Current Date

Search
Close this search box.
Search
Close this search box.

ഗസ്സ അധിനിവേശം: ഇസ്രായേലിന്റെ എട്ട് വംശഹത്യാ രീതികൾ 

ജീവനും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ട ഗസ്സയിലെ നിലക്കാത്ത ദുരന്തകഥയിപ്പോള്‍ എത്തിനില്‍ക്കുന്നത് അതിന്റ മൂന്നാം മാസത്തിലാണ്. രാഷ്ട്രപൗരന്മാര്‍ക്ക് നേരെയുള്ള അക്രമങ്ങളെ പരിമിതപ്പെടുത്താനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദമോ യുദ്ധമവസാനിപ്പിക്കുന്നതിനുവേണ്ടി ഇസ്‌റായേലുമായുള്ള നയതന്ത്രബന്ധവും എണ്ണ കച്ചവടവുമവസാനിപ്പിക്കാനുള്ള അറബ് രാഷ്ട്രങ്ങളുടെ നീക്കങ്ങളോ, കൂടാതെ യു.എന്‍ റെസലൂഷ്യനോ ഗസ്സക്കനുകൂലമായുയര്‍ന്ന പ്രതിഷേധപ്രഘോഷണങ്ങളോ ഒന്നും നടന്ന് കൊണ്ടിരിക്കുന്ന നരനായാട്ടിന് കടിഞ്ഞാണിടുകയോ മിതപ്പെടുത്തുകയോ ചെയ്യുന്നില്ല.

അതുകൊണ്ട് ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും അമേരിക്കന്‍ പ്രിസിഡന്റ് ജോ ബൈഡന്റെയും കൈകളിലാണിപ്പോള്‍ ഫലസ്തീനിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വിധി ചെന്നുനില്‍ക്കുന്നതെന്ന് വേണം പറയാന്‍. നവംബറിലെ താത്കാലിക യുദ്ധവിരാമത്തിനുശേഷം താത്കാലിക യുദ്ധശമനമില്ലെന്നും പൗന്മാര്‍ക്ക് നേരെയുള്ള അക്രമത്തുടര്‍ച്ചക്കോ കുറവില്ലാതെ ഇനിയും കൂടുതല്‍ മാസങ്ങള്‍ തങ്ങളുടെ അക്രമങ്ങള്‍ വര്‍ധിതവീര്യത്തോടെ തുടരുമെന്നും ഇസ്‌റായേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇതേ സമയം ഫലസ്തീനികളെ കുറിച്ചുള്ള അമേരിക്കയുടെ ഉത്കണ്ഠ പ്രാദേശിക യുദ്ധങ്ങളെ ഭയന്നുകൊണ്ടും തങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ആനുകൂല്യം നഷ്ടപ്പെടുമോ എന്ന് ഭയന്നുകൊണ്ടുമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലാതെ ഫലസ്തീന്‍ സ്‌നേഹം കൊണ്ടൊന്നുമല്ല.

ഈയൊരു സാഹചര്യത്തില്‍ ഇതുവരെ ഇസ്‌റായേല്‍ ഒരുപാട് യുദ്ധക്കുറ്റങ്ങള്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര രൂപീകരണം തന്നെ വംശീയോന്മൂലനത്തിലധിഷ്ടിതമായിരിക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അതിന്റെ വികസിത തുടര്‍ച്ചകളായേ ഗണിക്കാന്‍ കഴിയൂ. 1948 ലെ ഇസ്‌റായേലിന്റെ രൂപീകരണത്തെയോ അല്ലെങ്കില്‍ അതിനും മുമ്പുള്ള സമാന്തര സൈനിക വിഭാഗങ്ങളായ ഇര്‍ഗുനിന്റെയും ഹഗാനയുടെയും പ്രവര്‍ത്തനങ്ങളെയോ വിശകലനം ചെയ്യുമ്പോള്‍ യുദ്ധക്കുറ്റങ്ങളും ഇതര ജൂത മതസ്ഥരോടുള്ള വിവേചനങ്ങളും ആഗോള നിയമങ്ങളോടുള്ള പരസ്യമായ നിന്ദയും ഇസ്റായേലിൻറെ അടിസ്ഥാന സ്വഭാവമാണെന്ന് മനസ്സിലാകും.

ഇത്തരുണത്തില്‍, എന്താണ് ഒരു വംശഹത്യയെ (Genocide) നിര്‍വചിക്കുന്നത് എന്നതിനെ കുറിച്ച് വിത്യസ്ത തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് സംഭവം വംശഹത്യയാകണമെങ്കില്‍ അത് ജൂത ഹോളോകോസ്റ്റിന്റെ പരിധിയില്‍ വരണമെന്നും അല്ലെങ്കില്‍ ഒരുകൂട്ടം ജനതയെ മുഴുവന്‍ കൊന്നടക്കണമെന്നുമുള്ള ധാരണ.

