Current Date

Search
Close this search box.
Search
Close this search box.

അവിടെ അങ്ങനെ, ഈജിപ്തിൽ ഇങ്ങനെ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പെൻഷൻ പ്രായം 62-ൽ നിന്ന് 64 ആയി ഉയർത്തിയതായി ഒരു പ്രഖ്യാപനം നടത്തി. പാർലമെന്റിൽ വിഷയം അവതരിപ്പിക്കുകയോ പാർലമെന്റിന്റെ അംഗീകാരം വാങ്ങുകയോ ചെയ്തില്ല. 2030 ആവുമ്പോഴേക്ക് ഈ തീരുമാനം കാരണം രാജ്യത്തിന് പതിനെട്ട് ബില്യൻ യൂറോ മിച്ചം പിടിക്കാനാവുമെന്നും പറഞ്ഞു.

മക്രോണിന്റെ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ധാരാളം പൊതു മുതലുകൾ നശിപ്പിക്കപ്പെട്ടു. തുടർന്ന് മക്രോൺ ഒരു ടെലിവിഷൻ അഭിമുഖത്തിനായി വന്നു. പത്ത് ദശലക്ഷം പേരാണ് അഭിമുഖം കണ്ടത്. തെരുവുകളെ ശാന്തമാക്കാനും തന്റെ തീരുമാനം ന്യായീകരിക്കാനുമായി സംപ്രേഷണം ചെയ്ത അഭിമുഖം. പ്രക്ഷോഭങ്ങൾ സമാധാനപരമാണെങ്കിൽ താനതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മക്രോൺ പറഞ്ഞു. എന്നാൽ ഹിംസ അംഗീകരിക്കാൻ പറ്റില്ല.

അഭിമുഖത്തിനിടെ മക്രോണിന്റെ കൈ തന്റെ മുമ്പിലുള്ള മേശയിൽ തട്ടിയപ്പോൾ അദ്ദേഹം ധരിച്ചിരുന്ന വാച്ച് മേശയിലുരസിയതിന്റെ ശബ്ദം പുറത്തേക്ക് നന്നായി കേൾക്കാമായിരുന്നു. ഉടൻ മക്രോൺ കൈ മേശയുടെ താഴേക്ക് കൊണ്ട് പോയി വാച്ച് പതുക്കെ അഴിച്ച് ദൂരേക്ക് മാറ്റി വെച്ചു. പിന്നെ കൈയുയർത്തിയപ്പോൾ വാച്ച് കാണാനുണ്ടായിരുന്നില്ല.

ലോകം മക്രോണിനെതിരെ ഇളകി മറിഞ്ഞു. വാച്ച് മനപ്പൂർവം ഒളിപ്പിച്ചതാണെന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. കാരണമത് വളരെ വിലക്കൂടുതലുള്ള ഒരു ബ്രാൻഡ് വാച്ചാണ്. 85,000 യൂറോയെങ്കിലും അതിന് വില വരും. പ്രസിഡന്റിന്റെ എലീസി കൊട്ടാരം ഉടനെത്തന്നെ ഔദ്യോഗികമായി നിഷേധ പ്രസ്താവനയിറക്കി. പ്രസിഡന്റിന്റെത് ഒരു സാദാ വാച്ച് മാത്രമാണ്. പക്ഷെ പ്രസിഡൻഷ്യൽ മുദ്ര അതിലുണ്ട്. ആയിരം യൂറോ മാത്രമേ അതിന് വിലയുള്ളൂ. എപ്പോഴും ഈയൊരൊറ്റ വാച്ച് മാത്രമേ അദ്ദേഹം ധരിക്കാറുള്ളു.

അത് കൊണ്ടാന്നും സോഷ്യൽ മീഡിയ അടങ്ങിയില്ല. ആക്രമണങ്ങൾ മറ്റൊരു തരത്തിലായി. അദ്ദേഹം കെട്ടിയത് സാദാ വാച്ച് തന്നെയാവാം. പക്ഷെ ധരിച്ച കോട്ടോ ? അതിന് ഒരു അയ്യായിരം യൂറോ എങ്കിലും വരും. ഒരാളുടെ മിനിമം കൂലിയുടെ ഇരട്ടിയാണിത്. പ്രസിഡന്റിന്റെ ഓഫീസിന് വീണ്ടും വിശദീകരണങ്ങളുമായി വരേണ്ടി വന്നു. കോട്ടും സാധാരണ കോട്ട് തന്നെയാണ്. പ്രത്യേകം തയ്പ്പിച്ചതൊന്നുമല്ല. നേരത്തെ തയ്പ്പിച്ച് വെച്ച ഒന്ന് 450 യൂറോ കൊടുത്ത് വാങ്ങിയതാണ്.

