Current Date

Search
Close this search box.
Search
Close this search box.

മാപ്പര്‍ഹിക്കാത്ത ക്രൂരത

അധിനിവേശ ഫലസ്ത്വീനില്‍ സയണിസ്റ്റ് പട്ടാളം ജനങ്ങളെ കൊന്നൊടുക്കുന്നതിന് സമാനമാണ് സംഘ് പരിവാര്‍ ഭരണത്തില്‍ സൈനിക വിഭാഗങ്ങള്‍ ഇന്ത്യയിലും ചെയ്തു കൂട്ടുന്നത്. കഴിഞ്ഞ ദിവസം നാഗാലാണ്ടിലെ മോണ്‍ ജില്ലയിലെ ഓതിങ് ഗ്രാമത്തില്‍ അസം റൈഫിള്‍സിലെ സൈനികര്‍ 14 ഖനിത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ക്രൂരത മാപ്പര്‍ഹിക്കാത്തതാണ്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരെയാണ് തീവ്രവാദ ചാപ്പ കുത്തി കൊന്നു തള്ളിയത്.

തീവ്രവാദി വേട്ട എന്ന പേരില്‍ നിരപരാധികളെ കൊല്ലുന്ന രാജ്യമായി മാറിയിരിക്കുന്നു സംഘ് ഭരണത്തില്‍ ഇന്ത്യ. കശ്മീരിലും മണിപ്പൂരിലും അസമിലും നിഷ്ഠൂരമായ വെടിവെപ്പുകളും ഏറ്റുമുട്ടല്‍ കൊലകളും ആവര്‍ത്തിക്കുന്നു.

കഴിഞ്ഞ മാസം കശ്മീരില്‍ നാലു പേരെ വെടിവെച്ചു കൊന്ന സൈന്യം രണ്ടു പേര്‍ തീവ്രവാദികളാണെന്ന് വിധിയെഴുതി. ഭാഗ്യവശാല്‍ അവരിൽ രണ്ടു പേര്‍ സിവിലിയന്മാരാണെന്നെങ്കിലും സൈന്യത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ കൊല്ലപ്പെട്ട അല്‍താഫ് അഹ് മദ് ഭട്ട് (48) എന്ന വ്യാപാരിയും മുദസ്സിർ ഗുല്‍ (40) എന്ന സര്‍ജനും മാത്രമല്ല, സൈന്യം തീവ്രവാദിയെന്ന് വിധിയെഴുതിയ അമീര്‍ മാഗ്രായിയും (22) സാധാരണ പൗരന്മാരായിരുന്നു. അമീറിന്റെ കുടുംബം ശക്തിയായി പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് തൊഴിലെടുത്ത് കുടുംബം പോറ്റുന്ന ആ ചെറുപ്പക്കാരനെ തീവ്രവാദ ലിസ്റ്റില്‍നിന്ന് പിന്‍വലിക്കാന്‍ സൈന്യം തയ്യാറായത്. അതോടെ നാലാമനായ ‘പാക്കിസ്ഥാന്‍ പൗരന്‍’ മാത്രമായി തീവ്രവാദി! എന്നിട്ടും ഇയാളെക്കുറിച്ച തെളിവുകളൊന്നും സൈന്യം ഹാജരാക്കിയിട്ടുമില്ല.

സംഭവത്തിനുശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള മനുഷ്യത്വം പോലും സൈന്യം കാണിച്ചില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ക്രോസ് ഫയറിംഗില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു സൈന്യത്തിന്റെ വാദം. എന്നാല്‍, കുടുംബാംഗങ്ങള്‍ ഇത് പൂര്‍ണമായും തള്ളുകയുണ്ടായി. ഇവരെ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് കുടുംബവും നാട്ടുകാരും മുന്നോട്ടുവെച്ചത്. അക്ഷരാര്‍ഥത്തില്‍ കോള്‍ഡ് ബ്ലഡഡ് കില്ലിംഗ്.