വംശഹത്യയെ നിര്‍വചിക്കുന്നു

ജെനൊസൈഡ് കണ്‍വെന്‍ഷന്റെ (വംശഹത്യാകുറ്റത്തിന് ശിക്ഷകല്‍പ്പിക്കാനും അതിനെ തടയാനും വേണ്ടി സംഘടിപ്പിക്കപ്പെട്ട സംയുക്ത സമ്മേളനം, ഡിസംബര്‍ 9, 1948) രണ്ടാം ആര്‍ട്ടിക്കിള്‍ പ്രകാരം, ഒരു മതകീയ, വംശീയ സംഘത്തെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആ സമൂഹത്തിലെ അംഗങ്ങളെ കൊല്ലുകയും അവരെ മാനസികമായും ശാരീരികമായും പരിക്കേല്‍പ്പിക്കുകയും പ്രസ്തുത സമൂഹത്തിലെ ജനങ്ങളുടെ നാശത്തെ മുമ്പില്‍ കണ്ട് കുടുംബനിയന്ത്രണം ഏര്‍പ്പെടുത്തുകയും അവരുടെ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കലുമാണ് വംശഹത്യകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

തങ്ങളെക്കൊണ്ട് കഴിയാവുന്നിടത്തോളം ഫലസ്തീനികളെ ഇല്ലാതാക്കുമെന്നും നശിപ്പിക്കുന്നുമെന്നുമുള്ള ഇസ്‌റായേൽ അധികാരികളുടെ പരസ്യ ആഹ്വാനം മേല്‍പറഞ്ഞ വംശഹത്യാ മാനദണ്ഡത്തെ എപ്പോഴോ മറികടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. കൂടാതെ ഒരുപാട് പത്രപ്രവര്‍ത്തകരും പൗരസമൂഹാംഗങ്ങളും മുഖ്യാധികാരികളുമടക്കം ഇസ്റായേൽ ഉദ്യമം വംശഹത്യയാണെന്ന് അടിവരയിടുന്നുണ്ട്. പുറമെ, അക്കാദമീഷ്യന്മാര്‍ക്കിടയിലും നിയമപണ്ഡിതര്‍ക്കുമിടയില്‍ ഇതുസംബന്ധിച്ച സെന്‍സസ് ഉയര്‍ന്നുവരുന്നുമുണ്ട്.

ഒരു സമൂഹം എത്തരത്തില്‍ ഉന്മൂലനം ചെയ്യപ്പെടുന്നുവെന്നതിനെ കുറിച്ച് ഒരുപാട് ചിത്രങ്ങൾ ചരിത്രത്തിലുണ്ട്. പക്ഷെ, അതിൽ നിന്നെല്ലാം വിത്യസ്തമായി 1948 ഓടെ തുടങ്ങിയ ഇസ്‌റായേല്‍ കൂട്ടക്കുരുതിക്ക് ‘വ്യത്യസ്ത’ സവിശേഷതകളാണുള്ളത്. രാഷ്ട്രനിര്‍മാണം മുതല്‍ തുടങ്ങിയ അക്രമനൈരന്തര്യവും തീവ്രതയേറിയും കുറഞ്ഞുമുള്ള കൊലപാതകങ്ങളും വിനാശകരമായ ആധുനികായുധ ഉപയോഗങ്ങളും ആ സവിശേഷതകളില്‍ പെട്ടതാണ്.

സമകാലിക സാഹചര്യത്തിൽ തീവ്രതയുടെ സർവ കൂട്ടുചേരുവകളും ചേർത്താണ് ഇസ്രായേൽ അതിന്റെ നരനായാട്ട് തുടർന്ന് കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴിന്, തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെട്ട ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണം വംശഹത്യയുടെ എട്ട് രീതികൾ അടങ്ങിയതായിരുന്നു. ആ എട്ട് ചേരുവകളെ കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. അതിൽ നമുക്ക് ഇസ്രായേൽ എന്ന സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്റെ മൃഗീയത ദർശിക്കാം.