ശരി, ഇനി ഈജിപ്തിലേക്ക് വരാം. ഇവിടെ ഒരു പ്രസിഡന്റുണ്ട്. പാർലമെന്റിനോടോ ഏതെങ്കിലും വകുപ്പിനോട് പോലുമോ ഒരു കൂടിയാലോചനയും നടത്താതെ അദ്ദേഹം ഉത്തരവുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇതിവിടത്തെ സ്ഥിരം പരിപാടിയാണ്. എന്നാൽ അതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങാൻ ജനത്തിന് വല്ല സ്വാതന്ത്ര്യവുമുണ്ടോ ? ഒരു പ്രതിഷേധ ജാഥയെങ്കിലും നടന്നു പോയാൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും പ്രതികരണം എന്തായിരിക്കും? ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് അദ്ദേഹം ധരിച്ചിരിക്കുന്ന വാച്ചിന്റെയും കോട്ടിന്റെയും ഷൂവിന്റെയും വില എത്രയാണെന്ന് നമുക്ക് പറഞ്ഞു തരുമോ? പ്രസിഡന്റിന്റെ ഭാര്യ ഒന്നാം വനിത കൊണ്ട് നടക്കുന്ന പെട്ടികളുടെയും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളുടെയും വില ഏതെങ്കിലും ഔദ്യോഗിക ഏജൻസികൾ വെളിപ്പെടുത്തുമോ? വിശേഷാവസരങ്ങളിൽ ആ വനിത അണിയുന്ന ആഭരണങ്ങളുടെ വില നമുക്ക് ആര് പറഞ്ഞു തരാനാണ്! ജോർദാൻ രാജാവിന്റെ മകളുടെ കല്യാണത്തിന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പുത്രി കഴുത്തിലണിഞ്ഞ ( അത് കണ്ട് പല ഈജിപ്തുകാരുടെയും കണ്ണ് തള്ളിപ്പോയിട്ടുണ്ടേ!) ആ മാലയുണ്ടല്ലോ, അതിന്റെ വിലയെങ്കിലും ഔദ്യോഗിക ഏജൻസികൾ പറഞ്ഞു തരുമോ ?

ഒടുവിലായി ഒരു അഭ്യർഥന കൂടി. പ്രസിഡന്റിന്റെ കുടുംബത്തിന്റെ ചെലവ് എത്രയാണെന്ന് ഔദ്യോഗികമായി ഒന്ന് വെളിപ്പെടുത്തി തരണം. ഒരു സാദാ മധ്യവർഗ ഈജിപ്ഷ്യൻ കുടുംബത്തിന്റെ ചെലവുകളുമായി ഒന്ന് തട്ടിച്ച് നോക്കാനാണേ….

പ്രസിഡന്റ് ഒരിക്കൽ പറഞ്ഞത് ഓർമയുണ്ട്. തനിക്കാണ് ഏറ്റവും കൂടുതൽ മാസാന്ത ശമ്പളം കിട്ടുന്നത്. 42000 ഈജിപ്ഷ്യൻ പൗണ്ട്. അതിന്റെ പകുതിയേ താനിനി സ്വീകരിക്കൂ എന്നും പറഞ്ഞിരുന്നു. എന്നാലും പ്രസിഡന്റേ, ചോദിച്ചു പോവുകയാണ്. താങ്കൾ എവിടെയാണ് താമസിക്കുന്നത്? ഫ്രഞ്ച് പ്രസിഡന്റ് താമസിക്കുന്നത് എവിടെയാണെന്ന് ഫ്രഞ്ചുകാർക്ക് അറിയാം – പാരീസിലെ എലീസി കൊട്ടാരത്തിൽ. ബ്രിട്ടീഷ് പ്രധാനമന്ത്രി എവിടെ താമസിക്കുന്നുവെന്ന് ബ്രിട്ടീഷുകാർക്ക് അറിയാം – ലണ്ടനിലെ പത്താം നമ്പർ ഡൗണിംഗ് സ്ടീറ്റിൽ. അമേരിക്കൻ പ്രസിഡന്റ് എവിടെ താമസിക്കുന്നുവെന്ന് അമേരിക്കക്കാർക്ക് അറിയാം – വാഷിങ്‌ടണിലെ വൈറ്റ് ഹൗസിൽ. ഈജിപ്ഷ്യൻ പ്രസിഡന്റ് എവിടെ താമസിക്കുന്നുവെന്ന് ഈജിപ്തുകാർക്ക് ചോദിച്ചു കൂടേ?

ഇതാണ് വികസിത രാഷ്ട്രങ്ങളും നമ്മളും തമ്മിലുള്ള വ്യത്യാസം. അവിടങ്ങളിലെ പൗരൻമാർക്ക് ചോദ്യങ്ങൾ ചോദിക്കാം. മറുപടി പറയാനും വിശദീകരണങ്ങൾ നൽകാനും അവിടങ്ങളിൽ ആളുകളുണ്ട്. നമ്മളെന്തെങ്കിലും ചോദിച്ചാൽ മറുപടിയുമില്ല, വിശദീകരണവുമില്ല. കേട്ട ഭാവമേ കാണിക്കില്ല. പലപ്പോഴും ശക്തമായി നിഷേധിക്കും, ചോദിച്ചവരെ ചീത്ത വിളിക്കും. ശിക്ഷ പിറകെ വരും.

(ഭിഷഗ്വരനും എഴുത്തുകാരനുമായ ഹാനി സുലൈമാൻ ഈ കുറിപ്പ് എഴുതിയതിന്റെ പേരിൽ ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യപ്പെട്ടു)

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles