരിക്കുന്നില്ല എന്നത് എത്ര മഹോന്നതമായ വചനമാണ്. അവര്‍ കൊല്ലപ്പെട്ടു എന്ന് നിങ്ങള്‍ പറയരുത് എന്നാണു ഖുര്‍ആന്‍ പറയുന്നതും. അവരുടെ രക്തം വെറുതെയാവില്ല എന്ന് ന്യൂസ്‌ലാന്റ് നമ്മോട് പറയുന്നു. തിന്മക്കെതിരെ എന്നും നന്മയില്‍ ഒന്നിക്കാന്‍ ലോകം തയ്യാറാണ് എന്ന സന്ദേശമാണ് ഇന്ന് ന്യൂസ്‌ലാന്റ് ലോകത്തിനു നല്‍കിയത്. മറ്റാര്‍ക്കുമില്ലെങ്കിലും ഭാരതീയര്‍ക്ക് അതില്‍ വലിയ പാഠമുണ്ട്. തീര്‍ച്ച.

Related Articles