Current Date

Search
Close this search box.
Search
Close this search box.

ബുഷ്നെലിൻ്റെ ആത്മബലിയും അമേരിക്കൻ സൈന്യത്തിലെ എപ്പിഡമിക് ആത്മഹത്യയും

അമേരിക്കൻ വ്യോമസേനാ വ്യൂഹത്തിലെ കമ്പ്യൂട്ടർ ബിരുദധാരിയായ ആരോൺ ബുഷ്‌നെൽ തീകൊളുത്തി ജീവിതത്തോട് വിടപറഞ്ഞ വാർത്തയാണ് ഇക്കഴിഞ്ഞ ആഴ്ച ലോകത്തെ വിസ്മയിപ്പിച്ചത്. മോഹഭംഗങ്ങളെ നേരിട്ട്, തകർന്നടിഞ്ഞ മനസ്സുമായി, നുറുങ്ങിയ ഹൃദയത്തിന്റെ വേദന സഹിക്കാനാവാതെ ജീവിതത്തോട് തോറ്റ് പിൻമാറിയ ഒരു വിടവാങ്ങലായിരുന്നില്ല ആരോൺ ബുഷ്‌നെലിന്റേത്. തീരുമാനിച്ചുറച്ചതായിരുന്നു. ആസൂത്രിതമായിരുന്നു. ”തീവ്രമായ ഒരു പ്രതിഷേധത്തിലേക്കാണ് ഞാൻ നീങ്ങുന്നത്. എന്നാൽ  അധിനിവേശകരിൽ നിന്ന് ഫലസ്തീനികൾ നേരിടുന്നത് വെച്ചുനോക്കുമ്പോൾ ഒട്ടുമേ തീവ്രവുമല്ല” എന്നായിരുന്നു ആരോൺ ബുഷ്‌നെലിന്റെ നിലപാട്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന അമേരിക്കൻ ഭരണകൂട നിലപാടിനൊപ്പം താനില്ലെന്ന് വെളിപ്പെടുത്തുകയായിരുന്നു, ”ഈ വംശഹത്യയിൽ പങ്കാളിയാവാൻ ഇനിയും ഞാനില്ലെന്ന” പ്രഖ്യാപനത്തിലൂടെ. റൂഹ് തൊണ്ടക്കുഴിയിലെത്തി, ഈ ലോകത്തോട് വിടപറയുമ്പോഴും ബുഷ്‌നെലിന്റെ ചുണ്ടിൽ നിന്നും ലോകത്തിന് കേൾക്കാനായത് ”ഫ്രീ ഫലസ്തീൻ” എന്നായിരുന്നു. മരണാനന്തരവും അയാൾ ഫലസ്തിനികൾക്ക് വേണ്ടി ജീവിച്ചു! വിൽപത്രത്തിൽ തന്റെ സ്വത്ത് മുഴുവൻ ഫലസ്തീനികൾക്ക് നൽകണമെന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു ബുഷ്‌നെൽ!!

നാട്ടിലേക്ക് പോകാനാവാത്തതിനാലോ മേലുദ്യോഗസ്ഥരുടെ പീഡനം മൂലമോ ജോലിസമ്മർദ്ദം കാരണമോ ആത്മഹത്യ ചെയ്തു എന്ന തരത്തിൽ കാര്യത്തെ സമീപിക്കാനായിരുന്നു ആദ്യം അമേരിക്കൻ മാധ്യമങ്ങളുടെ ശ്രമം. ഒരു പ്രതിഷേധ ആത്മബലിയാണ് ബുഷ്‌നെൽ നടത്തിയത് എന്ന് പിന്നീടാണ് മാധ്യമങ്ങൾ സമ്മതിച്ചത്. അമേരിക്കൻ സൈന്യത്തിലെ ഏഷ്യൻ, ആഫ്രിക്കൻ, അറബ് വംശജനൊന്നുമല്ല, ബുഷ്‌നെൽ. ശുദ്ധ അമേരിക്കൻ വെളുപ്പ്. മസാച്യുസെറ്റസ് സ്വദേശി. സതേൺ ഹാംഷയർ സർവകലാശാലയിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം. അങ്ങനെയൊരാളാണ് ഫലസ്തീന് വേണ്ടി ഇസ്രായേൽ എമ്പസിക്ക് മുന്നിൽ പോയി ജീവനൊടുക്കുന്നത്.

ദീർഘകാലം കുടുംബത്തിൽനിന്നുളള വിട്ടുനിൽക്കൽ, അത്യാവശ്യ സന്ദർഭങ്ങളിൽ പോലും അവരുമായി സന്ധിക്കാൻ കഴിയാത്ത സാഹചര്യം, അതിശൈത്യത്തിലും അത്യുഷ്ണത്തിലുമുള്ള പ്രദേശങ്ങളിലേക്കുമുള്ള പോസ്റ്റിംങ്, ജോലിയുടെ കടുപ്പം, പുറത്തു പറയാനാകാത്ത പീഡനപർവങ്ങൾ, അങ്ങനെ പ്രതികൂലമായ സാഹചര്യങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണ് പലപ്പോഴും സൈനികർ. അതിനാൽ തന്നെ അതിനെ അതിജീവിക്കാനുള്ള കരുത്തുള്ളവർ മാത്രമേ സാധാരണ ഗതിയിൽ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെ അതിജീവിച്ച് സൈന്യത്തിലെത്തിപ്പെടാറുള്ളൂ. മാത്രമല്ല, മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പരിശീലനങ്ങളും സൈന്യത്തിനകത്ത് നൽകപ്പെടാറുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ എല്ലാ രാജ്യങ്ങളിലും സൈനികർ ആത്മഹത്യ ചെയ്യാറുണ്ട്. മേൽപറഞ്ഞ കള്ളികളിലേതെങ്കിലുമൊന്നിലേക്ക് ഭരണകൂടം സൈനിക ആത്മഹത്യകളെ ചേർത്തുവെക്കാറാണ് പതിവ്. അതിനപ്പുറമുള്ള വിവരങ്ങളൊന്നും പുറം ലോകമറിയാറില്ല. അങ്ങനെ ഒതുക്കാനാവാത്ത വിധം പദ്ധതി തയാറാക്കി വിജയിപ്പിച്ചു എന്നതാണ് ബുഷ്‌നെലിന്റെ സവിശേഷത. സമാനമായ അനുഭവങ്ങൾ വല്ലാതെയൊന്നും ലോകത്തില്ല.

യഥാർഥത്തിൽ ആരോൺ ബുഷ്‌നെലിനും സാധാരണയൊരു പട്ടാളക്കാരന്റെ ജീവിതസ്വപ്നങ്ങളിലൂടെ സഞ്ചരിക്കാമായിരുന്നു. സർവീസ് കാലത്തും സർവീസാനന്തരവുമുള്ള ആനുകൂല്യങ്ങൾ അനുഭവിച്ചും ഉത്തമ അമേരിക്കൻ പൗരനായി ജീവിക്കാമായിരുന്നു. പക്ഷെ, ഫലസ്തീനിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ അദ്ദേഹത്തെ അതിന് സമ്മതിച്ചില്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബോംബ് വർഷിച്ചും വെടിവെച്ചും പട്ടിണിക്കിട്ടും കൂട്ടക്കൊല ചെയ്യുന്ന ഭരണകൂടങ്ങൾക്ക് ഒരു ആത്മഹത്യക്കെന്ത് വില എന്ന സാധാരണ ഗതിയിൽ ചിന്തിക്കാം. പക്ഷെ, പെട്ടെന്നുള്ള ഒരു പ്രതിഫലനമായിരിക്കില്ല ബുഷ്‌നെലും കണക്കു കൂട്ടിയിട്ടുണ്ടായിരിക്കുക. മറിച്ച് തന്റെ ഞെട്ടറ്റുവീഴൽ ലോകത്താകമാനമുണ്ടാക്കിയേക്കാവുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രകമ്പനത്തെ അദ്ദേഹം മുന്നിൽ കണ്ടിരിക്കണം.

ബുഷ്‌നെൽ ഒരു ഇരുപത്തിയഞ്ചുകാരനാണ്. 1998 ലാണ് ജനനം. 2001 സെപ്തംബർ 11 ന് അയാൾക്ക് മൂന്ന് വയസേ പ്രായമുള്ളൂ. പുതുതലമുറയുടെ പ്രതിനിധി. എങ്ങനെയാണ് ലോകത്തെ പുതുതലമുറ, വിശേഷിച്ചും, അമേരിക്കൻ യുവത ഫലസ്തീൻ പ്രശ്‌നത്തെ കാണുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് അദ്ദേഹം. അമേരിക്കൻ ഭരണകൂടത്തിന്റെ, ലോകരാഷ്ട്രങ്ങളുടെ  ഫലസ്തീൻ നിലപാടുകൾക്കെതിരെ വെന്തു പതച്ചുകൊണ്ടിരിക്കുന്ന യുവത്വത്തിന്റെ പ്രതിനിധിയാണ് ബുഷ്‌നെൽ. യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ പങ്കെടുത്ത പരിപാടിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ അണിനിരന്നതിന്റെ പേരിൽ ആ രാജ്യത്തെ നടിയും മോഡലുമായ ഹണ്ടർ ഷെയ്ഫർ അറസ്റ്റിലായ സംഭവം കൂടി ഇതിനോട് ചേർത്തുവായിക്കുക.

ആരോൺ ബുഷ്‌നെലിന്റെ തീയാളുന്ന ആത്മാവ് പറഞ്ഞുതരുന്ന മറ്റൊന്ന് ഒരു രാജ്യത്തിന്റെ സൈന്യവും ഒരറ്റ ഏകകമല്ല എന്നാണ്. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായിട്ടാണ് ആധുനിക ലോകത്തെ എല്ലാ സൈന്യങ്ങളുടെയും സംഘാടനം. അതിന്റെ എതിർദിശയിലേക്കുള്ള സൂചന കൂടിയാണ് ബുഷ്‌നെൽ. ബുഷ്‌നെലിനെ പോലെ ചിന്തിക്കുന്നവർ അമേരിക്കൻ സൈന്യത്തിൽ ധാരാളമുണ്ടാവും. മറ്റെല്ലാ രാജ്യങ്ങളുടെ സൈന്യങ്ങളിലുമുണ്ടാവും. സൂക്ഷ്മമായ വൈദ്യുതകാന്തിക തരംഗങ്ങൾ അവക്കിടയിൽ സഞ്ചരിക്കുന്നുണ്ടാവും. അവയെ കണ്ടെത്താനുള്ള രഹസ്യാന്വേഷണ, ചാരശൃംഖലകളുമുണ്ടാവും. അവയെ മറികടന്ന്, അതൊരു ശക്തിയായി രൂപപ്പെടാനുള്ള സാഹചര്യമൊത്തിട്ടില്ല എന്നേയുള്ളൂ.

സൈനികബലത്തെ മുൻനിർത്തിയാണല്ലോ ലോകത്തെ എല്ലാ ഭരണകൂടങ്ങളും തങ്ങളുടെ പൗരൻമാരുടെമേൽ പോലും അധികാരം വാഴാറുള്ളത്. ചരിത്രത്തിൽ നിലപാടുകളോടുള്ള വിയോജിപ്പിനാൽ, എല്ലാ സുരക്ഷാകവചങ്ങളെയും മറികടന്ന് ഭരണാധികാരികളെ  വെടിവെച്ച് വീഴ്ത്തിയ എത്രയോ സൈനികരെ കാണാനാവും. സൈന്യം തന്നെ പലതായി പിളർന്ന് നാടുകൾ രക്തരൂക്ഷിതമായ സിവിൽ യുദ്ധങ്ങളിലേക്ക് എടുത്തെറിയപ്പെട്ടതിന്റെയും അനുഭവങ്ങളുണ്ട്. അപ്പോൾ മറികടക്കാനാവാത്ത ശക്തിയും സൈന്യവും ആയുധങ്ങളും ചാരശൃഖലകളുമെല്ലാമുള്ള ഭീകര സ്വരൂപമാണ് സ്റ്റേറ്റ് എന്നൊന്നും കരുതുന്നതിനർഥമില്ല. ചീട്ടുകൊട്ടാരം കണക്കെ തകർന്നുവീഴാവുന്നതേയുള്ളൂ.