സിവിലിയന്മാരുടെ മയ്യിത്തുകള്‍ വിട്ടുകൊടുക്കാതെ മറമാടുകയെന്ന ധിക്കാരം കൂടി സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഒടുവിൽ പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് സിവിലിയന്മാർ എന്ന് സൈനികർ തീരുമാനിച്ച രണ്ടു പേരുടെ മൃത ദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്. ഇതിനൊക്കെ ആരാണ് സൈന്യത്തിന് അധികാരം നല്‍കിയത് എന്നൊന്നും ചോദിച്ചു പോകരുത്. കാരണം കശ്മീരില്‍ എന്തും ചെയ്യാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ജനരോഷം ശക്തിപ്പെട്ടപ്പോള്‍ അന്വേഷണമെന്ന വഴിപാടും.

ഈ വര്‍ഷം (നവംബര്‍ 15 വരെ) 40 സിവിലിയന്മാര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ തന്നെ ഈയ്യിടെ രാജ്യസഭയില്‍ വ്യക്തമാക്കുകയുണ്ടായി. ഇവരില്‍ എത്രപേര്‍ മനുഷ്യകവചങ്ങളായി മാറ്റപ്പെട്ടുവെന്നതും അന്വേഷണവിധേയമാക്കണം. കാരണം സിവിലിയന്മാരെ മനുഷ്യകവചങ്ങളാക്കി മാറ്റുന്നതിനെ അനുകൂലിക്കുന്നയാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ മൂന്ന് സായുധ സേനകളുടെയും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലിരിക്കുന്ന ബിപിന്‍ റാവത്ത്. സൈന്യത്തിനുനേരെ കല്ലെറിയുന്നവരെ ശിക്ഷിക്കാന്‍ ഫാറൂഖ് അഹ് മദ് ദര്‍ എന്ന യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയുടെ മനുഷ്യത്വവിരുദ്ധ നടപടിയെ പ്രകീര്‍ത്തിച്ചയാളായിരുന്നു റാവത്ത്. 2017 സെപ്റ്റംബറില്‍ ഗ്രാമത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ടു രേഖപ്പെടുത്തി വരുമ്പോഴായിരുന്നു ദറിനെ ഇവ്വിധം സൈന്യം ജീപ്പിനു മുന്നില്‍ അഞ്ചു മണിക്കൂർ കെട്ടിവലിച്ചത്. ദര്‍ ഒരു വോട്ടറായിരുന്നു, അല്ലാതെ കല്ലെറിഞ്ഞവനല്ല എന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

എന്നാല്‍, സൈന്യം കൊടുത്ത റിപ്പോര്‍ട്ട് മറിച്ചായിരുന്നു. സൈന്യത്തെ കല്ലെറിയുന്ന ജനക്കൂട്ടത്തെ ദര്‍ പ്രോല്‍സാഹിപ്പിച്ചുവെന്നായിരുന്ന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് വിവാദ ഓഫീസര്‍ക്ക് പാരിതോഷികം നല്‍കുകയായിരുന്നു അന്ന് കരസേനാ മേധാവിയായിരുന്ന ബിപിന്‍ റാവത്ത് ചെയ്തത്. ‘ഞാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ട് രേഖപ്പെടുത്തിയെങ്കില്‍ പിന്നെയെന്തിനാണ് ജനങ്ങളെ കല്ലെറിയാന്‍ പ്രേരിപ്പിക്കുന്നതെ’ന്ന ദറിന്റെ ചോദ്യത്തിനു മാത്രം മറുപടി ഉണ്ടായില്ല. പിന്നീട് നാം കാണുന്നത് കരസേനാ മേധാവി പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്ത റാവത്തിനെ പുതുതായി ക്രിയേറ്റ് ചെയ്ത ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ അവരോധിക്കുന്നതാണ്!

നാഗാലാണ്ടിലെ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ് കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണ് നിറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ അപ്പോസ്തലന്‍ തന്നെ വേണം ഇങ്ങനെയൊക്കെ പറയാന്‍ അല്ലേ!

എന്തിന് അമിത് ഷായെ മാത്രം പറയണം. മാവോയിസ്റ്റുകളായാല്‍ അവരെ വെടിവെച്ചു കൊല്ലാമെന്നല്ലേ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെയും നിലപാട്. പിണറായിയുടെ പോലിസ് പച്ചക്ക് കൊന്നുതള്ളിയത് ഏഴ് മാവോയിസ്റ്റുകളെയാണ്. അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയെന്ന് മൂപ്പര്‍ വിധിയെഴുതുകയുമുണ്ടായി.

Related Articles