എട്ട് രീതികൾ 

  1. കൂട്ടക്കൊല: ആഗോള പ്രതിഷേധങ്ങൾക്കോ യു.എസ് സമ്മർദത്തിനോ ചെവികൊടുക്കാതെ ഫലസ്തീനികളെ ബോംബിട്ട് കൊല്ലുകയും നിരായുധരായ പൗരവ്യൂഹത്തെ വെറും വാക്കുകൾക്കപ്പുറത്ത് കൊന്നു തള്ളുകയും ചെയ്യുന്ന കൊലപാതക പ്രക്രിയയാണ് ഒന്നാമത്തേത്. സ്കൂളുകളും ആശുപത്രികളും വീടുകളുമടക്കം ഈ നരമേധത്തിൽ തകർക്കപ്പെടുന്നു.
  2. പട്ടിണി: വെള്ളവും ഭക്ഷണ സൗകര്യവും നിഷേധിക്കുകയും അതിന്റെ വിതരണം പോലും തടസപ്പെടുത്തപകയും ചെയ്‍ത് ഫലസ്തീനികളെ പട്ടിണിക്കിട്ട് തങ്ങളുടെ അക്രമ ദൗത്യം പൂർത്തീകരിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഫലസ്തീൻ തദ്ദേശ്ലീയരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ കടന്നുകയറുന്ന ഇസ്രായേൽ അജണ്ട ചരിത്രത്തിൽ പതിവ് രീതിയാണ്.
  3. വൈദ്യസുരക്ഷ തടസ്സപ്പെടുത്തുക: ആശുപത്രികളും മറ്റു വൈദ്യ സഹായങ്ങളും ബോംബിട്ട് നശിപ്പിച്ച്, ജീവൻ സാധ്യതയുള്ളവരെ പോലും മരണത്തിലേക്ക് തള്ളിവിടുകയാണ് സയണിസ്റ്റ് ഭീകരത ചെയ്യുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണിത്.
  4. ജനങ്ങൾക്കിടയിൽ രോഗം പരത്തുക: വൈദ്യ സൗകര്യങ്ങളുടെ ദൗർലഭ്യവും, താളം തെറ്റിപ്പോയ ചുറ്റുപാടും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ മൂല കാരണം പ്രത്യക്ഷമായ അവഗണയും മാനുഷിക വിരുദ്ധതയുമാണ്.
  5. നിബന്ധിത കുടിയൊഴിപ്പിക്കൽ: അർമേനിയൻ കൂട്ടക്കുരുതിയുടെ ആവർത്തനമെന്നോണം ഇസ്രായേൽ ഫലസ്റ്റീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുകയാണ്. വടക്കൻ ഗസ്സയിൽ നിന്ന് തെക്കിലേക്കും, കൂടാതെ സൗത്ത് ഗസ്സക്കകത്ത് തന്നെയും ജനങ്ങൾ ‘സുരക്ഷിത ഭൂമി’ തേടി വിത്യസ്ത പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വരുന്നു. ഇസ്രായേൽ പുറത്തിറക്കിയ Grid Map ൽ തെക്കൻ ഗസ്സ നൂറുകണക്കിന് തുണ്ട് ഭൂമികളായി വിഭജിക്കപ്പെട്ടത് കാണാം.
  6. പ്രകൃതി നശീകരണം: ഒരുനിലക്ക് ഗസ്സയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത് പ്രകൃതിഹത്യ (ecocide) കൂടിയാണ്. ശാശ്വതമായ മാലിന്യങ്ങൾ (durable pollution) തൊട്ട് സൈനിക യുദ്ധോപകരണങ്ങൾ വരെയുള്ള മാലിന്യങ്ങൾ സാരമായ ബുദ്ധിമുട്ടാണ് പ്രകൃതിക്ക് ഉണ്ടാക്കിവെക്കുന്നത്. കൂടാതെ വരും തലമുറയും ഇതിന്റെ ഇരകളായി മാറേണ്ടിവരികയാണ്.
  7. സാമൂഹിക ശിഥിലീകരണം: ഹമാസിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയുണ്ടായ ഭരണ നിർവാഹക സംവിധാനങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം ഫലസ്തീൻ സമുദായത്തെ കീഴ്മേൽ മറിച്ചിട്ടുണ്ട്. ഫലസ്തീനിലെ ഭൂരിപക്ഷം വരുന്ന 2.3 മില്യൺ ജനങ്ങളെ മാറ്റിപാർപ്പിക്കലിലൂടെ അവരുടെ സാമൂഹിക ബന്ധം വിച്ചേദിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ഭാവിയിൽ കുറ്റമറ്റ ഒരു സാമൂഹിക പുനർനിർമാണം തന്നെ അസാധ്യമാക്കുന്ന രീതിയിലാണ് അവരുടെ നരമേധം.
  8. നിസ്സഹായത: തുടർച്ചയായ യുദ്ധക്കെടുതിയിലൂടെ ജനങ്ങളുടെ പ്രതീക്ഷയെയും ആത്മ ബലത്തേയും ചോർത്തികളയുന്ന മനഃശാസ്ത്രപരമായ യുദ്ധരീതികൾ ഇസ്രായേലിനുണ്ട്. പ്രധാനമായും കുട്ടികളെ പോലെ സമൂഹത്തിലെ ദുർബല സമൂഹത്തെയാണ് ഈ പ്രശ്നം ബാധിക്കുന്നത്. ഇത്തരത്തിൽ ഒരു വിഭാഗത്തെ തങ്ങളുടെ വംശഹത്യ ഉദ്യമത്തിന് കീഴിൽ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകായാണ് ഇസ്രായേൽ ചെയ്യുന്നത്.

മേല്പറഞ്ഞ എട്ട് അക്രമ രീതികൾ അതീവ പ്രത്യാഘാതമുണ്ടാക്കുന്നതും, യുദ്ധം അവസാനിക്കുകയാണെങ്കിൽ പോലും വരും തലമുറയെ ശക്തമായ രീതിയിൽ ബാധിക്കുന്നതുമാണ്.

വിവ: സൽമാൻ കൂടല്ലൂർ 

Related Articles