അമേരിക്കൻ സൈന്യത്തെ കുറിച്ച ബ്രൗൺ യൂനിവേഴ്‌സിറ്റിയുടെ 2021 ലെ ഒരു പഠനമുണ്ട്. സെപ്തംബർ 11 ന് ശേഷം വിമുക്ത ഭടൻമാരുടെ ആത്മഹത്യയിൽ വൻതോതിലുള്ള വർധന ഈ പഠനം പുറത്തുകൊണ്ടുവരുന്നുണ്ട് ((High Suicide Rates among United States Service Members and Veterans of the Post-9/11 Wars Thomas Howard Suitt, III, 2021). അമേരിക്കയിലെ പൊതു ആത്മഹത്യ നിരക്കിനേക്കാൾ  കൂടുതലാണ് സൈനികരിലും വിമുക്ത ഭടൻമാരിലുമുള്ള ആത്മഹത്യ നിരക്ക്. കൗതുകകരമായ കാര്യം 2001 ൽ ജോർജ് ബുഷ്  ‘വാർ ഓൺ ടെറർ’ ആരംഭിച്ചതിന് ശേഷം 2021 വരെയുള്ള ഇരുപത് വർഷക്കാലയളവിൽ, യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത് 7057 അമേരിക്കൻ സൈനികരാണ്. എന്നാൽ ഇക്കാലയളവിൽ ആത്മഹത്യ ചെയ്ത സൈനിക/വിമുക്ത സൈനികരുടെ എണ്ണം 30177 ആണ്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരേക്കാൾ നാലിരട്ടിയിലധികം!!

‘Epidemic of soldier suicide’ എന്നാണ് പഠനം ഇതിന് പേര് നൽകിയത്. ഇതിന് കാരണമായി മുകളിൽ പറഞ്ഞ കാരണങ്ങളോടൊപ്പം പ്രാധാന്യപൂർവം പഠനം ചൂണ്ടിക്കാണിക്കുന്ന രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്. യുദ്ധമുഖത്ത് ദാരുണമായ സംഭവങ്ങൾക്ക് സാക്ഷികളാവേണ്ടി വരുന്നതും തുടർന്ന് അത് മനസിനെ മഥിച്ചു കൊണ്ടിരിക്കുന്നതുമാണ് അതിലൊന്ന്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്ത സൈനികർ ഇതനുഭവിക്കുകയും പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു.

‘ധാർമികതയ്ക്കേൽക്കുന്ന ‘മുറിവ്’ ആണ് മറ്റൊരു കാരണം. ചെയ്യുന്നത് ജോലിയും സേവനവുമെല്ലാമാണെന്ന ബോധ്യമുണ്ടെങ്കിലും ചെയ്യുന്നത് ശരിയോ എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടിരിക്കുന്നു. തൻ്റെ ധാർമികതയ്ക്ക് നിരയ്ക്കാത്ത പ്രവർത്തനങ്ങൾ തടയാൻ സാധിക്കാത്തത്, അതിന് സാക്ഷിയാകേണ്ടി വരുന്നത്, അത്തരം കാര്യങ്ങൾ പഠിക്കേണ്ടി വരുന്നത് എല്ലാം പിന്നീട് അവരെ വലിയ മാനസിക തകർച്ചയിലേക്കും തുടർന്ന് ജീവനൊടുക്കുന്നതിലേക്കും നയിക്കുന്നു.

ഭീകരതക്കെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷമാണ്, കൃത്യമായി പറഞ്ഞാൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ് അമേരിക്കൻ സൈനിക വൃത്തങ്ങളിൽ morale injury എന്ന പദപ്രയോഗം ഉണ്ടായത്. ‘ഞാനൊരു നല്ല മനുഷ്യനാണ് ‘ എന്ന വ്യക്തിയുടെ ആത്മവിശ്വാസത്തെ അപകടപ്പെടുത്തുകയാണ് സൈന്യത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ എന്ന് പഠനം പറയുന്നു. ഇറാഖിൽ നിയോഗിക്കപ്പെട്ട സൈനികരിൽ 27 ശതമാനവും ഈ മാനസികാവസ്ഥയിലേക്കെത്തിചേർന്നവരാണ്. യുദ്ധത്തിനിടയിൽ ശരീരത്തിനേറ്റ മുറിവുകൾക്കൊപ്പം ആത്മാവിനേറ്റ മുറിവുകളുമായാണ് അവർ വീടണയുന്നത് എന്നും റിപ്പോർട്ട് പറയുന്നു.

Related Articles